Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമയിലെ സലിൽ ദാ; ഓണപ്പാട്ടിന്റെ ഈണം

salil-main.jpg.image.784.410

ഇന്ന് സലിൽ ചൗധരിയുടെ ഇരുപത്തിമൂന്നാം ചരമവാർഷികം. അദ്ദേഹം ഈണമിട്ട ഓണപ്പാട്ടുകളിലൂടെ ഒരു സംഗീതയാത്ര

രവീന്ദ്രനാഥ ടാഗോറിനുശേഷം ബംഗാളി സംഗീതത്തിന്റെ തുടർച്ച ഏറ്റെടുക്കുകയും ഹിന്ദി ചലച്ചിത്രഗാന സംഗീതരംഗത്ത് വ്യത്യസ്തമായ ഒരിടം കണ്ടെത്തലുകളും അറുപതുകളുടെ രണ്ടാം പാതിമുതൽ ഒരു പതിറ്റാണ്ടിലേറെക്കാലം മലയാള ചലച്ചിത്ര ഗാനരംഗം കീഴടക്കുകയും ചെയ്ത ഇന്ത്യൻ സംഗീതവിസ്മയമായിരുന്നു സലിൽ ചൗധരി. 42 ബംഗാളി , 75 ഹിന്ദി , 27 മലയാള, 5 തമിഴ്,  3 കന്നട ചിത്രങ്ങൾ‍, ഗുജറാത്തി, മറാത്തി, ആസ്സാമീസ് അടക്കം വിവിധ ഭാഷാചിത്രങ്ങൾ. വിശാലമാണ് സലിൽ ദാ സംഗീതം നിറച്ച ആ ഗാനസാഗരം.

സ്വയം സൃഷ്ടിച്ചെടുത്ത വ്യത്യസ്തമായ സരണിയിലൂടെ മലയാളികളുടെ സംഗീതഭാവുകത്വത്തിൽ വിപ്ലവകരമായ മാറ്റംകുറിച്ച മൗലിക പ്രതിഭയായിരുന്നു അദ്ദേഹം. 1966 ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത 'ചെമ്മീനി'ലൂടെ നാളിതുവരെ കേൾക്കാത്ത ഓർക്കസ്ട്രേഷനും വടക്കെ ഇന്ത്യൻ  നാടോടി-ഹിന്ദുസ്ഥാനി പാരമ്പര്യവുമായി മലയാള ചലച്ചിത്രഗാന സംഗീതരംഗത്തെത്തിയ സലിൽ ചൗധരി 27 ചിത്രങ്ങൾക്കായി 106  ഗാനങ്ങൾക്ക് സംഗീതം നൽകി. മാനസമൈനേ വരൂ, കാടാറുമാസം, കദളി കൺകദളി, മനക്കലെ തത്തേ, സന്ധ്യേ കണ്ണീരിതെന്തേ, കാതിൽ തേൻ മഴയായ് ... തുടങ്ങി നിരവധിയായ സലിൽ ദാ ഗാനങ്ങൾ. വയലാറിനൊപ്പം നെല്ലും നീലപൊന്മാനും രാഗവും രാസലീലയുമടക്കം എട്ടു ചിത്രങ്ങൾ. സ്വപ്നം, മദനോത്സവം, സമയമായില്ല പോലും അടക്കം 10 സിനിമകളിൽ ഒഎൻവിക്കൊപ്പം. ഒഎൻവി (45), വയലാർ (35), ശ്രീകുമാരൻ തമ്പി (18) എന്നിവരോടോപ്പമാണ് കൂടുതൽ പാട്ടുകൾക്ക് ഈണമിട്ടത്.

മലയാളത്തിൽ ഉണ്ടായിട്ടുള്ള 70 ഓളം ഓണപ്പാട്ടുകളിൽ നാലെണ്ണത്തിനു  അദ്ദേഹം ഈണം പകർന്നു. ഒഎൻവിയുമായ കൂട്ടുകെട്ടിൽനിന്ന് രണ്ട് ഓണപ്പാട്ടുകൾ. പി ഭാസ്കരനോടും ശ്രീകുമാരൻ തമ്പിയോടും ഒപ്പം ഒരോ പാട്ടും.

തുമ്പിപാട്ടുകളുടെ ഈണം

ഓണാഘോഷങ്ങളിലേക്കു തുമ്പിയെ ക്ഷണിച്ചുകൊണ്ടു രണ്ടു മഹാകവികൾ രചിച്ച ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് സലില്‍ ചൗധരിയാണ്. പി ഭാസ്കരൻ രചിച്ച തുമ്പി തുമ്പി തുള്ളാൻ വായോ ... അപരാധി(1977), ഒ.എൻ.വി. കുറുപ്പിന്റെ ഒന്നാം തുമ്പീ നീയോടി വാ ... ഇവയാണ് ഗാനങ്ങൾ.

സുജാത മോഹനും അമ്പിളിയും സംഘവും പാടിയ തുമ്പി തുമ്പി തുള്ളാൻ വായോ ...  സലിൽ ചൗധരിയുടെ ഈണത്തിൽ മലയാളികേട്ട ആദ്യ ഓണപ്പാട്ടാണ്. 300 ചലച്ചിത്രങ്ങൾക്കായി 1500 ഓളം ഗാനങ്ങൾ രചിച്ച ഭാസ്കരൻ മാഷിനൊപ്പം സലിൽ ചൗധരി സംഗീതസംവിധാനം നിർവഹിച്ച ഏക ചലച്ചിത്രമാണ് 1977 ഫെബ്രുവരി 10നു പുറത്തുവന്ന 'അപരാധി'.

ഓണക്കാലത്തെ ആഘോഷത്തിലും ഊഞ്ഞാലാട്ടത്തിലും പാട്ടിലും നൃത്തത്തിലുമൊക്കെ പങ്കുചേരാന്‍ തുമ്പിയെ ക്ഷണിക്കുന്ന പാട്ട്. വീടിനുള്ളിലും മുറ്റത്തും ഓടിനടന്ന് അമ്മയുടെ ചോദ്യങ്ങൾക്കു രണ്ടു കൊച്ചുകുട്ടികളായ മക്കൾ ഉത്തരം പറയുന്നപോലെയാണ് പാട്ടിന്റെ പുതുമയുള്ള ഈണം. തുമ്പിതുള്ളൽ, പൂനുള്ളൽ, മുറ്റത്തെ മുല്ലയിലെ തുമ്പിയുടെ ഊഞ്ഞാലാട്ടം, തത്തമ്മ പെണ്ണിൻറെ കൊഞ്ചൽ ഇങ്ങനെ പി ഭാസ്കരൻ വാക്കിൽ തീർത്ത ഓണക്കാല നാട്ടുകാഴ്ചകൾ സലിൽ ചൗധരിയുടെ ഈണത്തിന്റെ എല്ലാ നൂതനത്വമായി മലയാളി ഈ പാട്ടിൽ വിസ്മയത്തോടെ കേട്ടു.

1978 ആഗസ്റ്റിൽ പുറത്തിറങ്ങിയ 'സമയമായില്ലാ പോലും' എന്ന സിനിമയിലേതാണ് 'ഒന്നാം തുമ്പി നീ ഓടിവാ' എന്ന ഗാനം. 'ഉണ്ണിച്ചൊടിയിൽ പൊൻപൂ വിടർത്തുന്ന ഉണ്ണിക്കിനാവിൻ സംഗീതമായ്' സലിൽ ദാ ഈണമിട്ട പാട്ട്. ചിങ്ങപ്പെണ്ണിൻ ചിറ്റാടയിൽ തൊങ്ങൽ ചാർത്തിയ പൂഞ്ചില്ലകളും  ആലിന്റെ കൊമ്പത്തൊരൂഞ്ഞാലു കെട്ടി ആലോലമാടുന്ന എൻകണ്ണനുമൊക്കെ ഉച്ചസ്ഥായിയിൽ ആലപിക്കാൻ പി സുശീലയുടെ ആഴമുള്ള ശബ്ദമാണ് ദേവരാജൻ മാഷിനെപ്പോലെ സലിൽ ദായും ഉപയോഗിക്കുന്നത്. 

പൂവിളിപ്പാട്ടിൻറെ ഈണം 

ശ്രീകുമാരന്‍ തമ്പിയുടെ രചനയും സലില്‍ ചൗധിരിയുടെ സംഗീതവും ഗന്ധർവ സ്വരമാധുരിയും ചേർന്ന ഈ പൊന്നോണപൂവിളിക്ക് ഇന്നും പത്തരമാറ്റാണു തിളക്കം. 1977 ഏപ്രിൽ 14 വിഷുദിനത്തിൽ പ്രദർശനത്തിനെത്തിയ 'വിഷുക്കണി'എന്ന സിനിമയിലേതാണ് നാലു പതിറ്റാണ്ടായി ഓരോ ഓണത്തിനും ഓർമ്മയിൽനിന്നും ഒരുവട്ടമെങ്കിലും പുതുമയോടെ ഓടിയെത്തുന്ന മലയാളിയുടെ ഈ പൂവിളിപാട്ട്. ഓണാട്ടുകരക്കാരൻ ഒരുക്കുന്ന ഓണാക്കാഴ്ചകളുടെ പൂക്കളവും മലയാളിത്തം ഒട്ടും ചോർന്നുപോകാതെ 'വലചി' രാഗത്തിൽ സലിൽ ചൗധരി നൽകിയ ഈണവും ചേർന്നപ്പോൾ അത് മലയാളസിനിമയിലെ ജനപ്രിയ ഓണപ്പാട്ടായി മാറി.

1973 ൽ സ്വപ്നം എന്ന ചിത്രത്തിലെ മാനേ മാനേ, നീ വരൂ കാവ്യദേവതേ, (യേശുദാസ്), മഴവിൽക്കൊടി, ശാരികേ എന്‍ , (എസ് ജാനകി), സൌരയൂഥത്തില്‍ (വാണി ജയറാം) പോലെയുള്ള ഹിറ്റുകളുടെ ഗാനരചന നിർവഹിച്ച ഒഎൻവിതന്നെ വിഷുക്കണിക്കും പാട്ടെഴുതിയാൽ മതിയെന്നായിരുന്നു സലിൽ ചൗധരിയുടെ അഭിപ്രായം. എന്നാൽ തമ്പി മതിയെന്ന് സംവിധായകൻ ശശികുമാർ ഉറപ്പിച്ചു.

പാട്ടിന്റെ ഈണം പിറന്നതിനെക്കുറിച്ച് ശ്രീകുമാരൻ തമ്പി പറഞ്ഞു, “ചെന്നൈയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു കംപോസിങ്. ജന്മിയുടെ മകളെ വിവാഹം കഴിച്ച കർഷകയുവാവിന്റെ ആഹ്ലാദം ഗാനപശ്ചാത്തലമാക്കി സലിൽ ചൗധരി ഉൽസവതാളത്തിൽ ഇമ്പമാർന്ന ഈണം ഉണ്ടാക്കി എന്റെ  മുന്നിലേക്ക് വച്ചു. മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണംതന്നെ ഈണത്തിന് ഇരിക്കട്ടെ എന്നു ഞാനും തീരുമാനിച്ചു. അല്ലാതെ 'വിഷുക്കണി' സിനിമയുടെ കഥയ്ക്കോ ഗാനസന്ദർഭത്തിനോ ഓണവുമായി ഒരു ബന്ധവുമില്ല."

തികച്ചും പാശ്ചാത്യമായ ഉപകരണങ്ങളിൽ തീർക്കുന്നതാണ് പാട്ടിന്റെ തുടക്കത്തിലെ കേരളീയവാദ്യങ്ങളിലൂടെ മാത്രം അതുവരെ കേട്ടിട്ടുള്ള താള ലയം. "പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും...", "മാരിവിൽ മാല മാന പൂന്തോപ്പിൽ ...",  "പൂക്കളം പാടിടും പൂമുറ്റം തോറും ..." പോലുള്ള പദഘടനയും അതിനു നൂതനമായ ഈണവും മലയാളി ആസ്വദിച്ചത് സലിൽ ചൗധരിയുടെ വരവോടെയാണ്.

ഓണപ്പൂവേ പൂവേ 

ഓണമെത്തുമ്പോള്‍ സലിൽ ചൗധരിയുടെ  ഈണമായി മലയാളികളുടെ മനസ്സിലേക്ക് അറിയാതെ ഓടിയെത്തുന്ന സൂപ്പർ ഹിറ്റ് ഗാനമാണ് ഓണപ്പൂവേ പൂവേ ...  ഒഎൻവി രചിച്ച, കായലിലൂടെ ബോട്ടില്‍ പാടിവരുന്ന പ്രേംനസീറിനെ ഓർമ്മിപ്പിക്കുന്ന പാട്ട് (ഈ ഗാനം മറക്കുമോ, 1978).

പാശ്ചാത്യ സംഗീതത്തിന്റെ ശബ്ദലയമാണ് യേശുദാസ് ഉച്ചസ്ഥായിയിൽ ആലപിക്കുന്ന ഓണപ്പൂവേ എന്ന വിളിയിൽ കേൾവിക്കാരെ കൂടെകൊണ്ടുപോകുന്നത്. വില്ലും വീണ പൊന്‍തുടിയും പുള്ളോർ പെണ്ണിൻ മണ്‍കുടവും സ്വരരാഗങ്ങളിൽ പകരുന്ന അമൃതം മലയാളി പരിചിതമല്ലാത്ത തലത്തിലും ഈണത്തിലും കേട്ടത് ഈ പാട്ടിലാണ്. ഇന്നും ഗാനമേളകളിൽ ഗായകർക്കും ഓർക്കസ്ട്രകൾക്കും കേൾവിക്കാർക്കും ഒരുപോലെ പ്രിയങ്കരമാണ് ഈ ഗാനം.

വീണ്ടും പാടുന്ന ഈണങ്ങൾ 

ഒരേ ഈണം ഉപയോഗിച്ച് വിവിധ കഥാസന്ദർഭങ്ങൾക്കു വിവിധ ഭാവങ്ങൾ തീർക്കുന്ന സലിൽ ദയയുടെ പതിവ് ശൈലി അദ്ദേഹം സംഗീതം നൽകിയ ഓണപ്പാട്ടുകളിലും കാണാം. തുമ്പി തുമ്പി വാ വാ ...(അപരാധി, 1977), ഒന്നാം തുമ്പി നീ ... (സമയമായില്ലാപോലും 1978) എന്നീ രണ്ടു തുമ്പിപാട്ടുകളുടെയും ഈണങ്ങൾതന്നെ ഏറെ അടുത്തുനിൽക്കുന്നവയാണ്.

'തുമ്പി തുമ്പി വാ വാ' എന്ന ഗാനം ബംഗാളിയില്‍ അദ്ദേഹം ഈണമിട്ട് അന്തര ചൗധരി പാടിയ ബുള്ബുകള്‍ പാഖി മോയ്ന തിയെ എന്ന നേഴ്സ്സറി പാട്ടിന്റെ അതേ രീതിയിലാണ്. 1977 ൽ പുറത്തുവന്ന 'ചിന്ന മിന്നാ മുദാഡുവേ' എന്ന കന്നട ചിത്രത്തിൽ യേശുദാസും എസ്. ജാനകിയും വെവ്വേറെ പാടിയിട്ടുള്ള 'ജോ ജോ ലാലി നാ ഹാഡുവേ' എന്ന ഗാനത്തിൻറെ അതേ ഈണമാണ് 'ഒന്നാം തുമ്പി നീ' എന്ന പാട്ടിനും അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.

1977 ഏപ്രിൽ 14 വിഷുദിനത്തിൽ പ്രദർശനത്തിനെത്തിയ 'വിഷുക്കണി'   സിനിമയിലെ 'പൂവിളി പൂവിളി' എന്ന പാട്ട് 1989 ഡിസംബർ ഒന്നിന് പുറത്തുവന്ന ജീനാ യഹാം എന്ന ചിത്രത്തിലെ 'യഹി തോ ഹേ മേരെ ഖബൂ കാ ജഹാം' എന്ന പാട്ടിലും സലിൽ ദാ ഉപയോഗിച്ചു.

 

നാട്ടുശീലുകളും രാഗഛായകളും 

സലിൽ ചാധരി ഈണംപകർന്ന  തുമ്പിപാട്ടുകളുടെ അന്തർധാര പരിചിതമായ തുമ്പിതുള്ളൽ പാട്ടുകളുടെതു കൂടിയാണ്. അതുകൊണ്ടാണ് പാട്ടുകേട്ട മലയാളി മനസ്സുകൾ തുമ്പിയോടൊപ്പം തുള്ളിയത്. അദ്ദേഹത്തിന്റെ മിക്ക ഉത്സവഗാനങ്ങളുടെ ഈണങ്ങളിലും ഈ നാടൻസ്പർശം അനുഭവപ്പെടുന്നു.

ദേവീ ശ്രീദേവിക്കും (കാവ്യമേള, 1965) കാവ്യനർത്തകിക്കും (ലോട്ടറി ടിക്കറ്റ്‌,1970) ദക്ഷിണാമൂർത്തി സ്വാമിയും,  ഉദയഗിരിക്കോട്ടയിലെ ചന്ദ്രലേഖക്ക് ദേവരാജനും (ആരോമലുണ്ണി, 1972) ഉപയോഗിച്ച വലചി രാഗഛായയിൽ സലിൽ ചൗധരി ഈണമിട്ടതാണ് പൂവിളി പൂവിളി എന്ന ഗാനം.

ബാഗേശ്രി (മാനസമൈനേ വരൂ ...), ഹരികാംബോജി (കടലിനക്കരെപ്പോണോരേ ..., ചെമ്മീന്‍, 1965), ചക്രവാകം (കാടു കുളിരണു  ... ,നെല്ല്,1974), ഹമീര്‍ കല്യാണി (ധുംതന ..തോമാശ്ലീഹാ, 1975), കല്യാണി (കേളീ നളിനം ..., തുലാവർഷം, 1976), ശ്യാം കല്യാണ്‍ (ശ്യാമ മേഘമേ ..., സമയമായില്ലപോലും, 1978), ഹംസധ്വനി (ശ്രീപദം വിടർന്ന ..., ഏതോ ഒരു സ്വപ്നം, 1978) ...  ഇങ്ങനെ വിവിധ രാഗഛായകൾ ഭാവഗരിമ പകർന്ന  സലിൽ ചൗധരി  ഗാനങ്ങളുടെ പട്ടികയിൽ വലചി രാഗത്തിൽ മറ്റൊരു ഗാനം കൂടിയുണ്ട്. ഏഴു രാത്രികൾ(1968) എന്ന സിനിമയിലെ വയലാർ രചിച്ച് യേശുദാസ് പാടിയ കാടാറുമാസം നാടാറുമാസം എന്ന ഗാനം.

ഓണയീണങ്ങൾക്കിടയിലെ സലിൽ ദാ

മലയാള സിനിമയിലെ ഓണപ്പാട്ടുകൾക്കിടയിൽ എവിടെയാണ് സലിൽ ചൗധരിയുടെ പാട്ടുകൾ കണ്ണിയാവുക ? ഈണത്തിനൊപ്പം പട്ടെഴുതുന്ന രീതി  ഇന്ന് പുതുമയല്ലെങ്കിലും 1966 ൽ 'ചെമ്മീനി'ൽ ആദ്യമായി സലിൽ ചാധരി ആ പുതിയ രീതിയുമായി കടന്നുവന്നപ്പോൾ അത് വിവാദമായി. എന്നാൽ ഇന്ന് പാട്ടെല്ലാം പിറക്കുന്ന പൊതുവഴി ഇതാണ് . അദ്ദേഹം വാക്കുകൾ മുറിച്ചതുപോലും സംഗീതത്തിൻറെ മറ്റൊരു അനുഭവതലമായാണ്  ആസ്വദിച്ചത്.

ദക്ഷിണാമൂർത്തി സ്വാമിയിലൂടെയും ദേവരാജനിലൂടെയും തുടക്കംകുറിച്ച ക്ലാസ്സിക്കൽ സംഗീത പദ്ധതികൾക്കും കെ രാഘവനിലൂടെ സമാരംഭിച്ച നാടോടി ജനകീയ പാരമ്പര്യത്തിനും ബാബുരാജിലൂടെ വളർന്ന ഹിന്ദുസ്ഥാനി പാരമ്പര്യത്തിനുമൊപ്പം പാശ്ചാത്യ സംഗീത സാധ്യതകളും ഉത്തരേന്ത്യൻ ഫോക് സംഗീത പാരമ്പര്യവും നമ്മുടെ ചലച്ചിത്ര സംഗീതത്തിന്റെ പൊതുഭൂമികയെ അടയാളിപ്പെടുത്തി തുടങ്ങിയത് സലിൽ ചൗധരിയിലൂടെയാണ്. പിന്നീട്  ശ്യാമിന്റെ ഓടിവാ കാറ്റേ...  പാടിവായിലും ഇളയരാജയുടെ തുമ്പി വാ തുമ്പകുടത്തിൻ തുഞ്ചത്തുമൊക്കെ ഈ താളക്രമത്തിന്റെ വ്യത്യസ്ത ചലനവേഗങ്ങൾ കാണാം.

പാശ്ചാത്യസംഗീതത്തിലെ ഓർക്കസ്ട്രേഷന്റെ പ്രയോഗസാധ്യതകൾക്ക് ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിൽ അദ്ദേഹം മാർഗദർശിയായി. അദ്ദേഹം ഓർക്കസ്ട്രേഷനിൽ ധീരമായ പരീക്ഷണങ്ങൾ സ്വയം ആവിഷ്കരിച്ചു. പാശ്ചാത്യരീതിയിലുള്ള ഓർക്കസ്ട്രേഷൻ ഉപയോഗിച്ചു കൊണ്ടുതന്നെ ഹിന്ദുസ്ഥാനി രാഗങ്ങളിലും നാടോടി ഈണങ്ങളിലും മെലഡിയുടെ വസന്തം വിരിയിച്ചു. സംഗീതജീവിതത്തിൽ ഒരിക്കലും ഗരുക്കന്മാരില്ലാതിരുന്ന മലയാളികളെ അത്ഭുതപ്പെടുത്തിയതായിരുന്നു കേരളതീരത്തേക്ക്‌ ഓണപ്പൂവിനെ മാടിവിളിക്കുന്ന ഗാനത്തിന്റെ പുതുമയാർന്ന ഓർക്കസ്ട്രേഷൻ.

നാൽപ്പത് വർഷം പിന്നിട്ടിട്ടും കേരളത്തിലെ പുതിയതലമുറപോലും   സംഘഗാനം പാടാൻ പറയുമ്പോൾത്തന്നേ പൂവിളി പൂവിളിയെന്ന്  താളമടിച്ചുപാടുന്നുണ്ടെങ്കിൽ അത് ഈണങ്ങൾ അനശ്വരമാക്കിയ ആ  സംഗീതമാന്ത്രികപ്രതിഭ ഒന്നുകൊണ്ടുമാത്രമാണ്.

കാതിൽ തേൻമഴയായ് പോലെ പാട്ടിന്റെ സങ്കീർണമായ വഴികളുടെ സംഗീതയാത്ര നടത്തിയിട്ടുള്ള അദ്ദേഹം 'തുമ്പി തുമ്പി തുള്ളാൻ വായോ'പോലെ ലളിതമായ ഈണങ്ങളിൽ ഓണപ്പാട്ടുകളും രചിച്ചു.

താളൈക്യമുള്ള ശ്രുതിശുദ്ധമായ മധുരസംഗീതമാരുന്നു സലിൽ ദാ ഈണമിട്ട ഓണപ്പാട്ടുകളും. അതുകൊണ്ടാണ് സുന്ദരവും ലളിതവുമായ ആ ഉത്സവ ഈണങ്ങൾ തീർത്ത മാസ്മരിക സംഗീതാനുഭവത്തിനായി മലയാളി കാലമേറെ കഴിഞ്ഞിട്ടും ഇന്നും കാതോർത്ത് കഴിയുന്നതും.