Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആരോ കമിഴ്ത്തി വച്ച’: വിജയ് യേശുദാസ്

vijay yesudas വിജയ് യേശുദാസ്

അപ്പ പാടിയ ആ പാട്ടിനോട് എനിക്കെന്തോ പ്രത്യേക ഇഷ്ടമുണ്ട്. 1998ൽ പുറത്തിറങ്ങിയ ഞങ്ങളുടെ ഓണക്കസറ്റ് ‘ തിരുവോണക്കൈനീട്ടത്തിലെ ‘ ആരോ കമിഴ്ത്തിവച്ചോരോട്ടുരുളി പോലെ ആകാശത്താവണിച്ചന്ദ്രൻ എന്ന ഗാനം കേൾക്കുമ്പോൾ പഴയൊരു ഓണക്കാലത്തിന്റെ സന്തോഷം ഓർമ വരുന്നു.

പാട്ടിന്റെ വരികളിലുമുണ്ട് നേർത്ത വിഷാദം . പഴയ തറവാട്ടു വീട്ടിലേക്ക് ഒരിക്കൽ കൂടി ഓണ നിലാവിനൊപ്പം വന്നെത്തുന്നു ഞാനും എന്നു പറയുമ്പോൾ.. ആ പാട്ടിന്റെ വിഡിയോ ഷൂട്ടിങ്ങിനായി നാട്ടിൽ പല സ്ഥലത്തും സഞ്ചരിച്ചത് ഇന്നുമോർക്കുന്നു. അന്നത്തെ ഓണക്കാലത്ത് വീട്ടിൽ എല്ലാവരും ഒത്തു കൂടിയിരുന്നു. ചെന്നൈയിലാണ് ഞങ്ങളന്ന് താമസിക്കുന്നതെങ്കിലും നാട്ടിലെ ഗ്രാമഭംഗിയെക്കുറിച്ചും ഓണക്കാലങ്ങളെക്കുറിച്ചുമുള്ള ഓർമപ്പെടുത്തലാണ് എനിക്കാ പാട്ട്. ആ കസറ്റിലെ തന്നെ ‘ ചന്ദന വളയിട്ട എന്ന പാട്ടിലൂടെയാണ് ഞാൻ ഗായകനായി അരങ്ങേറിയതെന്ന പ്രത്യേകതയുമുണ്ട്.

ആൽബം : തിരുവോണക്കൈനീട്ടം (1988)

സംഗീതം: വിദ്യാസാഗർ

രചന: ഗിരീഷ് പുത്തഞ്ചേരി

പാടിയത് : യേശുദാസ്

ആരോ കമിഴ്ത്തി വച്ചൊരോട്ടുരുളി പോലെ

ആകാശത്താവണിത്തിങ്കൾ

പഴകിയൊരോർമ്മയായ് മിഴിനീരു വാർക്കും

പാഴിരുൾ തറവാടെൻ മുന്നിൽ

ഒരിക്കൽ കൂടിയീ തിരുമുറ്റത്തെത്തുന്നു

ഓണനിലാവും ഞാനും ഈ ഓണനിലാവും ഞാനും

ഉണ്ണിക്കാലടികൾ പിച്ച നടന്നൊരീ

മണ്ണിനെ ഞാനിന്നും സ്നേഹിക്കുന്നു

ആർദ്രമാം ചന്ദനത്തടിയിലെരിഞ്ഞൊരെൻ

അച്ഛന്റെ ഓർമ്മയെ സ്നേഹിക്കുന്നു

അരത്തുടം കണ്ണീരാൽ അത്താഴം വിളമ്പിയൊ-

രമ്മതൻ ഓർമ്മയെ സ്നേഹിക്കുന്നു

അന്നെന്നാത്മാവിൽ മുട്ടി വിളിച്ചൊരാ

ദിവ്യമാം പ്രേമത്തെ ഓർമ്മിക്കുന്നു

പൂനിലാവിറ്റിയാൽ പൊള്ളുന്ന നെറ്റിയിൽ

ആദ്യത്തെ ചുംബനം സൂക്ഷിക്കുന്നു

വേർപിരിഞ്ഞെങ്കിലും നീയെന്നെ ഏൽപിച്ച

വേദന ഞാനിന്നും സൂക്ഷിക്കുന്നു.

തയ്യാറാക്കിയത്ഃ ശ്രീരേഖ