Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൊടലൊടലൊടലാ! പാട്ടുവഴിയിലെ ജഗതി

jagathy-songs

1983ൽ പുറത്തിറങ്ങിയ കിന്നാരം എന്ന സിനിമയുടെ തുടക്കത്തിൽ ജഗതി ശ്രീകുമാർ, സംഗീതസംവിധായകനായ വർമാജിയായി പച്ച നിറത്തിലുള്ള കശ്മീരി ഷാൾ പുതച്ച് കാറിൽ വന്നിറങ്ങുന്ന രംഗമുണ്ട്. 'അവിൽപ്പൊതി' എന്ന ചിത്രത്തിന്റെ റീറെക്കോർഡിങ് കഴിഞ്ഞ് ക്ഷീണിച്ചു വരുന്ന വർമാജിയോട് പടം എങ്ങനെ എന്ന് സുകുമാരനും നെടുമുടിയും ചോദിക്കുന്നു. അതിന് മറുപടി പറയുന്നത് മാള അരവിന്ദന്റെ കഥാപാത്രമാണ്. "വർമാജിയുടെ സംഗീതം കൊണ്ടു തന്നെ പടം നിൽക്കും." അത് സത്യമായി. ആ ചിത്രത്തിൽ 'വർമാജി' ഈണം നൽകിയ പാട്ടുകൾ ഇന്നും സൂപ്പർഹിറ്റാണ്. 'ഓട്ടപ്പാത്രത്തിൽ ഞണ്ടു വീണാൽ', 'പിസ്താ', 'സഖീ സഖീ വരു നീ', 'വാ കുരുവി വരു കുരുവി', അങ്ങനെ കിന്നാരം സിനിമയിലെ വർമാജിയുടെ പാട്ടുകൾ കാലത്തെ അതിജീവിച്ചു. പാരഡി, മൊഴിമാറ്റം അങ്ങനെ വിക്രസുകൾ പലതും പയറ്റിയിട്ടുണ്ടെങ്കിലും ആ പാട്ടുകളിൽ ജഗതി ശ്രീകുമാർ എന്ന അതുല്യപ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. 

കിന്നാരം എന്ന സിനിമയ്ക്കു ശേഷവും നിമിഷകവിയായും പാട്ടുകാരനായും പല സിനിമകളിലും ജഗതി പാട്ടെഴുത്തും പാട്ടു മൂളലും തുടർന്നു. ആ ഗാനങ്ങളൊക്കെയും ഇന്നും ന്യൂജെൻ ട്രോളൻമാരുടെയും റീമിക്സ് വിരുതരുടെയും വിലമതിക്കാനാവാത്ത മൂലധനമാണ്. 'വർമാജി'യുടെ ഈണമൊരുക്കലിനു സാക്ഷിയായ സത്യൻ അന്തിക്കാട് ജഗതി ശ്രീകുമാറിന്റെ പാട്ടൊരുക്കലിനെ കുറിച്ചുള്ള ഓർമകൾ ഓർത്തെടുക്കുകയാണ്, മനോരമ ഓൺലൈനിലൂടെ.   

'വർമാജി' ഈണമിട്ട പാട്ടുകൾ

ആ സമയത്ത് അന്യസിനിമയിൽ നിന്ന് സംഗീതം മോഷ്ടിച്ച് സ്വന്തം പേരിൽ അടിച്ചിറക്കുന്ന ആളുകൾ കുറവായിരുന്നു. ഇന്ന് ധാരാളമുണ്ട്. അങ്ങനെയൊരു സംഗീതസംവിധായകനെ മനസിൽ കണ്ടാണ് വർമാജിയെ പരുവപ്പെടുത്തിയത്. പല രംഗങ്ങളിലും പാട്ടുകൾ വേണം. മുഴുവൻ പാട്ടുകൾ വേണ്ട, ബിറ്റുകൾ മതി. കുറച്ചു പാട്ടുകളുടെ ബിറ്റുകൾ വേണമെന്നു മാത്രമേ ഞാൻ ജഗതിയോട് പറഞ്ഞിരുന്നുള്ളൂ. അത് ചിത്രീകരണത്തിനിടയിൽ ഉണ്ടാക്കാം എന്ന ചിന്തയായിരുന്നു എനിക്ക്. ഒരു കഥാപാത്രത്തെ എത്രത്തോളം സജീവമാക്കാം എന്ന് എല്ലാകാലത്തും ചിന്തിക്കുന്ന ഒരു നടനാണ് ജഗതി ശ്രീകുമാർ. വർമാജി എന്ന കഥാപാത്രം വന്നപ്പോൾ അദ്ദേഹം അതിനുതകുന്ന കാര്യങ്ങൾ ശേഖരിച്ചു. കിന്നാരത്തിൽ 'വർമാജി' പാടിയ പാട്ടുകളൊക്കെ അദ്ദേഹത്തിന്റെ തന്നെ സൃഷ്ടിയാണ്. അതൊരു ടീം വർക്ക് ആയിരുന്നു. നെടുമുടി വേണു, സുകുമാരൻ, മാള അരവിന്ദൻ എന്നിവരുടെയൊക്കെ സംഭാവനകൾ അതിലുണ്ട്. എന്നാൽ ജഗതി കണ്ടെത്തിയതാണ് അതിലെ പാട്ടുകളെല്ലാം. 

വരികൾ സത്യൻ അന്തിക്കാട്, ആലാപനം ജഗതി

ഹിന്ദി ട്യൂൺ അടിച്ചുമാറ്റി മലയാളത്തിൽ പാട്ട് ഒരുക്കുന്ന സന്ദർഭമുണ്ട് ചിത്രത്തിൽ. 1976ൽ പുറത്തിറങ്ങിയ 'കഭീ കഭീ മേരെ ദിൽ മേം...' എന്നു തുടങ്ങുന്ന പാട്ടിന്റെ ഈണത്തിലാണ് വർമാജിയുടെ കഥാപാത്രം പാട്ടൊരുക്കുന്നത്. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ആ ഈണത്തിനൊപ്പിച്ച് വരികൾ ഞാനെഴുതിക്കൊടുത്തു. 'സഖീ സഖീ വരൂ നീയെൻ' എന്നു തുടങ്ങുന്ന ഗാനം ജനിച്ചത് അങ്ങനെയാണ്. ജഗതി ആ ഗാനം മനോഹരമായി അവതരിപ്പിച്ചു.

കേട്ട പാടേ ഞാൻ പറഞ്ഞു, ഇത് നമ്മൾ സിനിമയിൽ എടുത്തിരിക്കും

കിന്നാരത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു, തമിഴിൽ ഒരു നാടൻപാട്ടുണ്ട്. അതിന്റെ ഒരു ഭാഗം നമുക്ക് മലയാളത്തിലേക്ക് കാച്ചിയാലോ എന്ന്. പുള്ളി ഏതൊക്കെയോ തമിഴ് സുഹൃത്തുക്കളിൽ നിന്ന് എവിടെ നിന്നോ കണ്ടെടുത്ത ചെറിയൊരു പാട്ടിന്റെ ഭാഗമായിരുന്നു അത്. ബാക്കിയൊക്കെ അദ്ദേഹത്തിന്റെ കൂട്ടിച്ചേർക്കലാണ്. അങ്ങനെയാണ് ഓട്ടപ്പാത്രത്തിൽ ഞണ്ടു വീണാൽ എന്നു തുടങ്ങുന്ന ഗാനം ഉണ്ടായത്. അത് ജഗതി കൊണ്ടുവന്ന ഗാനമാണ്. 'ഓട്ടപ്പാനയിൽ ഞണ്ട് വീഴ്ന്താൽ' എന്നായിരുന്നു അതിന്റെ തമിഴ്! ജഗതി തന്നെ ആ വരികൾ മലയാളത്തിലേക്ക് മാറ്റി. ഭക്ഷണം കഴിയ്ക്കുന്ന സമയത്ത് ജഗതി എനിക്കീ പാട്ട് പാടി കേൾപ്പിച്ചു. കേട്ട പാടേ ഞാൻ പറഞ്ഞു, ഇത് നമ്മൾ സിനിമയിൽ എടുത്തിരിക്കും. 

അത് കേട്ട് ഞാൻ ചിരിച്ചു മറിഞ്ഞു

അന്നു ജഗതിക്ക് തമിഴിൽ കുറെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പ്രേമഗീതങ്ങൾ എന്ന സിനിമയിൽ പഞ്ചാര പ്രൊഫസർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു തമിഴ് നടൻ, അങ്ങനെ കുറെ പേർ. ആ കൂട്ടത്തിൽ നിന്നൊക്കെയാണ് ജഗതിക്ക് പല പാട്ടുകളും കിട്ടുന്നത്. കിന്നാരത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിൽ ഒരു ദിവസം ജഗതി വന്ന് ഒരു പാട്ട് അങ്ങോട്ടു പാടി, "മുക്കാമുഴം പോട്ട് മാരിക്കൊളുന്ത്... പിസ്താ" എനിക്കതിന്റെ വാക്കുകളൊന്നും കിട്ടുന്നില്ല. പുള്ളി അന്നു പാടികേൾപ്പിച്ചിട്ട് ഞാൻ ചിരിച്ചു മറിഞ്ഞു. അന്നത്തെ കാലത്ത് പൈലറ്റ് ട്രാക്ക് പോലുമില്ല. ജഗതിക്ക് ഈ പാട്ടൊക്കെ മനഃപാഠമാണ്. അദ്ദേഹം നന്നായി ഓർമിച്ചു പാടും. അതുകൊണ്ട് ഡബിങ് ഒരു പ്രശ്നമേ അല്ലായിരുന്നു. ചിത്രീകരണം നടക്കുന്ന സമയത്തെ ഇടവേളകളിൽ ജഗതി ഈ പാട്ടു പാടും. നെടുമുടി വേണുവും മറ്റു കൂടെ അഭിനയിക്കുന്നവരും അതേറ്റു പിടിക്കും. മാള ചേട്ടൻ താളം അടിയ്ക്കും. ഷൂട്ടിങ് ഒരു പിക്നിക് മൂഡാണ്. ലൈറ്റ് അപ് നടക്കുന്ന ഇടവേളകളിൽ മുഴുവൻ ഈ പാട്ടു പാടിപ്പാടി അതങ്ങോട്ട് കൊഴുപ്പിച്ചു. സിനിമയിൽ അതു കൃത്യ സ്ഥലത്ത് ഉപയോഗിക്കുക മാത്രമാണ് ഞാൻ ചെയ്തത്.    

രവീന്ദ്രൻ മാഷ് പറഞ്ഞത്

കിന്നാരം എന്ന സിനിമയുടെ സംഗീത സംവിധായകൻ രവീന്ദ്രൻ മാഷായിരുന്നു. അദ്ദേഹത്തെ ഞാൻ ജഗതിയുടെ 'പാട്ടുപരിപാടികൾ' കേൾപ്പിച്ചിരുന്നു. അന്നത്തെ ചില സംഗീതസംവിധായകർക്ക് ഈ വർമാജിയുടെ സ്വഭാവം ഉണ്ടെന്നു പറഞ്ഞു മാഷ് കുറെ ചിരിച്ചു. അന്നു അങ്ങന വലിയൊരു ആരോപണം നേരിട്ടിരുന്ന സംഗീതസംവിധായകൻ ഉണ്ടായിരുന്നു. അദ്ദേഹത്തിനെയും ഞാനീ പടം കാണിച്ചു. അദ്ദേഹം പറഞ്ഞത്, ഇതുപോലൊരു സുഹൃത്ത് അദ്ദേഹത്തിനുണ്ടെന്നാണ്! ആർക്കും അവനവന്റെ കുറ്റങ്ങൾ മനസിലാവില്ലല്ലോ!

അനുവാദം നൽകേണ്ടത് ജഗതി

നേരം എന്ന സിനിമ ചെയ്യുന്ന സമയത്ത് ആ പാട്ട്  ആ ചിത്രത്തിലുൾപ്പെടുത്താൻ അനുവാദം ചോദിച്ച് നിവിൻ പോളി എന്നെ വിളിച്ചിരുന്നു. അന്ന് ഞാൻ പറഞ്ഞത്, ഈ പാട്ടിന്റെ ക്രെഡിറ്റ് മുഴുവൻ ജഗതി ശ്രീകുമാറിനാണ് എന്നാണ്. ആ പാട്ട് പുതിയ കാലത്തിലും സൂപ്പർഹിറ്റായി. ആ പാട്ടിനൊരു സ്പിരിറ്റ് ഉണ്ട്. ആ പാട്ടുണ്ടാക്കുമ്പോൾ ജനിച്ചിട്ടില്ലാത്തവർ പോലും ഇന്ന് അടിപൊളി പാട്ടായി പിസ്താ ഗാനം ആഘോഷിക്കുന്നു. കാലങ്ങൾക്കതീതമായി നിൽക്കുന്നതാണ് ജഗതി ശ്രീകുമാറിന്റെ പ്രതിഭ. ഈ ഗാനങ്ങൾ അത് സാക്ഷ്യപ്പെടുത്തുന്നു.  

(കിന്നാരം എന്ന ചിത്രത്തിനു ശേഷം ചേക്കാറാൻ ഒരു ചില്ല എന്ന ഗാനത്തിലെ നിമിഷകവിയായി ജഗതി ഒരുക്കിയ പാട്ടുകൾ ഇപ്പോഴും ചിരിപ്പൂരം തീർക്കുന്നു. 'കടല് കട കണ്ടു' എന്ന ഗാനത്തിന്റെ കറുമുറ കേട്ട് പൊട്ടിച്ചിരിക്കാത്തവർ ആരുണ്ട്! ആ ചിത്രത്തിലെ തന്നെ, 'പാൽക്കാരി പെണ്ണേ പാലൊന്നു തായോ' എന്ന പാട്ടിലെ 'പ'യുടെ പ്രാസം കണ്ട് ന്യൂജെൻ തലമുറ പോലും നമിച്ചു പോകും. ദക്ഷിണാമൂർത്തി സ്വാമികളുടെ ഈണത്തിന് പാരഡിയായി ജഗതിയൊരുക്കിയ 'രാമാ ശ്രീരാമാ' എന്ന ഗാനം ഇപ്പോഴും ആരാധകരുടെ പൊന്നാട, ജെണ്ട്, ഹാരം എന്നിവയെല്ലാം ഏറ്റുവാങ്ങി പ്രയാണം തുടരുകയാണ്. ചിരിപ്പൂരമൊരുക്കാൻ ആ ഹാസ്യസാമ്രാട്ട് അധികം വൈകാതെ വീണ്ടുമെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.