Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയലാറിന്റെ  ഓണപ്പാട്ടുകൾ

vayalar-onam-songs

സമത്വത്തെ കുറിച്ചുള്ള ആശങ്കളായിരുന്നു വയലാർ രാമവർമ്മയുടെ ഓണത്തെക്കുറിച്ചുള്ള സിനിമാ ഗാനങ്ങളുടെ ആശയ അന്തർധാര. അതുകൊണ്ടുതന്നെ മറ്റു ഗാനരചയിതാക്കളുടെ ഓണപ്പാട്ടുകളിൽ നിന്നു അവ വ്യത്യസ്തവും ആയിരുന്നു.

തുമ്പീ തുമ്പീ വാ വാ ...

കൂടപ്പിറപ്പ് എന്ന ചിത്രത്തിനുവേണ്ടി  കെ. രാഘവൻ സംഗീതം നൽകി ശാന്ത പി. നായർ പാടിയ തുമ്പീ തുമ്പീ വാ വാ... എന്ന ഗാനമാണ് സിനിമയിലെ വയലാറിന്റെ ആദ്യ ഓണപ്പാട്ട്. ഒരു വ്യാഴവട്ടക്കാലത്തെ  സർഗ്ഗസംഭാവനകളിലൂടെ കവിയും ചലച്ചിത്ര, നാടക ഗാനരചയിതാവുമായ വയലാർ രാമവർമ്മ ഗാനങ്ങളെഴുതിയ ആദ്യത്തെ ചലച്ചിത്രമാണ് കൂടപ്പിറപ്പ്. 1956 ഒക്ടോബർ 19-ന് റിലീസായ കൂടപ്പിറപ്പ് അന്നത്തെ ഒരു പരീക്ഷണ ചിത്രമായിരുന്നു. രാഗിണി-പദ്മിനിമാരുടെ സഹോദരി അംബിക നായികയായി അഭിനയിച്ച ആദ്യ ചിത്രം. മറ്റു സാങ്കേതിക പ്രവർത്തകരിൽ ഏറിയപങ്കും പുതുമുഖങ്ങൾ. 

80-കളിൽ  ദൂരദർശന്റെ ഓൾഡ് ഈസ് ഗോൾഡ് പരിപാടിയിൽ ശാന്ത പി. നായർ ഈ ഗാനം തൽസമയം പാടുന്നത് പലരുടെയും ഓർമകളിൽ എന്നും ഉണ്ടാവും. ഓണത്തിന്റെ പാട്ടടയാളങ്ങളിലൊന്നായ തുമ്പിയെ കുറിച്ചുള്ള ഈ  പാട്ട് പാറിപ്പറന്നു നടക്കുന്ന തുമ്പിയോടുള്ള ഒരു കുട്ടിയുടെ സംസാരമാണ്. സഞ്ചാരത്തിനിടയില്‍ ദൂരെ പട്ടണത്തിലുള്ള തന്റെ അച്ഛനെ കണ്ടോ എന്നാണ് ചോദ്യം. 

തുമ്പീ തുമ്പീ വാ വാ ഈ 

തുമ്പത്തണലിൽ വാ വാ 

തുമ്പീ തുമ്പീ വാ വാ

പട്ടുറുമാലും കെട്ടി ഒരു പച്ചക്കമ്പിളി ചുറ്റി

ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ... 

തുലാഭാരം(1968) എന്ന സിനിമയിലെ ഓമനത്തിങ്കളിലോണം പിറക്കുമ്പോൾ... വയലാറിന്റെ ഓണഗാനങ്ങളിൽ ഒരുപാട് അമ്മമാരെ കരയിച്ച താരാട്ടുപാട്ടാണ്. പി. സുശീലയും യേശുദാസും ചേർന്നുപാടിയ ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് ദേവരാജന്‍ മാഷാണ്.

ശാരദയ്ക്ക് മികച്ച നടിക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ദേശീയ അവാർഡും എ. വിൻസന്റിനു  മികച്ച സംവിധായകനും തോപ്പിൽ ഭാസിക്ക് മികച്ച കഥയ്ക്കുമുള്ള സംസ്ഥാന അവാർഡും നേടിക്കൊടുത്ത ചിത്രമായിരുന്നു തുലാഭാരം. കെ.പി.എസിയുടെ അതെ പേരിൽത്തന്നെയുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം. ചിത്രത്തിന്റെ വൻ സാമ്പത്തിക വിജയത്തിൽ വയലാർ ദേവരാജൻ ടീമിന്റെ ആറുഗാനങ്ങളും ഒരു ഘടകമായിരുന്നു.

vayalar-ramavarma വയലാർ രാമവർമ

പഞ്ഞമാസമായ കർക്കിടകത്തിൽ കണ്ണുനീരുപ്പിട്ട, കാണാത്ത വറ്റിട്ട കരിക്കാടി കഴിച്ചിട്ട് ചിങ്ങത്തിന്റെ പൊന്നുഷസ്സ് കണികണ്ടുണരാൻ കുഞ്ഞിനെ പാടിയുറക്കുന്ന പാട്ടാണിത്. ഓണം പിറന്നാലും ഉണ്ണി പിറന്നാലും മണ്ണിന് ഓരോ കുമ്പിൾ കണ്ണീരുമാത്രം.

  

ഓമനത്തിങ്കളിന്നോണം പിറക്കുമ്പോൾ

താമരക്കുമ്പിളില്‍ പനിനീര്

ഓണം പിറന്നാലും ഉണ്ണി പിറന്നാലും

ഓരോകുമ്പിള്‍ കണ്ണീര് - മണ്ണിനോരോ

കുമ്പിള്‍ കണ്ണീര് …

മേലേമാനത്തെ നീലിപ്പുലയിക്ക്...

ഓണം വിഷയമായി വരുന്ന വയലാർ ഗാനങ്ങളിൽ എന്തുകൊണ്ടും ശ്രദ്ധേയമാണ് ജി ദേവരാജന്‍ പഹാഡി രാഗത്തിൽ ചിട്ടപ്പെടുത്തി ബി.വസന്ത മലയാളിത്തം നിറച്ചാലപിക്കുന്ന മേലേ മാനത്തെ... എന്ന ഗാനം (കൂട്ടുകുടുംബം, 1969). ഗാനരംഗത്തു സ്‌ക്രീനിലെത്തുന്ന ഷീലയുടെ അതെ സ്വരം വസന്ത എന്ന ഗായികയെ ഓർമകളിൽ ഈ പാട്ടിനോട് ചേർത്ത് നിർത്തുന്നു.

അത്തം പത്തിന് ഓണവെളുപ്പിന് നടക്കുന്ന നാട്ടുകല്യാണ വർണ്ണനയാണീ ഗാനം. പുഞ്ചപ്പാടത്തെ പൊന്നുംവരമ്പത്ത് ആദ്യമായി കാണുന്ന പെണ്ണും ചെറുക്കനും. മഴപെയ്താല്‍ ചോരുന്ന കുടിലിലെ നീലപ്പുലയിയാണ് പെണ്ണ്. അവളെ പ്രേമിച്ച പഞ്ചമിച്ചന്ദ്രന് കനകം മേഞ്ഞ നാലുകെട്ടും.  പെണ്ണിന് താമരപ്പൂണാരം. പയ്യന് ചുണ്ടത്ത് കിന്നാരം. കെട്ടാപ്പുര കെട്ടിയും വെട്ടാപ്പുഴ വെട്ടിയുമാണ് വ്യവസ്ഥയോടുള്ള അവരുടെ പോരാട്ടം. വെള്ളിക്കലപ്പ കൊണ്ടുഴുത നിലങ്ങളില്‍ അവർ സ്വപ്നം വിതച്ച് സ്വർണ്ണം  കൊയ്തെടുത്തു.

മേലേമാനത്തെ നീലിപ്പുലയിക്ക്

മഴ പെയ്താൽ ചോരുന്ന വീട്

അവളെ സ്നേഹിച്ച പഞ്ചമിചന്ദ്രനു

കനകം മേഞ്ഞൊരു നാലുകെട്ട്.

പൂവേ പൊലി പൂവേ.. പൊലി പൊലി പൂവേ...

ചെമ്പരത്തി (1972) എന്ന ചിത്രത്തിൽ മാധുരിയും സംഘവും ചേർന്ന് പാടിയ പൂവേ പൊലി പൂവേ... വയലാര്‍-ദേവരാജൻ ടീമിന്റെ മറ്റൊരു അനശ്വര സൃഷ്ടിയാണ്. മലയാറ്റൂർ രാമകൃഷ്ണന്റെ രചനയിൽ പി.എൻ‌ മേനോൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ചെമ്പരത്തി. മലയാളനാട് വാരികയുടെ സ്ഥാപകൻ എസ്.കെ നായർ നിർമ്മിച്ച ഈ ചിത്രം 1972–ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടി.

തുമ്പപ്പൂവേ പൂത്തിരളേ നാളേക്കൊരുവട്ടി പൂതരണേ.. എന്ന പരമ്പരാഗത ഗാനമാണ് ഈ പാട്ടിന്റെ നാടിഞരമ്പ്.

പൂവേ പൊലി പൂവേ... പൊലി പൊലി പൂവേ..

തുമ്പപ്പൂവേ പൂത്തിടണേ...

നാളേയ്ക്കൊരു വട്ടി പൂ തരണേ

ആക്കില ഈക്കില ഇളംപടി പൂക്കില

ആയിരമായിരം പൂ തരണേ..

പൂവേ പൊലി പൂവേ... പൊലി പൊലി പൂവേ

യേശുദാസ് പാടിയ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..., ചക്രവർത്തിനി..., പി. മാധുരി പാടിയ അമ്പാടി തന്നിലൊരുണ്ണി.., കുണുക്കിട്ട കോഴി കുളക്കോഴി... അടക്കം ചിത്രത്തിലെ എട്ടു പാട്ടുകളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു. 

ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻ ...

ഏതു മലയാളിയുടെയും ഓർമ്മകളില്‍ പൂത്തുനില്ക്കുന്ന ഈ വയലാർ ദേവരാജന്‍ ഗാനം (1973)  പാവങ്ങള്‍ പെണ്ണുങ്ങള്‍ എന്ന ചിത്രത്തിലേതാണ്. യേശുദാസും പി.സുശീലയും സംഘവുമാണ് ഈ ഗാനം പാടിയിരിക്കുന്നത്. എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച ചലച്ചിത്രമാണ് പാവങ്ങൾ പെണ്ണുങ്ങൾ (1973)

ആലാത്തൂഞ്ഞാലിൽ ആടിപ്പറന്നു ചെന്നിട്ട് കൈകൾ മാറി മാറി  നീട്ടി ഇലത്തുമ്പിൽ ആദ്യം തൊടാനുള്ള മത്സരമാണ് ആകാശത്തും ഭൂമിയിലുമല്ലാതെയുള്ള ഊഞ്ഞാലാട്ടം.

ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻ

പൂക്കണ്ണി കോരാൻ പൂക്കളം തീർക്കാൻ

ഓടി വാ തുമ്പീ പൂത്തുമ്പീ താ തെയ്....

അന്നം പൂക്കിലയൂഞ്ഞാലാടാൻ

ഓണപ്പൂക്കളും ആലാത്തൂഞ്ഞാലും ഓണക്കോടിയും ഓലപ്പന്തുമൊക്കെ   കോർത്തുവെച്ചു വയലാർ തീർത്ത ഓണാക്കാഴ്ചകൾക്കൊത്ത് താളം പിടിക്കാനും തുള്ളിക്കളിക്കാനും പ്രേരിപ്പിക്കുന്ന ദേവരാജൻ മാഷിൻറെ  ഈണവും, യേശുദാസിന്റേയും പി. സുശീലയുടേയും ആലാപനവും  ചേർന്നപ്പോൾ ഇത് മലയാളത്തിലെ മറ്റൊരു മികച്ച ഓണപ്പാട്ടായി.

മാവേലി വാണൊരു കാലം ...

കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത കുറ്റവാളി (1970) എന്ന ചിത്രത്തിനുവേണ്ടി വയലാർ രചിച്ചു ദക്ഷിണാമൂർത്തി സംഗീതം നൽകി  പി സുശീലയും സംഘവും പാടിയ ഗാനം.

മാവേലി വാണൊരു കാലം

മറക്കുകില്ലാ - മറക്കുകില്ലാ

മറക്കുകില്ലാ മലയാളം ...

മാവേലി നാട് വാണീടും കാലം എന്ന പരമ്പരാഗത ഗാനത്തിലെ നന്മകളെ  സമകാലിക യാഥാർഥ്യങ്ങളുടെ വെട്ടത്തിൽ പ്രതിഷേധത്തോടെ  വയലാർ   നോക്കിക്കാണുന്നു.

അവസാനിക്കാത്ത ഓണക്കാഴ്ചകൾ ...

ഇനിയുമുണ്ട് പ്രണയത്തിലും ദുഖത്തിലും താരാട്ടിലുമൊക്കെ വയലാർ ചേർത്തുവെക്കുന്ന ഓണാക്കാഴ്ചകൾ. ഉത്രാടരാത്രിയുടെ വർണ്ണത്തേരിൽ വന്നിറങ്ങുന്ന പൂക്കളും അത്തപ്പൂമരത്തിന്റെ അലുക്കിട്ട കൊമ്പിന്മേൽ പൂത്തിറങ്ങുന്ന കിനാവുകളുമുള്ള ഓണപ്പാട്ട് കടത്തുകാരൻ എന്ന സിനിമയിലുണ്ട്. നദി (1969) എന്ന സിനിമയിലെ തപ്പുകൊട്ടാമ്പുറം... എന്ന പാട്ടിൽ ഓണപ്പാട്ടുകള്‍ പാടാനറിയുന്ന ഓലപ്പൂങ്കുഴലൂതാനറിയുന്ന തുമ്പി തുള്ളാനറിയുന്ന കുഞ്ഞുമുണ്ട്. 

എണ്ണമറ്റ പ്രണയ ഗാനങ്ങൾക്കിടയിൽ തിരുവോണത്തിന് തുമ്പപ്പൂക്കളത്തിൽ തുമ്പിതുള്ളാനിരുന്ന കാമുകിയെ പൂക്കുല കതിരുകൾക്കിടയിലൂടെ ഒളിക്കണ്ണുകൊണ്ടു നോക്കിക്കൊതിപ്പിച്ചത് ഓർമ്മിപ്പിക്കുന്ന കാമുകനും ഉണ്ട് (തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ..., കൂട്ടുകുടുംബം, യേശുദാസ്). കാറ്റും  മഴക്കാറും കര്‍ക്കിടകവും പോയിട്ടെത്തുന്ന ആവണിത്തുമ്പിയുമായി  തൃക്കാക്കര  മണപ്പുറത്തെത്തുന്ന പൊന്നോണത്തിനു മുറ്റത്ത് പൂക്കളം തീര്‍ക്കാന്‍ ഉണ്ണിക്കിടാവിനെക്കുറിച്ചുള്ള വാഴ്വേ മായത്തിലെ ഗാനം ഇത്തരത്തിലുള്ള മറ്റൊന്നാണ്.

ഭുമിയില്‍ നിന്നു ചവുട്ടിപ്പുറത്താക്കപ്പെട്ട മാവേലി രാജാവിനെക്കുറിച്ചുള്ള ഓണചിന്തകൾ വയലാറിൽ നിറച്ചത് സമത്വത്തെക്കുറിച്ചുള്ള ആശങ്കകളാണ്. പ്രകടമായ ഈ പക്ഷപാതിത്വമായിരുന്നു വയലാറിൻറെ ഓണപ്പാട്ടുകളുടെ   മൗലികതയും. ചിങ്ങനിലാവത്ത്‌ മുണ്ടകപ്പാടത്ത്‌ കിങ്ങിണി കെട്ടുന്ന നെല്ലോലപോലുള്ള ഗ്രാമചിത്രങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും ഓണം ആ പാട്ടുകളിൽ വല്ലാതെ ആഘോഷിക്കപ്പെടുന്നില്ല. മേലേമാനത്തെ നീലിപ്പുലയിക്ക്... പോലുള്ള ഗാനങ്ങളിലെ ഓണസങ്കൽപ്പസത്ത മറ്റാർക്കും സങ്കൽപ്പിക്കാൻകൂടി കഴിയാത്തതാണ്.