Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമയിൽ ബാബുക്ക ഇങ്ങനെയും...!

baburaj

ഒക്ടോബർ ഏഴ് -  മലയാളിയുടെ പ്രിയ ചലച്ചിത്ര സംഗീത സംവിധായകൻ എം.എസ്. ബാബുരാജിന്റെ നാൽപതാം ചരമവാർഷികദിനം. അദ്ദേഹം ഈണമിട്ട ഭക്തിഗാനങ്ങളുടെ ഒരു സ്മരണാഞ്ജലി. 

പഴയ തലമുറയിലെ ഗായിക ജിക്കിയും സംഘവും പാടിയ നിത്യസഹായ നാഥേ, എസ്. ജാനകി പാടിയ താമരക്കുമ്പിളല്ലോ മമ ഹൃദയം, എസ്. ജാനകിയും ബി.വസന്തയും ചേർന്നു പാടിയ പാവനനാം ആട്ടിടയാ ഇങ്ങനെ വർഷങ്ങളായി മലയാളി പാടിക്കൊണ്ടിരിക്കുന്ന പത്ത് പ്രാർഥനാ ഗാനങ്ങൾക്ക്‌ ഈണമിട്ടത് ‌മുഹമ്മദ് സാബിർ ബാബുരാജ് എന്ന എം.എസ്. ബാബുരാജ്. തളിരിട്ട കിനാക്കളുടെ താമരമാലയുമായെത്തി ഒത്തിരി അനശ്വരഗാനങ്ങൾ തന്നിട്ടുപോയ പാമരനാം പാട്ടുകാരൻ.

ഖവാലി പാടാൻ കോഴിക്കോട്ടുവന്ന ബംഗാളി ഹിന്ദുസ്ഥാനി ഗായകൻ ജാൻ മുഹമ്മദിന്റെ മകനായി 1921 മാർച്ച് 29 നു ജനിച്ച് 1978 ഒക്ടോബര്‍ ഏഴിനു പക്ഷാഘാതം പിടിപെട്ട് മദ്രാസിൽ മരിച്ച, മലയാളികളുടെ സ്വന്തം ബാബുക്ക.

മലയാള ചലച്ചിത്രഗാനസംഗീതവും ബാബുരാജും

മിന്നാമിനുങ്ങിൽ (1957) സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ബാബുരാജ്, 96 സിനിമകളിലായി സംഗീതം നൽകിയത് 600 ലേറെ ഗാനങ്ങൾക്ക്. പി. ഭാസ്കൻ (250), വയലാര്‍ രാമവർമ (125,) ശ്രീകുമാരൻ തമ്പി (62), യൂസഫലി കേച്ചേരി(46), മങ്കൊമ്പ് ഗോപാലകൃഷ്ണൻ (25), ഒ.എൻ.വി. കുറുപ്പ് (16) തുടങ്ങിയ പ്രതിഭാശാലികളുടെ ഗാനങ്ങളായിരുന്നു അതിലേറെയും. 

യേശുദാസും (142) എസ്. ജാനകിയും (130) ആയിരുന്നു ബാബുരാജിന്റെ പ്രിയ ഗായകർ. പി.ബി. ശ്രീനിവാസ് (29), പി. ജയചന്ദ്രൻ (24), കമുകറ പുരുഷോത്തമൻ (21), എ.എം. രാജ (8), കെ.പി. ഉദയഭാനു (21), തലത് മുഹമ്മദ് തുടങ്ങിയവരാണ് മറ്റു ഗായകർ. ബാബുരാജ് തന്നെ 11 ഗാനങ്ങൾ ആലപിച്ചു. എസ്. ജാനകി കഴിഞ്ഞാൽ പി. ലീല (80), പി. സുശീല (49), എല്‍.ആർ. ഈശ്വരി (25), ശാന്ത പി. നായര്‍ (20) എന്നിവരാണ് ബാബുരാജിന്റെ കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായികമാർ.

ഭക്തിഭാവനകളുടെ ഈണം

എണ്ണത്തിൽ കുറവായിരുന്നെകിലും മികച്ച ഭക്തിഗാനങ്ങളും ബാബുരാജിന്റെ ഗാനശേഖരത്തിലുണ്ട്. മലമകൾ തന്റെ (സര്‍പ്പക്കാട്, 1965), മായക്കാരാ മണിവര്‍ണ്ണാ  (അമ്മു, 1965), അമ്പാടി തന്നിലൊരുണ്ണി  (കടത്തുകാരൻ, 1965), വാകച്ചാര്‍ത്ത് കഴിഞ്ഞൊരു (ഇരുട്ടിന്റെ ആത്മാവ്, 1967), ശരണം നിന്‍ ചരണം (ഉദ്യോഗസ്ഥ, 1967), പ്രപഞ്ചചേതന വിടരുന്നു (കുട്ട്യേടത്തി,1971) ഇങ്ങനെ ഹിന്ദു ഭക്തിഗാനങ്ങൾ. അള്ളാവിൻ തിരുവുള്ളം  (കണ്ടം ബെച്ച കോട്ട്, 1961), അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ (യത്തീം,1977) പോലെ അല്ലാഹുവിനോടുള്ള പ്രാർഥനാഗാനങ്ങൾ. ഇതോടൊപ്പം ഏതാനും ക്രൈസ്തവ ഭക്തിഗാനങ്ങൾക്കും അദ്ദേഹം ഈണമിട്ടു.

ക്രൈസ്തവ ഭക്തിഭാവനകളുടെ ഈണം

ബാബുരാജ് ഈണമിട്ട 10 ക്രൈസ്തവ ഭക്തിഗാനങ്ങളിൽ പാതിയും രചിച്ചത് ഭാസ്കരൻ മാസ്റ്ററായിരുന്നു. പാറപ്പുറം തന്റെ തന്നെ നോവലിനു തിരക്കഥയും സംഭാഷണവും തയാറാക്കിയ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ (1967) എന്ന സിനിമയിലേതാണ് പാവനനാം ആട്ടിടയാ  (എസ്. ജാനകി, ബി. വസന്ത), താമരക്കുമ്പിളല്ലൊ മമഹൃദയം... (എസ്. ജാനകി), എന്നീ രണ്ടു ഭക്തിഗാനങ്ങളും. നിത്യസഹായ നാഥേ… ( ഉമ്മ,1960), കന്യാതനയാ കരുണാനിലയാ കൈവെടിയരുതേ മിശിഹായേ... (നിണമണിഞ്ഞ കാൽപ്പാടുകള്‍, 1963),  യേശുനായകാ ദേവാ... (തങ്കക്കുടം, 1965)... ഇങ്ങനെ ഭാസ്കരഭാവനയിൽ വിരിഞ്ഞ മറ്റു മൂന്നു ഗാനങ്ങൾ.

യേശുദാസ് പാടിയ ‘ആദിയില്‍ വചനമുണ്ടായി’ (ചേട്ടത്തി,1965) വയലാര്‍ രാമവർമയും ‘യേശുമാതാവേ’ (നാത്തൂൻ, 1974) ശ്രീകുമാരൻ തമ്പി രചിച്ചതാണ്. ‘ഹൃദയത്തില്‍ നിറയുന്ന’ (എസ്. ജാനകി), ‘അക്കൽദാമ’ (യേശുദാസ്) എന്നീ ഗാനങ്ങൾ ചുഴി (1973) എന്ന സിനിമക്കായി പൂവച്ചൽ ഖാദർ രചിച്ചതും. 

എസ്. ജാനകി പാടിയ ‘ഞാനുറങ്ങാൻ പോകും’ (തൊമ്മന്റെ മക്കൾ , 1965) എന്ന ഗാനം സിനിമയിലെ മറ്റു നാലു ഗാനങ്ങൾക്കൊപ്പം വയലാർ-ബാബുരാജ് കൂട്ടുകെട്ടിന്റേത് എന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ വർഗ്ഗീസ് മാളിയേക്കൽ രചിച്ചു ജോബ്‌ മാസ്റ്റർ ഈണമിട്ട പഴയ പ്രാർഥനാഗാനം സംവിധായകൻ ശശികുമാർ സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു.

പ്രിയ ഗായകർ

  

യേശുദാസ് പാടിയതാണ് ആദിയില്‍ വചനമുണ്ടായി ... (ചേട്ടത്തി ,1965) അക്കൽദാമ ... (ചുഴി, 1973) എന്നീ ഗാനങ്ങൾ. വയലാർ രാമവർമ യേശുദാസിന്റെ ശബ്ദത്തിനു ഗായകനായി രാഗത്തെത്തുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. 

ബാബുരാജിന്റെ പ്രിയ ഗായിക എസ്. ജാനകി പാടിയതാണ് താമരക്കുമ്പിളല്ലൊ മമഹൃദയം ...(അന്വേഷിച്ചു കണ്ടെത്തിയില്ല, 1967),ഹൃദയത്തില്‍ നിറയുന്ന …,(ചുഴി, 1973) യേശുമാതാവേ....  (നാത്തൂൻ, 1974)എന്നീ ഗാനങ്ങൾ. ജാനകിയമ്മയുടെ ആർദ്രത നിറയുന്ന ആലാപനത്തിന്റെ ആത്മസത്ത ഈ ഗാനങ്ങളും അനുഭവിപ്പിക്കുന്നു. തളിരിട്ട കിനാക്കൾതൻ...(മൂടുപടം) എന്ന ഗാനത്തിൽ തുടക്കംകുറിച്ച ബാബുരാജ്-ജാനകി കൂട്ടുകെട്ടിൽ പിറന്ന വാസന്ത പഞ്ചമി നാളിൽ..., സൂര്യകാന്തി... (കാട്ടുതുളസി), ഒരു കൊച്ചു സ്വപ്നത്തിൻ... (തറവാട്ടമ്മ), താനേ തിരിഞ്ഞുംമറിഞ്ഞും... (അമ്പലപ്രാവ്),  അഞ്ജനക്കണ്ണെഴുതി... (പാലാട്ടു കോമൻ) പോലുള്ള അനശ്വരഗാനങ്ങൾക്കൊപ്പം ചേർത്തുവെക്കാനാവും ഈ ക്രൈസ്തവ ഗാനങ്ങളും. 

ഒരു പ്രാർഥനാ ഗാനത്തിനിണങ്ങുന്ന ഈണമാണ് താമരക്കുമ്പിളല്ലോ മമ ഹൃദയം... എന്ന പാട്ടിനു ബാബുരാജ് നൽകിയിരിക്കുന്നത്. താതന്‍ എന്നത് ബൈബിളിലെ പിതാവാം ദൈവം തന്നെ. നിത്യസുന്ദരമായ ഭൂലോകവാടിയിലെ ഉദ്യാനപാലകനായ താതൻ പൂമണമില്ലാത്ത, പൂന്തേനുമില്ലാത്ത പാതിരാപ്പൂവിനെ പൂജക്കായി കൈക്കൊള്ളണമെന്ന് 12 വരികളിൽ ഭാസ്കരൻ മാഷൊരുക്കുന്ന ആശയപ്രപഞ്ചത്തെ ബീംപ്ലാസ് രാഗത്തിൽ ബാബുരാജ്‌ മികച്ച പ്രാർഥനാഗാനമാക്കി. എസ്.ജാനകിയുടെ ആലാപനത്തിലെ അപൂർവതകളെ അനുഭവിപ്പിക്കുകയും കുട്ടികളുടേതടക്കം വിവിധ ശബ്ദങ്ങളിൽ പാടാനുള്ള അത്യപൂർവമായ ആലാപനവ്യാപ്തി ഗാനം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

യുഗ്മ-സംഘഗാനങ്ങൾ

യുഗ്മഗാനങ്ങളിലെ പ്രത്യേക മികവ്, ഗായകരുടെ വ്യത്യസ്ത കോമ്പിനേഷനുകളിലും രണ്ടോ അതിലേറെയോ ഗായകർ ഒരുമിച്ച് പാടുന്ന ഭക്തിഗാനങ്ങളിലും ബാബുരാജ് ആവർത്തിച്ചു.

ഗിറ്റാറും വയലിനും മാത്രം ചേർന്ന പതിഞ്ഞ പശ്ചാത്തല സംഗീതത്തിൽ തുടങ്ങി മന്ദഗതിയിൽ പി. ലീലയും പുനിതയും ചേർന്നു പാടിയതാണ് കന്യാതനയാ കരുണാനിലയാ... എന്ന പ്രാർഥനാഗാനം. 

എസ്. ജാനകിയും വസന്തയും ചേർന്നുപാടിയതാണ് പാവനനാം ആട്ടിടയാ‍... എന്ന പ്രാർഥനാഗാനം. ബൈബിളിലെ ഇരുപത്തിമൂന്നാം സങ്കീർത്തനത്തിലെ മൂല്യമൊഴികൾ തന്നെയാണ് ഗാനത്തിന്റെ ആശയപ്രപഞ്ചം. ദാവീദിന്റെ ഇടയനായ യഹോവയാണ് ഗാനത്തിലെ പാത കാട്ടുന്ന പാവനനാം ആട്ടിടയൻ.  ബൈബിളിലെ പച്ചയായ പുൽപ്പുറങ്ങൾ ഗാനത്തിലെ ശീതള താഴ്‌വരകളും. പ്രാണനെ തണുപ്പിക്കുന്ന ദാവീദിന്റെ വാക്കുകൾ പാട്ടിൽ പ്രാണനിൽ കുളിരേകുന്നു. ഭാസ്കരൻ മാഷിന്റെ കാവ്യഭാവനയും ബാബുരാജിന്റെ ഈണവും ജാനകിയുടെയും വസന്തയുടെയും ആലാപനവും ചേർന്ന് ഗാനം ഭക്തിയുടെ സങ്കീർത്തമാകുന്നു. ആദ്യമായി കേൾക്കുന്ന പള്ളിമണിയൊച്ചയും പിന്നീട് ആവർത്തിക്കപ്പെടുന്ന പള്ളിമണിയൊച്ചയും വയലിനും ചേർന്ന സംഗീതവും തുടക്കത്തിലും പല്ലവിക്കും അനുപല്ലവിക്കും ചരണത്തിനും ഇടയിലുമുള്ള ഉപകരണസംഗീതവും ആലാപനത്തെ അനുയാത്ര ചെയ്യുന്ന ഡ്രംസിലെ വായനയും ഇന്നും മലയാളി ഓർമയിൽ സൂക്ഷിക്കുന്നതാണ്.

  

അശരീരിയും വിഷാദഗാനവുമായി മലയാളി കേട്ട കമുകറ പുരുഷോത്തമൻ പി. സുശീലയോടൊപ്പം പാടിയതാണ്‌ ബാബുരാജ് ഈണമിട്ട യേശുനായകാ ദേവാ... (തങ്കക്കുടം, 1965) എന്ന യുഗ്മഗാനം. ജാനകിയോടൊപ്പം പാടിയ ഏഴു നിറങ്ങളില്‍ നിന്നുടെ രൂപം... (കറുത്ത കൈ, 1964), പി. ലീലയോടൊപ്പം പാടിയ കണ്ണാരം പൊത്തിപൊത്തി... (മായാവി, 1965) എന്നീ ഗാനങ്ങളിൽ കമുകറയുടെ കാമുകശബ്ദത്തിൽ പ്രണയഭാവം അനുഭവിപ്പിച്ച ബാബുരാജ് ഈ ഗാനത്തിൽ സുശീലയോടൊപ്പം ഭക്തിയുടെ അനുപമ അനുഭവം പകർന്നുതരുന്നു. പാഴ്ച്ചെളി വെള്ളത്തെ... പോലെയുള്ള ഇടങ്ങളിൽ  കമുകറയുടെ ഉച്ചസ്ഥായിയിലെ ആലാപനമികവ് ഭക്തിയുടെ ഭാവസാന്ദ്രത അനുഭവിപ്പിക്കാൻ ബാബുരാജ് ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു.

“ഉമ്മ”യിലെ നിത്യസഹായ നാഥേ

മുസ്‌ലിം സാമൂഹികജീവിതം പ്രമേയമായ ആദ്യമലയാള ചിത്രമായ ഉമ്മയിൽ(1960) ജിക്കിയും സംഘവും പാടിയതാണ് നിത്യസഹായ നാഥേ… ,  എന്ന ക്രൈസ്തവ ഭക്തിഗാനം. കിടപ്പാടം (1955) പോലെയുള്ള പടങ്ങള്‍ ഒന്നിനുപുറകെ ഒന്നായി സാമ്പത്തികമായി പരാജയപ്പെട്ടുകൊണ്ടിരുന്ന അവസരത്തിൽ മുസ്‌ലിംസമുദായത്തിലെ അനാചാരങ്ങള്‍ തുറന്നുകാട്ടുന്ന ഇതിവൃത്തവുമായി ഇറങ്ങിയ ഉദയ ചിത്രമായിരുന്നു ഉമ്മ. കുഞ്ചാക്കോയുടെ ആദ്യ സംവിധാന സംരഭം. പ്രതീക്ഷിച്ചപോലെ  വിമർശനങ്ങൾ ഉണ്ടാക്കിയെങ്കിലും ഉമ്മ വൻവിജയമായി. 

ഭാസ്കരഭാവനയും ബാബുരാജിൻറെ ഈണവുംകൊണ്ട് തലമുറകൾ പാടുന്ന 15 ഗാനങ്ങൾ സിനിമയുടെ വിജയത്തിൽ സഹായിച്ചു. അപ്പം തിന്നാന്‍ തപ്പുകൊട്ട്..., കദളിവാഴക്കയ്യിലിരുന്ന്… (ജിക്കി), പാലാണ് തേനാണെന്‍... (എ.എം. രാജ) പോലുള്ള ഗാനങ്ങൾക്കൊപ്പം നിത്യസഹായ നാഥേ…  എന്ന ഗാനവും ഹിറ്റായി. നിത്യസഹായ നാഥ, വിണ്ണിലെ രാജകന്യ, ഉണ്ണിമിശിഹായെ സ്നേഹിച്ചു പോറ്റിയ വന്ദ്യമാം തൃക്കൈകൾ, ദയയുള്ള മാതാവ്... ഇങ്ങനെ സ്തോത്രവചനങ്ങളും പാപമുക്തിയും നിത്യസഹായവും കരുതലും വേദനമാറ്റലുമടക്കം നിരവധി യാചനകളും ചേർന്ന മാതാവിനോടുള്ള മധ്യസ്ഥ പ്രാർഥനകളുടെ ഈ പൂർവമാതൃകയ്ക്ക് ഇണങ്ങുന്നതായിരുന്നു ബാബുരാജിന്റെ ഈണവും.

 

ഹിന്ദുസ്ഥാനി രാഗഛായകൾ തീർത്ത ഈണങ്ങൾ 

ഹിന്ദുസ്ഥാനി രാഗഛായകൾ ഈണമിട്ട ബാബുരാജ് സംഗീതത്തിന്റെ വശ്യത അദ്ദേഹം സംഗീതം നൽകിയ ഏതാനും ക്രിസ്ത്യൻ ഭക്തിഗാനങ്ങളിലും കാണാം. 

താമസമെന്തെ വരുവാന്‍ എന്ന ഗാനത്തിൽ പ്രണയ വിരഹഭാവങ്ങൾ  മലയാളി അനുഭവിച്ച ബീംപ്ളാസ് രാഗത്തിൽ ബാബുരാജ്‌ ഈണമിട്ടതാണ് താമരക്കുമ്പിളല്ലോ മമ ഹൃദയം... എന്ന ഭക്തിഗാനവും പി.ബി. ശ്രീനിവാസ് പാടിയ ഇണക്കുയിലേ ഇണക്കുയിലേ... (കാട്ടുതുളസി, 1965) എന്ന വിരഹഗാനവും. 

ആഹിർ ഭൈരവ് രാഗഛായയിലാണ് ആദിയില്‍ വചനമുണ്ടായി... എന്ന ഗാനത്തെ അദ്ദേഹം ദാർശനികഭാവം അണിയിച്ചത്. വിജനതീരമേ കണ്ടുവോ നീ... (യേശുദാസ്, രാത്രിവണ്ടി, 1971) എന്ന ഗാനത്തിൽ ദുഃഖവും ഏകാന്തതയും അനുഭവിപ്പിക്കുന്നതും ഇതേ രാഗത്തിൽ തന്നെയാണ്.

ക്രൈസ്തവ ഭക്തിഗാന സവിശേഷതകൾ 

എസ്. ജാനകിയുടെയും ബി. വസന്തയുടെയും ആലാപനമികവിനൊപ്പം മുഴങ്ങുന്ന പള്ളിമണിയൊച്ചകൾ ഭക്തിസാന്ദ്രമാക്കിയ ബാബുരാജിന്റെ ഈണവുമാണ് പാവനനാം ആട്ടിടയാ എന്ന ഗാനത്തെ ഇന്നും ക്രൈസ്‌തവസമൂഹങ്ങൾക്ക് പ്രിയങ്കരമാക്കുന്നത്. അറുപതു വർഷം കഴിഞ്ഞിട്ടും നിത്യസഹായനാഥേ... എന്ന ഗാനം മലയാളി ഭക്ത്യാദരപൂർവം ഓർത്തുവെക്കുന്നതും കേൾവിയിൽ മടുപ്പനുഭവപ്പെടാത്ത അതിന്റെ സംഗീതം ഒന്നുകൊണ്ടാണ്.