Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് അവർ പങ്കുവച്ച വിശേഷം: പ്രദീപ് സോമസുന്ദരം

bala-pradeep

ബാലഭാസ്‌കറെന്ന തെളിമയാര്‍ന്ന ആ വ്യക്തിത്വത്തേയും പുഞ്ചിരിയെയും സംഗീതത്തെയും എങ്ങനെ മറക്കാനാണ്. സംഗീതം കൊണ്ട് അദ്ദേഹത്തിന് അര്‍ച്ചനയര്‍പ്പിക്കുന്ന നിരവധി വിഡിയോകള്‍ പുറത്തുവരുന്നു. അതില്‍ ചിലതിനു ഹൃദയത്തോടു ചേരുന്നൊരു കഥ പറയാനുണ്ടാകും. അത്തരത്തിലൊന്നാണീ സംഗീത വിഡിയോ. വെറും മൂന്നു ചിത്രങ്ങള്‍ക്കു മാത്രം ഈണമിട്ടു വേദികള്‍ക്കൊപ്പം മാത്രം കൂട്ടുകൂടുന്നതിനു മുന്‍പ്  സമാന്തര സംഗീത രംഗത്തു മയില്‍പ്പീലിത്തുണ്ടു പോല്‍ ഹൃദ്യമായ കുറ നല്ല ഗാനങ്ങള്‍ സമ്മാനിച്ചിരുന്നു ബാലഭാസ്‌കര്‍..

എണ്ണക്കറുപ്പിന്‍ ഏഴഴക്...എന്ന പോലുള്ള ഗാനങ്ങള്‍. ഒരുപക്ഷേ ബാലഭാസ്‌കര്‍ മരണത്തോടൊപ്പം പോയ വേളയില്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ പ്രണയിച്ചവരുടെയും പാട്ടുകള്‍. ഭ്രാന്തായി കൊണ്ടുനടന്നവരുടെയും മനസ്സില്‍ ആദ്യമോടിയെത്തിയ ഈണവും ഇതുതന്നെയായിരിക്കും. ആ പാട്ടു പാടിയ പ്രദീപ് സോമസുന്ദരം ബാലഭാസ്‌കറിനു സംഗീതം കൊണ്ടൊരു സമ്മാനം നല്‍കുകയാണ്.

ബാലഭാസ്‌കര്‍ ഏറെ ആരാധിച്ച, അല്ലെങ്കില്‍ ആകണമെന്നു കൊതിച്ചൊരു സംഗീതജ്ഞനാണ് യാനി. അദ്ദേഹത്തിന്റെ തന്നെയൊരു ഈണമാണ് ബാലഭാസ്‌കറിനായി പ്രദീപ് സോമസുന്ദരം തിരഞ്ഞെടുത്തത്. റ്റു ദി വണ്‍ ഹൂ നോസ്....എന്ന ആ സംഗീതം കേട്ടപ്പോള്‍ ബാലഭാസ്‌കറിനെ ഓര്‍മ വന്നു, എവിടെയൊക്കെയോ ബാലു വായിക്കും പോലെ തോന്നി, വരികള്‍ മനസ്സില്‍ നിന്നു കുറിച്ചെടുത്തു, പാടി പ്രദീപ് സോമസുന്ദരം.

'എനിക്കു തന്നെ അത്ഭുതം തോന്നി ഈ വരികള്‍ മനസ്സില്‍ വന്നതിനെ കുറിച്ച്. യാദൃശ്ചികമായി സംഭവിച്ചതാണിത്. വാക്കുകളും വരികളും പെട്ടെന്നാണ് തെളിഞ്ഞു വന്നത്. അതു വിഡിയോ ആയപ്പോള്‍ സുജാത ചേച്ചിയോടും ബിജിബാലിനോടും പറഞ്ഞു. സുജാത ചേച്ചി അത് സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കാം എന്നു പറഞ്ഞു. ബിജിബാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ഓരോരുത്തരും കടന്നുപോകുമ്പാഴാണല്ലോ അവര്‍ എത്രമാത്രം നമ്മിലേക്കു ചേര്‍ന്നു നിന്നിരുന്നുവെന്നു മനസ്സിലാകുക. ബാലുവിന്റെ കാര്യത്തില്‍ അതെനിക്കു കൂടുതല്‍ വേദനാജനകമാണ്. ഇന്നും ഞാന്‍ വിശ്വസിക്കുന്നേയില്ല ബാലു പോയി എന്ന്. ആ ചിരിയും വയലിനും വര്‍ത്തമാനവും എപ്പോഴും മനസ്സിലുണ്ട്. ആദ്യം കണ്ടതും ലക്ഷ്മിയും ബാലുവും വിവാഹ ശേഷം വീട്ടിലേക്കു വന്നതും പിന്നീട് ഇടയ്ക്കിടെ ബാലുവിന്റെ വയലിന്‍ വായന കാണുമ്പോള്‍ വിളിക്കുന്നതുമെല്ലാം മനസ്സില്‍ അതേപടിയുണ്ട്. അതുകൊണ്ടു തന്നെ ബാലു ആശുപത്രിയില്‍ കിടക്കുന്നതു കാണാനും ഞാന്‍ പോയില്ല. മനസ്സിലുള്ള ചിത്രം അങ്ങനെ തന്നെ നിന്നോട്ടെ എന്നു കരുതി.'- പ്രദീപ് സോമസുന്ദരം പറയുന്നു.

'ഞാന്‍ മേരി ആവാസ് സുനോ...എന്ന റിയാലിറ്റി ഷോയിലൊക്കെ പങ്കെടുത്തു വിജയിച്ചതിനു ശേഷം കുറച്ചു വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന സമയത്തായിരുന്നു ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചേട്ടന്റെ ഒരു സ്‌റ്റേജ് പ്രോഗ്രാമിലേക്കു ക്ഷണം വരുന്നത്. ആ ഷോയുടെ തീം മ്യൂസിക് ബാലഭാസ്‌കറായിരുന്നു ചെയ്തിരുന്നത്. ഷോയ്ക്കിടെ ഞങ്ങള്‍ മനസ്സു കൊണ്ട് നല്ല അടുപ്പക്കാരായി. അന്ന് വയലിനിസ്റ്റ് ആയിട്ടല്ല ബാലു ആ പ്രോഗ്രാമിന്റെ ഭാഗമാകുന്നത്, മ്യൂസിക് കമ്പോസറായിട്ടായിരുന്നു. അന്ന് ബാലു പറഞ്ഞത്, എനിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല ഈ മ്യൂസിക് കമ്പോസിങ്. എനിക്ക് വയലിനിസ്റ്റ് ആയി സോളോ പ്രോഗ്രാമൊക്കെ ചെയ്യണം എന്നായിരുന്നു. ബാലുവിന്റെ ആ ആഗ്രഹം പോലെ നമ്മള്‍ മലയാളികള്‍ കണ്ടിട്ടുള്ള എക്കാലത്തേയും മികച്ച വയലിനിസ്റ്റ് ആയി മാറി ബാലു. അതിനിടയില്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന കുറേ മെലഡികള്‍ സിനിമയിലും ആല്‍ബങ്ങളിലുമായി ചെയ്തു. അങ്ങനെ ബാലു ചെയ്ത വളരെ കുറച്ചു സംഗീത സംവിധാനങ്ങളില്‍ എട്ടെണ്ണത്തിന് എന്റെ സ്വരമായി എന്നത് എന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായിട്ടാണ് കാണുന്നത്. ജീവിതത്തില്‍ കിട്ടിയ അവിസ്മരണീയമായ സമ്മാനം. ആ സമ്മാനത്തിനു ഞാന്‍ തിരിച്ചു കൊടുക്കുന്ന സമ്മാനം മാത്രമാണ് ഈ പാട്ട്. 

എണ്ണക്കറുപ്പിന്‍ ഏഴഴക് എന്ന പാട്ട് ഇത്രയധികം ഹിറ്റ് ആകും എന്നൊന്നും അന്ന് ചിന്തിച്ചിരുന്നേയില്ല. തിരുവനന്തപുരത്തെ എസ്ആന്‍ഡ്എസ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു റെക്കോഡിങ്. അന്ന് പതിനെട്ടു വയസേയുള്ളൂ ബാലുവിന്. അതിന്റേതായ കളിയും ചിരിയും തമാശയുമൊക്കെയായിട്ടൊരു കുട്ടി. പക്ഷേ അവനില്‍ നിന്നു വന്ന സംഗീതം കുട്ടിയുടേത് ആയിരുന്നില്ല. ചേട്ടാ...ചേട്ടാ എന്നു വിളിച്ചു മനസ്സിലുള്ളതെന്താണോ അത് പാടിക്കും ആള്. ഒരിക്കല്‍ പോലും മുഖത്തു നിന്ന് ആ ചിരി മായില്ല. അതിപ്പോഴും മനസ്സിലുണ്ട്. സന്തോഷത്തിനു പകരം മനസ്സില്‍ സങ്കടമാണെന്നു മാത്രം. 

എല്ലാം ബാലുവിന്റെ ജീവിതത്തില്‍ പെട്ടെന്നാണു സംഭവിച്ചത്. വിവാഹവും വളരെ നേരത്തെ. അന്ന് തൃശൂരുള്ള എന്റെ വീട്ടിലേക്ക് വിരുന്നിനു ക്ഷണിച്ചു ഞാന്‍ ബാലുവിനേയും ലകഷ്മിയേയും. പുളിശ്ശേരി വലിയ ഇഷ്ടമാണ് ആളിന്. അതു വേണം എന്നു പറഞ്ഞു. അമ്മ അതെല്ലാം ഒരുക്കി വച്ചിരുന്നു വിളമ്പി കൊടുത്തു. അന്ന് ലക്ഷ്മി പറഞ്ഞു, ബാലുവിനു പെട്ടെന്ന് ശുണ്ഠി വരും എന്ന്. അപ്പോള്‍ അമ്മ പറയുകയും ചെയ്തു, ഇനി എല്ലാം ശരിയാക്കിയെടുക്കാന്‍ മോള് ഉണ്ടല്ലോ എന്ന്. 

അത് വളരെ ശരിയായിരുന്നു. പിന്നീട് പെട്ടെന്നായിരുന്നു ഏവരും ഇഷ്ടപ്പെടുന്ന സെലിബ്രിറ്റിയിലേക്ക് ബാലുവിന്റെ വളര്‍ച്ച. ലോകമെമ്പാടും വേദികള്‍, മ്യൂസിക് ബാന്‍ഡ്, ടിവി പ്രോഗ്രാമുകള്‍, ലോകപ്രശസ്ത സംഗീതജ്ഞര്‍ക്കൊപ്പമുള്ള വര്‍ക്കുകള്‍ അങ്ങനെ...

അതിനു ശേഷം കലാകാരന്‍മാര്‍ക്കിടയില്‍ തിരക്കു സമ്മാനിക്കുന്ന അകലം ഞങ്ങള്‍ക്കിടയിലും ഉണ്ടായി. ബാലു ഷോകളുമായി തിരക്കിലായപ്പോള്‍ കാണുന്നതിനൊക്കെ വലിയ ഇടവേള വന്നു. എങ്കിലും ഇടയ്‌ക്കൊക്കെ ഫോണ്‍ വിളിച്ചു വിശേഷങ്ങളൊക്കെ അറിയുമായിരുന്നു. എണ്ണക്കറുപ്പിന്‍ ഏഴഴക് എന്ന പാട്ടിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൊരു കുറിപ്പ് വന്നപ്പോള്‍ പെട്ടെന്നു തന്നെ ബാലുവിനെ വിളിച്ചു. ആളിനു വലിയ സന്തോഷമായി അന്ന്. ഏറ്റവുമൊടുവില്‍ കാണുന്നത് നാലു വര്‍ഷം മുന്‍പ് പാറമേക്കാവ് ക്ഷേത്രത്തില്‍ കച്ചേരി അവതരിപ്പിക്കാന്‍ വന്നപ്പോഴായിരുന്നു. ഗംഭീരമായൊരു സംഗീത സദസ്സ്. 

അതാണ് ബാലുവിന്‌റെ പ്രത്യേകതകളിലൊന്ന്. കര്‍ണാടിക് സംഗീതവും വലിയ ആള്‍ക്കൂട്ടത്തെ കയ്യിലെടുക്കുന്ന സിനിമാ ഗാനങ്ങളും വെസ്റ്റേണ്‍ മ്യൂസികുമൊക്കെ ഒരേ പോലെ വായിക്കുമായിരുന്നു. എല്ലാ വയലിനിസ്റ്റുകള്‍ക്കും അങ്ങനെ സാധിക്കാറില്ല. രണ്ടു വേദികളിലും ബാലു ഒരേ അര്‍പ്പണ ബോധത്തോടെയാണ് വായിക്കുക. എന്തു തന്നെയായാലും അന്നവിടെയെത്തുന്ന സദസ്സിന്‌റ മനസ്സുകളിലേക്ക് നിത്യമായി കയറിക്കൂടിയിരിക്കും ബാലു. എപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുള്ള കാര്യമാണ്, മിക്കപ്പോഴും വയലിനില്‍ നോക്കിയല്ല ബാലു വായിക്കാറ്. ആളുകളുടെ മുഖത്തേയ്ക്കു നോക്കി, കണ്ണുകള്‍ കുറുക്കി ഒരു പുഞ്ചിരിയോടെയാകും വായിച്ചു പോകുക. ആ ചിരി തന്നെയാണിപ്പോള്‍ മനസ്സില്‍ നിറയെ....ഒരിക്കലും മറക്കാനാകില്ല. 

ചില മനുഷ്യര്‍ അനശ്വരരാകാന്‍ വേണ്ടി ജനിച്ചവരാണെന്നു തോന്നും. ബാലഭാസ്‌കറിനെ പോലെ. ഭൂമിയില്‍ ജീവിച്ച വെറും നാല്‍പതു വര്‍ഷത്തിന്റെ ആദിമധ്യാന്തം സംഗീതത്തിനു വേണ്ടി ജീവിച്ച, സൗഹൃദങ്ങള്‍ ആഘോഷമാക്കിയ, പഠിച്ചിടത്തും വളര്‍ന്നിടത്തും ചിരിയും വര്‍ത്തമാനവും കൊണ്ടു ഹൃദയംതൊട്ട  അപ്രതീക്ഷിതമായൊരു വേളയില്‍ ഒരുപാടു നോവിച്ചു കടന്നുപോയ ആ സംഗീതജ്ഞന്‍ അനശ്വരന്‍ തന്നെയാണ്, പ്രത്യേകിച്ച് ഇതുപോലുള്ള വാക്കുകളും സമ്മാനപ്പൊതികളിലെത്തുന്ന പാട്ടുകളും കേള്‍ക്കുമ്പോള്‍ മറ്റൊന്നും പറയാനാകില്ല...

related stories