Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയേട്ടൻ അടുത്തു വന്നിരുന്നു സംസാരിക്കുന്ന പോലെ...

rajalakshmi-p-jayachdandran

ഏകാന്തപഥികൻ....പുസ്തകത്തിന്റെ പുറംചട്ടയിലെ ഈ എഴുത്തുപോലെയാണ് ആ ജീവിതവും. പാട്ടെന്നാൽ മലയാളികൾക്കു ദാസേട്ടനാണ്. പക്ഷേ മലയാളത്തിന്റെ പാട്ടീണങ്ങളിൽ പി.ജയചന്ദ്രനെന്ന സ്വരമില്ലായിരുന്നുവെങ്കിൽ ഒരു പൂർണത വരില്ലെന്നും നമുക്കറിയാം. ‘ഏകാന്തപഥികന്‍ ഞാന്‍' എന്ന പി ജയചന്ദ്രന്റെ ആത്മകഥയും സംഗീതം പോലെ മനോഹരമാണ്.

‘ജയേട്ടൻ അടുത്തു വന്നിരുന്നു സംസാരിക്കുന്നതു പോലെ തോന്നി... വായിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം തന്നെ അതിലലിഞ്ഞു ചേരുന്ന പോലൊരു അനുഭവം’.പുതിയ തലമുറയിലെ പാട്ടുകാർക്കിടയിൽ പി.ജയചന്ദ്രനൊപ്പം ചലച്ചിത്ര ഗീതങ്ങളും ഒട്ടേറെ വേദികളും പങ്കിട്ട ഗായിക രാജലക്ഷ്മി അദ്ദേഹത്തിന്റെ ആത്മകഥാ വായന അനുഭവത്തെ കുറിച്ച് പറയുന്നു.

കോഴിക്കോട്ടെ കല്യാണപ്പുരകളിൽ പാതിര നേരത്തു ബാബുരാജിനൊപ്പം പാട്ടു പാടിയിരുന്നതും ചെന്നൈയിലെ റെക്കോഡിങ് സ്റ്റ്യുഡിയോകളിൽ ദാസേട്ടന്റെയും സുശീലാമ്മയുടെയും റെക്കോഡിങ് കേൾക്കുവാൻ പോയതിനെ കുറിച്ചും ജാനകിയേയും ഭാസ്കരൻ മാഷിനേയും പോലെ സംഗീത ജീവിതത്തിലെ അപൂർവ സംഗമങ്ങളേയും അനുഭവങ്ങളേയും കുറിച്ചുള്ള എഴുത്ത് ആ സ്വരത്തിൽ കേട്ട ഒരായിരം ഗാനങ്ങൾ പോലെ ഹൃദയാർദ്രം. രാജലക്ഷ്മി പറയുകയാണ് ആ വായനാനുഭവത്തെ കുറിച്ച്....

പാട്ടു ലോകത്തേക്കു കടന്നുവന്നവർ ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണിത്. പാട്ടുകളെ കുറിച്ചെത്ര സംസാരിച്ചാലും അദ്ദേഹത്തിനു മതിവരാറേയില്ല. ഊണും ഉറക്കവുമെല്ലാം മതിമറന്നൊരു സംസാരം. അതുപോലെ തന്നെയാണീ പുസ്തകത്തിലും കേൾക്കാത്ത ഈണങ്ങളെ, പാടാനാകാതെ പോയ പാട്ടുകളോടുള്ള സങ്കടത്തെ, പാടിയിട്ടും കേൾവിക്കാരന്റെ കാതോരമെത്താത്ത  കുറിച്ച്, കുഞ്ഞു കുഞ്ഞു സങ്കടങ്ങളെ കുറിച്ചൊക്കെയുള്ളൊരു തുറന്നെഴുത്ത്. എപ്പോഴത്തേയും പോലെ തന്റെ പാട്ടുകളെ കുറിച്ചു പറയുന്നതിനേക്കാളധികം മറ്റുള്ളവരുടേതിനെ കുറിച്ചുള്ള നല്ല വർത്തമാനങ്ങൾ തന്നെയാണു പുസ്തകത്തിലുമുള്ളത്‍. പാടുന്നതു പോലെയാണു വർത്തമാനം ഈ എഴുത്തും അതുപോലെ തന്നെ.

ന്റെമ്മോ, അയ്യയ്യോ, ഒരു രക്ഷയില്ലാത്ത പാട്ടാണ് എന്നൊക്കെ പറഞ്ഞു കൊണ്ടാണ് അദ്ദേഹം സംസാരിക്കാറ്. അതുപോലെ തന്നെയുണ്ട് ഈ പുസ്തകത്തിലും. വായനയ്ക്കിടെ പലയിടത്തും ചിരിച്ചു പോയി. ശരിക്കും. പിന്നെ അദ്ദേഹം ശാസ്ത്രീയ സംഗീതം പഠിച്ചിട്ടെല്ലന്നറിയാമെങ്കിലും പാട്ടുകാരൻ ആകുവാൻ കൂടി ആഗ്രഹിച്ചിരുന്ന ഒരാളേയല്ലെന്നറിയില്ലായിരുന്നു. ഡിഗ്രി കഴിഞ്ഞ് മദ്രാസിലേക്കു ജോലി തേടി പോയതും എന്നിട്ടും പാട്ടു വിടാതെ പിന്തുടർന്നതും റെക്കോഡിങ് കാണുവാനുള്ള കൗതുകം കൊണ്ടു സുശീലാമ്മയും ദാസേട്ടനുമൊക്കെ പാടുന്നതു കേൾക്കുവാൻ പോയതുമൊക്കെ വായിച്ചപ്പോൾ എന്തോ പറയാനാകാത്തൊരു സന്തോഷം. ഒരുപക്ഷേ ഇന്നത്തെ കാലത്താണെങ്കിൽ ഇങ്ങനെയൊക്കെ നടക്കുമോ? അദ്ദേഹമന്ന് സ്റ്റ്യുഡിയോയില്‍  ചെന്നപ്പോൾ ആർക്കും അറിയില്ലായിരുന്നു പാട്ടുകാരനാണ് ഇദ്ദേഹമെന്ന്.

സംസാരത്തിനിടയിൽ എപ്പോഴും പറയാറുണ്ട് ജാനകിയമ്മയേയും സുശീലാമ്മയേയും പോലൊരു പാട്ടുകാർ ഉണ്ടായിട്ടില്ല, ഇനിയുണ്ടാകുകയുമില്ലെന്ന്. നിളാ നദിയുടെ ശാലീനതയാണ് ജാനകിയമ്മ, പെരിയാറിന്റെ മാദകത്വാണു സുശീലാമ്മയുടെ പാട്ടുകളെന്നു സംസാരിച്ചിരിക്കുമ്പോൾ പറയാറുണ്ടായിരുന്നു. അത് അതേപോലെ പുസ്തകത്തിലുമുണ്ട്. ജയേട്ടൻ എത്രത്തോളം ലാളിത്യമുള്ളൊരു മനുഷ്യനാണെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കറിയാം. അതുപോലെ പല അനുഭവങ്ങളും ഈ പുസ്തകത്തിലുമുണ്ട്. പിന്നണി ഗായകനായി പേരെടുത്ത ശേഷവും കോഴിക്കോട്ടെ കല്യാണപ്പുരകളിൽ ബാബുരാജിനൊപ്പം പാടുവാൻ പോയതും, ശാസ്ത്രീയ സംഗീതം പഠിക്കാത്തതു കൊണ്ട് പേടിച്ചു ദക്ഷിണാമൂർത്തി സ്വാമിക്കു മുന്നിൽ പാടുവാൻ പോയതും പിന്നെ സ്വാമിയുടെ പല നല്ല പാട്ടുകളും പാടാനായതുമൊക്കെ എഴുതിയിട്ടുണ്ട്. ഭാസ്കരൻ മാസ്റ്ററിന്റെ കവിതകളെ കുറിച്ച് ആത്മാവുകൊണ്ടാണു സംസാരിച്ചിരിക്കുന്നത്.

പിന്നെ എല്ലാവരോടും ഒരുപാടു സ്നേഹമാണ് അതു തുറന്നു പറയുവാനും ഒരിക്കലും മടികാണിച്ചിട്ടില്ല. എന്റെ എംഎസ്‍വി എന്നാണു എം എസ് വിശ്വനാഥനെ കുറിച്ചു പറയുന്നത്. പ്രപഞ്ചത്തിന്റെ സംഗീത സംവിധായകൻ എന്നാണു വിശേഷണം. പിന്നെ ദാസേട്ടനാണു മാനസഗുരു. ദേവരാജൻ മാസ്റ്ററോടും ഭാസ്കരൻ മാസ്റ്ററോടുമുള്ള അടങ്ങാത്ത സ്നേഹം ആ എഴുത്തിൽ നിന്നു നമുക്കു മനസിലാക്കുവാനാകും.

മനസിലുള്ളതു തുറന്നു പറയുന്ന ശീലമാണ് അദ്ദേഹത്തിന്റേത്. അതു നമ്മളോടുള്ള ദേഷ്യമായാലും സങ്കടമായാലും സ്നേഹമായാലും ഒക്കെ പ്രകടിപ്പിക്കും. ഇത്രയും ഉയരങ്ങളിൽ നിൽക്കുന്ന പാട്ടുകാരനായിട്ടും ഏതൊരാൾ പാടുന്നതു ഇഷ്ടമായാലും അത് വേദിയിൽ വച്ചു പോലും തുറന്നു പറയുവാനും അഭിനന്ദിക്കുവാനും അദ്ദേഹത്തിനു മനസുണ്ട്. അതുപോലെ തന്നെയാണു പുസ്തകത്തിലുള്ളതും. തനിക്കു മുന്നേ വന്നവരേയും പിന്നിൽ നടന്നവരുടേയും നന്മകളേയും അവരുടെ ഗാനങ്ങളേയും കുറിച്ചൊരുപാടൊരുപാടു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓർമശക്തി എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് പലപ്പോഴും. അദ്ദേഹം പറയുന്നതു കേൾക്കുമ്പോഴാണു നമുക്ക് മനസിലാകുക ഇനിയുമെത്രയോ ഗാനങ്ങളുണ്ട് നമ്മൾ കേൾക്കേണ്ടതായിട്ടെന്ന്. അതുപോലെ സ്കൂളിൽ പഠിപ്പിച്ച രാമനാഥൻ മാഷിനോടുള്ള അടുപ്പത്തെ കുറിച്ചും അന്നത്തെ കാര്യങ്ങളെ കുറിച്ചും എത്ര കൃത്യമായാണ് എഴുതിയിരിക്കുന്നതെന്നോ.

ഒരുപാട് ഗാനങ്ങൾ പാടിയിട്ടും അതു സിനിമയിൽ വരാതെ പോയിട്ടുണ്ട്. തന്നോടു പറയുക പോലും ചെയ്യാതെ അതു സിനിമയിൽ നിന്നൊഴിവാക്കുമ്പോഴുള്ള വിഷമവും പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ജോൺസൺ മാസ്റ്ററേയും രവീന്ദ്രൻ മാസ്റ്ററിനേയും ഔസേപ്പച്ചൻ സാറിനേയും സിനിമാ ലോകത്തേക്കൊരു എൻട്രിക്കു സഹായിക്കുന്നതു ജയേട്ടനായിരുന്നു. പക്ഷേ അവരുടെയൊന്നും അധികം നല്ല ഗാനങ്ങളൊന്നും പാടുവാനായില്ല. അതെന്തുകൊണ്ടാണെന്നും അദ്ദേഹത്തിനറിയില്ല. എനിക്കു വായിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നി. അതെന്തുകാണ്ടാണെന്ന് കാര്യ കാരണ സഹിതം അന്വേഷിക്കുവാനോ വ്യാഖ്യാനിക്കുവാനോ ഒന്നും അദ്ദേഹം നിന്നിട്ടില്ല.

അവരോടൊക്കെയുള്ള അടുപ്പത്തെ കുറിച്ചൊക്കെ സംസാരിക്കുമ്പോൾ ഒരുപാട് വാചാലനാകും. അതുപോലെ തന്നെയുണ്ട് പുസ്തകത്തിലും. ഒരിടവേളയ്ക്കു ശേഷം തിരികെ വന്നപ്പോൾ പാട്ടു നൽകിയ വിദ്യാസാഗറിനെ കുറിച്ചും, എംഎസ്‍വിയെ ഇരുവരും ഒരുപോലെ ആരാധിക്കുന്നതിനെ കുറിച്ചുമൊക്കെ വായിക്കുമ്പോൾ പുതുതലമുറയിൽ പെട്ട എനിക്കൊന്നും അങ്ങനെയുള്ള അനുഭവങ്ങളൊന്നുമില്ലെന്ന നിരാശ.

ഒരുപാടു വേദികളിൽ അദ്ദേഹത്തിനോടൊപ്പം പാടുവാൻ‌ സാധിച്ചുവെന്നു മാത്രമല്ല, ഒത്തിരി നേരം സംസാരിച്ചിരിക്കുവാനുമുള്ള അടുപ്പമുണ്ട്. നമ്മളോടൊപ്പോഴാണോ വര്‍ത്തമാനം പറയുവാൻ തോന്നുക അന്നേരം വിളിക്കും. ആദ്യം വേദിയിൽ പാടുവാൻ വിളിക്കുമ്പോൾ എനിക്കു പേടിയായിരുന്നു. അത്രയും വലിയൊരു പാട്ടുകാരനോടൊപ്പം എങ്ങനെയായിരിക്കുമെന്നൊക്കെ. തന്റെ സ്വരത്തോടൊപ്പം ഇഴചേർന്നു നിൽക്കുന്ന പാട്ടുകാരെയാണ് അദ്ദേഹത്തിനിഷ്ടം. വേദിയിൽ ഒരു മത്സരമല്ല അദ്ദേഹം ആഗ്രഹിക്കുന്നത്. അത് അദ്ദേഹത്തിന്റെ മനസിലുമില്ല. ഒരുപാടു വേദികളിൽ ഒപ്പം പാടുവാനായതു വലിയ ഭാഗ്യമായി തോന്നുന്നു.

പിന്നെ നേരത്തേ പറഞ്ഞപോലെ നന്നായി പാടിയെങ്കിൽ വേദിയില്‍ വച്ചു തന്നെ അഭിനന്ദിക്കും. മോശമായാൽ ചിലപ്പോൾ അവിടെവച്ചു ചോദിക്കും. എന്തായിത്, എന്താ നിങ്ങളൊക്കെ ഇങ്ങനെ പാടുന്നതെന്നൊക്കെ. അല്ലെങ്കിൽ സ്റ്റേജിന്റെ പുറകിലെത്തുമ്പോൾ പറയും. നിങ്ങൾക്കൊക്കെ വേറ പണിക്കു പൊയ്ക്കൂടേയെന്ന്...അത് അദ്ദേഹത്തിന്റെ മനസിലെ നന്മയാണെന്നേ ഞാൻ പറയൂ....

ഞങ്ങൾ ഒരുമിച്ചു പാടിയ ഡ്യുയറ്റ് സോങ്, മലർവാക കൊമ്പത്ത് ആദ്യം ജയേട്ടൻ ഒറ്റയ്ക്കു പാടിയ പാട്ട് ആയിരുന്നു. അതു പാടിയ ഉടനേ അദ്ദേഹം വിളിച്ചു. സത്യന്റെ പടത്തിൽ ഞാനൊരു പാട്ടു പാടിയിട്ടുണ്ട്. നിങ്ങൾ കേൾക്കണം, ഗംഭീര പാട്ടാണ് എന്നൊക്കെ. ഏതു ഗാനം പാടിയാലും അങ്ങനെയാണ്.  ഞങ്ങൾ കുറച്ചു ജയേട്ടൻ ഫാൻസ് ഉണ്ട്. അവരെയൊക്കെ വിളിക്കും. അതു വലിയൊരു അംഗീകാരം പോലെയാണ് എനിക്കു തോന്നുന്നത്. പക്ഷേ മലർവാക കൊമ്പത്ത് പിന്നീട് ഡ്യുയറ്റ് ആയി. എന്നെ പാടുവാൻ വിളിക്കുമ്പോൾ അറിഞ്ഞിരുന്നില്ല. ജയേട്ടൻ പാട്ടായിരുന്നു ഇതെന്ന്. പാടിത്തീർന്നപ്പോൾ ഒരു സംശയം. ഞാൻ തന്നെ അദ്ദേഹത്തോടതു പറഞ്ഞു പിന്നീട്. സോളോ ഡ്യുയറ്റ് ആയതിൽ ചെറിയൊരു സങ്കടമുള്ളതു പോലെ തോന്നി. എനിക്കും എന്തോപോലെ തോന്നി. പക്ഷേ പാട്ടു കേട്ടിട്ട് ആദ്യം അഭിനന്ദിക്കുവാൻ വിളിച്ചതും അദ്ദേഹമായിരുന്നു. അന്ന് എനിക്കു കൂടി തോന്നിയ ചെറിയ സങ്കടം നിറയെ സന്തോഷമുള്ള വാക്കുകളിലൂടെ എനിക്കു തിരിച്ചുകിട്ടി. അതാണ് ജയേട്ടൻ....

എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം അദ്ദേഹത്തോടൊത്തു പാടുവാനായതും ഇങ്ങനെ ഇത്രയേറെ അടുപ്പത്തോടെ ഇടപഴകുവാനായതുമാണ്. പിന്നെ പുസ്തകത്തിൽ വേറൊരു പടമുണ്ട്. പണ്ട് സംസ്ഥാന കലോത്സവ വേദിയിൽ അദ്ദേഹം മൃദംഗം വായിക്കുന്നതും അതിനൊപ്പം ദാസേട്ടൻ പാടുന്നതും. പലവട്ടം കണ്ട ചിത്രമാണെങ്കിലും ഈ പുസ്തകത്തിനുള്ളിൽ അതുവന്നതു കണ്ടപ്പോൾ എന്തോ മുൻപെങ്ങും കാണാത്തൊരു ഭംഗി ആ പഴയ ചിത്രത്തിൽ വന്നപോലെ...


തയാറാക്കിയത്–ലക്ഷ്മി വിജയൻ

Your Rating: