Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ...

Vaikom Vijayalakshmi

ഒറ്റയ്ക്കു പാടി നടക്കുന്ന ഒരു പൂങ്കുയിലിനെ പോലെയാണീ പാട്ടുകാരിയും. വെളിച്ചമില്ലായ്മയെ ഈണങ്ങൾ കൊണ്ടു തോൽപിച്ച പ്രതിഭ. വൈക്കം വിജയലക്ഷ്മിയെന്ന ഗായികയ്ക്ക് മുഖവുരയെഴുതുവാൻ ഇങ്ങനെ ഏറെയുണ്ട് കാര്യങ്ങൾ. അപാരമായ ഊർജപ്രവാഹവുമായി സംഗീത ലോകത്ത് പാറി നടക്കുന്ന ഈ പൂങ്കുയിലിന്റെ പിറന്നാൾ ദിനമാണിന്ന്. ഗായത്രി വീണയിൽ കൈ ചേർത്തു വച്ചും മലയാളത്തനിമയുള്ള സ്വരമാധുരിയും കൊണ്ട് സമ്മാനിച്ച ഒരു നൂറ് പാട്ടനുഭവങ്ങളെ ഓർത്തെടുത്ത് ആശംസ നേരാം വിജയലക്ഷ്മിക്ക്.

സെല്ലുലോയ്ഡ് എന്ന കമൽ ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന പാട്ടും പാടി വന്ന അന്നു മുതല്‍ വൈക്കം വിജയലക്ഷ്മി നമ്മൾ കേൾക്കാനും അറിയാനും കൊതിക്കുന്നൊരു വ്യക്തിത്വമാണ്. 1981നാണ് വൈക്കം വിജയലക്ഷ്മിയുടെ ജനനം. കുഞ്ഞു കണ്ണിലെ ഇരുളിന് അന്നേ കൂട്ട് സംഗീതം തന്നെയായിരുന്നു. അച്ഛനും അമ്മയും മകളുടെ മാത്രമല്ല അവളുടെ പാട്ടിന്റെ കൂടി മാതാപിതാക്കളായി. കേൾക്കാൻ കൊതിച്ചൊരു പെൺസ്വരം പോലെ മലയാളത്തിന്റെ കാതോരത്തേക്കു വന്ന വിജയലക്ഷ്മിയുടെ കയ്യിലൊരു ഗായത്രിവീണയും ഒപ്പമുണ്ടായത് അതുകൊണ്ടാണ്. അച്ഛനാണ് ആ ഒറ്റക്കമ്പി വീണയെ മകൾക്കായി സൃഷ്ടിച്ചത്. അതിനു ഗായത്രി വീണയെന്നു പേരിട്ടതു കുന്നകുടി വൈദ്യനാഥനെന്ന സംഗീത വിസ്മയവും.

ഗാനഗന്ധർവ്വൻ യേശുദാസിനെ മാനസഗുരുവായി സങ്കൽപിച്ച് ആറാം വയസിലേ ഈണം സ്വയം പഠിച്ചു തുടങ്ങി വിജയലക്ഷ്മി. അമ്പലപ്പുഴ തുളസി ടീച്ചർ, വൈക്കം സുമംഗല ടീച്ചർ, പ്രസന്ന ടീച്ചർ തുടങ്ങിയവർക്കരികിൽ സംഗീതം പഠിക്കുവാന്‍ തുടങ്ങിയതോടെ അതിനു കൂടുതൽ ചിട്ടയും കൈവന്നു. ഈണങ്ങൾ മാത്രമുള്ള ലോകത്ത് ആർക്കും വിജയലക്ഷ്മിയ്ക്ക് കൈപിടിക്കുവാൻ വേണ്ട. അവിടെ വെളിച്ചവും വഴികാട്ടിയുമെല്ലാം സംഗീതമാണ്. അത്രയ്ക്കങ്ങ് ലയിച്ചാണ് സംഗീതത്തോടൊപ്പം വിജയലക്ഷ്മിയുടെ യാത്ര. 

അനുഗ്രഹതീതയായ കലാകാരിയാണ് വിജയലക്ഷ്മി. അങ്ങനെ പറയുവാനും ഒരുപാട് കാരണങ്ങളുണ്ട്. കുഞ്ഞായിരിക്കുമ്പോഴേ സംഗീത കുലപതികളിലൊരാളായ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ അനുഗ്രഹം നേടി പലവട്ടം. ഫോൺ വഴി സംഗീതം പഠിപ്പിക്കാൻ സാക്ഷാൽ യേശുദാസ് വരെയെത്തി.

പൊന്നമ്മാൾ ടീച്ചർ, നെല്ലായി കൃഷ്ണമൂർത്തി, ആലപ്പി രംഗനാഥ് തുടങ്ങിയ സംഗീതജ്ഞരുടെയെല്ലാം സംഗീതം മാത്രമല്ല പ്രത്യേക സ്നേഹവും വിജയലക്ഷ്മിയ്ക്ക് ലഭിച്ചു. എം ജയചന്ദ്രനാണ് വിജയലക്ഷ്മിയെ ചലച്ചിത്ര സംഗീതത്തിലേക്കു കൈപിടിച്ചത്. അനുജത്തിയെ പോലെയാണ് ജയചന്ദ്രൻ തന്നെ ചേർത്തു നിർത്തുന്നതെന്ന് പലപ്പോഴും വിജയലക്ഷ്മി പറഞ്ഞിട്ടുമുണ്ട്. 

ആദ്യ ചലച്ചിത്ര ഗാനം പാടിയതിനു ശേഷം പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല  വിജയലക്ഷ്മിക്ക്. രണ്ടു സംസ്ഥാന പുരസ്കാരങ്ങള്‍, എം കീരവാണി അടക്കമുള്ള സംഗീത സംവിധായകരുടെ ഈണത്തിൽ തെന്നിന്ത്യയിലെ ഭാഷകളിലെല്ലാം ഗാനങ്ങൾ, സ്വപ്ന തുല്യമായ അനേകം വേദികൾ, പ്രേക്ഷകർ കേൾക്കുവാനും കാണുവാനും കൊതിക്കുന്ന ഗായിക...അങ്ങനെ നിരവധി വിശേഷണങ്ങളും നേട്ടങ്ങളും ഇവരെ തേടിയെത്തി. 

വിജയദശമി നാളിലാണ് വിജയലക്ഷ്മിയുടെ ജനനം. ജനിച്ച ദിവസവും പേരും അന്വര്‍ഥമാക്കുന്ന പോലെയായി സംഗീത ജീവിതവും. ഇനിയും അത് അങ്ങനെ തന്നെ തുടരട്ടെ. വൈക്കം വിജയലക്ഷ്മിയെന്ന പൂങ്കുയിലിന് പിറന്നാള്‍ ആശംസകൾ.  

Your Rating: