Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തുമ്പീ വാ തുമ്പക്കുടത്തിൻ’: സംയുക്ത

sayuktha സംയുക്ത വർമ്മ

എന്റെ കുട്ടിക്കാലത്ത് ഞാൻ താമസിച്ചിരുന്നത് തൃശൂരിൽ ഉപാസന എന്ന വീട്ടിലായിരുന്നു. അന്നൊക്കെ പാട്ടുകൾ കസറ്റിലായിരുന്നല്ലോ കിട്ടുക. ഞാൻ നാലിലും അഞ്ചിലുമൊക്കെ എത്തിയ സമയത്ത് ചിത്രഗീതത്തിന്റെ വിഡിയോ കസറ്റ് വാങ്ങാൻ കിട്ടുമായിരുന്നു. ഈ പാട്ടുകളുടെയെല്ലാം ശേഖരമുണ്ടായിരുന്നു ചെറിയമ്മയുടെ (ഊർമ്മിള ഉണ്ണി) പക്കൽ.

ചെറിയമ്മയായിരുന്നു, പാട്ടു പാടുന്നതിൽ എന്റെ അമ്മയെക്കാളും മിടുക്കി. അന്ന് ചെറിയമ്മയ്ക്ക് കുട്ടികളായിട്ടില്ല. അതിനാൽ എന്നെയും അനിയത്തിയെയും ഒരുക്കലും പാട്ടു പഠിപ്പിക്കലുമാണ് ചെറിയമ്മയുടെ പ്രധാന ജോലി. പക്ഷേ, എന്നെ പാട്ടു പഠിപ്പിക്കാൻ ചെറിയമ്മ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല. ഡാൻസിനോടായിരുന്നു എന്റെ കമ്പം.

അന്ന് ചെറിയമ്മ എപ്പോഴും ഞങ്ങളെ പാടിപ്പിക്കുന്ന ഒരു പാട്ടുണ്ട്. ‘ഓളങ്ങൾ എന്ന സിനിമയിൽ ജാനകിയമ്മ പാടിയ ‘ തുമ്പി വാ തുമ്പക്കുടത്തിൻ എന്ന ഹിറ്റ് പാട്ട്. ആ പാട്ട് കേൾക്കുമ്പോൾ എനിക്കിപ്പോഴും ആ കാലഘട്ടം ഓർമ വരും. ഉപാസന എന്ന വീടും, ഞാനും അനിയത്തിയും കുട്ടികളായിരുന്ന കാലവും ഞങ്ങളെ കൊഞ്ചിക്കുന്ന ചെറിയമ്മയും.

ആ കാലഘട്ടത്തിലെ ചില തമിഴ് പാട്ടുകളും എന്റെ പ്രിയപ്പെട്ടതാണ്. രജനീകാന്തിന്റെ സിനിമയിലെ അന്തിമഴൈ, വെള്ളൈപ്പിറാവ്... അതൊക്കെ. ‘ തുമ്പീ വാ എന്ന ഗാനം എനിക്ക് ഉപാസന എന്ന വീടിന്റെ ഓർമയാണ്. എന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും നടന്ന, ഭാഗ്യം തന്ന വീടിന്റെ ഓർമ. ഇപ്പോൾ ചെറിയമ്മ മദ്രാസിലാണ്. എല്ലാവർക്കും തിരക്കേറി. പരസ്പരം കാണുന്നതും ഒരുമിച്ചു ചേരുന്നതും കുറഞ്ഞു. എങ്കിലും ‘ തുമ്പീ വാ എന്ന പാട്ടു കേൾക്കുമ്പോൾ മനസ് പഴയ കുസൃതി നിറഞ്ഞൊരു കാലത്തേക്ക് ഓടിപ്പോകുന്നു.

ചിത്രം : ഓളങ്ങൾ(1982)

സംഗീതം: ഇളയരാജ,

രചന : ഒ.എൻ.വി കുറുപ്പ്

പാടിയത്: എസ്. ജാനകി

തുമ്പി വാ തുമ്പക്കുടത്തിൻ

തുഞ്ചത്തായ് ഊഞ്ഞാലിടാം

ആകാശപ്പൊന്നാലിനിലകളെ

ആയത്തിൽ തൊട്ടേ വരാം

മന്ത്രത്താൽ പായുന്ന കുതിരയെ

മാണിക്യക്കൈയ്യാൽ തൊടാം

ഗന്ധർവൻ പാടുന്ന മതിലകം

മന്ദാരം പൂവിട്ട തണലിൽ

ഊഞ്ഞാലേ... പാടാമോ

മാനത്തെ മാമന്റെ തളികയിൽ

മാമുണ്ണാൻ പോകാമോ നമുക്കിനി (തുമ്പീ വാ...)

പണ്ടത്തെ പാട്ടിന്റെ വരികൾ

ചുണ്ടത്തെ തേൻ തുള്ളിയായ്

കൽക്കണ്ട കുന്നിന്റെ മുകളില്

കാക്കാത്തി മേയുന്ന തണലിൽ

ഊഞ്ഞാലേ.... പാടിപ്പോ

ആ കൈയ്യിൽ ഈ കൈയ്യിലൊരു പിടി

കൈക്കാത്ത നെല്ലിക്കാ മണി തരൂ (തുമ്പീ വാ...)

തയ്യാറാക്കിയത്ഃ ശ്രീരേഖ