Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗന്ധർവഗാനങ്ങൾ കൊണ്ട് ഗാനഗന്ധർവന് ആദരം

"നി സ ഗ മ പ നി സ രി ഗ...

ആ ആരേ മിത് വാ "...

ജനം ജനം ....ശ്രേയ ഘോഷാൽ പാടിത്തുടങ്ങി. പിന്നാലെ വിജയ് യേശുദാസും പാടി "ഗോരി തേരാ ഗാവോൻ ബഡാ പ്യാരാ"...ഇരുവർക്കുമിടയിൽ താളം പിടിച്ചും ഈണവും വരികളും ഒന്നിനോടുന്ന സുന്ദരമായ ഭാഗത്തെത്തുമ്പോൾ ഒപ്പം മൂളിയും ഗാനഗന്ധർവൻ യേശുദാസും. ജയരാഗങ്ങളുടെ വേദിയില്‍ യേശുദാസിന് വിജയും ശ്രേയയും എം ജയചന്ദ്രനും ചേർന്നു നൽകിയ ആദരം ഇങ്ങനെയായിരുന്നു. ശ്രേയയുടെ ക്ഷണം സ്വീകരിച്ച് വേദിയിലേക്കെത്തി യേശുദാസ്. ഹിന്ദിയിൽ താൻ പാടി അനശ്വരമാക്കിയ ഗാനങ്ങൾ‌ വിജയ് യേശുദാസും ശ്രേയയും ചേർന്ന് പാടിയപ്പോൾ ഗന്ധർവഗായകനും ഒപ്പം ചേരാതിരിക്കാനായില്ല. ചലച്ചിത്ര ഗാന സംവിധാന രംഗത്ത് ഇരുപത് വർഷം പൂർത്തിയാക്കിയ എം ജയചന്ദ്രനെ ആദരിക്കുവാൻ മനോരമ ഓൻലൈൻ സംഘടിപ്പിച്ച ജയരാഗങ്ങളെന്ന പരിപാടി സമ്മാനിച്ച അപൂർവ നിമിഷമിതായിരുന്നു.

vijay-with-appa

എം ജയചന്ദ്രനാണ് ഇങ്ങനെ പാട്ടുകളിലൂടെ യേശുദാസിന് ആദരമൊരുക്കണമെന്ന ആശയത്തിനു പിന്നിൽ. ദാസേട്ടന്റെ ഏറ്റവും മികച്ച പാട്ടുകൾ തെരഞ്ഞെടുത്ത് ശ്രേയയേയും വിജയ് യേശുദാസിനേയും പാടാനേൽപ്പിച്ചു. ഇരുവർക്കും അത് വലിയ സന്തോഷമായി. ഞാൻ ചിന്തിച്ചതിനേക്കാൾ മനോഹരമായി അദ്ദേഹത്തിന് പാട്ടുകളിലൂടെ ആദരമൊരുക്കാനുമായെന്ന് എം ജയചന്ദ്രൻ പറഞ്ഞു. നിന്നെ ആദരിക്കുന്ന വേദിയിൽ എന്തിനാണ് എനിക്കായി ഇങ്ങനെയൊരു പരിപാടിയെന്ന് ദാസ് സാർ ചോദിച്ചിരുന്നു. സംഗീതജ്ഞനാകണം എന്നതായിരുന്നു എന്റെ സ്വപ്നം. ആ സ്വപ്നം ചലച്ചിത്ര ഗീതങ്ങളിലേക്ക് വഴിതിരിഞ്ഞതിനും പിന്നീട് ജീവിതത്തിലിതു വരെ എത്തിയതിനും കാരണം ഒന്നേയുള്ളൂ. ദാസ് സാറിന്റെ പാട്ടുകൾ. അതുകൊണ്ടു തന്നെ എനിക്കായി ഒരുക്കിയ വേദിയിൽ ആദ്യം ആദരിക്കപ്പെടേണ്ടതും ദാസ് സാർ തന്നെ. എന്നായിരുന്നു ഞാൻ മറുപടി നൽകിയത്-ജയചന്ദ്രൻ പറഞ്ഞു.

yesudas-shreya-vijay

തരംഗിണി സ്റ്റുഡിയോയ്ക്ക് മുന്നിൽ എത്രയോ പ്രാവശ്യം ഞാനദ്ദേഹത്തെ കാണാൻ കാത്തുനിന്നിരിക്കുന്നു. പിന്നീട് എന്റെ ഈണങ്ങൾക്ക് അദ്ദേഹം പാടിയ ആ നിമിഷങ്ങളാണ് ജീവിതത്തിലെ ഏറ്റവും അമൂല്യമായത്. എന്റെ സംഗീത ജീവിതത്തിൽ ഇരുപത് വർഷം പൂർത്തിയാക്കിയത് ആഘോഷിക്കുന്ന ഒരു വേദിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായതും യേശുദാസിനും മകനുമൊപ്പം എനിക്കും വേദി പങ്കിടാനായതും മറ്റൊരു ഭാഗ്യവും. ദാസേട്ടന്റെ പിതാവും ദാസേട്ടനും വിജയ് യേശുദാസും ദക്ഷിണാമൂർത്തി സ്വാമിയുടെ ഈണത്തിൽ പാടിയിട്ടുണ്ട്. ഞാനും അത്തരമൊരു കാര്യം എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ദാസേട്ടനും വിജയ് യേശുദാസും പാടിയ പോലെ വിജയ്‌യുടെ മകൾ അമേയയും എന്റെ ഈണങ്ങളിൽ പാടുമെന്ന് ഞാൻ കരുതുന്നു. എം ജയചന്ദ്രൻ പറഞ്ഞു.

ഒരുപാട് വേദികളിൽ ഞാൻ അപ്പയുടെ ഈ പാട്ടുകളൊക്കെ പാടിയിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം നിന്നു പാടാൻ പേടിയൊന്നുമുണ്ടായില്ല. പേടിച്ചിട്ടും കാര്യമില്ലല്ലോ. ജയേട്ടനാണ് പാട്ടൊക്കെ സെലക്ട് ചെയ്തത്. തലേദിവസം പ്രാക്ടീസ് നടത്തി പാടി. നന്നായി പാടാൻ കഴിഞ്ഞതിലും ഇത്തരമൊരു മുഹൂർത്തത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. വിജയ് യേശുദാസ് പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.