Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓര്‍മ്മകളിലെ ബിന്‍ തെരേ സനം

jatin-lalith ജതിനും ലളിതും, ഒരു പഴയകാല ചിത്രം

അജ്നബി മുജ്കോ ഇത്‌നാ ബതാ...' ആശാഭോസ്‌ലെയുടെയും ഉദിത് നാരായണന്റെയും പ്രണയാതുരശബ്ദം ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരിക്കുമ്പോഴാണ് കാല്‍നൂറ്റാണ്ട് പഴക്കമുള്ള ഒരു ശൈത്യകാലം ഓർമകളിലേക്ക് ഓടിക്കയറി വന്നത്. ബോളിവുഡ് സംഗീതത്തിലെ അതികായന്‍ രാഹുല്‍ദേവ് ബർമനെ രോഗം കീഴടക്കിക്കൊണ്ടിരുന്ന നാളുകള്‍. അദ്ദേഹത്തിന്റെ പ്രതാപകാലം വേദനയോടെ അയവിറക്കിക്കഴിയുന്ന സംഗീതപ്രേമികള്‍. ലക്ഷ്മീകാന്ത് പ്യാരേലാലും നദീംശ്രാവണും ആനന്ദ് മിലിന്ദുമൊക്കെ പഴമയും പുതുമയും തുളുമ്പുന്ന മെലഡികളുമായി അരങ്ങില്‍ നിറഞ്ഞു നില്‍ക്കുന്നു. പക്ഷേ ആര്‍.ഡി. ബർമന്‍ വെട്ടിത്തുറന്നിട്ട വിപ്ലവാത്മകമായ സംഗീതപാതയുടെ തുടര്‍ച്ചയായിരുന്നില്ല അവയൊന്നും. ബോളിവുഡ് സംഗീതം ഏതാനും ചിലരില്‍ കേന്ദ്രീകരിച്ച് ഒരേ താളത്തില്‍ ചുറ്റിത്തിരിഞ്ഞു തുടങ്ങിയ 1991 ലെ ആ ശൈത്യകാലത്താണ് രാജ്സ്ഥാനിലെ ജോധ്പൂരിലെ പ്രശസ്തമായ സംഗീത കുടുംബത്തില്‍ നിന്ന് രണ്ടു യുവസഹോദരങ്ങള്‍ മുംബൈയില്‍ വണ്ടിയിറങ്ങുന്നത്. ജതിന്‍ പണ്ഡിറ്റും ലളിത് പണ്ഡിറ്റും. അധികം വൈകാതെ ബർമന്റെ ഈണങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു ഗാനം ആസ്വാദകരുടെ കാതുകളിലേക്ക് ഒഴുകിയെത്തി. 'ബിന്‍ തെരേ സനം.. മര്‍ മി തേം ഗെ ഹം... ആ മേരി സിന്ദഗീ...' ക്യാംപസുകളിലും ഒഴിവിടങ്ങളിലും മറ്റും കാമുകന്മാര്‍ പാടി നടന്നു. 'ആനാ ഹി പതാ സജ്നാ സാലിം ഹെ ദില്‍ കീ ലഗീ..' കാമുകിമാര്‍ മറുപടി പാടി. ചിത്രം- യാരാ ദില്‍ദാര. അതൊരു തുടക്കമായിരുന്നു. പിന്നാലെ 'പെഹലാ നഷായും' 'തുഛേ ദേഖാ തോ യെ ജാനാ സനം ' 'തും പാസ് ആയേയും' ഉള്‍പ്പെടെ നൂറുകണക്കിന് മധുരഗാനങ്ങള്‍. ഒന്നരപ്പതിറ്റാണ്ടു കാലം ഇന്ത്യന്‍സിനിമാ സംഗീതത്തില്‍ വേറിട്ട ഈണങ്ങള്‍ സൃഷ്ടിച്ച ജതിന്‍-ലളിത് കൂട്ടുകെട്ട് പിറന്നിട്ട് കാല്‍നൂറ്റാണ്ട് തികയുന്നു.

യാരാ ദില്‍ദാര

മിര്‍സ ബ്രദേഴ്സ് സംവിധാനം ചെയ്ത ‘യാര ദില്‍ദാര’ എന്ന ചിത്രം 1991 ഡിസംബര്‍ 13നാണ് തിയറ്ററുകളിലെത്തുന്നത്. ആഷിഫ് ഷെയിഖ്, രുചികാ പാണ്ഡേ, അംജദ്ഖാന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച യാരാ ദില്‍ദാര പരാജയമായിരുന്നു. എന്നാല്‍ ചിത്രത്തിലെ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റുകളായി. ജതിനും ലളിതും ഒരുക്കിയ പ്രണയം തുളുമ്പുന്ന ഈണങ്ങള്‍ക്ക് വരികളെഴുതുമ്പോള്‍ മജ്രു സുല്‍ത്താന്‍പുരിക്ക് വയസ്സ് 72. ബിന്‍ തെരേ സനത്തിനൊപ്പം 'തുംഹി ഹമാരി ഹോ', 'ഹമാരെ പപ്പാ ഔര്‍ ഹം', 'വോ ജോ കഹാ താ , 'അബ് തോ തുമെ ഹെ' തുടങ്ങിയ ഗാനങ്ങളുമുണ്ടായിരുന്നു ചിത്രത്തില്‍. എന്നാല്‍ ഉദിതും കവിതാ കൃഷ്ണമൂര്‍ത്തിയും ചേര്‍ന്ന് ആലപിച്ച ബിന്‍ തെരേസനമായിരുന്നു ഏറെ ജനപ്രിയം. ഈ ഗാനത്തിന്റെ രണ്ട് രൂപങ്ങള്‍ വീനസ് പുറത്തിറക്കിയ കാസറ്റുകളില്‍ ഇടംപിടിച്ചു. അമിത് കുമാര്‍, ഭൂപീന്ദര്‍, അഭിജിത്, അപര്‍ണ മായേകര്‍, അനുരാധാ പട്വാള്‍, നിതിന്‍ മുകേഷ് തുടങ്ങിയവരും ജതിന്‍ ലളിതിന്റെ ആദ്യസംരംഭത്തിന് ശബ്ദം നല്‍കി.

പെഹലാ നഷാ

മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്ത ജോ ജീതാ വോഹീ സിഖ്ന്ദര്‍ തൊട്ടടുത്ത വര്‍ഷം,1992ല്‍. മജ്രു സുല്‍ത്താന്‍പുരിയൊടൊപ്പം രണ്ടാമത്തെ ഒത്തുചേരല്‍. ഏഴു ഗാനങ്ങളില്‍, 'പെഹലാ ന ഷാ' ചരിത്രമായി. മുഴുവനായും സ്ലോ മോഷനില്‍ ചിത്രീകരിച്ച നാലാമത്തെ ബോളിവുഡ് ഗാനരംഗം. ഹംസെ ഹെ സരാ ജഹാന്‍, റൂത്ത് ഹെ ഹംസെ തുടങ്ങിയ ട്രാക്കുകളും ശ്രദ്ധേയം. 'നാം ഹെ മേരാ ഫൊനേന്‍സ്‌കാ' എന്ന ഗാനം വീണ്ടും ശ്രദ്ധേയമായത് അടുത്തകാലത്തുണ്ടായ പനാമ പേപ്പര്‍ ലീക്കിനെത്തുടര്‍ന്നാണ്. രണ്ട് ദശാബ്ദം മുമ്പ് കവിയുദ്ദേശിച്ചത് പനാമ വിവാദത്തിന്റെ കേന്ദ്രബിന്ദുവായ മൊസേക്ക് ഫൊനേന്‍സ്‌ക നിയമസ്ഥാപനത്തെയാണെന്ന് പലരും പറഞ്ഞപ്പോഴായിരുന്നു അത്. ജോ ജീതാ വൊഹീക്കു ശേഷം ഖിലാഡി, കഭി ഹം കഭി നാ തുടങ്ങിയ ചിത്രങ്ങളുമായി മൂന്ന് വര്‍ഷങ്ങള്‍.

1995ല്‍ ബോളിവുഡിന്റെ ചരിത്രത്തിലെ ബിഗ് ഹിറ്റുകളിലൊന്നായ ആദിത്യ ചോപ്രയുടെ ദില്‍വാനിയ ദുല്‍ഹനിയ ലേ ജായേംഗെയ്ക്ക് ഈണമൊരുക്കാന്‍ അവസരമൊരുക്കിയത് ആശാ ഭോസ്‌ലെ. പഞ്ചാബി സംഗീതത്തിന്റെ ചേരുവകള്‍ കോര്‍ത്തിണക്കിയ ഈണങ്ങള്‍ക്ക് വരികളെഴുതിയത് ആനന്ദ് ബക്ഷി. ഗാനങ്ങളും ചിത്രവും മറ്റൊരു ചരിത്രം. ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ അഞ്ചാംതരംഗം എന്ന് നിരൂപകര്‍. ബർമന്റെ റൊമാന്റിക്ക് ശൈലിക്ക് പൂര്‍ണ്ണാവകാശികള്‍ എന്നും വിശേഷണം. 'തുഛെ ദേഖാ തോയെ ജാനാസനവും' 'മെഹന്ദി ലഗാ കി രഹ്നയും' 'രുഖ്ജാ ഓ ദില്‍ദിവാനെ'യുമൊക്കെ ഇന്നും ജനം മൂളി നടക്കുന്നത് വെറുതെയല്ല. യെസ് ബോസ്, കുഛ് കുഛ് ഹോതാ ഹെ, പ്യാര്‍ തോ ഹോനാ തി താ  , സര്‍ഫ് റോഷ്, ഗുലാം, മൊഹബത്തീന്‍, കഭി ഖുഷി കഭി ഹം, ഹം തും, ചല്‍ത്തെ, ഫന തുടങ്ങി 72 സിനിമകളിലായി നാനൂറിലധികം ഗാനങ്ങള്‍.

രക്തത്തിലലിഞ്ഞ സംഗീതം

ജതിനെക്കാളും ഒമ്പത് വയസ്സ് ഇളപ്പമുണ്ട് അനുജന്‍ ലളിതിന്. അക്ഷരാര്‍ത്ഥത്തില്‍ ഇരുവര്‍ക്കും രക്തത്തില്‍ മാത്രമല്ല സംഗീതം. ഹിന്ദുസ്ഥാനി സംഗീത കുലപതി പണ്ഡിറ്റ് ജസ്‌രാജിന്റെ

സഹോദരീപുത്രന്മാര്‍. ജോധ്പൂരിലെ സംഗീതകുടുംബങ്ങളുടെ കൂട്ടായ്മയായ പ്രശസ്തമായ മേവതി ഖരാനയില്‍ ജനനം. സർവജീവകോശങ്ങളിലും സംഗീതം തുളുമ്പുന്നതാണ് കുടുംബ പാരമ്പര്യം. അച്ഛന്‍ പണ്ഡിറ്റ് പ്രതാപ് നാരായണിൽനിന്നും സംഗീതത്തിന്റെ പ്രാഥമിക പഠനം. പിന്നെ പ്യാരേലാല്‍ രാംപ്രസാദ് ശര്‍മ്മയുടെ (ലക്ഷ്മീകാന്ത് പ്യാരേലാലിലെ പകുതി) കീഴില്‍ ഗിറ്റാര്‍, പിയാനോ പരിശീലനം.

പിരിഞ്ഞിട്ട് ഒരു പതിറ്റാണ്ട്

ജതിന്‍ മികച്ച ഗായകനായിരുന്നു. ഈണമിട്ട ഗാനങ്ങളില്‍ 'ഹംസെ ഹെ സാരാ ജരാന്‍', 'റൂത്ത് കെ ഹംസെ' (ജോ ജീത്ത) തുടങ്ങിയവ ആലപിച്ചത് ജതിന്‍ തന്നെയായിരുന്നു. ഈണമൊരുക്കുന്നതില്‍ അനുജനായിരുന്നു കൂടുതല്‍ കരുത്തനെന്നു വേണം കരുതാന്‍. ഒരുമിച്ച പ്രവര്‍ത്തിക്കുന്നതിനിടയില്‍ തന്നെ ഫാല്‍ഗുനി പഥക്കിന്റെ ഹിറ്റ് ആല്‍ബങ്ങള്‍ക്ക് ഈണമൊരുക്കിയതിന്റെ ക്രെഡിറ്റ് ലളിത് പണ്ഡിറ്റിന്റെ പേരിലുണ്ട്. പിരിഞ്ഞതിനു ശേഷം ലളിത് ചെയ്ത സോളോകളുടെ എണ്ണവും ഇത് സാക്ഷ്യപ്പെടുത്തുന്നു. ദബാഗിലെ 'മുന്നി ബദ്‌നാം' ഉള്‍പ്പെടെ നിരവധി ഹിറ്റുകള്‍ ലളിതിന്റെതായിട്ടുണ്ട്.

2006ലായിരുന്നു ഇരുവരും വഴിപിരിയുന്നത്. കുനാല്‍ കോഹ്‌ലിയുടെ ഫനയായിരുന്നു അവസാന ചിത്രം. മാസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പിരിയുവാന്‍ തീരുമാനിച്ചതെന്ന് അക്കാലത്ത് ഇരുവരും അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ കാരണം വ്യക്തമാക്കാന്‍ രണ്ടുപേരും തയ്യാറായില്ല. സാമ്പത്തിക പ്രശ്‌നങ്ങളാണ് പിരിയലിലേക്കു നയിച്ചതെന്നാണ് അന്ന് ബോളിവുഡ് വൃത്തങ്ങള്‍ അടക്കം പറഞ്ഞത്.

തുളുമ്പിയൊഴുകിയ റൊമാന്റിസം

പശ്ചാത്യ - ലാറ്റിന്‍ - അറബ് സംഗീതവും ഇലക്ട്രോണിക്ക് റോക്കുമൊക്കെ സമന്വയിപ്പിച്ച ആര്‍.ഡി. ബർമന്റെ റൊമാന്റിക്ക് ശൈലി തന്നെയാണ് ജതിന്‍ ലളിത് ഈണങ്ങളുടെ പ്രധാന സവിശേഷത. കശ്മീരി, പഞ്ചാബി ഉള്‍പ്പെടെ ഇന്ത്യന്‍ - പാക്ക് നാടോടി - പരമ്പരാഗത ഈണങ്ങളുടെയും വാദ്യോപകരണങ്ങളുടെയും സമന്വയം ഗാനങ്ങളെ ആകര്‍ഷകമാക്കുന്നു. സിതാര്‍, സരോദ്, സന്തൂര്‍, റുബാബ് തുടങ്ങിയ വാദ്യോപകരണങ്ങളുടെ ശബ്ദവിന്യാസം മിക്ക ഗാനങ്ങളിലുമുണ്ട്. ഫനയിലെ ഗാനങ്ങളില്‍ ഈ സ്വാധീനം തെളിഞ്ഞു കേള്‍ക്കാം. സര്‍ഫ് റോഷിലെ നിദാ ഫാസില്‍ എഴുതിയ ഗസല്‍ ‘ഹോഷ് വാലോ കോ കഭര്‍ കാ’ ജഗദ്ജിത് സിംഗിന്റെ ആലാപനത്തിനൊപ്പം താളത്തിലും വേറിട്ടു നില്‍ക്കുന്നു. താരങ്ങളിലെ ഗായകരെ പ്രോത്സാഹിപ്പിക്കുന്നതിലും ഇരുവരും മുന്നിലായിരുന്നു. ആത്തി ഹെ ഖണ്ഡാല ( ആത്തി ക്യാ ഖണ്ഡാല) (ഗുലാം, ആമിര്‍ ഖാന്‍), ആയി ശിവാനി (ഖൂബ്‌സൂരത്ത്, സഞ്ജയ് ദത്ത്) തുടങ്ങിയവ ഉദാഹരണങ്ങള്‍. ഏറ്റവുമധികം തവണ ഫിലിംഫെയര്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടും ലഭിക്കാതെ പോയവര്‍ എന്നൊരു സവിശേഷതയും ഈ കൂട്ടുകെട്ടിനുണ്ട്. പതിനൊന്ന് തവണയാണ് പുരസ്‌കാരം കപ്പിനും ചുണ്ടിനും ഇടയില്‍ വീണുടഞ്ഞിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ പാടിച്ചിട്ടുള്ളത് അല്‍ക്കാ യാഗ്നിക്കിനെക്കൊണ്ടാണ്. 136 ഗാനങ്ങള്‍. താന്‍ പാടിയ 2500 ഓളം ഗാനങ്ങളില്‍ ഏതാണ് ഏറെയിഷ്ടമെന്ന് ചോദ്യത്തിനുത്തരമായി അല്‍ക്ക പറഞ്ഞതും ജതിന്‍ ലളിതിന്റെ ഒരു ഗാനമാണ്. കുഛ് കുഛ് ഹോത്താ ഹേ യില്‍ ഉദിതിനൊപ്പം ആലപിച്ച 'തും പാസ് ആയെ'. 

എങ്കിലും പ്യാര്‍ തോ ഹോനാ ഹീ തായിലെ (1998) ആശ ഭോസ്‌ലെയുടെ 'അജ്‌നബി മുജ്കോ' വല്ലാതെ മോഹിപ്പിക്കുന്നു. സെമീറിന്റെ വരികളുടെ ഏകദേശ അര്‍ത്ഥം ഇതാണ്. നിങ്ങള്‍ അപരിചിതനാണ്. എങ്കിലും എനിക്ക് നിങ്ങളെ വര്‍ഷങ്ങളായിട്ടറിയാം. കാജോളും അജയ്‌ദേവ്ഗണും അലിഞ്ഞഭിനയിച്ച രംഗങ്ങള്‍. ആശയുടെ കരിയറിലെ മികച്ച ഗാനങ്ങളിലൊന്ന്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബോളിവുഡ് മെലഡിയുടെ സുവര്‍ണ്ണ കാലത്തെ ഓർമിപ്പിക്കുന്ന, വിരലിലെണ്ണാവുന്ന അവസാന അവശേഷിപ്പുകളില്‍ ഒരെണ്ണം. 

പാട്ടിനിടയില്‍ ആശയുടെ ശബ്ദം കൂടുതല്‍ റൊമാന്റിക്കാവുന്നത് ശ്രദ്ധിച്ചാല്‍ കേള്‍ക്കാം. കണ്‍സോളില്‍ മൈക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ബർമനുമായുള്ള പ്രണയകാല സ്മരണകള്‍ അവരെ പൊതിഞ്ഞിരിക്കാം. ബർമന്റെ ആത്മാവും എവിടെയെങ്കിലുമിരുന്ന് ബോളിവുഡിനെ ഇപ്പോഴും പ്രണയിക്കുന്നുണ്ടാവും. കാല്‍നൂറ്റാണ്ടു മുമ്പ് രോഗാതുരനായി, അവഗണിക്കപ്പെട്ടു കിടക്കുന്ന കാലത്ത് തന്റെ പിന്‍ഗാമികളൊരുക്കിയ 'ബിന്‍തെരേസനം' കേട്ട് താളമിട്ട അതേ ഭാവത്തില്‍.

Your Rating: