Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എനിക്ക് ഇനി പാടാൻ കഴിയുമോ ഡോക്ടർ', ആ ഓര്‍മയിൽ എം ജയചന്ദ്രൻ

mjayachandran

എന്റെ കുട്ടിക്കാലത്തെ ഓർമകളെല്ലാം പച്ചപിടിച്ചു നിൽക്കുന്നത് തിരുവനന്തപുരം നഗരത്തിൽ നിന്ന് അകലെയുള്ള മങ്കാട്ടുകടവിലാണ്. അച്ഛന്റെ മാതാപിതാക്കൾ താമസിച്ചിരുന്നത് അവിടെയായിരുന്നു. ഞങ്ങളുടെ വീടാകട്ടെ പൂജപ്പുരയിലും. 

അവിടെ നിന്നു ബസിൽ ഞങ്ങൾ മങ്കാട്ടുകടവിലെത്തും. അക്കാലത്തു പാലമില്ലാത്തതിനാൽ വള്ളത്തിൽ കയറി അക്കരെ ഇറങ്ങും. തുടർന്ന് ഒരു കിലോമീറ്ററോളം നടന്നാലേ അച്ഛച്ഛന്റെയും അച്ഛമ്മയുടെയും വീട്ടിൽ എത്തൂ. അന്ന് ആ പ്രദേശം നിറയെ കൊക്കുകളാണ്. കൊക്കിനെ പിടിക്കാൻ നടന്നിരുന്ന ബാല്യകാലം മറക്കാനാവില്ല. പുഴയിലൂടെ വള്ളത്തിൽ അങ്ങനെ തുഴഞ്ഞു പോകുന്നതും രസമായിരുന്നു. അക്കാലത്ത് അവിടെ വലിയ തെങ്ങിൻ പുരയിടമുണ്ട്. 

ഒരു തവണ 1500–2000 തേങ്ങ വരെ കിട്ടും. ഇതിനിടെ കരിക്കു വെട്ടി ഞങ്ങൾ കുടിക്കും. തേങ്ങ വെട്ടുന്നയാൾ അനായാസം മുകളിലേക്കു കയറിപ്പോകുന്നത് അദ്ഭുതത്തോടെ ഞാൻ നോക്കിയിരിക്കും. തേങ്ങ വെട്ടിക്കഴിഞ്ഞാൽ അയാൾക്കു പണത്തിനു പുറമേ കുറെ തേങ്ങയും കൊടുക്കും. കൂട്ടിയിട്ടിരിക്കുന്ന തേങ്ങകളിൽ ഏറ്റവും വലുതു നോക്കിയേ അയാൾ എടുക്കൂ. 

തേങ്ങ വാങ്ങാൻ ആളുകൾ വരുന്നതും പൊതിച്ചു വള്ളത്തിലും സൈക്കിളിലും കൊണ്ടുപോകുന്നതും മറന്നിട്ടില്ല. മങ്കാട്ടു കടവിൽ പാലം വന്നതോടെ ചുറ്റുപാടുകളെല്ലാം മാറി. എങ്കിലും ഇപ്പോഴും അതിലേ മണൽ വള്ളങ്ങൾ പോകുന്നതു ഞാൻ നോക്കിനിൽക്കാറുണ്ട്. 

മറക്കാനാവാത്ത മാർ ഇവാനിയോസ് 

പത്തു കഴിഞ്ഞപ്പോൾ മാർക്ക് കുറവായതിനാൽ മെറിറ്റിൽ പ്രീഡിഗ്രിക്ക് അഡ്മിഷൻ കിട്ടുക ബുദ്ധിമുട്ടായിരുന്നു. എങ്കിലും എന്നെയും കൂട്ടി അമ്മ മാർ ഇവാനിയോസ് കോളജിൽ പോയി പ്രിൻസിപ്പൽ ഫാ.തോമസ് കൊട്ടാരത്തിലിനെ കണ്ടു. മാർക്ക് കുറവാണെങ്കിലും ഇവന് ഫസ്റ്റ് ഗ്രൂപ്പ് എടുത്തു പഠിക്കാനാണ് ആഗ്രഹമെന്ന് അമ്മ പറഞ്ഞപ്പോൾ അച്ചൻ ചിരിച്ചു. ഇവൻ പാട്ടുകാരൻ ആണെന്നു പറഞ്ഞപ്പോഴാണ് അച്ചന്റെ കണ്ണുകൾ തിളങ്ങിയത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൂന്നു തവണ സമ്മാനം നേടിയിട്ടുണ്ടെന്നു കൂടി കേട്ടതോടെ ‘‘ഇയാൾക്ക് അഡ്മിഷൻ കൊടുത്തില്ലെങ്കിൽ പിന്നെ വേറെയാർക്കു കൊടുക്കും’’ എന്നായി അച്ചൻ. അങ്ങനെ അദ്ദേഹത്തിന്റെ ദയാദാക്ഷിണ്യം കൊണ്ടാണ് എനിക്കു മാർ ഇവാനിയോസിൽ പ്രവേശനം ലഭിച്ചത് .പ്രീഡിഗ്രിക്കു പഠിച്ച രണ്ടു വർഷവും അച്ചൻ പ്രതീക്ഷിച്ച പോലെ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ കോളജിനു വേണ്ടി സമ്മാനങ്ങൾ നേടാൻ സാധിച്ചു. 

എന്തായാലും പ്രീഡിഗ്രിക്കു നല്ല മാർക്ക് ലഭിച്ചു. തുടർന്നുള്ള മൂന്നു വർഷം ടികെഎം എൻജിനീയിറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചിൽ പഠിച്ചു. അച്ഛൻ ടികെഎം എൻജിനീയറിങ് കോളജിലെ അധ്യാപകനായി കുറെക്കാലം ജോലി ചെയ്തിരുന്നതു കൊണ്ട് അന്നത്തെ പ്രിൻസിപ്പൽ ലബ്ബ സാർ ആണ് എനിക്കു പ്രവേശനം തന്നത്. നാലാം വർഷമായപ്പോൾ തിരുവനന്തപുരം ഗവ.എൻജിനീയറിങ് കോളജിലേക്കു മാറ്റം വാങ്ങി.

തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലെ എംഎസ്‌സി ഇലക്ട്രിക്കൽ എൻജിനീയറിങ് ആദ്യ ബാച്ചുകാരനായിരുന്നു അച്ഛൻ. ചേട്ടനും ഇതേ കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. 

അക്കാലത്തു പ്രാക്ടിക്കൽ വലിയ ബുദ്ധിമുട്ടായിരുന്നു. ഇന്റേണൽ പരീക്ഷയിൽ രക്ഷപ്പെടില്ലെന്നായപ്പോൾ ഞാൻ പരീക്ഷയുടെ തലേദിവസം രാത്രി വൈകി ഞങ്ങളുടെ അധ്യാപകൻ ഷേണായ് സാറിന്റെ ജഗതിയിലെ വീട്ടിൽ ചെന്നു കയറി.‘‘ഈ സമയത്താണോ വരുന്നത്’’ എന്നു ചോദിച്ചു സാർ എന്നെ വഴക്കു പറഞ്ഞുവെങ്കിലും രണ്ടു മൂന്നു മണിക്കൂർ എടുത്ത് എല്ലാം പഠിപ്പിച്ച ശേഷമാണ് തിരികെ അയച്ചത്. അതുകൊണ്ടു തന്നെ പ്രാക്ടിക്കലിന് എനിക്കു നല്ല മാർക്ക് കിട്ടി. ഇപ്പോൾ ഷേണായ് സാർ കൊച്ചിയിലുണ്ട്. എനിക്ക് അവാർഡു കിട്ടുമ്പോൾ വിളിച്ച് അനുമോദിക്കാറുണ്ട്. 

പാട്ട് ഒന്നാം ക്ലാസ് മുതൽ 

നീറമൺകര മന്നം മെമ്മോറിയൽ ഹൈസ്കൂളിലായിരുന്നു പഠനത്തിന്റെ തുടക്കം. ഒന്നാം ക്ലാസ് മുതൽ പാട്ടു പാടുമായിരുന്നു. പതിവായി മത്സരങ്ങളിലും പങ്കെടുത്തിരുന്നു. സ്കുളിൽ വിശാലമായ ഗ്രൗണ്ടും അതിനു ചുറ്റും മുള്ളുവേലിയുമുണ്ടായിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന കാലത്തു ഞാൻ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുകയായിരുന്നു. ഓട്ടത്തിനിടെ എങ്ങനെയോ മുള്ളുവേലിയിലേക്കു വീണു. വീഴ്ചയുടെ ആഘാതത്തിൽ കഴുത്തിൽ കമ്പി തറച്ചുകയറി. ഒരു വിധത്തിൽ അതു വലിച്ചൂരിയതു മാത്രം ഓർമയുണ്ട്. കഴുത്തിൽ നിന്നു ചോര ചീറ്റിയൊഴുകാൻ തുടങ്ങി. എന്റെ സീനിയറായ വിനോദ് എന്നയാൾ ഓടിയെത്തി കോരിയെടുത്തു ഹെഡ്മാസ്റ്ററുടെ മുറിയിലേക്കു കൊണ്ടുപോയി കിടത്തി. ശിവശങ്കരൻ നായർ എന്നാണ് ഹെഡ്മാസ്റ്ററുടെ പേര്. അദ്ദേഹം കഴുത്തിലെ മുറിവിൽ പഞ്ഞി വച്ചു കെട്ടി. എനിക്ക് അപകടം പറ്റിയ കാര്യം അമ്മയെ വിളിച്ചുപറഞ്ഞു.

അമ്മ തിരുവനന്തപുരത്ത് അക്കാലത്തു കാർ ഓടിച്ചിരുന്ന അപൂർവം വനിതകളിൽ ഒരാളായിരുന്നു. അമ്മ കാർ ഓടിച്ചു പോകുന്നതു കണ്ട് പലരും അദ്ഭുതത്തോടെ നോക്കിയിരുന്ന കാലം. എന്തായാലും അപകടവിവരം അറിഞ്ഞയുടൻ അമ്മ സ്വയം കാർ ഓടിച്ചു സ്കൂളിലെത്തി. എന്നെ വണ്ടിയിൽ കയറ്റി ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ചു. വലിയ മുറിവാണ് കുത്തിക്കെട്ടണമെന്നു പരിശോധിച്ച ഡോ.വെങ്കിടേശ്വരൻ പറഞ്ഞു. 

‘‘എനിക്ക് ഇനി പാടാൻ പറ്റുമോ ഡോക്ടർ’’ എന്നായിരുന്നു വേദനയോടെ എന്റെ ചോദ്യം. 

‘‘അതിനെന്താ മോന് ഒരു കുഴപ്പവും വരില്ല.’’ എന്നു പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചു. 

കഴുത്തിൽ മധ്യഭാഗത്തു തന്നെ 22 സ്റ്റിച്ച് ഇടേണ്ടി വന്നു. എനിക്ക് എന്തെങ്കിലും പറ്റുമോയെന്ന് ആശങ്കയുണ്ടായിരുന്ന ഡോക്ടർ പിറ്റേന്നു രാവിലെ എട്ടു മണിക്കു തന്നെ ആശുപത്രിയിലെത്തി. ഭാഗ്യവശാൽ കുഴപ്പമൊന്നും സംഭവിച്ചില്ല. ഒരു മാസം സ്കൂളിൽ പോകാൻ സാധിച്ചില്ലെന്നു മാത്രം. പിൽക്കാലത്തു സുഹൃത്തുക്കളിൽ പലരെയും കാണുമ്പോൾ അവരെല്ലാം ചോദിക്കുന്നത് ഒന്നേയുള്ളൂ.‘‘പണ്ട് മുള്ളുകമ്പിയിൽ വീണയാളല്ലേ...’’എന്റെ വീഴ്ച അക്കാലത്തു സ്കൂളിൽ വലിയ പബ്ലിസിറ്റി നേടിയ കാര്യമായിരുന്നു. പത്താം ക്ലാസ് വരെ ആ സ്കൂളിലാണു പഠിച്ചത്.

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്