Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുമ്പുണ്ടായില്ല, ഇത്രമേൽ രാഷ്ട്രീയം പറഞ്ഞ പാട്ട്!

pariyerum-perumal

കുതിരമേലേറി വരുന്ന ദൈവം എന്നാണു 'പരിയേറും പെരുമാളി'ന്റെ അർഥം. മലയിറങ്ങി പുഴതാണ്ടി മലകയറി സമതലങ്ങളെ പിന്നിലാക്കി കുതിച്ചോടുന്ന കുതിരക്കുളമ്പടി മണ്ണിൽ ആഞ്ഞുതറച്ചു, പിന്നെയൊന്നുയർന്ന ലക്ഷ്യം തേടിപ്പോകുന്ന മനോഹരമായ, സംഭവബഹുലമായ യാത്ര പോലെയാണ് 'പരിയേറും പെരുമാൾ' എന്ന ചിത്രവും അതിലെ ഒാരോ പാട്ടുകളും, പ്രത്യേകിച്ച് കറുപ്പി. അടിമത്തവും ഏകാധിപത്യവും  താണ്ടിയെത്തിയ ഇന്നോളമുള്ള ചരിത്രത്തിലെല്ലാം കേൾക്കാം കുതിരക്കുളമ്പടിയുടെ ശബ്ദം. ഇവിടെയുമതിന് മാറ്റമില്ല. ഇവിടത്തെ കുതിരക്കുളമ്പടി, ഇവിടെയൊരിടത്തും ആ ശബ്ദം തെല്ലുമേ വന്നുപോകുന്നില്ലെങ്കിൽ കൂടി,  ഓർമിപ്പിക്കുന്നത് ജാതീയതെയാണെന്നു മാത്രം. എന്നോ സ്വയം വിഭജിച്ചു മാറിയ ജനതയുടെ ധാർഷ്ട്യവും വിലാപവുമാണെന്നു മാത്രം. അവിടെ പരിയേറും പെരുമാളിലെ പാട്ടുകൾ വെറും പാട്ടുകൾ അല്ലാതായി മാറുകയും അതൊരു നീറ്റലായി വിങ്ങലായി അസ്വസ്ഥതകൾ മാത്രം മനസ്സിൽ ജനിപ്പിച്ച് ആവർത്തിച്ചാവർത്തിച്ച് മുഴങ്ങുകയും ചെയ്യുന്നു. കറുപ്പി പ്രത്യേകിച്ച്. കാരണം, കറുപ്പി ആ ചിത്രത്തിൽ എല്ലായിടത്തുമുണ്ട്, കറുപ്പിയെ കുറിച്ചുള്ള വരികൾ ആ സിനിമയെ ആകെത്തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടു മാത്രമാണ് മാരി ശെൽവരാജിന്റെ സംവിധാന മികവും രാഷ്ട്രീയവും പോലെ ആ പാട്ടും നമ്മളിത്രമേൽ ചർച്ച ചെയ്യുന്നത്. കറുപ്പിയിൽ തുടങ്ങി അവസാനം കാണിക്കുന്ന കട്ടൻചായയിൽ വരെ കൃത്യമായ രാഷ്ട്രീയ നിലപാട് പറയുന്ന ചിത്രത്തിലെ അതിശക്തമായ സാന്നിധ്യമാണ് കറുപ്പിയെന്ന നായയും അവൾക്കും അവളെ പോലെ എന്തിനു വേണ്ടിയാണു തന്നെ കൊല്ലുന്നതെന്നു തിരിച്ചറിവിനു പോലും അർഹതയില്ലാത്ത ആത്മാക്കൾക്കും വേണ്ടി സമർപ്പിച്ച ഇൗ പാട്ടും. 

തിരുനെൽവേലിയിലെ പുളിയങ്കുളത്തു നിന്നുള്ള നിയമവിദ്യാർഥിയായ, അംബേദ്കറിനെ പോലെയാകാൻ ആഗ്രഹിക്കുന്ന എസ്. പരിയേറും പെരുമാളിന്റെ നിഴലാണ് കറുപ്പി. ആ സ്നേഹമാണ് ചിത്രത്തിൽ പാട്ടായി പുനർജനിക്കുന്നത്. പരിയേറും പെരുമാളിന്റെ തലമുറകൾ എത്രയോ കാലമായി അനുഭവിക്കുന്ന, ഇനിയും അങ്ങനെ തന്നെയായിരിക്കുന്ന വേർതിരിവുകളെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഒാരോ വരിയും. നിന്നെ കൊന്നുകളഞ്ഞപ്പോൾ അവൻ ചിരിച്ചിരുന്നോ, ആരാണ് നിന്നെ കൊന്നതെന്നു നമുക്കറിയാം...അങ്ങനെ പോകുന്നു വരികളുടെ അർഥം. ജാതിയിൽ താണവൻ ഒന്നുറക്കെ ചിരിച്ചാൽ, പുഴയിലൊന്നു മു്ങ്ങാംകുഴിയിട്ടാൽ, ജാതിയിലുയർന്നവരെ പ്രണയിച്ചാൽ നല്ലൊരുടുപ്പിട്ടാൽ മരണമാണ് അതിനുത്തരമെന്നു വിശ്വസിക്കുന്ന കാടൻ ജനതയ്ക്കു നടുവിൽ ജീവിക്കുന്നവൻ. അതിനെ കുറിച്ച് മിണ്ടാനാകാതെ മൗനമായി നിന്ന് എങ്ങനെയെങ്കിലും പഠിച്ച് ജീവിതത്തിലൊരു തൊഴിൽ നേടണം എന്നു ചിന്തിക്കുന്ന തീർത്തും സാധാരണക്കാരനായ ഒരുവൻ. നാട്ടിലെ കബഡിയും കുളവും വിദ്യാഭ്യാസമില്ലാത്ത നാട്ടുകൂട്ടുകാരും ജീവിതത്തിലിന്നേവരെ സുഖങ്ങളൊന്നും അനുഭവിച്ചിട്ടില്ലാത്ത അച്ഛനും അമ്മയുമുളള ഒരുവൻ. അവന്റെ ഇന്നലെകളിലും ഇന്നിന്റെയും മാറാൻ ഉദ്ദേശമില്ലാത്ത നാളെയുടെയും വിങ്ങലും പ്രതിഷേധങ്ങളുമാണ് കറുപ്പിയിലൂടെ മാരി ശെൽവരാജ് സംവദിക്കുന്നത്. കറുത്ത നായയിലൂടെ കലർപ്പില്ലാത്ത മനുഷ്യരുടെ സങ്കടങ്ങളെ കുറിച്ച് പാടുന്നു. 

നീറുന്ന അനുഭവം മാത്രമാകുന്ന കറുപ്പിയ്ക്ക്  വിവേകും മാരി ശെൽവരാജും ചേർന്നാണു വരികൾ എഴുതിയത്. ഇൗണമിട്ടത് സന്തോഷ് നാരായണനാണ്. ഡോ.എസ്.സി ചാണ്ഡില്യയുടെ ആഴമുള്ള സ്വരത്തിന്റെ ആലാപനത്തിൽ റാപ് പാടി സന്തോഷം പങ്കാളിയായി. ചില പാട്ടുകളെ കുറിച്ചു നമ്മൾ പറയാറില്ലേ, ഇൗ വരികൾക്ക് ഇതിനുമപ്പുറം ചേരുന്ന സംഗീതമില്ല, ഇതിനുമപ്പുറം ചേരുന്ന സ്വരമില്ല എന്നൊക്കെ. അതുപോലെ തന്നെയാണിവിടെയും ഇൗ വരികളെ ഇതിലും മനോഹരമായി സംവദിക്കാൻ ഇതിലും മനോഹരമായൊരീണമില്ല. അത്രമാത്രം ചടുലവും ശക്തവുമായി ഇൗണമിട്ടിരിക്കുന്നു സന്തോഷ് നാരായണൻ. ഉൻ നാക്ക് നക്കി എൻ അഴുക്ക് കഴുകിപ്പോകണം...എന്ന ചങ്കൂറ്റമുള്ള വരികൾക്ക് ഇതിനേക്കാൾ ചേരുന്നൊരു താളമില്ല. 

പക്ഷേ നമുക്കു തോന്നാം മരണ നേരത്തെ പാട്ടാണോ ഇതെന്ന്. മരിച്ചവരെ ഭൂമിയിൽ നിന്നു പറഞ്ഞയയ്ക്കേണ്ടത് കണ്ണീരോടെയല്ലെന്ന തമിഴിന്റെ ആചാരത്തെ പോലും അന്നേരം നമ്മൾ മറന്നുപോകും. എത്രയോ ചിത്രങ്ങളിൽ അന്ത്യയാത്ര വേളയിൽ അവർ ആടുന്നത്, പാടുന്നത് കണ്ടിട്ടുണ്ടെങ്കിൽ പോലും അന്നേരം മറന്നുപോകും. കാരണം മനുഷ്യത്വത്തിന്റെ വറ്റാത്ത ഉറവ നമുക്കുള്ളിലിപ്പോഴുമുണ്ട് എന്നുള്ളതു കൊണ്ടു തന്നെ. അത്രമേൽ ശക്തമായി, നീറ്റലായി ആ പാട്ടിലെ കഥാപാത്രം സിനിമയുടെ തുടക്ക നേരത്തു തന്നെ നമ്മെ പിന്തുടരും. കറുപ്പിയെന്ന നായയെ കുറിച്ചുള്ള വെറുമൊരു പാട്ടായി നിൽക്കാതെ നീചമായ, കുടിലമായ ജാതീയതയെ കുറിച്ചുള്ള സത്യങ്ങളും പ്രതിഷേധങ്ങളും നമ്മുടെ കണ്ണിലേക്കു നോക്കിപ്പറയുന്നൊരു ആൾരൂപമായി അതുമാറുന്നു. കറുപ്പി ചിത്രത്തിലുടനീളം ഒാരോ ഫ്രെയിമിൽ നിന്നും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. ആ വേട്ടയാടലിന്റെ തുടക്കമാണീ പാട്ട്. അടുത്തിടെയൊന്നുമുണ്ടായിട്ടില്ല ഇത്രമേൽ ശക്തമായി രാഷ്ട്രീയം പാടുന്നൊരു പാട്ട്. 

കല സമൂഹത്തിന്റെ നേരിനോട് എത്രമേൽ ചേർന്നു നിൽക്കുന്നുവോ അത് അത്രമേൽ സംശുദ്ധമാക്കപ്പെടുകയും കാലാതീതമാകുകയും ചെയ്യുന്നുവെന്നു പറയും പോലെയാണീ പാട്ടും. ആ കലാസൃഷ്ടി പതിനാറു വരികളും കുറേ ശബ്ദങ്ങളും പലയിടങ്ങളിൽ പലനേരത്ത് പിടിച്ചെടുത്ത കുറേ ചിത്രങ്ങളും ചേരുംപടി ചേർന്ന വെറുമൊരു പാട്ടാകാതെ ഒറ്റയാന്റെ കരുത്തോടെ നമ്മളോട് കലഹിക്കുക തന്നെയാണ്. ആ കലഹത്തിൽ നീതിയുണ്ടെന്നു ബോധ്യമുള്ളതു കൊണ്ടുകൂടിയാണ് ഇൗ പാട്ടിനെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നതും. മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രമാണെന്നു പറഞ്ഞുവയ്ക്കുന്ന, അതിനൊരു മാറ്റമില്ലാത്തിടത്തോളം ഇതൊക്കെ ഇങ്ങനെയൊക്കെ തന്നെയങ്ങു പോകും എന്നു പറഞ്ഞുവയ്ക്കുന്ന ചിത്രത്തിലെ ഇൗ പാട്ട് മാത്രമല്ല, ഒാരോ ഇൗണങ്ങളും പശ്ചാത്തല സംഗീതവും ജാതിവെറിയുടെ ഉഷ്ണത്തിൽപ്പെട്ട് ഉരുകുന്ന ഉയിരിന്റെ ഉടലിന്റെ അസ്വസ്ഥതകളെ തന്നെയാണ് പേറുന്നത്. പാട്ടിനെ കുറിച്ച് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ മറന്നു പോകരുതാത്ത പേരാണ് പാ.രഞ്ത്തിന്റേത്. ഇവിടെ സംവിധായകനല്ലനിർമന്മ്താവാണു രഞ്ജിത്. പക്ഷേ ജാതിക്കറുപ്പിന്റെ കൂരിരുണ്ട നിറമുള്ള ആകാശത്തിനു കീഴെ അധിവസിക്കേണ്ടി വന്ന ജനതയ്ക്കു വേണ്ടിയാണ് അയാൾ ഇന്നോളം സംസാരിച്ചത് അത്രയും. ആ കറുപ്പിനെ മറന്നു വ്യതിചലിച്ചതിന് ഉത്തരങ്ങളിൽ തൂങ്ങിയാടേണ്ടി വന്നവർ ഏറെയുണ്ട്, വെള്ളത്തിൻ ആഴങ്ങളിൽ ശ്വാസം മുട്ടിപ്പിടഞ്ഞവരും പ്രണയപ്പാതിയിൽ പിരിഞ്ഞവരും അതിലേറെ. അവരിലെല്ലാം എന്നോ മൂടപ്പെട്ട ഇൗ കറുപ്പിൻ മാറാലയെ വകഞ്ഞു മാറ്റി നീല നിറമുള്ള തൂവാനത്തുമ്പികളെ പാറിച്ചു വിടാനാണ് അയാൾ ചലച്ചിത്രമെന്ന മാധ്യമത്തോടൊപ്പം നടക്കുന്നത് എന്നല്ല ഉപയോഗിക്കുന്നത് എന്നു തന്നെ പറയാം. ആ നീല തന്നെയാണ് പരിയേറും പെരുമാളിലുമുള്ളത്. അയാളുടെ രാഷ്ട്രീയം തന്നെയാണ് കുറെക്കൂടി വ്യക്തതയോടെ കറുപ്പിയിൽ പുനരവതരിപ്പിക്കപ്പെടുന്നതും.