Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞക്കിളി പാടിയ മുത്തശ്ശി ദാ ഇവിടെയുണ്ട്...

kanmadham-muthassi

ഭാനുവും വിശ്വനാഥനും തിളയ്ക്കുന്ന വേനലുള്ള ആ നാടും അവരുടെ ജീവിതും ഇപ്പോഴും മനസ്സിലുണ്ട്. ലോഹിതദാസിന്റെ കന്മദം ഒരു കനലായി ഉള്ളിലങ്ങനെ കിടപ്പുണ്ട് ഇപ്പോഴും. അത്രമേല്‍ തീക്ഷ്ണമായിരുന്നു ആ ചിത്രവും അതിലെ പ്രമേയവും. അവര്‍ മാത്രമല്ല അതിലെ ഓരോ കഥാപാത്രങ്ങളും അങ്ങനെ തന്നെ. പ്രത്യേകിച്ച് ഈ മുത്തശ്ശി. മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് പാടി ഇപ്പോഴുമവര്‍ നമുക്കൊപ്പമുണ്ട്. ഓര്‍ക്കാറില്ലേ ആ മുത്തശ്ശിയെ കുറിച്ച്. അവരിപ്പോള്‍ എവിടെയാകും എന്ന് ആലോചിക്കാറില്ലേ ? വര്‍ഷങ്ങള്‍ക്കിപ്പുറം, ഓര്‍ക്കാപ്പുറത്ത് അതേ മുത്തശ്ശിയെ കാണുമ്പോള്‍ സന്തോഷവും കൗതുകവും ചേരുന്ന പ്രത്യേകമൊരു അനുഭൂതിയാണ് ഉണ്ടാവുക. മഞ്ഞക്കിളി പാടിയ പ്രിയപ്പെട്ട അമ്മമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഗായകന്‍ കൂടിയായ കൗശിക് മേനോന്‍ പങ്കുവച്ചപ്പോൾ ആ അനുഭൂതി എത്ര വലുതാണെന്ന് നാം തിരിച്ചറിയുന്നു.

മുത്തശ്ശി തൊണ്ണൂറു വയസുകാരിയായിരിക്കുന്നു. പാലക്കാട്ടെ പാര്‍വതി മണ്ഡപത്തില്‍ മക്കളും കൊച്ചുമക്കളും കൂട്ടുകാരുമൊക്കെ ചേര്‍ന്നൊരുക്കിയ പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷത്തിലിരിക്കുകയായിരുന്നു മുത്തശ്ശി. കന്‍മദം പുറത്തിറങ്ങി ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം, തീക്ഷ്ണമായ വേനലുള്ള ഒരു പകലില്‍ ആ മുത്തശ്ശിയെ മലയാളികള്‍ അങ്ങനെ വീണ്ടും കണ്ടു. കൗശിക് പങ്കു വെച്ച ചിത്രത്തിലൂടെ. 

ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു ആ മുത്തശ്ശി. സിനിമയ്ക്കു ചേരുന്ന മുത്തശ്ശിമാരെ തേടിയുള്ള ലോഹിതദാസിന്റെ യാത്ര തത്തമംഗലത്താണ് അവസാനിച്ചത്. അവിടെ നിന്നാണ് ശാരദാ നേത്യാര്‍ എന്നു പേരുള്ള ഈ മുത്തശ്ശിയെ കിട്ടിയത്. മുത്തശ്ശിക്കൊ കുടുംബത്തിനോ സിനിമയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ലോഹിതദാസ് ആദ്യം കഥ പറയുമ്പോള്‍ പറ്റില്ലെന്ന നിലപാടില്‍ തന്നെയായിരുന്നു മുത്തശ്ശി. പിന്നീട്, ആ മോഹന്‍ലാല്‍ ആണെങ്കില്‍ ഒരു കൈ നോക്കാം... എന്നൊരു കളി പറഞ്ഞ് മുത്തശ്ശിക്കിളി സമ്മതം മൂളി. സിനിമയില്‍ മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും ലാലിനുമൊപ്പം മുത്തശ്ശി നിറഞ്ഞു നിന്നു. മോഹന്‍ലാലിനൊപ്പം മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ എന്ന പാട്ടുപാടി സ്‌നേഹപൂര്‍വ്വം മലയാളികളുടെ മനസ്സുകളിലേക്ക് മുത്തശ്ശി നടന്നു കയറി. 

കൗശിക് മേനോന്റെ ബന്ധുവാണ് ഇൗ മുത്തശ്ശി. ‘തത്തമംഗലത്തെ മുത്തശ്ശിമാരെല്ലാം സുന്ദരികളാണ്. അക്കൂട്ടത്തിലൊരാളാണ് എന്റെയീ മുത്തശ്ശിയും. കാണാനുള്ള അഴകും ഐശ്വര്യവും വ്യക്തിത്വത്തിലും സൂക്ഷിക്കുന്നയാൾ. തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വമാണ് മുത്തശ്ശിയെന്ന് കൗശിക് പറയുന്നു. രക്തബന്ധത്തിനപ്പുറമുള്ള സ്‌നേഹബന്ധമാണ് ഞങ്ങള്‍ തമ്മില്‍. താന്‍ പാതി ദൈവം പാതി എന്നതില്‍ അടിയുറച്ചു വിശ്വസിക്കുന്ന, ജീവിതത്തില്‍ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്കു പോലും ഏറെ പ്രാധാന്യം നല്‍കുന്ന ഒരുപാട് വായിക്കുന്ന, നിറഞ്ഞു ചിരിക്കുന്ന മുത്തശ്ശിക്കൊപ്പം അനവധി ഓര്‍മ്മകളുണ്ട് കൗശിക്കിന്. പാലക്കാട് നടക്കുന്ന എല്ലാ സംഗീത പരിപാടികളിലും ഞങ്ങള്‍ ഒരുമിച്ചാണ് പോയിരുന്നത്. എന്‌റെ ജീവിതത്തിലെ ആദ്യത്തെ റെക്കോഡിങിന് ഒപ്പം വന്നത് മുത്തശിയായിരുന്നു. ഞങ്ങളൊരുമിച്ച് മൂകാംബികയിലൊക്കെ പതിനഞ്ച് ദിവസത്തോളം പോയി താമസിച്ചിട്ടൊക്കെയുണ്ട്. സംഗീതത്തിനു വേണ്ടി ചെന്നൈയിലേത്തുന്നതിനു മുന്‍പുള്ള ജീവിതത്തില്‍ നല്ല ഓര്‍മകള്‍ സമ്മാനിച്ചത് ഈ മുത്തശ്ശിയാണ്.’കൗശിക് പറയുന്നു. 

നവതി ആഘോഷത്തിനിടയില്‍ ഒരു കൗതുകത്തിനാണ്  മുത്തശ്ശിയുടെ ചിത്രമെടുത്തതും പിന്നീട് അത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതും. പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു പ്രതികരണം. ഒരുപാട് സുഹൃത്തുക്കള്‍ എനിക്ക് സന്ദേശം അയച്ചു. ഒറ്റ ചിത്രത്തിലൂടെ തന്നെ മുത്തശ്ശി അവരില്‍ ഉണ്ടാക്കിയ സ്വാധീനം എന്നെ അത്ഭുതപ്പെടുത്തി. അന്ന് മുത്തശ്ശി സിനിമ ചെയ്ത് കഴിഞ്ഞ സമയത്ത് ഒരുപാട് സിനിമ പ്രേമികള്‍ വീട്ടില്‍ അവരെ തേടിയെത്തിയിരുന്നു. ഒപ്പം നിന്ന് ചിത്രമൊക്കെയെടുത്താണ് അന്ന് അവരൊക്കെ മടങ്ങിയിരുന്നത്. 

സിനിമകളിലേക്കു പിന്നീടെത്താന്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല മുത്തശ്ശിക്ക്. പിന്നീട് അഭിനയിച്ചത് പട്ടാഭിഷേകത്തില്‍ മാത്രം. ഭര്‍ത്താവിന്റെ ഓര്‍മകളില്‍ ജീവിച്ചിരുന്ന മുത്തശ്ശി ചില നിബന്ധനകളോടെയാണ് അഭിനയിച്ചത്. സിനിമയില്‍ ഭര്‍ത്താവായി അഭിനയിക്കുന്ന ആളെ ഏട്ടാ...എന്നു വിളിക്കുന്ന സീന്‍ ഉണ്ടാകരുതെന്ന്. ലോഹിതദാസ് അത് സമ്മതിച്ചു. സിനിമയില്‍ മുന്‍പൊരു പരിചയവുമില്ലാതിരുന്ന മുത്തശ്ശി ആദ്യ ടേക്കില്‍ തന്നെ എല്ലാം ഓക്കെയാക്കി. മോഹന്‍ലാല്‍ എന്ന മഹാനടനോടൊപ്പമുള്ള സീനുകളും അതിലുണ്ടായിരുന്നുവെന്ന് ഒാര്‍ക്കണം. സെറ്റിലേക്ക് അന്ന് എല്ലാവര്‍ക്കുമുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കിക്കൊണ്ടാണ് മുത്തശ്ശി പോയിരുന്നത്. എല്ലാവരോടും അത്രയേറെ സ്‌നേഹമായിരുന്നു. മുത്തശ്ശിയെ അടുത്തറിയുന്നവരെയെല്ലാം അത്ഭുതപ്പെടുത്തുന്ന ഒരു മേക്ക് ഓവര്‍ അന്ന് സിനിമയില്‍ അവര്‍ക്കു നല്‍കിയത് ദേവസിയെന്ന മേക്കപ്പ് മാന്‍ ആയിരുന്നു. ആനന്ദവല്ലിയുടേതായിരുന്നു മുത്തശ്ശിയുടെ ശബ്ദം. എല്ലാം ഒന്നിനോടൊന്നു ഭംഗിയോടെ ചേര്‍ന്നു നിന്നു.

സിനിമ ചിലപ്പോള്‍ ഇങ്ങനെയാണ്, വളരെ ചുരുക്കം മാത്രമെ ചില മുഖങ്ങള്‍ അതില്‍ വന്നുപോകുകയുള്ളൂ. പക്ഷേ പിന്നീടുള്ള കാലത്തോളം ആ അഭിനേതാവും കഥാപാത്രവും നമുക്കുള്ളില്‍ നിറഞ്ഞു നില്‍ക്കും ഒരുപാട് സ്‌നേഹത്തോടെ...മഞ്ഞക്കിളി പാടിയ ഈ മുത്തശിയെ പോലെ.