Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവോണപ്പുലരിതൻ : കെ പി എ സി ലളിത

kpsc-lalitha കെ പി എ സി ലളിത

‘പൊന്നരിവാളമ്പിളിയിൽ എന്ന പാട്ടു കേൾക്കുമ്പോൾ എനിക്കോർമ വരുന്നത് ഞാൻ പഠിച്ച കായംകുളം രാമപുരത്തെ മൂന്നാം ക്ലാസാണ്. അന്ന് സ്കൂളിൽ എന്നെ ഏറെ ഇഷ്ടമുള്ള ഒരു ടീച്ചറുണ്ടായിരുന്നു. സ്കൂളിലെ കലാമത്സരത്തിന് കളിക്കാൻ ടീച്ചറെന്നെ ഡാൻസ് പഠിപ്പിച്ചു. ലുങ്കിയൊക്കെ ഉടുപ്പിച്ച് വേഷം കെട്ടിച്ച് സ്റ്റേജിൽ കയറ്റി. ‘പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളേ എന്ന പാട്ടിനൊപ്പം ഞാൻ ഡാൻസ് കളിച്ചു. കെ പി എ സിയുടെ ആ നാടക ഗാനം അന്നത്തെ ഹിറ്റ് പാട്ടായിരുന്നു മത്സരത്തിൽ എനിക്ക് ഒന്നാം സമ്മാനം കിട്ടി. അധ്യാപകരെല്ലാം അഭിനന്ദിച്ചു.

അന്നൊരിക്കലും അറിയില്ലായിരുന്നല്ലോ ഞാൻ കെ പി എസിയിൽ വരുമെന്നോ നാടകത്തിലഭിനയിക്കുമെന്നോ ഒന്നും. പിന്നീട് എത്രയോ വർഷങ്ങൾ കഴിഞ്ഞ് ഞങ്ങൾ ചങ്ങനാശേരിയിലേക്ക് താമസം മാറ്റുകയും എനിക്ക് കെ പി എസിയിൽ അഭിനയിക്കാൻ അവസരം വരികയും ചെയ്തു. ഇന്നും പൊന്നിരിവാളമ്പിളിയിൽ എന്ന പാട്ടിന്റെ ഈണം കേൾക്കുമ്പോഴൊക്കെ ഞാൻ പഴയ കാലത്തിന്റെ ഓർമയിലേക്കു പോകും.

കെ പി എസിയുടെ നാടകഗാനങ്ങളോടാണ് എനിക്കെന്നും നൊസ്റ്റാൾജിയ തോന്നുന്നത്. അതുപോലെ എനിക്ക് പ്രിയപ്പെട്ട ഒരു പാട്ടു കൂടിയുണ്ട് ശ്രീകുമാരൻ തമ്പിസാറിന്റെ ‘തിരുവോണം എന്ന സിനിമയിലെ ‘തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ച വാങ്ങാൻ എന്ന ഗാനം വാണിജയറാം പാടിയ പാട്ട്. ആ പാട്ടുസീനിൽ ഞാൻ അഭിയിച്ചിരുന്നു. അന്ന് ഞാനും ശാരദച്ചേച്ചിയും വിധുബാലയും കൂടി മദ്രാസിലെ അരുണാചലം സ്റ്റുഡിയോയിൽ പൂവിട്ടതും ഒന്നിച്ച് അഭിനയിച്ചതുമെല്ലാം ഓർമ വരും.

പിന്നീട് ജീവിതം എന്തെല്ലാം അപ്രതീക്ഷിതമായ വഴികളിലൂടെ കടന്നുപോയി... സന്തോഷങ്ങളും ദുഃഖങ്ങളും മാറി മാറി വന്നു. ഓരോ പാട്ടും ജീവിതത്തിലെ ഓരോരോ കാലങ്ങളെ ഓർമിപ്പിക്കാറുണ്ട്. പക്ഷേ എപ്പോൾ കേട്ടാലും ഏറ്റവും ഗൃഹാതുരത്വം എന്റെ മനസിൽ നിറയ്ക്കുന്നത് തിരുവോണപ്പുലരിയിൽ എന്ന ആ പഴയ പാട്ടാണ്.

ചിത്രം : തിരുവോണം(1975)

സംഗീതം: എം. കെ അർജുനൻ

രചന: ശ്രീകുമാരൻ തമ്പി

പാടിയത് : വാണിജയറാം

തിരുവോണ പുലരി തൻ തിരുമുൽക്കാഴ്ച വാങ്ങാൻ

തിരുമുറ്റമണിഞ്ഞൊരുങ്ങി

തിരുമേനിയെഴുന്നള്ളും സമയമായി ഹൃദയങ്ങളണിഞ്ഞൊരുങ്ങി

ഒരുങ്ങി ഹൃദയങ്ങളണിഞ്ഞൊരുങ്ങി...

ഉത്രാട പൂക്കുന്നിന്നുച്ചിയിൽ പൊൻ വെയിൽ

ഇത്തിരി പൊന്നുരുക്കി

കോടി മുണ്ടുടുത്തുകൊണ്ടോടി നടക്കുന്നു

കോമള ബാലനാം ഓണക്കിളി

ഓണക്കിളി ഓണക്കിളി...

കാവിലെ പൈങ്കിളി പെണ്ണുങ്ങൾ കൈകൊട്ടി

പാട്ടുകൾ പാടിടുന്നോ

ഓണ വില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു

പൂവിളിച്ചീളുകൾ പാഞ്ഞിടുന്നു

പാഞ്ഞിടുന്നു പാഞ്ഞിടുന്നു(തിരുവോണപ്പുലരിതൻ)

തയ്യാറാക്കിയത്ഃ ശ്രീരേഖ