Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദിത് നാരായണന് പത്മഭൂഷൺ

udith-narayan

പ്രശ്സ്ത ബോളിവുഡ് പിന്നണി ഗായകൻ ഉദിത് നാരായണന് പത്മഭൂഷണ്‍ പുരസ്കാരം. പ്രണയം തുടിക്കുന്ന ശബ്ദ വിസ്മയമാണ് ഉദിത് നാരായണൻ ഝാ. . ബോളിവുഡിലെ ഭാവഗായകനെന്നു പറഞ്ഞാലും തെറ്റുകാണില്ല. കാലം മാറിയിട്ടും ശ്രോതാവിന്റെ ,സംഗീതാഭിരുചികളിൽ മാറ്റം വന്നിട്ടും വ്യത്യസ്തമായ ശബ്ദവും ആലാപന ശൈലിയും കൊണ്ട് വ്യത്യസ്തനാകുന്നു ഉദിത് നാരായണനിപ്പോഴും. ഇന്ത്യയെ പാടി വിസ്മയിപ്പിക്കാൻ നേപ്പാളിൽ നിന്നെത്തിയ ഗായകനാണിദ്ദേഹം. 34 ഭാഷകളിലായി 25000ൽ അധികം ഗാനങ്ങളാണ് ഉദിത് നാരായണൻ പാടിയി ട്ടുള്ളത്.

ഹൃദ്യമായ മെല‍ഡികൾ മാത്രമിഷ്ടപ്പെടുന്നവനും ചടുല ഗീതങ്ങളെ കേൾക്കാൻ കൊതിക്കുന്നവർക്കും ഒരുപോലെയിണങ്ങുന്ന സ്വരമാധുരിയാണ് ഉദിത് നാരായണന്റേത്. ലക്ഷ്മികാന്ത് പ്യാരേലാൽ, ആനന്ദ് മിലിന്ദ്, നദീം-ശ്രാവൺ, അനു മാലിക്, ജതിന് ലളിത്, എ ആർ റഹ്മാൻ, ഹിമേഷ് റെഷമ്മിയ തുടങ്ങി ബോളിവുഡിലെ പ്രതിഭാധനരുടെയെല്ലാം എക്കാലത്തേയും മികച്ച ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. ഉദിത് നാരായണൻ ഒന്നുചേർന്ന സംഗീത സംവിധാന നിരയുടെ വൈവിധ്യം തന്നെയാണ് കാലത്തെ അതിജീവിക്കാനുള്ള ആ ശബ്ദത്തിന്റെ ശക്തിക്കുള്ള തെളിവും.

റേഡിയോ നേപ്പാൾ എന്ന പരിപാടിയിലൂടെ 1970ലാണ് ഉദിത് നാരായണന്റെ ശബ്ദം ലോകം കേട്ടു തുടങ്ങിയത്. നേപ്പാളിന്റെ നാടൻ പാട്ടുകള്‍ പാടിയ ആ ശബ്ദത്തെ ഇന്ത്യൻ എംബസിയാണ് ശാസ്ത്രീയ സംഗീതം പഠിക്കാൻ ക്ഷണിച്ചത്. അങ്ങനെ ഉദിത് നാരായണൻ ബോംബെയുടെ ഭാഗമായി. ഉനീസ് ബിസെന്ന ചിത്രത്തിലൂടെ രാജേഷ് റോഷനാണ് ഉദിത് നാരായണനെ ഇന്ത്യൻ സംഗീത ലോകത്തിന് പരിചയപ്പെടുത്തുന്നത്. മുഹമ്മദ് റാഫിയെന്ന ഇതിഹാസത്തിനൊപ്പമാണ് ആ ഗാനം പാടിയത്.

കരിയറിന്റെ ആദ്യ പത്തു വർഷം ഉദിത് നാരായണന് കടുപ്പമേറിയതു തന്നെയായിരുന്നു. ഖയാമത് സേ ഖയാമത് തക് എന്ന സിനിമയിലെ ഗാനങ്ങളാണ് ഉദിത് നാരായണന്റെ സംഗീത ജീവിതത്തിലേക്ക് ഏറ്റവും സുന്ദരമായ ശ്രുതി മീട്ടിയത്. അന്നു തുടങ്ങിയ ജൈതയാത്ര ഇപ്പോഴും ഭദ്രം. 2009ലാണ് പത്മശ്രീ നൽകി രാജ്യം ഈ ഗായകനെ ആദരിച്ചത്. മൂന്നു തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും അഞ്ചു പ്രാവശ്യം ഫിലിം ഫെയര്‍ അവാർഡുകളും ഉദിത് നാരായണനെ തേടി വന്നു.