Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവിടെയാണു 'പൂമരം' പാട്ടുകാരന്‍?

kalidas-faizal

പൂമരം വെട്ടി കപ്പലുണ്ടാക്കിയിട്ട് അതിൽ കയറിയിരുന്ന് പ്രണയിനിയെ നോക്കിയെന്നൊക്കെ പാട്ടു പാടി വലിയ ഒളമുണ്ടാക്കിയിട്ട് ഈ  പാട്ടുകാരൻ ചെക്കൻ എങ്ങോട്ടു പോയി എന്നു ചിന്തിച്ചിട്ടിേല്ല. കാളിദാസ് ജയറാം ആദ്യമായി നായകനായ ചിത്രം, പൂമരത്തിലൂടെ പരിചയപ്പെട്ട ഫൈസൽ റാസി എന്ന ഗായകനെ കുറിച്ചൊരു വിവരവുമില്ലല്ലോയെന്ന് വിചാരിച്ചില്ലേ? ഇതിനെ കുറിച്ച് അടുത്തിടെ ട്രോൾ വരെയിറങ്ങിയിരുന്നു. മലയാളത്തിന്റെ സമകാലീന സിനിമ ചരിത്രത്തിൽ ഇത്രയേറെ ജനകീയമായൊരു ഗാനവും മറ്റൊന്നില്ല, മറ്റൊരു ഗായകനും ഇത്രയേറെ ആഘോഷിക്കപ്പെട്ടിട്ടുമില്ല. ഫൈസൽ റാസി എവിടെയാണ്? 

എങ്ങും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട് എന്നാണ് ഫൈസലിന്റെ മറുപടി. പൂമരത്തിലേക്കു വേണ്ടി മറ്റൊരു പാട്ടിന്റെ പണിപ്പുരയിലാണ്. ഒരു മെലഡി ഗാനമാണ് അത്. പാട്ട് എഴുതുന്നത് അജീഷ് ദാസനാണ്. ഈണം ഞാൻ തന്നെ. പാടുന്നത് ആരാകും എന്നു തീരുമാനിച്ചിട്ടില്ല. ഫൈസൽ പറഞ്ഞു. 

പാട്ടു വന്ന വഴി

ഗിത്താറും വായിച്ച് പാടിയഭിനയിച്ച കാളിദാസിനു പിന്നിലിരുന്നു പാട്ട് ഏറ്റുപാടിയ കണ്ണടക്കാരനാണ് ഈ മൊഞ്ചുള്ള പാട്ടിന്റെ പാട്ടുകാരൻ എന്നറിഞ്ഞപ്പോൾ തോന്നിയ കൗതുകം ഇപ്പോഴും അങ്ങനെ തന്നെ മനസിലുണ്ട്. ഒരു പ്രത്യേക ഇഷ്ടവും. മഹാരാജാസ് കോളജിൽ പഠിക്കാൻ വന്ന കാലത്തേ കേട്ടു തുടങ്ങിയതാണ് ഈ പൂമരം പാട്ട്. പാറി വരുന്ന പൂക്കൾ ഏതു മരത്തിലേതാകും എന്നു നമുക്കറിയില്ലല്ലോ. അതുപോലെയായിരുന്നു പാട്ടിന്റെ കാര്യവും. ആരാണ് എഴുതിയത് പാടിയത് എന്നൊന്നും ആർക്കും അറിയില്ല. മുൻപേ പഠിച്ചിറങ്ങിയവരിലാരോ ഒരാളാണ് ക്യാംപസിലേക്കു പാട്ട് എത്തിച്ചത്. പിന്നീട് എല്ലാവരും അത് ഏറ്റുപാടി. ഫൈസലും. പണ്ടേ ചിന്ത പാട്ടു ചിട്ടപ്പെടുത്തി പാടി നടക്കണം എന്നൊക്കെയായിരുന്നതിനാൽ കേട്ടുപാടിയൊരു പാട്ടിന് സ്വന്തമായൊരു ഈണമിട്ടു ഫൈസൽ. രണ്ടു വർഷം മുൻപ് ചിട്ടപ്പെടുത്തിയ പാട്ടാണ് ഒന്നുമിനുക്കിയെടുത്ത് പൂമരം സിനിമയ്ക്കു നൽകിയത്. തന്റെ പുതിയ ചിത്രത്തിന്റെ കാസ്റ്റിങിനു വേണ്ടി മഹാരാജാസ് കോളജിലെത്തിയപ്പോഴാണ് എബ്രിഡ് ഷൈൻ ഫൈസൽ റാസിയെ കാണുന്നത്. ഗിത്താറും തൂക്കി ക്യാംപസിലെത്തിയ കുട്ടിയോട് ഒരു പാട്ടു പാടാൻ പറഞ്ഞു. ഫൈസൽ റാസി അങ്ങനെയാണ് സിനിമയിലെ സംഗീത സംവിധായകനും പാട്ടുകാരനും അഭിനേതാവുമാകുന്നത്. സിനിമ സ്വപ്നം കണ്ടുനടന്നയാളിനടുത്തേക്ക് ഒരു ഒന്നൊന്നര ഓപ്പണിങ് സീനുമായൊരു സിനിമ കടന്നുചെല്ലുകയായിരുന്നു. പൂത്തുലഞ്ഞ പൂമരം കണ്ടുനിൽക്കുന്നയത്രയും സ്നേഹത്തോടെ ഓരോ മലയാളിയും അതേറ്റെടുത്തു. പ്രേത്യേകിച്ച് കുട്ടികൾ. 

ഞെട്ടിപ്പിച്ചു ഈ പ്രിയം

കഴിഞ്ഞ നവംബറിൽ യുട്യൂബിൽ എത്തിയ പാട്ട് കണ്ടവരുടെ എണ്ണം രണ്ടു കോടിയടുക്കാറായി. ഇത്രയധികം വേഗം മറ്റൊരു മലയാളം ഗാനവും ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല. അതെന്തുകൊണ്ടായിരുന്നു എന്നുളളതിനെ കുറിച്ചും ഫൈസലിനു പറയാനുണ്ട്..

കുട്ടികളായിരുന്നു പാട്ടിന്റെ പ്രധാന ആരാധകർ. അവർ ഏറ്റെടുത്തതാണ് ഗാനം ഇത്രയധികം ശ്രദ്ധ നേടാൻ കാരണം എന്നാണെനിക്കു തോന്നുന്നത്. പൂമരം പാട്ടുകൾ കുട്ടികൾ പാടുന്ന എത്രയധികം വിഡിയോകളാണ് എനിക്കു തന്നെ കിട്ടിയത് എന്ന് അറിയില്ല. കുട്ടികൾക്കു പോലും ആദ്യം കേൾക്കുമ്പോൾ തന്നെ ഇഷ്ടമാകുന്ന ഈണമായിരുന്നു പാട്ടിന് എന്നാണ് എന്നോട് എല്ലാവരും പറഞ്ഞത്. പാട്ട് സൃഷ്ടിച്ച ഒരു ആരവും എത്രമാത്രമാണെന്ന് ഞാൻ അറിഞ്ഞ ഒരുപാട് സന്ദർഭങ്ങളുണ്ട്. ഒരിക്കൽ ഞാൻ ബസിൽ വച്ച് ഒരു പയ്യനെ പരിചയപ്പെട്ടിരുന്നു. കുറേ നേരം അവനോടു സംസാരിച്ചിരുന്നു. രണ്ടു വർഷമെങ്കിലും ആയിക്കാണും ഈ സംഭവം നടന്നിട്ട്. പൂമരം ഗാനം പുറത്തിറങ്ങി അത് ഹിറ്റായപ്പോൾ എവിടെ നിന്നോ അവൻ എന്റെ നമ്പറൊക്കെ തേടിപ്പിടിച്ച് എന്നെ വിളിച്ചിരുന്നു..ചേട്ടാ പാട്ടു കേട്ടു. നന്നായിട്ടുണ്ട്. നമ്മള്‍ രണ്ടു വർഷം മുൻപൊരു ബസ് യാത്രയിൽ വച്ച് പരിചയപ്പെട്ടിരുന്നു എന്ന് അവൻ പറഞ്ഞു. 

ഞാൻ പഠിച്ച മഹാരാജാസ് കോളജിനോടുള്ള സ്നേഹവും അടുപ്പവുമാണ് ആ ഈണത്തെ സൃഷ്ടിച്ചത്. എന്റെ മനസിലേക്ക് അങ്ങനെയൊരു താളം എത്തിയത് ആ കോളജ് തന്ന ഓര്‍മകളുടെ മാധുര്യം അത്രയേറെയുള്ളതുകൊണ്ടാണ്. 

വഴിയരികിൽ നിന്ന് സിനിമയിലേക്കോടിക്കയറിയവരാണ് പൂമരത്തിന്റെ പാട്ടെഴുത്തുകാരും. നാടുമുഴുവൻ പൂമരം ഏറ്റുപാടുമ്പോൾ അതിന്റെ ഗാനരചയിതാക്കളെ തിരയുകയായിരുന്നു സംവിധായകനായ എബ്രിഡ് ഷൈൻ. പാട്ട് യഥാർഥത്തിൽ എഴുതി പാടിയവർ ആരെന്ന് കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെയാണ് ഫൈസലിനെ കൊണ്ടുപാടിക്കാൻ എബ്രിഡ് ഷൈൻ തീരുമാനിച്ചതു തന്നെ. പാട്ട് എഴുതിയവർ ആരെന്ന അന്വേഷണത്തിൽ മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥി സുധീഷ് സുധൻ പറഞ്ഞ കഥയാണ് നിർണായകമായത്: കോളജ് പഠനകാലത്തു വൈകുന്നേരം വള്ളത്തിൽ പണിക്കുപോകുമായിരുന്നു. അരൂർഭാഗത്തു പണിക്കിടെ വള്ളക്കാർ പാടിയാണ് ഈ പാട്ട് കേട്ടത്. പിന്നെ സുധീഷ് തന്നെ കോളജിലെ കൂട്ടായ്മകളിൽ ഈ വരികൾ പാടാൻ തുടങ്ങി.  പിന്നീടു വന്ന കലാലയക്കൂട്ടുകാർ അത് ഏറ്റെടുക്കുകയായിരുന്നു.  പൂമരം പാട്ടിന്റെ പല വകഭേദങ്ങളും പലസ്ഥലങ്ങളിൽ നിന്നായി പലരും എബ്രിഡിന് അയച്ചുകൊടുത്തിരുന്നു. സുധീഷ് വഴിയുള്ള അന്വേഷണം ചെന്നെത്തിയത് രണ്ടു സാധാരണക്കാരിലേക്കാണ്. ചോരനീരാക്കിയെടുക്കുന്ന പണിയുടെ ആവേശം കൂട്ടാൻ ഒപ്പം നിൽക്കുന്നവരിൽ ഊർജവും ആരവവും നിറയ്ക്കാൻ അവർ പാടിയുണ്ടാക്കിയതായിരുന്നു പാട്ട്. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറം വലിയ പണിക്കൻതുരുത്ത് സ്വദേശികളായ ദയാൽ സിങും ആശാൻ ബാബുവും ഗാനം രചിച്ചത്. ആശാൻ ബാബുവിൽ നിന്നു ലഭിച്ച ഗാനം ദയാൽ വരികൾ മാറ്റിയെഴുതി പാട്ടിന്റെ രൂപത്തിൽ ചിട്ടപ്പെടുത്തുകയായിരുന്നു. മഹാരാജാസ് കോളജിലെ സുധീഷ് സുധന് ‘ഞാനും ഞാനുമെന്റാളും...’ പാട്ട് കിട്ടിയത് ദയാൽ സിങിൽ നിന്നാണ്. 

മനസുകീഴടക്കിയ ചിത്രീകരണം...

കഥകളേറെ പറയാനുള്ള മഹാരാജാസ് കോളജിന്റെ മുറ്റത്തെ ഏതോ മരച്ചുവട്ടിൽ കാളിദാസിനേയും സംഘത്തേയുമിരുത്തിയാണ് പാട്ടിന്റെ ചിത്രീകരണം നടന്നത്. വസ്ത്രംമാറലോ മരംചുറ്റിയോട്ടമോ നൃത്തമോ ഒന്നുമില്ലായിരുന്നു പാട്ടിന്റെ രംഗങ്ങളിൽ. ഗിത്താറും പിടിച്ചിരുന്നൊരാൾ പാടുന്നു ചുറ്റുമുള്ളവർ അതേറെ കൗതുകത്തോടെ ഏറ്റുപാടുന്നു‌. എല്ലാ ക്യാംപസിലുമുണ്ടാകുമല്ലോ ഒരു പാട്ടുകാരൻ. അവനെ ഒഴിവു നേരങ്ങളിലേക്കൊന്നും വിടാതെ ഇങ്ങനെ പിടിച്ചിരുത്തി പാടിക്കാറുണ്ട് ക്യാംപസിലെ കൂട്ടുകാർ. ആ ഓർമകളെ ആ പാട്ടു കേട്ടിരിക്കുന്ന സുഖത്തെയെല്ലാം അതേപടി സംവദിച്ചു എബ്രിഡ് ഷൈൻ. ക്യാംപസ് ഓർമകളിലെ ഏറ്റവും മധുരമുള്ളൊരു കാര്യത്തെ അതേ മാധുര്യത്തോടെ അവതരിപ്പിച്ചു അദ്ദേഹം. അതുമാത്രമല്ല, മുൻപരിചയമൊന്നുമില്ലാത്തൊരു ചെറിയ പയ്യനിലേക്കു സിനിമയിലെ ഒരു പാട്ടു കൈമാറാൻ കാണിച്ച ധൈര്യത്തിനും പ്രേത്യേകം കയ്യടിക്കണം. വിവിധക്യാംപസുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട യുവപ്രതിഭകളാണു ഗാനരംഗത്തു കാളിദാസിനൊപ്പം അഭിനയിച്ചിരിക്കുന്നത്. ബാലതാരത്തിൽ നിന്നു നായകനിലേക്കുള്ള കാളിദാസിന്റെ ചുവടുമാറ്റം ഒരു പൂമരം പാട്ടിലൂടെ ചരിത്രമായി. 

ഇനിയെന്താണ്?

പാട്ടിനൊപ്പം തന്നെയാണ് ഇനിയുള്ള കാലം. പൂമരം കഴിഞ്ഞിട്ടേ മറ്റെന്തിനെ കുറിച്ചും ചിന്തിക്കുന്നുള്ളൂ. എവിടെയും പോയിട്ടില്ല...ഇവിടെയൊക്കെ തന്നെയുണ്ട്. ഇപ്പോഴും മഹാരാജാസിൽ പോകാറുണ്ട്. ഈ പാട്ട് പാടാറുണ്ട്. അവിടെ നമ്മുടെ പിന്നാലെയെത്തിയ ചങ്ങാതികൾ ഇതുപാടുന്നത് കേട്ടുനിൽക്കാറുമുണ്ട് ഇപ്പോഴും....