Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനകമൈലാഞ്ചിയുടെ മൊ‍ഞ്ചിലലിഞ്ഞ് ജോയ് മാത്യു

joy-mathew

സോഷ്യൽ മീഡിയയിൽ എല്ലാ വിഷയങ്ങളെ കുറിച്ചും വളരെ സജീവമായി പ്രതികരിക്കുന്ന സെലിബ്രിറ്റികളിൽ ഒരാൾ ആരെന്നു ചോദിച്ചാൽ സംശയമില്ലാതെ പറയാം അത് ജോയ് മാത്യു ആണെന്ന്. രാഷ്ട്രീയത്തെ കുറിച്ചും സിനിമയെ കുറിച്ചും പ്രണയത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും മാത്രമല്ല പാട്ടുകളെ കുറിച്ചും ജോയ് മാത്യുവിനു പറയാനുണ്ട്. പുതിയ സിനിമാ ഗാനങ്ങളോട് വലിയ താൽപ്പര്യമില്ലാത്ത ജോയ് മാത്യുവിന് പഴയ പാട്ടുകളോടാണ് ഇപ്പോഴും കമ്പം. അദ്ദേഹത്തിൻറെ ഇഷ്ടമുള്ള ചില ഗാനങ്ങളിതാ...

പുതിയ പാട്ടുകളിൽ ഒരെണ്ണമെങ്കിലും തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ "ലോഹം " എന്ന ചിത്രത്തിലെ റഫീക്ക് അഹമ്മദിന്റെ വരികളാണ് ജോയ്‌മാത്യു തിരഞ്ഞെടുത്തത്. വരികളുടെ ചേല് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് "കനകമൈലാഞ്ചി...". ശ്രീവത്സൻ ജെ മേനോന്റെ സംഗീതവും ഷഹബാസ് അമന്റെയും അതിനൊപ്പം മൈഥിലിയുടെ കൊഞ്ചിയുള്ള ആലാപനം കൊണ്ടും ഈ ഗാനം ലോഹം സിനിമയിൽ തന്നെ വേറിട്ട് നിന്ന ഒന്നായിരുന്നു. 

"കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

വിരലു ചോപ്പിച്ചു ഞാൻ

അരികിൽ നീ വന്നു കവരുമെന്നെന്റെ

കരളിലാശിച്ചു ഞാൻ

കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു

തളിരിളം പീലിയാൽ

അരുമയായ് തീർത്തൊരരിയ മൺവീട്

കരുതി ഞാനെത്ര നാൾ

തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 

പിറകിൽ നിൽക്കുന്നതായ്

കുതറുവാനൊട്ടും ഇട തരാതെന്റെ 

മിഴികൾ പൊത്തുന്നതായ്

കനവിലാശിച്ചു ഞാൻ"

പ്രണയത്തിന്റെ നനുത്ത തൂവൽ സ്പർശമുള്ള വരികളിൽ ഗൃഹാതുരമായ ഒരു ജീവിതത്തിന്റെ സുഖമുണ്ട്. ഓത്തുപള്ളിയിൽ പോയതിന്റെ കൂട്ടുകൂടലുകളും ഒന്നിച്ചു തീർത്ത മൺകൂടുകളും എന്നും ജീവിതം ഒന്നിച്ചു ഇരുവരും ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്ന വരികൾക്ക് ലോഹം എന്ന ചിത്രത്തിന്റെ ഘടനയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ശൈലിയാണുള്ളത്. ഒരുപക്ഷെ സിനിമയുടെ ഹൃദയമിടിപ്പ് തുടങ്ങുന്ന ഭാഗം അവിടെയാകാം എന്നും പറയാനാകും. 

"ശ്യാമസുന്ദര പുഷ്പമേ

എന്റെ പ്രേമസംഗീതമാണു നീ

ധ്യാനലീനമിരിപ്പൂ ഞാൻ

ധ്യാനലീനമിരിപ്പൂ ഞാൻ

ഗാനമെന്നെ മറക്കുമോ

എന്റെ ഗാനമെന്നിൽ മരിക്കുമോ..."

ഓ എൻ വി കുറിപ്പിന്റെ വരികൾക്ക് എന്നും ഹൃദയത്തോളമെത്തുന്ന ഒരു തണുപ്പുണ്ട്. ഒരിക്കലും കെടാത്ത വിളക്കു പോലെ അതിങ്ങനെ മിടിപ്പുകൾ തൊട്ടുണർത്തിക്കൊണ്ടിരിക്കും. കെ രാഘവൻ മാഷിന്റെ സംഗീതം ലഭിച്ച ഈ ഗാനം "യുദ്ധകാണ്ഡം" എന്ന ചിത്രത്തിൽ നിന്നുമാണ്. 

"വേറെയേതോ വിപഞ്ചിയിൽ

പടർന്നേറുവാനതിന്നാവുമോ 

വേദനതൻ ശ്രുതി കലർന്നത്

വേറൊരു രാഗമാകുമോ

വേർപെടുമിണപ്പക്ഷിതൻ

ശോക വേണുനാദമായ് മാറുമോ"

സങ്കടത്തിന്റെ നെരിപ്പോടിൽ ഉരുകുന്ന മനസ്സിന്റെ ഉള്ളിൽ നിന്നും ഉറവപൊട്ടുന്ന സംഗീതത്തിന് എന്നും എപ്പോഴും കേൾവിക്കാരുണ്ടാകും. എത്രമാത്രം ധ്യാനത്തിലാണ് ആ പ്രണയം അവളെ ഓർത്തിരിക്കുന്നത്! ഒരിക്കലും മരിക്കാതെ അവളാകുന്ന ഗാനം എപ്പോഴും ഉള്ളിലിങ്ങനെ മുഴങ്ങികേൾക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും പ്രിയപ്പെട്ടവളുടെ നഷ്ടത്തിനെ എങ്ങനെ, എന്തുകൊണ്ടാണ് വർണിക്കേണ്ടതെന്നത് പോലും പലപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ല. ഇല്ല.... ഒരിക്കലും അവൾക്കതിനു കഴിയില്ലെന്ന് തന്നെയാണ് അയാളുടെ വിശ്വാസവും. കണ്മുന്നിൽ എത്ര മനോഹരമായ പൂക്കൾ വിടർന്നു വിലസി നിൽക്കുന്നത് കണ്ടാലും ഒരിക്കൽ നെഞ്ചോടു ചേർത്ത ആ മൃദുലമായ പൂക്കളുടെ ഓർമ്മകളെ മായ്ക്കാനും മറക്കാനും ആകുന്നില്ലല്ലോ എന്ന് ഓരോ നിമിഷവും അയാൾ തപിക്കുന്നുണ്ട്... ഓരോ നിമിഷവും ഉള്ളിലെ ആളുന്ന മേഘക്കൂടിനെ കെടുത്താൻ ഒരു മഴ അപ്പോഴും അയാൾ പ്രതീക്ഷിക്കുന്നുമുണ്ട്... 

1969  ൽ പുറത്തിറങ്ങിയ സത്യൻ സിനിമയാണ് "സന്ധ്യ". ഡോ. വാസൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പദ്മിനി , ശാരദ, ജയഭാരതി തുടങ്ങിയവരാണ് നായികമാർ. മനോഹരമായ പാട്ടുകളുള്ള സന്ധ്യയിലെ "അസ്തമന കടലിന്നകലേ..." എന്ന ഗാനം യേശുദാസും ജാനകിയും പാടിയിരിക്കുന്നു. വയലാറിന്റെ വരികളുടെ മാസ്മരികതയ്ക്ക് പ്രണയത്തിന്റെ ഛായയാണ്. ബാബുരാജിന്റെ ശബ്ദത്തിലും ഒരു ഗസലിന്റെ സുഖത്തിൽ ഈ പാട്ട് നിർവൃതി നൽകുന്ന ഒന്നാണ്. 

"അസ്തമനക്കടലിന്നകലേ അകലേ

അജ്ഞാത ദ്വീപിലെ

അരയന്നങ്ങളേ തിരമാലകളേ ആരു ദൂതിനയച്ചു

നിങ്ങളേ ആരു ദൂതിനയച്ചു.."

പ്രണയത്തിന്റെ എത്ര പറഞ്ഞാലും തീരാത്ത രഹസ്യങ്ങൾ കരയുടെ കാതിൽ ആരാണ് പറഞ്ഞതെന്ന് അയാൾ അവളോട് ചോദിക്കുന്നു... തിരയാകുന്ന വലിയ താളുകളിൽ തീരത്തിന് മറുപടിയുണ്ടാകാമെന്നു അയാൾ പ്രതീക്ഷിക്കുന്നുണ്ട്. എത്രമാത്രം അജ്ഞാതമായാലും ആ പ്രണയ രഹസ്യം ഒരിക്കൽ വെളിപ്പെട്ടേ മതിയാകൂ.  

"പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം

കരയുടെ കാതിൽ പറയും

തിരയുടെ വെള്ള പളുങ്കുതാളിൽ

തീരം മറുപടിയെഴുതും"

പ്രണയത്തിൽ ദൂതിനു പോകേണ്ടവർ എപ്പോഴും ഒരാൾക്ക് അജ്ഞാതരായിരിക്കാം, അതൊരു തെറ്റല്ല. എന്നിരുന്നാലും അപക്ഷെ പ്രണയത്തിന്റെ വിവശതയിൽ ആ സന്ദേശം അയക്കപ്പെടാതിരിക്കാൻ വയ്യ.... എത്രമാത്രം അകലെയായാലും ആ സന്ദേശം അവനരികിൽ, അവൾക്ക് എത്തിക്കേണ്ടതുണ്ട്... 

രാത്രിയ്ക്ക് എന്ത് ഭംഗിയാണ്! പ്രണയിക്കുന്ന ആ ആളെ നെഞ്ചിൽ ചേർത്ത് വച്ച് ഒരു പാട്ടു പാടിയുറക്കാൻ തോന്നുന്ന പോലെ പല രാത്രികളും കൊതിപ്പിക്കും... സിനിമകളിൽ അത്രമേൽ ഭംഗിയുള്ള കാഴ്ചകൾ കൂടുതലും പഴയ ചിത്രങ്ങളിൽ തന്നെയാണ് കാണാനാവുക. "വിലയ്ക്ക് വാങ്ങിയ വീണ" എന്ന ചിത്രത്തിൽ നസീറിന്റെയും ശാരദയുടെയും പ്രണയം അത്തരമൊരു കാഴ്ചയാണ്. രാത്രിയും പ്രണയവും... പക്ഷെ വരികളിൽ നിറയുന്നത് പ്രണയത്തിനൊപ്പം ജീവിതത്തിന്റെ മുഖങ്ങളുമാണ്. 

"ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ.......

മനതാരിൽ മലരിടും സ്വപ്നങ്ങളേ

മാനവ വ്യാമോഹപുഷ്പങ്ങളേ

ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......"

മനസ്സിലെ സ്വപ്നങ്ങൾക്കും വ്യാമോഹങ്ങൾക്കും എപ്പോഴെങ്കിലും ഉറങ്ങേണ്ടതായുണ്ട്. അവയെ നെഞ്ചോടു ചേർത്ത് കിടത്തി ഉറക്കേണ്ടതുമായുണ്ട്. ഓടി തളർന്ന ഒരു രാജകുമാരന്റെ ആശകളെ മെല്ലെ തട്ടിയുറക്കാൻ അവൾക്കാകുന്നുണ്ട്. 

"ഓടിയോടി തളർന്നുകിടക്കുന്നു

ഒരു ഗാനസാമ്രാജ്യ രാജകുമാരൻ

ഓടിയോടി തളർന്നുകിടക്കുന്നു

ഒരു ഗാനസാമ്രാജ്യ രാജകുമാരൻ

ആശകൾ തന്നുടെ ചുമടും പേറി

അലഞ്ഞു വന്നൊരു രാജകുമാരൻ

ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......"

ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതത്തിന് എസ ജാനകിയാണ് ഉറക്കുപാട്ടിന്റെ സ്വരം. പി ഭാസ്കരന്റെ വരികൾക്ക് ജീവിതത്തിന്റെ വ്യർത്ഥമായ അർത്ഥങ്ങളുമായി വളരെയധികം സാമ്യതകളുണ്ട്. പ്രണയമാണെങ്കിൽ പോലും വരികൾ കൂടുതൽ ചേർന്നിരിക്കുന്നത് എപ്പോൾ വേണമെങ്കിലും നഷ്ടമായേക്കാവുന്ന നിരർത്ഥകരമായ സ്വപ്നങ്ങളോട് തന്നെയാണ്. 

"ഇനിമറക്കൂ...... ഇനിമറക്കൂ.....

ഹൃദയത്തിൻ മണിവീണ നാദങ്ങളേ

അഭിലാഷകോടികൾ ചുംബിച്ചുണർത്തും

ആശതൻ മധുമാസ ശലഭങ്ങളേ

ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......

മനതാരിൽ മലരിടും സ്വപ്നങ്ങളേ

മാനവ വ്യാമോഹപുഷ്പങ്ങളേ

ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ....."

എം എസ് ബാബുരാജ് മാഷിന്റെ സംഗീതത്തിന് ഇപ്പോഴും ഒരു ഗസൽ സ്പർശമുണ്ട്. അതിനെ അങ്ങനെയേ കേൾക്കാനുമാകൂ മിക്കപ്പോഴും. കോഴിക്കോടിനേയും ഗസലുകളെയും അത്രയേറെ സ്നേഹിക്കുന്ന ജോയ് മാത്യുവിനെ പോലെ ഒരാൾക്ക് അതുകൊണ്ടു തന്നെ ബാബുരാജ് സംഗീതം ഹൃദയത്തോളം ചേർന്നിരിക്കുന്നതാകും. 

"കടലേ നീല കടലേ നിന്നാത്മാവിലും

നീറുന്ന ചിന്തകളുണ്ടോ

ഒരു പെണ്‍മണിയുടെ ഓര്‍മ്മയില്‍ മുഴുകി

ഉറങ്ങാത്ത രാവുകളുണ്ടോ"

ദ്വീപ് എന്ന ചിത്രത്തിലെ ഈ ഗാനം കടലിന്റെ വശ്യതയും നാട്ടുപാട്ടിന്റെ ശാലീനതയും പേറുന്നുണ്ട്. അസ്തമന സൂര്യന്റെ മിഴികളിലേയ്ക്ക് നോക്കിയിരിക്കുമ്പോൾ അറിയാതെ അവളെ ഓർമ്മ വരുന്നുണ്ട്... കാരണം അവളെ ഓർത്തത് കൊണ്ടാകുമോ ആകാശം പോലും കവിതകളെഴുതി തുടങ്ങുന്നത്? അവളുടെ ശബ്ദത്തിൽ ഇനിയാ ഗാനം ഒന്ന് കേൾക്കാനായെങ്കിൽ.... കാമുക മനസ്സുകളുടെ ആഗ്രഹം നിലയ്ക്കുന്നതേയില്ല. 

"താരമാനോഹര ലിപിയില്‍ വാനം

പ്രേമകവിതകള്‍ എഴുതുന്നു

ആരോമലാളെ ആരോമലാളെ

അരികിലിരുന്നതു പാടി തരുവാന്‍

ആരോമലാളെ നീ വരുമോ"

യുസഫ് അലി കേച്ചേരിയുടെ വരികൾക്ക് സ്വരം കൊടുത്തത് തലത് മഹ്മൂദാണ്. നായക വേഷത്തിൽ സിനിമാ ലോകത്തേയ്ക്ക് വന്ന തലത് മഹമ്മൂദ് ആര്‍സു എന്ന ഹിന്ദി ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തിലേയ്ക്ക് വന്നയാളായിരുന്നു. ആരെയും മോഹിപ്പിക്കുന്ന സംഗീത സാന്ദ്രമായ കുറെയേറെ ഗാനങ്ങൾ ഹിന്ദിയിലും ബാബുരാജിനൊപ്പം മലയാളത്തിലും അദ്ദേഹം പാട്ടുപ്രണയികൾക്ക് നൽകിയിട്ടുണ്ട്. 

"കടലലപാടി കരളും പാടി

കദനം നിറയും ഗാനങ്ങള്‍

ആകാശമകലെ ആശയുമകലെ

ആരോമലാളെ നീയെവിടെ

ആരോമലാളെ നീയെവിടെ"

കാമുകിയെ വിരഹാർത്താനായി കാത്തിരിക്കുന്ന കാമുകന്റെ മനസ്സുപോലെ ദുഃഖം വഴിഞ്ഞൊഴുകുന്ന ഗാനങ്ങളും അങ്ങ് ദൂരെ മിഴി നിറഞ്ഞു നിൽക്കുന്ന ആകാശവും... ഗാനത്തിനൊപ്പം ഹൃദയത്തിലും ഒരു മഴ പെയ്യുന്നു. അതിൽ സങ്കടങ്ങളും വിരഹവും പെയ്തു തോരുന്നു... പിന്നെയും കാത്തിരിപ്പ് നീളുന്നു... കടലിനെ നീട്ടി വിളിക്കുന്നു....