Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടൂ, ബച്‌പന്‍ കഹാ..?!

സപ്‌നോം കാ വോ ആങ്കന്‍ കഹാന്‍

ദര്‍പന്‍ ബതാ ബച്‌പന്‍ കഹാ..?!''

**(എവിടെ സ്വപ്‌നങ്ങള്‍ ഓടിക്കളിച്ചിരുന്ന ആ മുറ്റം..? എവിടെ, ജീവിതം ലളിതവും സരളവുമായിരുന്ന എന്റെ കുട്ടിക്കാലം..?!)**

prem-ratan-dhan-payo-poster1-edit പ്രേം രത്തന്‍ ധന്‍ പായോ' എന്ന ചിത്രത്തിലെ ഒരു രംഗം

കഴിഞ്ഞ ഒരു മാസത്തിലധികമായി, ഈ ഗാനം കേട്ട്‌ ഉപഭൂഖണ്ഡത്തിലെ ജനതയൊന്നാകെ ബാല്യത്തിലേക്കു തിരിഞ്ഞു നോക്കി നെടുവീര്‍പ്പോടെ ചോദിക്കുന്നു. എവിടെ ഞങ്ങളുടെ കുട്ടിക്കാലം..?! സല്‍മാന്‍ ഖാന്റെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'പ്രേം രത്തന്‍ ധന്‍ പായോ'യിലെ ഗാനമാണ്‌ ഹൃദയങ്ങള്‍ കീഴടക്കുന്ന 'സപ്‌നോം കാ വോ'. ഗൃഹാതുരത്വവും നൊമ്പരവും ഇഴചേര്‍ന്നു കിടക്കുന്ന ഈണവും വരികളും. ഇന്ത്യ മാത്രമല്ല വിതുമ്പുന്നത്‌. അതിര്‍ത്തിക്കപ്പുറം അങ്ങ്‌ പാക്കീസ്ഥാനിലും ഇതേ ഗാനം നഷ്ടസ്വപ്‌നങ്ങളുടെ മധുരിക്കുന്ന ഓര്‍മ്മകളും പേറി അലയടിക്കുന്നുണ്ട്‌. കൈയ്യെത്തും ദൂരയുണ്ടെങ്കിലും ഇനിയൊരിക്കലും തൊടാനാവാത്ത മഴവെള്ളം പോലുള്ള ബാല്യകാലത്തെ ഓര്‍ത്ത്‌ അവരും പാടുന്നു. എവിടെ ബന്ധങ്ങളെല്ലാം ഹൃദയബന്ധങ്ങളായിരുന്ന ആ കാലം..? ഓര്‍മ്മകള്‍..! സഹോദരനൊത്ത്‌ സൗഹൃദം; സഹോദരികളുടെ സ്‌നേഹവും തമാശകളും. വിദ്വേഷങ്ങളില്ലാതെ ഹൃദയം പട്ടം കണക്കെ പാറിപ്പറന്നിരുന്ന നാളുകള്‍. ആസ്വാദകരെ ഗൃഹാതുരതയിലേക്കു വഴിനടത്തിയ പാട്ടുകാരനും ഈണക്കാരനും ഒരു ഗുജറാത്തിയാണ്‌. പേര്‌ ഹിമേഷ്‌ റിഷാമിയ. 'പ്രേം രത്തന്‍ ധന്‍ പായോ'യില്‍ ബച്ച്‌പന്‍ ഉള്‍പ്പെടെ ഇര്‍ഷാദ്‌ കമില്‍ എഴുതി ഹിമേഷ്‌ റിഷാമിയ ഈണമിട്ട പത്തു ഗാനങ്ങളുണ്ട്‌. പലക്‌ മുഛാലും അമന്‍ തൃകയും ഹര്‍ഷ്‌ദീപ്‌ കൗറും, ഷാനുമൊക്കെ പാടിയ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റ്‌. പക്ഷേ ഹിമേഷ്‌ തന്നെ ആലപിച്ച ബച്ച്‌പന്‍ വേറിട്ടു നില്‍ക്കുന്നു; ബോളീവുഡില്‍ മെലഡി പിറന്ന അറുപതുകളുടെയും അതു പൂത്തുലഞ്ഞ തൊണ്ണൂറുകളുടെയും ഓര്‍മ്മകളില്‍. 

വിഷാദസംഗീതമായി മറഞ്ഞ ജ്യേഷ്‌ഠന്‍

himesh-reshammia ഹിമേഷ്‌ റിഷാമിയ

ഗുജറാത്തിലെ രജുലയ്‌്‌ക്കു സമീപമുള്ള ദുന്‍ഗാര്‍ ഗ്രാമത്തില്‍ ജനനം. പഴയകാല സംഗീത സംവിധായകന്‍ വിപിന്‍ റിഷാമിയയും മധുറിഷാമിയയും മാതാപിതാക്കള്‍. ആര്‍ ഡി ബര്‍മ്മന്റെയും ലക്ഷ്‌മീകാന്ത്‌ പ്യാരേലാലിന്റെയും ശങ്കര്‍ ജയകിഷന്റെയുമൊക്കെ അസിസ്റ്റന്റായിരുന്നു വിപിന്‍ റിഷാമിയ. ബോളീവുഡില്‍ ഇലക്ട്രോണിക്ക്‌ സംഗീതോപകരണങ്ങള്‍ ആദ്യമായി അവതരിപ്പിച്ച പ്രതിഭ. പക്ഷേ പ്രമുഖരുടെ നിഴലിലൊതുങ്ങാന്‍ വിധി. മുംബൈയിലായിരുന്നു ഹിമേഷും മൂത്തസഹോദരനും പഠിച്ചതും വളര്‍ന്നതും. ഹിമേഷിനു പതിനൊന്നു വയസ്സുള്ളപ്പോള്‍ സഹോദരനെ മരണം വന്നു വിളിച്ചു. തളര്‍ന്നുപോയ അച്ഛന്റെ സംഗീതമോഹം ഹിമേഷിലൂടെ തളിരിട്ടു. മാതാപിതാക്കളുടെ ജീവിതം സംഗീതം കൊണ്ട്‌ നിറയ്‌ക്കാന്‍ ഹിമേഷും തീരുമാനിച്ചു. 

ആഷിഖ്‌ ബനായാ അപ്‌നേ...

എച്ച്‌ ആര്‍ എന്നും മ്യൂസിക്കല്‍ ഹിറ്റ്‌ മെഷീനെന്നും റോക്ക്‌സ്‌റ്റാറെന്നുമൊക്കെ വിളിപ്പേരുള്ള ഹിമേഷ്‌ ബോളീവുഡില്‍ തരംഗമാകുന്നത്‌ 2005ല്‍ ഇറങ്ങിയ ഇമ്രാന്‍ ഹാഷ്‌മി നായകനായ ആഷിഖ്‌ ബനായാ അപ്‌നേയിലൂടെയാണ്‌. ആഷിഖ്‌ ബനായാ... എന്ന്‌ ഇന്ത്യന്‍ യുവത ഒന്നടങ്കം ഏറ്റുപാടി. തെരുവുകളില്‍ ചുവടുവച്ചു. 2006ല്‍ അക്‌സറില്‍ �ഏക്‌ ബാര്‍ ആജാ..� എന്നു നീട്ടിപ്പാടിയപ്പോഴും യുവത ഒപ്പം ചേര്‍ന്നു. ഒടുവില്‍ ഏക്‌ ബാര്‍ ആജാ നിരോധിക്കണമെന്നും ഗാനം പ്രേതങ്ങളെ ക്ഷണിച്ചു വരുത്തുമെന്നും ആരോപിച്ച്‌ ഗുജറാത്തില്‍ ഒരു വിഭാഗം രംഗത്തിറങ്ങയത്‌ മറ്റൊരു കഥ. എന്നാല്‍ ഇവിടൊന്നുമായിരുന്നില്ല ഹിമേഷിന്റെ തുടക്കം. അതിനും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ 1998ല്‍ 25ാം വയസ്സില്‍ ബോളീവുഡില്‍ അരങ്ങേറ്റം. 'പ്യാര്‍കിയാ തൂ ഡര്‍നാ ക്യാ' ആദ്യ ചിത്രം. 

കൈപിടിച്ചുയര്‍ത്തിയ ജ്യേഷ്‌ഠന്‍

പ്യാര്‍കിയാ തൂ ഡര്‍നാ ക്യായില്‍ രണ്ടു ഗാനങ്ങളുമായി അരങ്ങേറുന്നതിനു മുമ്പും ഫ്‌ളാഷ്‌ ബാക്കില്‍ കഥകളുണ്ട്‌. ബാല്യത്തിന്റെ കളിമുറ്റത്തു നിന്നും ഒന്നും പറയാതെ നടന്നു മറഞ്ഞ സഹോദരന്റെ സ്ഥാനത്തേക്ക്‌ ഒരാള്‍ കടന്നു വന്നതും ഇന്ത്യന്‍ സിനിമാ സംഗീത ലോകത്തിന്റെ തിരുമുറ്റത്തു കൊണ്ടു നിര്‍ത്തിയതു മായ കഥകള്‍. എച്ച്‌ ആര്‍ എന്റര്‍പ്രൈസസ്‌ പ്രൊഡക്ഷന്‍ ഹൗസിനു കീഴില്‍ അഹമ്മദാ ബാദ്‌ ദൂരദര്‍ശനും സീ ടീവിക്കും പ്രോഗ്രാം ചെയ്‌തു തുടക്കം. ആന്‍ഡാസ്‌, അമര്‍പ്രേം, ജാന്‍, ആഷിഖ്വി, ദം ദം തുടങ്ങിയ ജനപ്രിയ ടെലിസീരിയലുകള്‍. കഥയും തിരക്കഥയും സംഗീതവുമൊക്കെ ഒരുക്കിയത്‌ ഒറ്റയ്‌ക്ക്‌. എച്ച്‌ എം വിക്കു വേണ്ടി സ്വന്തം സംഗീതത്തില്‍ സുചിത്രകൃഷ്‌ണമൂര്‍ത്തിയുമൊത്ത്‌ സിന്ദഗി എന്ന ആല്‍ബവും ഇക്കാലത്തിറങ്ങി. സിന്ദഗിയുടെ പിന്നണി പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്‌ സാക്ഷാല്‍ സല്‍മാന്‍ ഖാനെ പരിചയപ്പെടുന്നത്‌.

സല്‍മാന്റെ പുതിയ ചിത്രം 'പ്യാര്‍കിയാ തൂ ഡര്‍നാ ക്യാ'ക്ക്‌ അന്നു വമ്പന്മാരായിരുന്ന ജതിന്‍ - ലളിത്‌ സഹോദരങ്ങളായിരുന്നു ഈണമൊരുക്കുന്നത്‌. പക്ഷേ രണ്ട്‌ ഗാനങ്ങള്‍ക്ക്‌ ഈണം പകരാന്‍ സല്‍മാന്‍ ഹിമേഷിനെയും ക്ഷണിച്ചു. ജതിന്‍ - ലളിതിന്റെ ആറ്‌ ഗാനങ്ങള്‍ക്കൊപ്പം ഹിമേഷിന്റെ രണ്ടു ഗാനങ്ങളും (ഓഡ്‌ലി ചുരാലിയാ, തുംപര്‍ ഹര്‍ ഹേ) ശ്രദ്ധിക്കപ്പെട്ടു. 1999ല്‍ സല്‍മാന്‍ വീണ്ടും വിളിച്ചു. 'ഹലോ ബ്രദര്‍'. ഗാനങ്ങളില്‍ പത്തിലെട്ടെണ്ണവും സാജിദും വാജിദും പകുത്തെടുത്തെങ്കിലും ഹിമേഷിന്റെ 'തേരീ ചുനാരിയാ' സൂപ്പര്‍ഹിറ്റായി.

himesh ഹിമേഷ്‌ റിഷാമിയ

കുമാര്‍ സാനുവും അല്‍ക്കയും ചേര്‍ന്നുള്ള തൊണ്ണൂറുകളുടെ കലാശക്കൊട്ട്‌. തേരീ ചുനാരിയയുടെ ബിജിഎമ്മിനൊത്ത്‌ നായകന്‍ നായികയെ വിരലുകൊണ്ടളന്നു; ഈണവും ദൃശ്യങ്ങളും തമ്മില്‍ അത്രയേറെ ഇഴയടുപ്പം. ചിത്രത്തിലെ ഹിമേഷിന്റെ രണ്ടാമത്തെ ഗാനം 'ചാന്ദ്‌ കീ ദാല്‍പര്‍' അല്‍ക്കയ്‌ക്കൊപ്പം പാടിയത്‌ സല്‍മാന്‍. അതും ആരാധകര്‍ നെഞ്ചിലേറ്റി. വീണ്ടും കുറേ ചിത്രങ്ങള്‍. 2002ല്‍ 'യേഹേജല്‍വാ' എന്ന ചിത്രത്തില്‍ മുഴുവന്‍ ഗാനങ്ങളും നല്‍കി ബന്ധം അരക്കിട്ടുറപ്പിച്ച സല്‍മാന്‍ 2003ല്‍ 'തേരേനാം' നല്‍കി. സെമീറായിരുന്നു ഗാനരചന. അത്രപ്രശസ്‌തനല്ലാത്ത സംഗീതസംവിധായകനൊപ്പം ഗാനമുണ്ടാക്കാന്‍ ആദ്യം താന്‍ വിസമ്മതിച്ചത്‌ സെമീര്‍ ഓര്‍ക്കുന്നു. പക്ഷേ സല്‍മാന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരുമിച്ചിരുന്ന ആദ്യനിമിഷത്തില്‍ തന്നെ അരികത്തിരിക്കുന്ന പ്രതിഭയെ തിരിച്ചറിഞ്ഞു, സെമീറിലെ എഴുത്തുകാരന്‍. ചിത്രവും ഗാനങ്ങളും മെഗാഹിറ്റ്‌. ഹിമേഷും സെമീറിനും ഫിലീംഫെയര്‍ പു രസ്‌കാരങ്ങള്‍. അതോടെ ബോളീവുഡിന്റെ അനിഷേധ്യ ഈണക്കാരനായി മാറി ഹിമേഷ്‌. സല്‍മാന്റെ പില്‍ക്കാല ചിത്രങ്ങളില്‍ ഭൂരിപക്ഷത്തിനും സംഗീതമൊരുക്കിയത്‌ ഹിമേഷാണ്‌. ദുല്‍ഹന്‍ ഹും ജായേംഗേ, മേനേ പ്യാര്‍ ക്യൂന്‍ കിയാ, ബോഡി ഗാര്‍ഡ്‌, കിക്ക്‌, പ്രേം രത്തന്‍ ധന്‍പായോ വരെ ഹിറ്റുകളുടെ നിര. സല്‍മാന്‍ തന്റെ ജ്യേഷ്‌ഠസഹോദരനാണെന്ന്‌ ഹിമേഷ്‌ പറയുന്നത്‌ ഹൃദയം കൊണ്ട്‌.

സകലകലാ വല്ലഭന്‍

ആഷിഖ്‌ ബനായാ അപ്‌നേയിലൂടെയാണ്‌ ഗായകനാവുന്നത്‌. മികച്ച പിന്നണിഗായകന്‌ ഫിലീംഫെയര്‍ ഉള്‍പ്പെടെ നിരവധി പുരസകാരങ്ങള്‍. അങ്ങനെ ആദ്യ ഗാനത്തിനു തന്നെ ഫിലീംഫെയര്‍ പുരസകാരം കിട്ടുന്ന ബോളീവുഡിലെ ആദ്യ ഗായകനും സംഗീതസംവിധായകനുമായി മാറി ഹിമേഷ്‌. ആഷിഖ്‌ ബനായായിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. 2007ല്‍ 'ആപ്‌കാസുരൂര്‍' എന്ന ചിത്രത്തില്‍ നായകനായി. അഭിനയവും വഴങ്ങുമെന്ന്‌ പ്രേക്ഷകസാക്ഷ്യം. ഗാനരചന, സംവിധാനം, നിര്‍മ്മാണം, വിതരണം തുടങ്ങി ഹിമേഷ്‌ കൈവയ്‌ക്കാത്ത മേഖലകളില്ല. ടെലിവിഷന്‍ രംഗത്തും അനിഷേധ്യ സാനിധ്യം. 2012ല്‍ ഇന്ത്യ - പാക്ക്‌ സംഗീത യുദ്ധമായ 'സുര്‍ക്ഷേത്ര' എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ ഇന്ത്യയുടെ നായകന്‍.

ടെക്‌നോബീറ്റിന്റെ ജനപ്രിയത

അച്ഛന്‍ പകര്‍ന്നു നല്‍കിയ ഇലക്ട്രോണിക്ക്‌ ബീറ്റ്‌ സംഗീതം തന്നെയാണ്‌ മിക്ക ഹിമേഷ്‌ ഗാനങ്ങളുടെയും പ്രത്യേകത. ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീതത്തില്‍ പാശ്ചാത്യസംഗീതം ലയിപ്പിച്ച ഫ്യൂഷന്‍ ഗാനങ്ങളെ വേറിട്ടു നിര്‍ത്തുന്നു. അമേരിക്കന്‍ സംഗീത വിഭാഗമായ ടെക്‌നോ ബീറ്റ്‌സിന്റെ ചുവടുപിടിച്ചുള്ള ഈണസൃഷ്ടി ഗാനങ്ങളെ ജനകീയമാക്കുന്നു. ആഫ്രിക്കന്‍ സംഗീതത്തിന്റെ സ്വാധീനം ടെക്‌നോ ബീറ്റിന്റെ സവിശേഷതയാണ്‌. ഇലക്ട്രോണിക്ക്‌ ഡാന്‍സിന്റെ താളത്തിനൊത്ത്‌ യുവതയെ നൃത്തം ചവിട്ടിക്കാന്‍ ഹിമേഷിനു കഴിയുന്നത്‌ ഈ ജനപ്രിയത സംഗീത ചേരുവകളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെയാണ്‌.