Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം വൈശാഖ സന്ധ്യ പോലെ, ഈ പാട്ടും

vaisakha-sandhye-in-music-shots

മീൻ കറി നല്ല സ്റ്റൈൽ ആയിട്ടുണ്ടാക്കണം...അൽപം സ്വാതന്ത്ര്യത്തോടെ അതു പറഞ്ഞ് ഗേറ്റിനപ്പുറത്തേക്കു കടന്നുപോകുന്ന മോഹൻലാൽ കഥാപാത്രം. വീടിന്റെ അരമതിലിനോടു ചേർന്ന് ചിരിച്ചു കൊണ്ട് അതു തലയാട്ടി സമ്മതിക്കുന്ന നായിക. ചുവന്ന ബോർഡറുള്ള മഞ്ഞ സാരിയുടുത്ത് മുടി മെടഞ്ഞിട്ട് വലിയ സിന്ദൂരപ്പൊട്ടു തൊട്ട അവൾ മലയാളിയുടെ കാൽപനികമായ നായിക സങ്കൽപത്തിന്റെ മറ്റൊരു മുഖം...ഓർമവരുന്നില്ലേ ശോഭനയെ...വൈശാഖ സന്ധ്യയുെട ചേലുള്ള നായികയെ...ആ പാട്ടിനെ...എന്നെന്നും കേൾക്കാൻ നമ്മൾ ഇഷ്ടപ്പെട്ടിരുന്ന ആ ഗാനത്തെ...ഇന്നും എവിടെയും സംഗീത പരിപാടി നടന്നാലും നമ്മൾ കേൾക്കാൻ കൊതിക്കുന്ന ഈ ഗാനമാകട്ടെ ഇത്തവണ മനോരമ ഓണ്‍ലൈനിന്റെ സംഗീത സല്ലാപത്തിലും...

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ...

സയനോര ഗിത്താർ മീട്ടി തുടങ്ങുമ്പോൾ നമുക്ക് പെട്ടെന്ന് മന്ദാരച്ചെപ്പുണ്ടോ എന്ന പാട്ടായിരിക്കും ഓര്‍മവരിക. വൈശാഖത്തിൽ വീശുന്നൊരു ഇളംകാറ്റിന്റെ താളം പോലെയാണ് സയനോരയുടെ ഗിത്താറിൽ നിന്നുതിരുന്ന ഓരോ സ്വരകണവും. അതിനൊപ്പമാണ് രാജലക്ഷ്മി പാടുന്നത്. വൈശാഖ മാസത്തിലെ സന്ധ്യയുടെ ഭംഗിയാണ് നായികയ്ക്കെന്നും അവരുടെ പ്രണയത്തിനും ആ ഭംഗിയുടെ യത്രയും നൈർമല്യതയുമുണ്ടെന്നും പറഞ്ഞ പാട്ടിന് രാജലക്ഷ്മിയുടെ സ്വര സൗന്ദര്യം ഏറെ ചേർന്നു നിൽക്കുന്നു.

പേരറിയാത്തൊരു നൊമ്പരമാണ് പ്രണയമെന്നെഴുതിയ കാവ്യ ഭാവനയ്ക്ക് ഇവിടെ യൂസഫലി കേച്ചേരി നൽകിയത് സന്ധ്യാഭംഗിയാണ്. അതിന് ശ്യാമാംബരത്തിൻ ചേലുള്ള ഈണമിട്ടത് ശ്യാമും. ഇരുവരുടെയും മാസ്റ്റർപീസ് ഗാനങ്ങളിലൊന്നാണ് നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഈ പാട്ട്.

സംഗീത ചിന്തകളും സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ തലങ്ങളുമെല്ലാം കാലത്തിന്റെ ഒഴുക്കിനൊപ്പം സഞ്ചരിക്കുന്നതിനിടയിലും മലയാളി കൈപിടിച്ച് കൂടെ ചേർത്തൊരു പ്രണയഗീതമായി അതു മാറിയതും മറ്റൊന്നും കൊണ്ടല്ല...കേൾക്കാം വൈശാഖ സന്ധ്യേ മനോരമ ഓൺലൈൻ മ്യൂസിക് ഷോട്സിൽ വേറിട്ടൊരു ഭാവത്തിൽ.  

Your Rating: