Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഗരം നഗരം മഹാസാഗരം...

nagarame-nandi-songs

നഗരം നഗരം മഹാസാഗരം മഹാസാഗരം ... ഈ  ഗാനം പിറന്നിട്ട് ഒക്ടോബർ അഞ്ചിന് 50 വർഷം തികയുന്നു. നഗരമേ നന്ദി എന്ന സിനിമയ്ക്കുവേണ്ടി പി. ഭാസ്കരന്റെ സുവർണ തൂലികയിൽ പിറന്ന ഭാവഗാനം. കെ. രാഘവൻ ഈണം നൽകി യേശുദാസിന്റെ‍ ഘനഗംഭീര സ്വരത്തില്‍ മലയാളി ഓർമയിൽ സൂക്ഷിക്കുന്ന ഗാനം.

നഗരമേ നന്ദി

നഗരജീവിതത്തിന്‍റെ നരകതുല്യമായ കാണാപ്പുറങ്ങൾ 1967 ഒക്ടോബർ അഞ്ചിന് പുറത്തുവന്ന  നഗരമേ നന്ദി മലയാളിക്കു കാട്ടിക്കൊടുത്തു. രൂപവാണിയുടെ ബാനറില്‍ ശോഭന പരമേശ്വരൻ നായർ നിർമിച്ചതായിരുന്നു എ. വിൻസെന്റ് സംവിധാനം ചെയ്ത സിനിമ. എം.ടി. വാസുദേവൻ നായര്‍ തന്റെ ഏതെങ്കിലുമൊരു സാഹിത്യകൃതി അടിസ്ഥാനമാക്കാതെ രചിച്ച തിരക്കഥയാണ് നഗരമേ നന്ദി. ഗറ്റിൻ ഗർടോപ്പ് സംവിധാനം ചെയ്ത് 1965 ല്‍ പ്രദർശനത്തിനെത്തിയ കോൺകറേഴ്‌സ് ഓഫ് ഗോൾഡൻ സിറ്റി എന്ന ചിത്രവുമായി കടുത്ത സാമ്യം നഗരമേ നന്ദിക്കുണ്ടെന്ന വിമർശനം ആദ്യം മുതൽതന്നെ ഉയർന്നിരുന്നു.

നഗരമേ നന്ദി പുറത്തുവന്ന് ഏറെക്കഴിഞ്ഞാണ് എം. മുകുന്ദന്റെ ഡൽഹിയും ആനന്ദിന്റെ ആൾക്കൂട്ടവും പോലുള്ള കൃതികളിലൂടെ നഗരജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലും അതു നൽകുന്ന നിരാശയും വെറുപ്പുമൊക്കെ മലയാള സാഹിത്യത്തിൽ കടന്നുവന്നത്.

മദ്രാസ് നഗരം. നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് നാട്ടിൽനിന്നു നഗരത്തിൽ കുടിയേറിയ ഒരു കുടുംബത്തിന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കം. മലയാളം പ്രസ്സിൽ കമ്പോസിറ്ററായി ജോലി നോക്കുന്ന രാഘവൻ ‍(മധു), ടെയ്‌ലര്‍ കൃഷ്ണേട്ടന്‍, ബ്രാഹ്മണാൾ ഹോട്ടലിൽ വിളമ്പുകാരനായ കുഞ്ഞിരാമന്‍, ഉത്സവസ്ഥലങ്ങളിൽ റോൾഡ് ഗോൾഡ് ആഭരണങ്ങൾ വിറ്റഴിക്കുന്ന ജോസഫ്, നഗരത്തിലെ പഴക്കംചെന്ന പെട്ടിപ്പീടികക്കാരനായ അച്യുമ്മാവന്‍, ജീവിതത്തിന്റെ പുറമ്പോക്കുകളിൽ അഭയം തേടി പല കൈവഴികളിലൂടെ ഒഴുകിയെത്തിയവര്‍. മിസ്സിസ് മുതലിയാരും ക്യാപ്റ്റന്‍ ദാസും. ഇവരുടെ കൂട്ടത്തിലേക്കാണ്‌ രാഘവന്റെ ബാല്യകാലസുഹൃത്തായ മാധവൻകുട്ടി (പ്രേംനസീർ) അമ്മയും സഹോദരൻ ഉണ്ണികൃഷ്ണനും അനുജത്തി കുഞ്ഞുലക്ഷ്മിയുമായി കടന്നുവന്നത്‌. ഒടുവിൽ മാധവൻകുട്ടി മരിക്കുന്നു. ശേഷിച്ചവർ നഗരത്തിനു നന്ദി പറഞ്ഞു നാട്ടിലേക്കുതന്നെ മടങ്ങുന്നു. പ്രേംനസീര്‍, മധു, ഉമ്മര്‍, പി.ജെ. ആന്റണി, അടൂര്‍ ഭാസി, സുകുമാരി, ഉഷാനന്ദിനി, ജ്യോതിലക്ഷ്മി തുടങ്ങി അന്നത്തെ വൻ താരനിരയാൽ സമ്പന്നമായിരുന്നു സിനിമ.

ഗാനങ്ങൾ

പി.ഭാസ്‌ക്കരന്റെ കവിതയൂറുന്ന വരികൾക്ക് കെ. രാഘവൻ സംഗീതം നൽകിയ നാല് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. മലയാള ചലച്ചിത്രഗാനങ്ങളിൽ എക്കാലത്തെയും മികച്ച പത്ത് ഗാനങ്ങളിലൊന്നായ മഞ്ഞണിപ്പൂനിലാവ് ... (എസ്.ജാനകി), കന്നിരാവിൻ കളഭക്കിണ്ണം... (പി.സുശീല), ലില്ലിപ്പൂ മാല വിൽക്കും പൂക്കാരി പെൺകിടാങ്ങൾ ... (എല്‍.ആര്‍.ഈശ്വരി) എന്നീ പാട്ടുകൾ ചിത്രത്തിലുണ്ട്. നഗരമേ നന്ദിയിലെ ഏറ്റവും ശ്രദ്ധേയമായ ഗാനമാണ് യേശുദാസ് പാടിയ നഗരം നഗരം മഹാസാഗരം. 

നഗരം നഗരം മഹാസാഗരം മഹാസാഗരം...

കളിയും ചിരിയും മേലേ 

ചളിയും ചുഴിയും താഴെ

പുറമേ പുഞ്ചിരി ചൊരിയും സുന്ദരി

പിരിയാന്‍ വിടാത്ത കാമുകി

പിരിയാന്‍ വിടാത്ത കാമുകി

നഗരം നഗരം മഹാസാഗരം മഹാസാഗരം

തിരയും ചുഴിയുമുള്ള മഹാസാഗരമാണ് നഗരമെന്ന് ചിത്രത്തിന്റെ പൊരുൾ കാച്ചിക്കുറുക്കിയെടുത്ത ഈ ഗാനം വല്ലാത്തൊരു നൊമ്പരത്തോടെ ഓര്‍മിപ്പിക്കുന്നു. നഗരജീവിതത്തിലെ കൃത്രിമത്വവും പൊയ്മുഖങ്ങളും ആണ് ഗാനത്തിന്റെ പ്രതിപാദ്യം. ഒപ്പം മനുഷ്യമനസ്സിന്‍റെ മോഹങ്ങളും മോഹഭംഗങ്ങളും. പുറമേ പുഞ്ചിരി പൊഴിച്ച് പിരിയാൻ വിടാത്ത സുന്ദരിയായ നഗരം.

കളിയും ചിരിയും മേലേ ചളിയും ചുഴിയും താഴേ ... നഗരജീവിതത്തിന്റെ വൈരുധ്യങ്ങളും വൈജാത്യങ്ങളും ദൈന്യതയും ഭീകരതയും വൈരൂപ്യവുമെല്ലാം ഈ വരികളിൽ പകർത്തിയെന്നാണു ‘കാവ്യമുദ്രകൾ’ എന്ന ഗ്രന്ഥത്തിൽ ശ്രീകുമാരൻ തമ്പി പറയുന്നത്.

മഹാസാഗരത്തിൽ ചെന്നുചേർന്നവർ സ്നേഹിച്ചും കലഹിച്ചും മോഹിച്ചും മോഹഭംഗപ്പെട്ടും നരരാശിയായ ജലരാശിയിൽ അലയുന്നു.

സ്നേഹിക്കുന്നൂ കലഹിക്കുന്നൂ

മോഹഭംഗത്തിലടിയുന്നൂ

നുരകൾ തിങ്ങും തിരകളെപ്പോലേ

നരരാശികളിതിലലയുന്നൂ

കുതിച്ചുപായും നഗരിയിലൊരു ചെറു -

കൂര ചമയ്ക്കുവതെങ്ങനെ ഞാൻ

പാരാവാരത്തിരയിൽ എന്നുടെ

പവിഴദ്വീപു തകർന്നാലോ ... എന്ന കേവലനായ മര്‍ത്യന്‍റെ ആശങ്കകളോടെ ഗാനം അവസാനിക്കുന്നു.

പി. ഭാസ്കരന്റെ ഇഷ്ടഗാനം

എംടിയുടെ തിരക്കഥയുടെ തീവ്രമുഹൂർത്തങ്ങൾക്കനുസരിച്ച് ‘കരയുന്നോ പുഴ ചിരിക്കുന്നോ ...’ (മുറപ്പെണ്ണ്) എന്ന ഗാനവും ‘നഗരം നഗരം മഹാസാഗര’വും തയാറാക്കിയതിനെ കുറിച്ച് പി.ഭാസ്കരൻ തന്‍റെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്. ഏറെ പ്രിയപ്പെട്ട ഗാനമായതിനാലാവും അവസാനനാളുകളിലും ആരെങ്കിലും ഒരു പാട്ടു പാടാൻ പറഞ്ഞാൽ ഇടറിയ കണ്ഠത്തോടെയാണെങ്കിലും പി. ഭാസ്കരൻ ഈ ഗാനം പാടിയിരുന്നത്‌.

ഓർമശക്തിക്കുമേലെ മറവിയുടെ മൂടൽമഞ്ഞു മെല്ലെപ്പടർന്ന കാലത്ത് ആവശ്യപ്പെടുമ്പോഴെല്ലാം പാടിയിരുന്നതു നഗരം നഗരം മഹാസാഗരം എന്ന ഈ പാട്ടായിരുന്നു. അവസാന കാലത്തൊരിക്കൽ ഒഎൻവിയുടെ മുന്നിലും അദ്ദേഹം ഈ പാട്ടു പാടി. ഈ കഥകൾ മകൻ അജിത്തിന്‍റെ ഭാര്യ ദൃശ്യമാധ്യമ പ്രവർത്തക രേഖാ മേനോൻ ‘സംഗീതസ്മൃതികൾ’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യുട്യൂബിലുള്ള, പി.ഭാസ്കരൻ ഈ ഗാനം പാടുന്ന വിഡിയോ അദ്ദേഹം മരിക്കുന്നതിന് രണ്ടുമാസം മുൻപ് അവരെടുത്തതായിരുന്നു.

കവികളുടെ ഇഷ്ടഗാനം

വളരെ കുറച്ചു പറഞ്ഞു വലിയ ആശയം ആവിഷ്കരിക്കാനുള്ള പി.ഭാസ്കരന്റെ കഴിവിനെ ശ്രീകുമാരൻ തമ്പി ഉദാഹരിക്കുന്നത് ഈ ഗാനത്തിലൂടെയാണ്. പ്രണയം, വിരഹം, ആഘോഷം ഇവയാണ് കൂടുതൽ സിനിമാഗാനങ്ങളുടെയും വിഷയമെങ്കിൽ ഗഹനഘനഭാവം കൊണ്ടുവരുന്ന നഗരം നഗരമാണ് കവി ഡി. വിനയചന്ദ്രന്റെയും ഇഷ്ടഗാനം.

പി. ഭാസ്കരന്റെ എല്ലാ പാട്ടുമെന്നപോലെ ശില്പഭം‌ഗിയാണ്‌ ഇതിന്റെയും പ്രത്യേകത. നഗരജീവിതത്തിന്റെ നരകഭാവവും അനാഥത്വവും പകരുന്ന ഈ ഗാനം യേശുദാസിന്റെ ശബ്ദഗാംഭീര്യം സംക്രമിപ്പിക്കുകയും ചെയ്യുന്നു.