Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരാത്രി പുണ്യം നിറച്ചു പെയ്തിറങ്ങിയ പാട്ടുകൾ

saraswathi

ദേവീ സങ്കല്‍പത്തിലേക്കു ഉടലും ഉയിരും അര്‍പ്പിച്ച് ഒമ്പതു നാള്‍ കൊണ്ടാടുന്ന നവരാത്രി ഉത്സവങ്ങള്‍ ഭക്തിയുടെ മാത്രമല്ല നൃത്തത്തിന്റെയും സംഗീതത്തിന്റെയും കൂടിയാണ്; നിറങ്ങളുടെയും. അതുകൊണ്ടു തന്നെ സിനിമയില്‍ നവരാത്രിയെ സംബന്ധിക്കുന്ന ഒരുപാടു പാട്ടുകളുമുണ്ട്. ഉത്തരന്ത്യേയില്‍ വലിയ ആഘോഷത്തോടെ കൊണ്ടാടുന്ന നവരാത്രി നാളുകള്‍ക്ക് കേരളത്തില്‍ കുറച്ചു കൂടി ശാന്തഭംഗിയാണ്. അവിടത്തെ പാട്ടുകള്‍ക്ക് ചടുലതാളമാകുമ്പോള്‍ ഇവിടെയത് എപ്പോള്‍ കേട്ടാലും മനസ്സിനെ ശാന്തമാത്തുന്ന ഈണങ്ങളാണ്. ഈ ദിനങ്ങളെ സംബന്ധിക്കുന്ന മലയാള ചലച്ചിത്ര ഗാനങ്ങളിലേക്കു നോക്കിയാല്‍ പെട്ടെന്നു മനസ്സിലേക്കെത്തുന്ന ചിലഗാനങ്ങളുണ്ട്. ആഗാനങ്ങളെ കുറിച്ച്. 

സൗപര്‍ണികാമൃത...

കിഴക്കുണര്‍ന്നു പുതിയ ആകാശം തേടിപ്പോകുന്ന പക്ഷിയുടെ നാദം പോലെ മനസ്സിനെ തെളിമയാര്‍ന്നതാക്കുന്ന ഗാനം. 'കിഴക്കുണരും പക്ഷി' എന്ന ചിത്രത്തിലേക്കായി സംവിധായകന്‍ ഐഎഎസ് ഓഫിസറായ ഗാനരചയിതാവിനെ കൊണ്ട് പ്രത്യേകം എഴുതിച്ച ഗാനമായിരുന്നു ഇത്. മൂകാംബിക ഭക്തനായ ആ ഗാനരചയിതാവ്, കെ.ജയകുമാര്‍ എഴുതിയ ഓരോ വരിയും ലളിത സുന്ദരമായിരുന്നു. ആ ലാളിത്യത്തെ ഒട്ടുമേ ഉടയ്ക്കാതെ അത്രമേല്‍ ഹൃദ്യമായൊരീണമാണു രവീന്ദ്രന്‍ മാസ്റ്റര്‍ പകര്‍ന്നതും. വരികളുടെ ഭംഗിയ്ക്ക് ആവശ്യത്തിനു മാത്രം സംഗീതം. യേശുദാസും മിന്‍മിനിയും സോളോ പാടിയ പാട്ട് അന്നും ഇന്നും മനസ്സിനോട് ചേര്‍ന്നു കിടക്കുന്നു. 

സംഗീതവുമായുള്ള യാത്രയില്‍ ഒരുപാട് തിരിച്ചടികള്‍ നേരിടുകയും പിന്നീട് ആ വഴിയില്‍ തന്നെ വിജയഗാഥ തീര്‍ക്കുകയും ചെയ്ത അനന്ദുവായി മോഹന്‍ലാല്‍ എത്തുന്ന ചിത്രമായിരുന്നു കിഴക്കുണരും പക്ഷി. ആ ചിത്രം പങ്കുവയ്ക്കുന്ന പ്ര്ത്യാശയും നന്മയും ഈ പാട്ടില്‍ മാത്രമല്ല, അതിന്റെ രംഗങ്ങളിലുമുണ്ട്. അതുകൊണ്ടു തന്നെ എത്ര കേട്ടാലും കണ്ടാലും മതിവരാത്തൊരു സൃഷ്ടിയാണ് ഈ പാട്ട്. ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്കിപ്പുറവും അത് കാതോരത്ത് നവ്യാനുഭവമായി നിലനില്‍ക്കുന്നതും അതുകൊണ്ടു തന്നെ. 

കുടജാദ്രിയില്‍ കുടികൊള്ളും...

ലോകത്തിലെ മറ്റെല്ലാ ശബ്ദവീചികളേയും വകഞ്ഞുമാറ്റി മനുഷ്യ മനസ്സിനെ തന്നിലേക്കു ചേര്‍ത്തു നിര്‍ത്താന്‍ ഒരു മണി നാദത്തിനു കഴിയും. അതേ ശക്തിയുണ്ടു ചില പാട്ടുകള്‍ക്കും. എപ്പോള്‍ കേട്ടാലും മനസ്സ് മറ്റെല്ലാം മറന്ന് മറ്റെല്ലാ ശ്രദ്ധയേയും കൈവെടിഞ്ഞു കാതു ചേര്‍ത്തു വയ്ക്കും. ഈ പാട്ടും അതുപോലെയാണ്.

കുടജാദ്രിയില്‍ കുടികൊള്ളും...മഹേശ്വരി...

ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും അതിലെ പാട്ടുകളെല്ലാം ഹിറ്റ് ആയി എന്ന അപൂര്‍വ്വതയാണ് 'നീലക്കടമ്പ്' എന്ന ചിത്രത്തിനുള്ളത്. 'നീലക്കടമ്പി'ലെ ഈ പാട്ട് മലയാള സിനിമ സമ്മാനിച്ച ഏറ്റവും മനോഹരമായ ഭക്തിഗാനങ്ങളിലൊന്നു കൂടിയാണ്. യേശുദാസിന്റെ സ്വരഭംഗിയില്‍ വിടര്‍ന്ന ഗാനം എഴുതിയതും കെ.ജയകുമാറും സംഗീതം നല്‍കിയത് രവീന്ദ്രന്‍ മാസ്റ്ററും തന്നെയാണ്. ദുംഖവും പ്രതീക്ഷയും ഭക്തി നല്‍കുന്ന കരുതലുമൊക്കെ വരികളായി വന്നപ്പോള്‍ അര്‍ഥം കൊണ്ടും സംഗീതം കൊണ്ടും പാട്ട് കാലാതീതമായി. 

നക്ഷത്രദീപങ്ങള്‍

നമ്മുടെ ഭക്തിഗാന ശാഖയ്ക്കു മറക്കാനാകാത്ത പേരാണ് ജയവിജയ. ഇരുവരും ചേര്‍ന്നു സമാന്തര സംഗീത രംഗത്തിനും എണ്ണിയാലൊടുങ്ങാത്ത സദസ്സുകള്‍ക്കും ഭക്തിയില്‍ ലയിച്ച ഈണങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അതുപോലെ സിനിമയ്ക്കായി അവരുടെ സംഭാവനയാണ് ഈ പാട്ട്. 

നക്ഷ്ത്ര ദീപങ്ങള്‍ തിളങ്ങി

നവരാത്രി മണ്ഡപമൊരുങ്ങി...

ബിച്ചു തിരുമലയുടേതായിരുന്നു വരികള്‍. നമ്മുടെ ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസ് അഭിനേതാവ് കൂടിയായ ഗാനമാണിതെന്നൊരു വേറൊരു പ്രത്യേകത.

മനസ്സിലുണരൂ ഉഷസന്ധ്യയായ്...

വിദ്യാദേവിയായ സരസ്വതിയെ ആരാധനയോടെ സ്മരിക്കുന്ന ഗാനമാണു മനസ്സിലുണരൂ ഉഷസന്ധ്യയായ്. പുസ്തക രൂപത്തിലും ആയുധ രൂപത്തിലും ദേവിയെ വന്ദിക്കുകയാണ് ഈ ഗാനത്തിൽ. 1971ൽ പുറത്തിറങ്ങിയ മറുനാട്ടിൽ നിന്നൊരു മലയാളി എന്ന ചിത്രത്തിലേതാണു ഗാനം. ശ്രീകുമാരൻ തമ്പിയുടെ വരികൾക്കു ദക്ഷിണാമൂർത്തിയാണ് ഈണം പകർന്നിരിക്കുന്നത്. യേശുദാസും എസ്.ജാനകിയും ചേർന്നു ഗാനം ആലപിച്ചിരിക്കുന്നു. 

എത്രപുക്കാലമിനി എത്ര മധുമാസമതിൽ...

മാതൃത്വത്തിന്റെയും പ്രണയത്തിന്റെയും ഭാവമായി ദേവിയോടുള്ള അപേക്ഷ പോലെയാണു ഈ ഗാനം. രാക്കുയിലിൻ രാജസദസ്സിൽ എന്ന ചിത്രത്തിലേതാണു ഗാനം. എസ്. രമേശൻ നായരുടെ വരികൾക്കു എം.ജി. രാധാകൃഷ്ണനാണു സംഗീതം നൽകിയിരിക്കുന്നത്. യേശുദാസും അരുന്ധതിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കന്നത്.