Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരിശു ചുമന്നവനേ നിൻ വഴി തിരയുന്നു ഞങ്ങൾ...

x-default x-default

അരനൂറ്റാണ്ടിലേറെയായി ദുഃഖവെള്ളിയാഴ്ചയുടെ വെള്ളയുടുത്ത ഓർമകളിൽ “കുരിശു ചുമന്നവനേ നിൻ വഴി തിരയുന്നു ഞങ്ങൾ ...” എന്ന പാട്ടും ഒരു തുടർച്ചയാണ്. 

"കുരിശു ചുമന്നവനേ നിൻ വഴി 

തിരയുന്നു ഞങ്ങൾ 

കരുണ നിറഞ്ഞവനേ നിൻ കഴൽ 

തിരയുന്നു ഞങ്ങള്‍"

ദുഃഖവെള്ളിയാഴ്ചയുടെ ഓർമകൾക്ക്, പള്ളിമേടയിലെ മെഴുക്കുപുരണ്ട മേശയിൽ വെക്കാൻ അമ്മ തന്നുവിട്ട ചിരട്ടക്കരിക്കെട്ടിന്റെ ചെറുചൂടും  കറുത്ത കുന്തിരിക്കത്തിന്റെ മണവുമാണ്‌. പാട്ടിനും പ്രാർഥനയ്ക്കുമിടയിൽ കുമ്പിടാനുള്ള ക്രമമറിയാൻ അച്ചന്റെ കറുത്ത കുപ്പായ ചലനങ്ങൾക്ക്  കാത്തിരുന്നതിന്റെ താളമുണ്ട്. കുരിശുമുത്തിന്റെ തിക്കിത്തിരക്കുണ്ട്‌. ആ ഓർമകൾക്ക് വെള്ളക്കുപ്പായമിട്ട ശുശ്രൂഷക്കാരന്‍ കുഞ്ഞ് ഓട്ടുകിണ്ടിയിൽ പകർന്നുതന്ന ചൊറുക്കാ ചവർപ്പിന്റെ പച്ചനിറമാണ്. അതിനു പള്ളിപ്പറമ്പിലെ നിരയിൽ നിന്നു തിരക്കുകൂട്ടി കഴിച്ച വാവട്ടമുള്ള മണ്‍ചട്ടിയിലെ ആവിപറക്കുന്ന കഞ്ഞിയുടെ കൊഴുപ്പും കടുമാങ്ങക്കറിയുടെ എരിവുമുണ്ട്.

ആ പാട്ടോർമകളിൽ, കുട്ടിക്കാലത്ത് അമ്മവീട്ടിലെ ഇടവകപ്പള്ളിയിൽ മകരപ്പെരുന്നാളുകൂടുമ്പോൾ പള്ളിപ്പറമ്പിലെ ചെറുതെങ്ങിൽ നിന്നുകേട്ട കോളാമ്പിപ്പാട്ടിന്റെ പതർച്ചപോലെ ഈ പാട്ടുമുണ്ട്. പെസഹാ വ്യാഴാഴ്ച വൈകിട്ട്  വീട്ടിൽ അടപ്പില്ലാത്ത ഭിത്തിയലമാരയിലെ പൊടിപിടിച്ച പുസ്തകങ്ങൾക്കിടയിൽനിന്നു തപ്പിയെടുക്കുന്ന, നിറമുള്ള കടലാസ്സിൽ പൊതിഞ്ഞ ഹാശാ ആഴ്ചയിലെ നമസ്കാര പുസ്തകം പോലെ, പള്ളിയിൽ നിരന്തരം ആവർത്തിച്ചു കുമ്പിട്ടുപാടുന്ന, 'പീഡാതാഴ്ചകളാൽ നമ്മേ വീണ്ടോനാം മിശിഹായെ വാഴ്ത്തി നമിക്കാം പുലർകാലേ' എന്ന, പാടിപ്പഴകിയ പാട്ടുപോലെ ഈ പാട്ടും ഓടിയെത്തും .

ക്രിസ്തുവിന്റെ ക്രൂശുമരണത്തെക്കുറിച്ചു പുറത്തുവന്ന ഏറ്റവും പ്രശസ്തമായ നാടകഗാനം. 1960 കൾ മുതൽ കേരളത്തിൽ, പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിലെ പള്ളികളിൽ, ദുഃഖവെള്ളിയാഴ്ചകളിൽ കുരിശിന്റെ പ്രദിക്ഷണവഴികളിലും മറ്റും പാടുന്ന  അനശ്വരഗാനം. 

ഒ.എൻ.വി. കുറുപ്പ് രചിച്ചു ജി.ദേവരാജൻ സംഗീതം പകർന്ന് സി.ഒ. ആന്റോ പാടിയതാണ് ഈ ഗാനം.  'എന്തിന് പാഴ്ശ്രുതി.....’, 'തങ്ക കാൽത്തള....' (ഡോക്ടർ), 'മധുരിക്കും ഓർമകളേ ......' (ജനനീ ജന്മഭൂമി), പോലുള്ള നാടക  ഗാനങ്ങളിലൂടെയും 'വീടിനു പൊന്മണി വിളക്കു നീ ....' (കുടുംബിനി), ‘പാപ്പി അപ്പച്ചാ….’ (മൈലാടും കുന്ന്) പോലുള്ള സിനിമാ ഗാനങ്ങളിലൂടെയും കാലത്തെ അതിജീവിച്ച സി. ഒ.ആന്റോ എന്ന ഗായകന്റെ മറ്റൊരു മറക്കാനാവാത്ത ഗാനം.   

'കുരിശു ചുമന്നവനേ' എന്ന ഈ ഗാനം ഏതു  നാടകത്തിലേതാണ്? രണ്ടു പുസ്തകങ്ങളിൽ രണ്ടു വ്യത്യസ്ത നാടകങ്ങളോടൊപ്പമാണ് ഈ ഗാനം സ്ഥാനം പിടിച്ചിരിക്കുന്നത്. എറണാകുളം പ്രതിഭ തീയറ്റേഴ്സിന്റെ 'കാക്കപ്പൊന്നും' കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 'അൾത്താര'യും. 1960 കളുടെ തുടക്കത്തിൽ അരങ്ങിലെത്തിയതാണ് ഈ രണ്ടു നാടകങ്ങളും. നാടകരംഗത്തെ പഴയ തലമുറയിലെ പ്രമുഖരോടും പ്രസാധകരോടും അന്വേഷിച്ചെങ്കിലും കൃത്യമായ നിഗമനത്തിലെത്താനായിട്ടില്ല.

ഒ.എൻ.വി. കുറുപ്പിന്റെ തിരഞ്ഞെടുത്ത 1001 ഗാനങ്ങൾ ചേർത്തു കോട്ടയം ഡിസി ബുക്സ് 2006 ൽ പ്രസിദ്ധീകരിച്ച 'മാണിക്യവീണ' എന്ന പുസ്തകത്തിൽ ഈ ഗാനം കാക്കപ്പൊന്നിലെ ഗാനങ്ങൾക്കൊപ്പമാണ്. പെരുമ്പുഴ ഗോപാലകൃഷ്ണൻ എഴുതിയ 'ജി. ദേവരാജൻ : സംഗീതത്തിന്റെ രാജശില്പി' എന്ന പുസ്തകത്തിൽ അനുബന്ധമായി നൽകിയിട്ടുള്ള പട്ടികയിൽ ഇതു കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ മൂന്നാമത് നാടകമായ അൾത്താരയിലെ നാലാമത്തെ പാട്ടാണ്. 2005 ൽ ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ചതാണ് 23 അധ്യായങ്ങളുള്ള ഈ ജീവചരിത്ര പുസ്തകം.

നാടകകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെട്ട എസ്.എൽ. പുരം സദാനന്ദൻ (1926-2005) രചിച്ച നാടകമായിരുന്നു കാക്കപ്പൊന്ന്. ചെമ്മീനിലൂടെ മലയാള സിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത കലാകാരൻ. 1963-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകമായിരുന്നു കാക്കപ്പൊന്ന്. “മാനത്തെ മഴവില്ലിനേഴു നിറം ...”, ആണു പ്രതിഭാ തീയറ്റേഴ്സിന്റെ ഈ നാടകത്തിലെ മറ്റൊരു പ്രശസ്തമായ ജനപ്രിയ ഗാനം

കാളിദാസ കലാകേന്ദ്രത്തിനു വേണ്ടി പൊൻകുന്നം വർക്കി രചിച്ച നാടകമായിരുന്നു അൾത്താര. “അത്തിക്കായ്കൾ പഴുത്തല്ലോ ...”, “മാനേ പുള്ളി മാനേ ഈ മാലിനി തീരത്ത് ...” എന്നിവയടക്കം അഞ്ചു പാട്ടുകൾ ഈ നാടകത്തിൽ ഉണ്ടത്രേ.      

ദുഃഖവെള്ളി ദിനത്തിലെ വിശ്വാസസമൂഹത്തിന്റെ ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും പ്രതിനിധാനമാണ് ഈ ഗാനം ഉണർത്തുന്ന ചിന്തകളും ചിത്രങ്ങളും. കുരിശു ചുമന്നവന്‍, മുൾമുടി ചൂടിയ തിരുവുടൽ, രക്തമുണങ്ങിയ പാദമുദ്രകള്‍ ഇതൊക്കെ ഈ ഗാനം നൽകുന്ന കാൽവരിക്കാഴ്ചകളാണ്. അവന്‍ കരുണ നിറഞ്ഞവനും കനിവിന്റെ പാൽക്കടലും കാൽവരി നീട്ടിയ നിറകതിരുമാണെന്ന് ഈ ഗാനം ഓർമിപ്പിക്കുകയും ചെയ്യുന്നു.

കുരിശു ചുമന്നവനേ നിന്‍ വഴി 

തിരയുന്നു ഞങ്ങള്‍

കരുണ നിറഞ്ഞവനേ നിന്‍ കഴൽ  

തിരയുന്നു ഞങ്ങള്‍ (കുരിശു..)

 

മുൾമുടി ചൂടിയ തിരുവുടലേ

കനിവിന്‍ പാല്ക്കടലേ

നിന്‍ കഴൽ തേടി നിൻവഴി തേടി 

അലയുന്നു ഞങ്ങള്‍

രക്തമുണങ്ങിയ നിൻ പാദമുദ്രകൾ 

കാണ്മൂ മുന്നിൽ ഞങ്ങൾ (കുരിശു...)

 

കാൽവരി നീട്ടിയ നിറകതിരേ

കനിയില്ലേയിവരില്‍(2)

നിന്‍കാൽ കഴുകാൻ ദുഃഖിതർ ഞങ്ങടെ

മിഴിനീരുണ്ടല്ലോ(2)

നിന്‍ തിരുനാമം നിത്യം വാഴ്ത്തി

പാടാം ഹല്ലെലൂയാ(2) (കുരിശു..)

കുരിശിന്റെ വഴി തിരയുന്ന, അവന്റെ പാദങ്ങൾ  മിഴിനീരുകൊണ്ട് കഴുകുന്ന, അവന്റെ നാമം നിത്യവും വാഴ്ത്തിപ്പാടുന്ന വിശ്വാസിസമൂഹത്തിന്റെ സ്തുതിപ്പിന്റെ ഹാലേലൂയ്യാ വിളിയോടെയാണ് ഗാനം അവസാനിക്കുന്നത്.

ഏതോ നാടകത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടതാണ് എന്നുള്ള പിന്നാമ്പുറ കഥകൾ അറിഞ്ഞും അറിയാതെയും ആറു പതിറ്റാണ്ടിലേറെയായി ഇന്നും പാടിക്കൊണ്ടിരിക്കുന്ന ഈ ഗാനത്തില്‍ മാനവസമത്വത്തിനായി മനുഷ്യപുത്രൻ വരിച്ച രക്തസാക്ഷിത്വത്തിന്റെ തിളയ്ക്കുന്ന ഓർമയുണ്ട്‌. കുരിശുചുമന്നുളള  യാത്രയും മുള്‍മുടി ചൂടിയ ശിരസ്സും രക്തമുണങ്ങിയ ആണിപ്പാടുകളും ഇതിലുണ്ട്. ഒപ്പം, കൂപ്പിയ കൈകളോടും നിറഞ്ഞ കണ്ണുകളോടും പ്രാര്‍ഥനാപൂര്‍വം നിൽക്കുന്നവിശ്വാസസമൂഹവും.