Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അഞ്ചു മ്യൂസിക് ഫെസ്റ്റിവലുകൾ

music

പാട്ടിനു വേണ്ടി യാത്ര ചെയ്യുന്നവരാണോ നിങ്ങൾ. പാട്ടു കേട്ടു യാത്ര ചെയ്യുന്നവരാകുമെന്നു തീർച്ച. പക്ഷെ പാട്ടിനു വേണ്ടി ചില യാത്രകൾ നടത്തിയാലോ. മ്യൂസിക് ഫെസ്റ്റിവലുകൾ ഒരു ഹരമാകുന്നത് ഈ രണ്ടു കാര്യങ്ങൾ കൊണ്ടാണ്. യാത്രയും പാട്ടും തുല്യ അളവിൽ ചേരുമ്പോൾ അതൊരു ഉൽസവമായി മാറുന്നു. ലോക പ്രശസ്തമായ എത്രയോ മ്യൂസിക് ഫെസ്റ്റിവലുകൾ. ഇന്ത്യയിലും ഇതിന്റെ കാഴ്ചകൾ ഇപ്പോൾ നിറയുന്നുവെന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. സംഗീത പ്രേമികൾ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഫെസ്റ്റിവലുകൾ. യാത്രയും സന്തോഷവും പാട്ടിന്റെ ലോകത്തെ താമസവുമെല്ലാം നിങ്ങൾക്കു സമ്മാനിക്കുന്ന ചില അവസരങ്ങൾ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അഞ്ചു മ്യൂസിക് ഫെസ്റ്റിവലുകൾ.

music-3

∙ സിറോ ഫെസ്റ്റിവൽ, അരുണാചൽ പ്രദേശ്

അരുണാചൽ പ്രദേശിലെ സിറോ വാലിയിൽ അരങ്ങേറുന്ന ഫെസ്റ്റിവൽ. സെപ്റ്റംബർ ഒക്ടോബർ മാസത്തിലാകും ഫെസ്റ്റിവലുകൾ നടക്കുക. പാട്ടിന്റെ ലോകത്തു സഞ്ചരിക്കുന്നവർ, ജിപ്സികളുടെ സംഗമഭൂമിയാകും സിറോ താഴ്്വര. രാത്രി ആവോളം പാട്ടു നുകർന്നു, നൃത്തം ചെയ്തു താഴ്്വരയിൽ തന്നെ അന്തിയുറങ്ങാം. റോക്ക്, ഫോക്ക്, പോപ്പ്, തുടങ്ങി പല താളങ്ങളും നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിന്റെ അരങ്ങിലെത്തും. 2012ൽ ഏതാനും പാട്ടുപ്രേമികൾ ചേർന്നാരംഭിച്ച സിറോ ഫെസ്റ്റിവൽ ഇന്നു ലോകത്തിലെ തന്നെ ഏറ്റവും മികച്ച പാട്ടുൽസവങ്ങളിലൊന്നാണ്.

music-36

∙ സൺബേൺ, ഗോവ

ഇലക്ട്രോണിക് മ്യൂസിക്കിന്റെ ലഹരിയിൽ നിറഞ്ഞ് ന്യൂഇയർ ആഘോഷിക്കാൻ അവസരം, അതും ആഘോഷത്തിന്റെ രാവൊതുങ്ങാത്ത ഗോവയിൽ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ, ആരാധകരുള്ള ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലാണു സൺബേൺ. സിഎൻഎൻ ചാനലിന്റെ 2009ലെ ലിസ്റ്റിൽ ലോകത്തിലെ ഏറ്റവും മികച്ച 10 മ്യൂസിക് ഫെസ്റ്റിവലുകളിൽ ഇടം പിടിച്ചിരുന്നു സൺബേൺ. 2007ലാരംഭിച്ച ഈ ഫെസ്റ്റിവൽ ആദ്യം ഗോവയിലെ കാൻഡൊലിം ബീച്ചിലാണു നടന്നിരുന്നത്. ഇപ്പോൾ വഗാറ്റോർ ബീച്ചിലാണ് ഈ ഉൽസവം. ലോക പ്രശസ്തരായ മിക്ക ഡിജെമാരും സൺബേണിന്റെ ഭാഗമായിട്ടുണ്ട്. ഡിസംബർ 27 മുതൽ 30 വരെ നീണ്ടുന്ന ഈ ആഘോഷം ചെറുപ്പക്കാരുടെ കേന്ദ്രമാണ്. രണ്ടു ലക്ഷത്തിലേറെപ്പേരാണു കഴിഞ്ഞ വർഷം സൺബേണിന്റെ ഭാഗമാകാനെത്തിയത്.

∙ സുല ഫെസ്റ്റ്, നാസിക്ക്

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള സുല വൈൻ യാർഡ്. അവിടെ അരങ്ങേറുന്ന മ്യൂസിക്- ഫാഷൻ ഫെസ്റ്റിവലാണു സുല ഫെസ്റ്റ്. 2008ലാരംഭിച്ച ഈ രണ്ടു ദിവസത്തെ ഫെസ്റ്റിവൽ 2017 മുതൽ മൂന്നു ദിവസത്തെ ഫെസ്റ്റിവലാക്കി മാറ്റിയിരിക്കുന്നു. പാട്ട്, വൈൻ, നൃത്തം ഇവ മൂന്നും ചേരുന്ന ലഹരിയാണു സുല ഫെസ്റ്റ്. റോക്ക്, ഫോക്ക്, പോപ്പ്, ഇൻഡി, ഇലക്ട്രോണിക് തുടങ്ങി വേറിട്ട മ്യൂസിക് രംഗങ്ങളിലുള്ളവർ ഇവിടെത്തുന്നു. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ ഷോയും വൈൻ ടേസ്റ്റിങും ഉൾപ്പെടെയുള്ള പരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറാറുണ്ട്. എല്ലാ വർഷവും ഫെബ്രുവരിയിലാണ് ഫെസ്റ്റിവൽ നടക്കുക.

∙ എൻഎച്ച് സെവൻ വീക്കെൻഡർ

ദേശീയ പാത ഏഴിനോടു ചേർന്നുള്ള പുനെയിൽ 2010ൽ ആരംഭിച്ച എൻഎച്ച് സെവൻവീക്കെൻഡർ ഇന്നു പല നഗരങ്ങളിലായി അരങ്ങേറുന്ന ഒരു സംഗീത മഹാമഹമായി മാറിയിരിക്കുകയാണ്. പല സ്റ്റേജുകളിലായി പല ജോണറുകളിലുള്ള ബാൻഡുകൾ വീക്കെൻഡറിൽ പ്രകടനം നടത്തുന്നു. മാർക്ക് റോൻസൺ, മോഗ്‌വെ, ഫ്ലൈയിങ് ലോട്ടസ്,മ്യൂട്ട്മാത്ത്, ഇമോഹൻ ഹേപ്, എ.ആർ. റഹ്മാൻ, അനുഷ്ക ശങ്കർ തുടങ്ങിയ നിരതന്നെയുണ്ട് ഇവരുടെ ഫെസ്റ്റിവലിൽ ഇതുവരെയെത്തിയവരിൽ. പുനെ തന്നെയാണ് ഇവരുടെ വീക്കെൻഡർ വേദി. കഴിഞ്ഞ തവണ വരെ ഡൽഹി, കൊൽക്കത്ത, ബെംഗളുരു എന്നീ നഗരങ്ങളിലുമുണ്ടായിരുന്നു. ഇത്തവണ ഷിലോങ്, ഹൈദരബാദ് എന്നീ നഗരങ്ങളിലാണു വീക്കൻഡർ അരങ്ങേറിയ മറ്റു സ്ഥലങ്ങൾ. ഈ സ്ഥലങ്ങളിൽ രണ്ടു ദിവസത്തെ ഫെസ്റ്റിവലാണെങ്കിൽ പുനെയിൽ അതു മൂന്നു ദിവസമായി മാറുന്നു. ഡിസംബർ രണ്ടു മുതൽ നാലുവരെയാണ് ഇത്തവണത്തെ വീക്കെൻഡർ സ്റ്റേറ്റ് ഓഫ് മൈൻഡ്.

∙ ജോദ്പൂർ റിഫ്, ജോദ്പൂർ

രാജസ്ഥാൻ ഇന്റർനാഷനൽ ഫോക്ക് ഫെസ്റ്റിവൽ എന്ന റിഫ് ഫോക്ക് സംഗീത്തിന്റെ സംഗമവേദിയാണ്. സൂഫി, ഖവാലി, ആഫ്രിക്കൻ, ജമൈക്കൻ, കൺട്രി ഫോക്ക് തുടങ്ങി വേറിട്ട ഫോക്ക് വശ്യത ആസ്വദിക്കാൻ ഇവിടേക്കെത്താം. എല്ലാ വർഷവും ഒക്ടോബറിലാണു റിഫ് അരങ്ങേറുന്നത്. ജോദ്പൂരിലെ മേഘർനാഥ് കോട്ടയിൽ നാലു ദിവസത്തിലേറെ നീളുന്ന ഫെസ്റ്റിവൽ. രാജസ്ഥാന്റെ സൗന്ദര്യം മതിയാവോളം ആസ്വദിക്കാം. വേറിട്ട സംഗീതത്തെ ഹൃദയത്തോടു ചേർത്തു വയ്ക്കാം. അങ്ങനെ പോകുന്നു റിഫിന്റെ സവിശേഷതകൾ.

ഫെസ്റ്റിവലുകൾ ഇവിടെ തീരുന്നില്ല. മുംബൈയിലെ മഹീന്ദ്ര ബ്ലൂസ് ഫെസ്റ്റിവൽ, ഒറീസയിലെ പുരിയിൽ നടക്കുന്ന ഇന്ത്യ സർഫ് ഫെസ്റ്റിവൽ, മണാലിയിലെ ശിവ സ്ക്വാ‍ഡ് ഫെസ്റ്റിവൽ, രാജസ്ഥാനിലെ മാഗ്നറ്റിക് ഫീൽഡ് ഫെസ്റ്റിവൽ, വിഎച്ച്1 സൂപ്പർസോണിക് ഇന്ത്യ തുടങ്ങി ഒട്ടേറെ സംഗീതാഘോഷങ്ങൾ ഇനിയുമുണ്ട് പട്ടികയിൽ ചേർക്കാൻ. അപ്പോൾ ബാഗ് ഒരുക്കിക്കൊള്ളൂ, പാട്ടു തേടിയുള്ള യാത്രയ്ക്ക്. 

Your Rating: