Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നും പ്രിയപ്പെട്ട 10 പദ്മരാജൻ പാട്ടുകളിലൂടെ...

padmarajan-songs

എന്ത് പറയാനാണ് പി പദ്മരാജൻ എന്ന എഴുത്തുകാരനെ കുറിച്ചും സംവിധായകനെ കുറിച്ചും? എന്ത് പറഞ്ഞാലാണ് അധികമാവുക? വിഷ്വൽ എഴുത്തിന്റെ അനന്തമായ സാധ്യതകളിലേക്ക് വായനക്കാരെ കൈപിടിച്ച് കൊണ്ട് പോയ പപ്പേട്ടൻ എന്ന് പ്രിയമുള്ളവർ വിളിച്ച പദ്മരാജൻ സിനിമയെടുത്തതും അതെ കാഴ്ചയുടെ ഭംഗിയോടെയായിരുന്നു. പദ്മരാജന്റെ ചിത്രങ്ങളിൽ നിറഞ്ഞു നിന്നവർ ഒരുപക്ഷെ അദ്ദേഹത്തിന്റെ സ്ത്രീകളായിരിക്കണം. പിന്നെ മിക്ക ചിത്രങ്ങളിലുമുള്ള അപൂർവ്വ സുന്ദരമായ പാട്ടുകളും. പദ്മരാജൻ സിനിമകളിലെ പത്ത് മനോഹര ഗാനങ്ങൾ... അവയുടെ അനുഭൂതികൾ..

പണ്ട് മുറ്റത്തൊരു പാലയുണ്ടായിരുന്നു. ചില രാത്രികളിൽ മുറ്റത്തിറങ്ങുമ്പോൾ കൊതിപ്പിക്കുന്ന ഗന്ധം പരത്തിയിരുന്ന ഒരു യക്ഷിപ്പാല. ഇരുട്ടിക്കഴിഞ്ഞാൽ പുറത്തിറങ്ങി നടക്കരുതെന്ന് പറയുന്ന മുത്തശ്ശിമാരോട് പോകാൻ പറയാൻ തോന്നിയത് "ഞാൻ ഗന്ധർവ്വൻ" കണ്ടിട്ടായിരുന്നില്ലേ? പദ്മരാജൻ എന്ന ഇതിഹാസത്തിന്റെ ഏറ്റവും അവസാനത്തെ ചിത്രമാണെങ്കിലും ആദ്യം കണ്ട ആ ചിത്രത്തിൽ നിന്നും പിന്നിലേക്കൊരു പാലം വലിച്ചിട്ടു. രാത്രികളിൽ മുറ്റത്തിറങ്ങി നടക്കുമ്പോൾ ഒരു വശത്ത് പൂത്തു നിൽക്കുന്ന നിശാഗന്ധിയും മറുവശത്ത് ഗന്ധം പരത്തി പാലയും, ഗന്ധർവ്വന്റെ പ്രണയരാവ് തുടങ്ങാൻ പോകുന്നുണ്ടാകാം എന്ന് എപ്പോഴും തോന്നിപ്പിച്ചു. പിന്നെയെപ്പൊഴോ ഭാമയായി ഗന്ധർവ്വന് വേണ്ടി തപസ്സാരംഭിച്ചു.

"പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ 

മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ

കാണാതെ വിണ്ണിതളായ് മറയും 

മന്മഥനെന്നുള്ളില്‍ കൊടിയേറിയ ചന്ദ്രോത്സവമായ്‌",

ജോൺസൺ മാസ്റ്ററുടെ സംഗീതത്തിൽ കൈതപ്രം ദാമോദരന്റെ സംഗീതം ചിത്രയുടെ ശബ്ദം കൂടിയായപ്പോൾ ഗന്ധർവ്വയാമത്തിൽ സ്വയമറിയാതെ പാലമരചുവട്ടിലേയ്ക്ക് ആഴത്തിൽ ചുംബിക്കാനറിയാവുന്ന ഗന്ധർവനെ തിരഞ്ഞു എത്ര സുന്ദരിമാർ ഇറങ്ങിയിട്ടുണ്ടായിരിക്കണം!

പ്രണയിച്ച് വഞ്ചിച്ചവനെ എന്ത് ചെയ്യണം? ഇന്നത്തെ പെൺകുട്ടികൾ പറയും, ഒരുത്തൻ പോയാൽ മറ്റൊരുത്തൻ, ഇതൊന്നും ഒരു പ്രശ്നമല്ല, ഒരുത്തനു വേണ്ടി എരിഞ്ഞു തീർക്കാനുള്ളതല്ല ഞങ്ങളുടെ ജന്മം.. പക്ഷെ ഒരുവനെ മാത്രം പ്രണയിച്ച് അയാളുടെ ഒരു വാക്കിനായി കാത്തിരുന്ന എത്രയോ സ്ത്രീകൾക്ക് നടുവിലാണ് "നവംബറിന്റെ നഷ്ടത്തിലെ" മീരയുടെ നിൽപ്പ്. ആ ഏകാന്തത അവളെ കൊണ്ടെത്തിച്ചത് ശൂന്യതയിലേയ്ക്കും ഏകാന്തതയിലേയ്ക്കുമായിരുന്നു,

"ഏകാന്തതേ നിന്റെ ദ്വീപില്‍

ഏകാന്തമാം ഒരു ബിംബം

വേർപെടും വീഥിയില്‍ ഒന്നില്‍

തേങ്ങലായി മാറുന്ന ബിംബം "

കെ സി വർഗീസ് കുന്നംകുളത്തിന്റെ സംഗീതത്തിന് പൂവച്ചൽ ഖാദർ ഒരുക്കിയ വരികൾ ഏകാന്ത സങ്കടങ്ങളെ വിളിച്ചു പറയുന്നുണ്ട്. പദ്മരാജന്റെ തൂലികയിൽ വിരിഞ്ഞ അഭൗമ സുന്ദരമായ ഒരു പെൺ കഥാപാത്രം തന്നെയായിരുന്നു മീര. തകർന്നു തകർന്ന് ഒടുവിൽ തന്നെ ആട്ടിയുലച്ച കൊടുങ്കാറ്റിനോട് തന്നെ പൊരുതുന്ന മീരയുടെ സങ്കടം ഒരിക്കലും നെഞ്ചിൽ നിന്ന് വിട്ട്‌ പോകില്ല

ഓർമ്മകളുടെ ഇതളുകൾ എന്നെന്നേയ്ക്കുമായി കൊഴിഞ്ഞു പോയവൾ "മായ". അവളെ അന്വേഷിച്ച് ആരും ഇനി വരരുതേ എന്ന് മനസ്സുരുകി അവൻ, ശരത്ത് മേനോൻ. എവിടെയോ നഷ്ടപ്പെട്ട ഭാര്യയെ തേടി ഡോ. നരേന്ദ്രൻ. ഇവരുടെയൊക്കെ ഇടയിൽ എവിടെയാണ് പദ്മരാജനെ തിരയേണ്ടതെന്ന് ചോദിച്ചാൽ ഒരു അപകടത്തിന്റെ ചൊരുക്കങ്ങൾക്കിടയിൽ എവിടെയോ വച്ച് മറഞ്ഞു പോയ ഓർമ്മയുടെ നൂലിഴകളിൽ നിന്നും ഓരോ മരക്കൊമ്പിലേയ്ക്ക് തൂങ്ങിയാടുന്ന മായയുടെ മനസ്സിലാണെന്നു കാണാം. 

"കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ

ഇന്നാരോ പീലിയുഴിഞ്ഞൂ

പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ

നിൻ ഭാവം മോഹനമാക്കി"

കൈതപ്രം ദാമോദരന്റെ വരികൾക്ക് പെരുമ്പാവൂർ ജി രവീന്ദ്രനാഥ് സംഗീതം നൽകിയിരിക്കുന്നു. ചിത്രയുടെ ശബ്ദം മായയുടെ നഷ്ടങ്ങളിലേയ്ക്ക് പുതുമഴ പോലെ പെയ്തിറങ്ങുന്നു. എന്നെങ്കിലുമൊരിക്കൽ മായ നരേന്ദ്രനെ തേടിയാൽ , ഓർമ്മകളിലേക്ക് ഒരു ഇടിമിന്നൽ പോലെ അവളിറങ്ങിപ്പോയാൽ , ശരത്തിന്റെ ജീവിതം എന്തായിരിക്കാം... തീരുന്നതിനു മുൻപ് അങ്ങനെയും ആലോചിച്ച് പോയാൽ അതിശയിക്കണ്ട... ഓർത്തു ഓർത്തു നെഞ്ചിടിക്കാൻ എന്തെങ്കിലും ബാക്കി നിർത്തിയെ പദ്മരാജൻ തന്റെ സിനിമകൾ അവസാനിപ്പിക്കാറുള്ളൂ. 

ഓരോ പെണ്ണിന്റെയുള്ളിലും ഒരു സ്വപ്നമുണ്ട്, ഗന്ധർവ്വൻ എന്ന കണ്സപ്റ് അയഥാർത്ഥമാണെങ്കിൽ എല്ലാ പുരുഷന്മാരിലും അവൾ തേടുന്ന ഒരു മുഖം, അത് സോളമന്റെതാണ്. "നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ" എന്ന പദ്മരാജൻ ചിത്രത്തിലെ സോഫിയയുടെ സോളമന്റെ. ബൈബിളിലും നിതാന്ത പ്രണയത്തിന്റെ പേരാണ് സോളമൻ. പെണ്ണെന്നാൽ ശരീരമല്ലെന്നും ആത്മാവെന്നും കണ്ടെത്തിയവൻ, അവളെയും കൊണ്ട് മുന്തിരിത്തോട്ടങ്ങളുടെ തണുപ്പിലേക്ക് ചേക്കേറിയവൻ.സോളമൻ എന്ന പ്രണയ സാമ്രാജ്യത്തിലേയ്ക്ക് പറന്നവൾ സോഫിയ,

ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് ജോൺസൺ മാസ്റ്ററുടെ സംഗീതത്തിൽ ഈ ഗാനം ഇപ്പോഴും പൊലിച്ചു നിൽക്കുന്നു.യേശുദാസിന്റെ ശബ്ദത്തിൽ സോളമൻ തിളങ്ങുന്നു. മുന്തിരിവള്ളികളുടെ ഇടയിൽ അവരുടെ പ്രണയം പൂത്തുലയുന്നു.

"പവിഴം പോൽ പവിഴാധരം പോൽ

പനിനീർ പൊൻ മുകുളം പോൽ 

തുടുശോഭയെഴും നിറമുന്തിരി നിൻ

മുഖസൗരഭമോ പകരുന്നൂ "

ക്ലാരാ, നിന്റെ ആഴമേറിയ കണ്ണുകൾക്ക് മുന്നിൽ നെഞ്ചിടിക്കുന്ന പുരുഷന്മാർ, ഇപ്പോൾ ഈ തലമുറയിലുമുണ്ട്, ഒരു പുരുഷനെ വരുതിയ്ക്കു നിർത്തുന്ന നിന്റെ പ്രണയത്തിന്റെ മാന്ത്രികത തേടി ഓരോ സ്ത്രീയിലും നിന്നെ തിരയുന്ന പുരുഷന്മാർ ഇപ്പോഴുമുണ്ട്.

"മേഘം  പൂത്തു  തുടങ്ങി 

മോഹം  പെയ്തു  തുടങ്ങി 

മേദിനി  കേട്ടു    നെഞ്ചിൽ 

പുതിയൊരു  താളം 

ആരാരെ  ആദ്യമുണർത്തി    

ആരാരുടെ  നോവ്‌  പകർത്തി 

ആരാരുടെ  ചിറകിലൊതുങ്ങി   അറിയില്ലല്ലോ "

രാധയെക്കാൾ ജയകൃഷ്ണന്റെ മനസ്സിൽ എന്നുമുണ്ടാവുക ക്ലാര തന്നെയാകും. ഓരോ വർഷവും എന്നുമവൾ വന്നിരുന്ന സമയത്ത് റെയിൽവേ സ്റ്റേഷനിൽ അയാൾ ചെന്ന് നിന്നിരിക്കാം, ഓരോ ഫോൺ കോൾ വരുമ്പോഴും ഒരുവേള അത് അവളായിരിക്കുമോ എന്ന് വെറുതെ ആധി പിടിച്ച് ആദ്യം എടുക്കാൻ ഓടിയിരിക്കാം, രാധയുടെ ചൂടിന്റെ ഒപ്പം എല്ലാം പകുക്കപ്പെട്ട് കിടക്കുമ്പോഴും അന്ന് കടൽക്കരയിൽ ക്ലാര തന്ന ചുണ്ടിന്റെ മധുരത്തിൽ ഇടയ്ക്കൊക്കെ അമർന്നു പോയിരിക്കാം... അല്ലെങ്കിലും ഈ ജയകൃഷ്ണമാരൊക്കെ എന്തുമാത്രം നിഷ്കളങ്കരാണ്! പ്രണയത്തിന്റെ ആഴക്കടലിൽ സ്വയം മുങ്ങിക്കൊടുക്കുന്നവരായി അവരിങ്ങനെ ഒഴുകി നടക്കും.

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സംഗീതം പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് , പാടിയത് യേശുദാസ്.

ആ മുത്തശ്ശൻ എന്നോ കാത്തിരിപ്പ് തുടങ്ങിയതാണ്! കൊച്ചു മകനെ കാണാനായുള്ള ആഗ്രഹങ്ങളിലേക്കാണ് ഒരിക്കൽ അവൻ കൂട്ടുകാർക്കൊപ്പം എത്തിച്ചേർന്നത്.പിന്നീടുള്ള ദിവസങ്ങൾ അവനോടൊപ്പം വയ്യെങ്കിലും ഓടി നടക്കുമ്പോൾ പ്രായം കുറഞ്ഞ് കുറഞ്ഞ് മുത്തശ്ശനും ഭാസിയെപ്പോലെ പയ്യനായി തീർന്നു. കടലിനടുത്ത് ഓടിനടക്കുന്ന കുറെ കൊച്ചു കുട്ടികൾ പോലെ അവർ തിരകളിൽ ചാടിയും മറിഞ്ഞും അലറിനടന്നു. പിന്നെയെപ്പൊഴോ കടത്തിരകൾ ഭാസിയെ അങ്ങകലേയ്ക്ക് കൊണ്ട് പോയപ്പോൾ മുതൽ മുത്തശ്ശൻ കടലിനു മുന്നിൽ തപസ്സാരംഭിച്ചു. മൂന്നാം പക്കത്തിനായുള്ള കാത്തിരിപ്പ്

"താമരക്കിളി പാടുന്നു തെയ്തെയ് തകതോം

താളിയോലകളാടുന്നു തെയ്തെയ് തകതോം

ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ

സംഗീതം കേൾക്കൂ സുഗന്ധഗംഗയിലൊഴുകൂ

നീരാടും കാറ്റുമാമ്പല്‍കുളത്തിലേ കുളിരലകളുമൊരു കളി.."

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഇളയരാജയുടെ സംഗീതത്തിൽ എം ജി ശ്രീകുമാറും ചിത്രയുമാണ് ഗാനം ആലപിച്ചത്. 

ഓർക്കുമ്പോൾ പോലും മൂന്നാം പക്കത്തിനായുള്ള വയസ്സ് ചെന്ന നെഞ്ചിലേക്ക് തെറുത്തു കയറ്റി വച്ചു മുണ്ടുടുക്കുന്ന ആ മുത്തശ്ശന്റെ നെഞ്ചിൽ നിന്നൊരു കരച്ചിൽ ചീള് ഉൾഭിത്തികളെ ഉലയ്ക്കുന്നു. കരയാൻ തോന്നുന്നു.

ഒരു ജീവിതം തകർക്കാൻ ഒരു തെറ്റിധാരണ മതി.പ്രത്യേകിച്ച് അത് പ്രണയത്തിന്റെ കാര്യത്തിലാണെങ്കിൽ എളുപ്പമാണ്.രവി പുത്തൂരാൻ ആലീസിന്റെ സ്‌കൂളിലേക്ക് ജോയിൻ ചെയ്യാൻ വരുമ്പോഴും ആലീസ് ക്യാപ്റ്റൻ തോമസിന്റെ സ്വന്തമായിരുന്നു. പക്ഷെ എപ്പോഴോ അവർക്കിടയിൽ രവിയെ കണ്ടെത്തിയപ്പോൾ തോമസിന് പിന്നെ മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല. ഇടയ്ക്കു നിൽക്കുന്നത് എന്താണെങ്കിലും അതിനെ വേരോടെ പിഴുതെറിയാൻ ശ്രമിക്കുമ്പോൾ ഒരിക്കലും അയാൾ ആലീസിനെ മനസ്സിലാക്കിയില്ല എന്ന് വേണം കരുതാൻ. അവളുടെയല്ല , അവിടെ തോമസിന്റെ പ്രണയമാണ് കളങ്കപ്പെട്ടത്.

"ആടി വാ കാറ്റേ..പാടി വാ കാറ്റേ..

ആയിരം പൂക്കൾ നുള്ളി വാ... 

അന്തിപ്പൂമാനം..പൊന്നൂഞ്ഞാലാട്ടും..

മന്ദാരപ്പൂക്കൾ നുള്ളി വാ.. "

ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്നു. എസ ജാനകിയുടെ സുഖദമായ സ്വരം മലയടിവാരത്തിലൂടെ ഒഴുകിയെത്തുന്നത് കേൾവിയുടെ ആഴങ്ങളിലേക്ക്.

Sree Parvathy

രണ്ടു പെൺകുട്ടികൾക്കിടയിൽ എന്തൊക്കെ ഉണ്ടായിരുന്നിരിക്കാം? സ്നേഹം... പ്രണയം...

"ദേശാടനക്കിളികൾ കരയാറില്ല" എന്ന ചിത്രത്തിൽ നിന്നും പെൺകുട്ടികൾക്കിടയിൽ പ്രണയം എന്ന വാക്ക് അതീവ ശ്രദ്ധയോടെ പദ്മരാജൻ എടുത്ത് മാറ്റിയിട്ടുണ്ട്, പക്ഷെ വരച്ചാലും തീരാത്ത ചിത്രം പോലെ പാതിയിൽ വച്ച് മുറിഞ്ഞു പോയ അവരുടെ ജീവനുകൾക്കിടയിൽ പുണർന്നു കിടക്കുന്ന രണ്ടു ശരീരങ്ങൾ നടത്തുന്ന ഒരു പ്രഖ്യാപനമുണ്ട്. പ്രണയത്തിനപ്പുറം സ്നേഹത്തിന്റെ ആഴങ്ങളിൽ സാലിയും നിർമ്മലവും പരസ്പരം കണ്ടെത്തുന്നുണ്ട്. അവിടെ അവർക്ക് സമൂഹത്തിന്റെ മുന്നിൽ സ്വയം നഷ്ടപ്പെടുത്താതെ മറ്റു വഴികളുണ്ടായിരുന്നില്ല.

"വാനമ്പാടീ ഏതോ തീരങ്ങൾ തേടുന്ന 

വാനമ്പാടീ പോരൂ കാടെല്ലാം പൂത്തു

മധുകര മൃദുരവ ലഹരിയിലലിയുക

മദകര സുരഭില മധുവിതിലൊഴുകുക നീ

വാസന്ത കേളീനൗകയായ്..."

സ്‌കൂളിൽ നിന്നും രക്ഷപെട്ട സന്തോഷങ്ങളിൽ വർണ ചിറകുകൾ വീശിയാണ് ആ പെൺകുട്ടികൾ പറന്നു നടന്നിരുന്നത്. പരസ്പരം ഒന്നായി, സങ്കടങ്ങളിലും സന്തോഷങ്ങളിലും അവർ ഒന്നായി അലഞ്ഞു നടന്നു. നിർമ്മല ഹരിശങ്കർ കണ്ടെത്തുന്നത് വരെ മാത്രമായിരുന്നു ആ സ്നേഹത്തിന്റെ ഭംഗി. ഹരിശങ്കറിന്റെ വരവോടെ അവരുടെ ജീവിതം ഒടുവിലെത്തുന്നതോ? അപൂർണതയുടെ ഭംഗി നിലനിർത്തിക്കൊണ്ട് പദ്മരാജൻ പിന്നെയും മിഴികളെ ഈറനണിയിക്കും. ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് രവീന്ദ്രൻ മാഷിന്റെ സംഗീതം. കെ ജെ യേശുദാസിന്റെ സ്വരം.

ആരാധന തോന്നിയ ആൾ പെട്ടെന്ന് അടുക്കുക, മറ്റാരോടും കാണിക്കാത്ത സ്നേഹ വാത്സല്യങ്ങൾ കാട്ടുക... ശിൽപയെ പോലെ പതിനേഴുകാരിയായ ഒരു പെൺകുട്ടിയ്ക്ക് സ്വപ്നത്തിൽ കാണാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ഹരികൃഷ്ണൻ എന്ന സിനിമാ സംവിധായകനുമായുള്ള ബന്ധം. പതുക്കെ പതുക്കെ അടുക്കുന്ന അവരുടെ ഇടയിലേക്ക് പെട്ടെന്ന് ശിൽപ്പയുടെ 'അമ്മ ഇറങ്ങി വന്നപ്പോഴാണ് ഹരികൃഷ്ണൻ ഞെട്ടിയത്. ആത്മവഞ്ചനയുടെ കുറെ മണിക്കൂറുകൾ അയാളിൽ നിന്നും വിയർപ്പു തുള്ളികളായി ഇറങ്ങിപ്പോയി. പിന്നീടയാൾ ശിൽപയെ മോളെ എന്നെ വിളിച്ചുള്ളൂ. രക്തം രക്തത്തെ തിരിച്ചു പിടിക്കാൻ ശ്രമിച്ചത് ആ വിളിയിലൂടെയായിരുന്നു.

ഒരു സസ്പെൻസ് ത്രില്ലറാണ് പദ്മരാജന്റെ "കരിയിലക്കാറ്റു പോലെ". ഒരുപക്ഷെ ജോൺസൺ മാസ്റ്ററുടെ വേട്ടയാടുന്ന ടൈറ്റിൽ സംഗീതം സിനിമയുടെ മിഴിവിനു കാരണമാണ്. അതുപോലെ ഹരികൃഷ്ണന്റെയും ശില്പയുടെയും സ്നേഹത്തെ വാത്സല്യത്തിന്റെ തലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന സന്ദർഭത്തിലുള്ള ബീജിയം ചിത്രത്തിൽ ഒരു ഗാനമില്ലാത്തതിന്റെ കുറവ് നികത്തുന്നുണ്ട്. 

പല പദ്മരാജൻ ചിത്രങ്ങളിലും ഗാനങ്ങൾ ഒരു ആവശ്യവസ്തുവല്ല. എന്നാൽ ഉള്ള ചിത്രങ്ങളിൽ അവയുടെ സാധ്യതകൾ ആവശ്യത്തിലേറെ ഉപയോഗിച്ചിട്ടുമുണ്ട്. ചിത്രത്തിലെ കഥയോടൊപ്പം അല്ലെങ്കിൽ അതിനേക്കാളേറെ ഗാനങ്ങൾ ഹിറ്റായ ചിത്രങ്ങൾ ഒരുപക്ഷെ "ഞാൻ ഗന്ധർവ്വൻ" ഉം "തൂവാനത്തുമ്പികൾ" ഉം തന്നെയാകും. അതിൽ തന്നെ ഏറ്റവുമധികം കഥകൾ പറയാനുള്ളത് "ഞാൻ ഗന്ധർവ്വൻ" നിലെ 

ദേവാങ്കണങ്ങൾ ... എന്ന് തുടങ്ങുന്ന ഗാനത്തിനാകും. ജോൺസൺ മാസ്റ്റർ ഒരു സമയത്തെല്ലാമുപേക്ഷിച്ച് പോകുന്നിടത്ത് നിന്നുമാണ് കല്യാണി രാഗത്തിലുള്ള ദേവാങ്കണങ്ങൾ ഉറപ്പിക്കപ്പെടുന്നത്. തന്റെ ചിത്രത്തിൽ ഈ രാഗത്തിൽ ഈ പാട്ട് വേണ്ടെന്ന് തീരുമാനിച്ചത് പദ്മരാജൻ തന്നെയായിരുന്നത്രെ. പക്ഷെ എത്രയോ രാഗങ്ങൾ നൽകിയിട്ടും ജോൺസൺ മാസ്റ്റർ അവസാനം ചെന്നെത്തുന്നത് അതിൽ തന്നെ. സഹികെട്ടു അതല്ലെങ്കിൽ മറ്റൊന്നിനു ഞാനില്ലെന്ന് ഉറപ്പിച്ചപ്പോഴാണ് ഒടുവിൽ പദ്മരാജനും കല്യാണിയിൽ ഉറപ്പിച്ചത്.

"ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം

സായാഹ്നസാനുവില്‍ വിലോലമേഘമായ്

അഴകിന്‍ പവിഴം പൊഴിയും നിന്നില്‍

അമൃതകണമായ് സഖീ ധന്യനായ്.."

കൈതപ്രം ദാമോദരന്റെ വരികൾക്ക് ഇതിലും മനോഹരമായ സംഗീതം അല്ലെങ്കിലും വേറെ എവിടെ കിട്ടാൻ. ഇത് കേട്ട ഓരോ മലയാളിയും ആ ഗാനത്തെ അത്രമേൽ സ്നേഹിച്ചു. അവർ പിന്നീട് ഗന്ധർവ്വന്റെ ശാപങ്ങളിലേയ്ക്കും അവൻ ഭൂമിയിൽ പ്രണയിച്ച പെണ്ണിലേയ്ക്കും ഇറങ്ങി പോയി. ഒടുവിൽ പാടിയ പാട്ട് പാതി നിർത്തി പദ്മരാജനും ഗന്ധർവ്വനൊടുവിൽ വിട പറയുമ്പോൾ ഏഴാം യാമത്തിലെ ഒരു കാറ്റ്, പറയാൻ ബാക്കി വച്ച അനുഭൂതിയുടെ ഏതൊക്കെയോ കഥകൾ പറയുന്നുണ്ടാകണം. ഇപ്പോഴും ആരും കേൾക്കാതെ ആ കാറ്റ് ആ കഥ പറഞ്ഞുകൊണ്ടലയുന്നു..

"ഒരിക്കലൊരു ഗന്ധർവ്വനുണ്ടായിരുന്നു... പദ്മരാജനെന്ന പേരുള്ള....."