Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാഗുൽത്താമലകളേ...മരങ്ങളേ... മുൾച്ചെടികളേ...

x-default

ഗാഗുൽമലകളേ...മരങ്ങളേ... മുൾച്ചെടികളേ...

മറക്കുകില്ലാ ചരിത്രസത്യം...

1973 ഡിസംബർ  21 നു ക്രിസ്തുമസ് റിലീസായി പുറത്തുവന്ന ജീസസ് എന്ന ചിത്രത്തിനുവേണ്ടി ഭരണിക്കാവ് ശിവകുമാർ രചിച്ചു യേശുദാസ് സംഗീതം പകർന്നു ദാസേട്ടൻ തന്നെ പാടിയതായിരുന്നു ഈ ഗാനം. ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനുമായ പി എ തോമസിന്റെ ആഗ്രഹപ്രകാരമാണ് ഈ ചുമതല അദ്ദേഹം ഏറ്റെടുത്തത്.

ക്രിസ്തുവിന്റെ ജനനം മുതൽ ക്രൂശുമരണം വരെയുള്ള സംഭവബഹുലമായ കഥയായിരുന്നു വൻ സാമ്പത്തിക വിജയം നേടിയ ഈ സിനിമയുടെ പ്രമേയം. മുരളീ ദാസ്(ക്രിസ്തു), ജെമിനി ഗണേശൻ (സ്നാപക യോഹന്നാൻ), കെ പി ഉമ്മർ (അന്തിപ്പാസ്), തിക്കുറിശ്ശി (ഹെരോദാവ്), എം എൻ നമ്പ്യാർ (യൂദാ), രാജി (മറിയം), ഉഷാകുമാരി (മഗ്ദലന മറിയം), ജയഭാരതി (വെറോണിക്ക) തുടങ്ങി വലിയൊരു താരനിര ഈ ചിത്രത്തിനുണ്ട്. ശാലോമിയായി അഭിനയിച്ചത് നടിയും  പിന്നീട് തമിഴ് നാട് മുഖ്യമന്ത്രി യുമായിരുന്ന ഈയിടെ അന്തരിച്ച ജയലളിതയായിരുന്നു. ക്രിസ്തുവിന്റെ കഥ മുഖ്യവിഷയമാക്കിയ മലയാളത്തിലെ ആദ്യ മുഴുനീള വർണചിത്രം, ജയലളിത അഭിനയിച്ച ഏക മലയാളചിത്രം... ഇങ്ങനെ ഈ സിനിമയുടെ പ്രത്യേകതകൾ അനവധിയായിരുന്നു.

എം എസ് വിശ്വനാഥൻ, പ്രശസ്ത ഓർക്കസ്ട്ര കൺഡക്ടർ ജോസഫ് കൃഷ്ണ, യേശുദാസ്, ആലപ്പി രംഗനാഥ് എന്നീ  നാല് സംഗീത സംവിധായകരും പി ഭാസ്കരൻ, വയലാർ രാമവർമ, ശ്രീകുമാരൻ തമ്പി, ഭരണിക്കാവ് ശിവകുമാർ, അഗസ്റ്റിൻ വഞ്ചിമല ഇങ്ങനെ അഞ്ചു ഗാനരചയിതാക്കളും ഒരുക്കിയ ആറു പാട്ടുകളാണ് ഈ ചിത്രത്തിൽ ഉണ്ടായിരുന്നത്.

  

അഴകുള്ള സെലീന ആയിരുന്നു 12 സിനിമകൾക്കായി 49 ഗാനങ്ങൾക്കു സംഗീതം പകർന്ന ദാസേട്ടന്റെ ആദ്യ ചിത്രം. മരാളികേ മരാളികേ, താജ്മഹൽ നിർമ്മിച്ച രാജശില്പി (അഴകുള്ള സെലീന,1973) ആശ്ചര്യ ചൂഡാമണി (തീക്കനൽ, 1976) റസൂലേ നിൻ കനിവാലേ (സഞ്ചാരി, 1981)  തക്കിട മുണ്ടൻ താറാവെ (താറാവ്, 1981) ഇവ യേശുദാസ് ഈണം പകർന്ന പ്രശസ്തമായ ഗാനങ്ങളിൽ ചിലത്. അഴകുള്ള സെലീന എന്ന ചിത്രത്തിലെ പി ലീല പാടിയ സ്നേഹത്തിൻ ഇടയനാം യേശുവേ ആണ് അദ്ദേഹം സംഗീതം പകർന്ന മറ്റൊരു ക്രൈസ്തവ ഭക്തിഗാനം.    

മലയാളിയുടെ മാനകശബ്ദത്തിന്റെ പൂർണത ആനുഭവിപ്പിക്കുന്ന ആഴവും മുഴക്കവുമുള്ള യേശുദാസിന്റെ ശബ്ദം ഗാഗുൽത്താമലകളേ മരങ്ങളേ എന്ന ഗാനത്തിൻറെ തുടക്കം മുതൽ കേൾവിയെ വേട്ടയാടും. പവിഴത്തറയിൽ ചിതറി വീഴുന്ന മുത്തുമണികൾ പോലെ വാക്കുകൾ ഓരോന്നായി പെരുക്കിയെടുക്കാം. ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക് ഒഴുകി എത്തുന്ന വാക്കുകൾ ബൈബിൾ സുവിശേഷങ്ങളിലെ ക്രിസ്തുവിന്റെ പീഡാനുഭവ കഴ്ചകളിലുടെ കണ്ണീരിലേക്കും കാരുണ്യത്തിലേക്കും കൂട്ടികൊണ്ടു പോകും.

പടച്ചട്ടയിട്ട പടയാളികള്‍ക്കിടയിൽ ഇടതുതോളിൽ കുരിശും പേറി ഇടറി ഇടറി വരുന്ന യേശുദേവൻ. കോറസിന്റെ മുഴക്കത്തിനൊപ്പം കുതിരക്കുളമ്പടിയും ചാട്ടവാറടി ശബ്ദവും ചേർന്ന് കഷ്ടാനുഭവത്തിന്റെ കാഠിന്യം കേൾവിയിലെത്തിക്കുന്നു.

ഇടതുതോളില്‍ കുരിശും പേറി

ഇടറിയിടറി മലകള്‍ കയറി

വരികയാണാ ദേവന്‍...

മുൾമുടിയണിഞ്ഞ ശുദ്ധഹൃദയൻ കുതിരക്കുളമ്പടിക്കു അകമ്പടിയായി ഉയരുന്ന ഇടിമിന്നൽ പോലുള്ള ചാട്ടവാറടിയേറ്റു നിലംപതിക്കുന്നു.    

മുൾമുടി ചൂടിയ മുത്തണിശിരസ്സുമായ്

ശുദ്ധഹൃദയന്‍ മനുഷ്യപുത്രന്‍

ആഞ്ഞാഞ്ഞു വീഴും ചാട്ടവാറടിയേറ്റു നിലംപതിക്കുന്നു

കാൽവരി മലയിലേക്കു കുരിശും താങ്ങി ഉഴറി നീങ്ങുന്ന അരുമ മകന്റെ  ദയനീയ രൂപം കാണുന്ന മാതാവായ മറിയമിന്റെ മനമൊരു കൈപ്പുനീർ കാസയായി എന്നാണ് കവി ഭാവന. 

ഉയരെയുയരെ കാല്‍‌വരിക്കുന്നിലേക്കുഴറിപ്പോകും

തനയൻറെ യാത്ര കാണവേ കന്യകമാതാവിന്‍... 

കരളൊരു കൈപ്പുനീർ കാസയായി...

ലോകത്തിന്റെ പാപങ്ങളുടെ ഭാരമേറിയ കുരിശുമായി വീണ്ടും വീണ്ടും വീണ നാഥനെ സഹായിക്കാനെത്തുന്ന ശീമോൻ പത്രോസ്. മറ്റൊരുവന്റെ കുരിശു ചുമക്കുക നിന്ദ്യമായിരുന്ന ഒരു കാലത്തു ക്രിസ്തുവിൻറെ കുരിശും താങ്ങി നടന്ന ശിമോൻ മാനവരാശിയുടെ പാപക്കുരിശിൻറെ ഭാരം ചുമന്നതിനുള്ള ദൈവികമായ കൃപാവരമെന്തെന്നു അനുഭവിച്ചറിഞ്ഞു എന്നാണ് സാഹിത്യവിമര്ശകനായ കെ പി അപ്പൻ ബൈബിൾ വെളിച്ചത്തിന്റെ കവചം എന്ന ഗ്രന്ഥത്തിൽ പറയുന്നത്.  

പ്രപഞ്ച പാപങ്ങളുറഞ്ഞുകൂടിയ ഭാരമേറിയ കുരിശുമായ്

പിന്നെയും പിന്നെയും വീഴും നാഥനെ 

ശീമോന്റെ കൈകള്‍ സഹായിക്കുന്നു

നിന്ദയുടെയും അവഹേളനങ്ങളുടെയും ഈ മഹാപീഡന നിമിഷങ്ങളിൽ  അവൻറെ മുഖത്തെ വിയർപ്പും മുൾക്കിരീടം തീർത്ത മുറിവിൽ നിന്നൊഴുകിയ ചോരയും അനുതാപത്തോടെ തുടയ്ക്കാനെത്തിണിയ വെറോണിക്ക... 

തിരുമുഖത്തേറ്റ മുറിവിലെ ചോരയും 

കർമ്മധീരന്‍ തൻറെ തൂവേർപ്പും  

ധന്യാധിധന്യ വെറോണിക്ക

അനുതാപത്തോടെ തുടയ്ക്കുന്നു...

ക്രിസ്തുവിൻറെ മുഖം തുടയ്ക്കാനായി വെറോണിക്ക വച്ചുനീട്ടിയ വെള്ളതൂവാലയിൽ ക്രിസ്തുവിൻറെ മുൾമുടി ചൂടിയ മുഖചിത്രം പതിയുന്നു. കൈകൊണ്ടു വരയ്ക്കാതെ ക്യാൻവാസിൽ പതിഞ്ഞ ചരിത്രത്തിലെ ആദ്യചിത്രം എന്ന പാരമ്പര്യവിശ്വാസത്തിൻറെ ചലച്ചിത്രാവിഷ്കാരമായിരുന്നു ആ ഗാനരംഗം.

നാലാം സുവിശേഷത്തില്‍നിന്നും ക്രിസ്തുവിൻറെ വചനങ്ങളെത്തന്നെ (ലുക്കോസ് 23:28-32) കവി ഉദ്ധരണിയാക്കുന്നു. ഗാനാരംഭചിത്രങ്ങളിൽ  മലകളെയും മരങ്ങളെയും മുൾച്ചെടികളെയും കാഴ്ചകളാക്കിയ കവി ഒടുവിൽ സ്ത്രീകൾക്കൊപ്പം പച്ചമരവും ഉണക്കമരവുംകൂടി ചേർത്തുവെക്കുന്നു.

യരുശലേം പുത്രികളേ നിങ്ങളെനിക്കുവേണ്ടി കണ്ണീരൊഴുക്കാതെ

നിങ്ങൾക്കുവേണ്ടിയും, നിങ്ങളുടെ 

സന്തതികൾക്കുവേണ്ടിയും വിലപിക്കുവിൻ 

എന്തെന്നാല്‍, മനുഷ്യർ, പച്ചമരത്തോടിപ്രകാരം ചെയ്താൽ 

ഉണങ്ങിയതിനോടെന്തു ചെയ്യാന്‍ മടിക്കുകയില്ല!..”

അവൻറെ തൃക്കരങ്ങളിൽ കാരിരുമ്പാണികൾ ആഞ്ഞടിക്കുന്ന  ദൈന്യചിത്രത്തോടെയാണ് ഗാനം അവസാനിക്കുന്നത്.  

ധരണിയില്‍ ധർമ്മവും നീതിയും കാട്ടിയ

ധന്യനായീടുമാ ദേവന്റെ നിർമ്മലമാം കൈകളിൽ

കാരിരുമ്പാണികള്‍ ആഞ്ഞടിക്കുന്നു...

കാരുണ്യത്തിന്റെയും കഠിനവേദനകളുടെയുമാണ് കവികൾക്ക് കാൽവരി നൽകുന്ന കാഴ്ചകൾ. ഭരണിക്കാവ് ശിവകുമാറും ആ കാഴ്ചകളെ ഒരു ഗാനച്ചിമിഴിൽ ഒതുക്കുന്നു. കേട്ടു പരിചയിച്ച സംഗീതത്തിൽനിന്നു ഏറെ അകലെയാണ് യേശുദാസ് ഈ ഗാനത്തിനൊരുക്കിയ വ്യത്യസ്തമായ ഈണവും.