Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

64ാം വർഷവും പതിവ് തെറ്റിയില്ല: സദ്യ വിളമ്പി പാട്ടുംപാടി ദാസേട്ടൻ

Yesudas records a hindi song after 20 years

ഇത്തവണയും ആ വരവിന് മാറ്റമുണ്ടായില്ല. പിതാവിന്റെ കൈപിടിച്ച് പന്ത്രണ്ടാം വയസിൽ എത്തിയ അതേ ഇടത്തേക്ക് ഇത്തവണയും ദാസേട്ടൻ വന്നു. അറുപത്തിനാലു വർഷമായി ആ പതിവിന് മാറ്റമില്ല. ഭാര്യ പ്രഭയ്ക്കൊപ്പം ദുബായില്‍ നിന്ന് ഉച്ചയോടെ ഫോർട്ട്കൊച്ചി അധികാരിവളപ്പിലെ കൊച്ചു കപ്പേളയിലേക്ക് ഗാനഗന്ധര്‍വൻ എത്തുമ്പോൾ നാട്ടുകാരും സുഹൃത്തുക്കളുമടക്കം ഒരു വലിയ കൂട്ടം കാത്തുനിൽപ്പുണ്ടായിരുന്നു. . വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ സമാപന ആഘോഷത്തോടനുബന്ധിച്ചുള്ള നേർച്ചസദ്യ വിളമ്പി, കൂട്ടുകാർക്കും അടുത്ത പരിചയക്കാർക്കുമൊപ്പം സൗഹൃദം പങ്കുവച്ച്, നേർച്ചസദ്യ കഴിച്ച ശേഷമായിരുന്നു മടക്കം.

പിതാവിന്റെ ആത്മസുഹൃത്തായിരുന്ന വി.സി. ബാരിഡിന്റെ വീട്ടിലേക്കും ദാസേട്ടനെത്തി. കുടുംബാംഗങ്ങൾക്കൊപ്പം കുറച്ചു നേരം. ബാരിഡിന്റെ കൊച്ചുമകൻ ബിനു കുഞ്ഞപ്പന്റെ വീട്ടിലേക്കു മടങ്ങിയ യേശുദാസിനെ കാണാനും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാനും ഉപഹാരങ്ങൾ നൽകാനും ആളുകൾ തിരക്കു കൂട്ടി. ആരെയും നിരാശപ്പെടുത്താതെ യേശുദാസ് സൗഹൃദം പുതുക്കി.വീട്ടുവളപ്പിൽ തയാറാക്കി വച്ചിരുന്ന നേർച്ച സദ്യ‌ാ വിഭവങ്ങളുടെ ആശീർവാദ ചടങ്ങായിരുന്നു പിന്നീട്. ഫാ. അനീഷ് ക്ലീറ്റസ് നേർച്ച വിഭവങ്ങൾ ആശീർവദിച്ചു. കപ്പേളയിലെത്തി പ്രാർഥിച്ച ശേഷം പന്തലിൽ ഇരുന്ന ഭക്തജനങ്ങൾക്ക് നേർച്ചസദ്യ വിളമ്പി. തോപ്പിൽ ടി.ജി. സ്റ്റാലിൻ, ബാവക്കാട് റീത്താ ജോസഫ്, ഒൻപതു വയസുകാരൻ ലെവൻ ഫ്രെഡി എന്നിവർക്ക് യേശുദാസ് സദ്യ വിളമ്പിയതോടെ നേർച്ചസദ്യയ്ക്കു തുടക്കമായി.

yesudas ഒ‌ാർമകളുടെ വിരുന്ന്: ഫോർട്ട്കൊച്ചി അധികാരിവളപ്പ് കപ്പേളയിൽ വിശുദ്ധ യൗസേപ്പിന്റെ വണക്കമാസ സമാപനത്തോടനുബന്ധിച്ച് നടന്ന നേർച്ചസദ്യയിൽ യേശുദാസ് നേർച്ച വിളമ്പുന്നു. ഭാര്യ പ്രഭ സമീപം. 64 വർഷമായി മുടങ്ങാതെ യേശുദാസ് ഈ ആഘോഷത്തിനെത്തുന്നു. ചിത്രം. മനോരമ

പിന്നെ യാത്ര ഫോർട്ട്കൊച്ചിയിലെ പഴയ തറവാടു വീട്ടിലേക്ക് യാത്ര. തന്റെ അമ്മ നട്ട മാവ് ഹോട്ടലിന്റെ മൂന്നു നിലകൾക്കിടയിലൂടെ വളർന്ന് കായ്ചു നിൽക്കുന്നത് അദ്ദേഹത്തിന് എന്നും സന്തോഷമുള്ള കാഴ്ചയാണ്. ദാസേട്ടൻ വരുമെന്ന് ഉറപ്പുള്ളതിനാൽ ഹോട്ടൽ ഉടമ നാസർ ചെറിയിൽ മാവിൽ നിന്നു പറി‍ച്ചുവച്ചിരുന്ന മാങ്ങകളടങ്ങിയ കൂട അദ്ദേഹത്തിനു കൈമാറി. പൂർണമായും പഴുത്തിട്ടില്ലെങ്കിലും ഈ മാങ്ങയുടെ രുചിയൊന്നു വേറെയാണെന്ന് യേശുദാസിന്റെ കമന്റ്. ഹൗസ് ഓഫ് യേശുദാസ് എന്ന പേരിൽ ഹോട്ടലായി മാറിയ പഴയ തറവാട്ടിലെത്തിയ യേശുദാസും ഭാര്യയും അവിടെയുള്ള നാട്ടുമാവിൻ ചോട്ടിൽ വെള്ളമൊഴിച്ചു. ഗൃഹാതുരത്വത്തിന്റെ ഓർമകളുണർത്തുന്ന ഇവിടം സന്ദർശിക്കാതെ യേശുദാസ് മടങ്ങാറില്ല.

കുണ്ടന്നൂരിലെ ഹോട്ടലിലേക്കു മടങ്ങിയ യേശുദാസ് രാത്രി വീണ്ടും കപ്പേളയിലെത്തി, സംഗീതാർച്ചനയ്ക്കായി. ഒൻപതരയോടെ ആരംഭിച്ച സംഗീതാർച്ചന അർധരാത്രി വരെ തുടർന്നു. വണക്കമാസ സമാപനത്തോടനുബന്ധിച്ച തിരുനാൾ കുർബാനയ്ക്ക് ഫാ. ജോപ്പൻ അണ്ടിശ്ശേരിൽ കാർമികത്വം വഹിച്ചു. വൈകിട്ട് പ്രദക്ഷിണവും വണക്കമാസ ധ്യാനവും ഉണ്ടായിരുന്നു.

Your Rating: