Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടജാദ്രിയിൽ കുടികൊള്ളും...മനമുരുകും ആ കഥ കേട്ടാൽ

Raveendran-Master

‘കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി 

ഗുണദായിനി സര്‍വ്വ ശുഭകാരിണി...’

കാലമെത്രകഴിഞ്ഞാലും ഈ ഗാനം കേൾക്കുമ്പോൾ ഏത് ആസ്വാദകന്റെയും മനസ്സ് കുടജാദ്രിയിലെത്തും. സകലവരപ്രദായിനിയായ മൂകാംബികാ ദേവിയുടെ പാദങ്ങളിൽ ആ മനസ്സുകൾ നമിക്കും. ഭക്തിയുടെ നിർവൃതിയില്‍ മനം സൗപർണികാമൃതം നുകരും.

‘നീലക്കടമ്പ്’ എന്ന ചിത്രത്തിനായി രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഗാനമാണിത്. കെ.ജയകുമാറിന്റെ വരികൾക്ക് പാടിയത് മലയാളികളുടെ പ്രിയഗായിക കെ.എസ്.ചിത്രയും. ‘നീലക്കടമ്പ്’ എന്ന ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും ‘കുടജാദ്രിയിൽ കുടികൊള്ളും...’ എന്ന ഗാനം കേൾക്കാത്തവർ അധികം ഉണ്ടാകില്ല.  ഈ ഗാനം മൂകാംബികാ ദേവിയുടെ വരദാനമാണെന്നു സംഗീത സംവിധായകൻ രവീന്ദ്രൻ ഒരിക്കൽ പറഞ്ഞു. ഗാനം പിറന്നതിനു പിന്നില്‍ അവിശ്വസനീയം എന്നു തോന്നാവുന്ന ഒരു കഥയുണ്ട്. 

മദിരാശിയിൽ എത്തിയ കാലത്ത് രവീന്ദ്രന് ജീവിതത്തെപ്പറ്റി ഒരു എത്തുംപിടിയും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കഷ്ടപ്പാടു കണ്ട് ഒരാൾ പറഞ്ഞു. ‘നിങ്ങൾ സംഗീതക്കാരനല്ലേ, മൂകാംബികയിൽ പോയിട്ടു രണ്ടു ദിവസം ഭജന ഇരുന്നു വരൂ.’ അപ്പോൾ തന്നെ മൂകാംബികയിൽ പോയി ഭജന ഇരുന്നോളാമെന്ന് രവീന്ദ്രൻ മാഷ് തന്റെ ഡയറിയിൽ ഒരു പ്രാർഥന പോലെ എഴുതി വച്ചു. മൂകാംബിക എവിടെ ആണെന്നോ അവിടുത്തെ പ്രതിഷ്ഠ എന്താണെന്നോ അദ്ദേഹത്തിന് അക്കാലത്ത് അറിയില്ലായിരുന്നു.

അതിനുശേഷം രവീന്ദ്രൻ ചില പാട്ടുകൾക്കു സംഗീതം നൽകുകയും ഡബിങ് ആർട്ടിസ്റ്റാകുകയും ചെയ്തു. കാലം കുറെ പിന്നിട്ടു. രവീന്ദ്രൻ വിവാഹിതനായി. ‘മൂകാംബികയിൽ പോയി ഭജനമിരുന്നോളാം’ എന്ന് പഴയ ഡയറിയിൽ എഴുതി വച്ചത് ഒരിക്കൽ ഭാര്യ കണ്ടു. അത് ചെയ്തോ എന്ന് അവർ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു രവീന്ദ്രന്റെ മറുപടി. എന്നാല്‍ അങ്ങനെ ഒരു കടം വെക്കാൻ പാടില്ലെന്നും എത്രയും പെട്ടെന്നു പോകണമെന്നുമായി ഭാര്യ. ഇതിനു പിന്നാലെ പലതവണ മൂകാംബികയിൽ പോകാൻ രവീന്ദ്രൻ ശ്രമിച്ചെങ്കിലും എന്തൊക്കെയോ തടസ്സങ്ങൾ കാരണം പോകാൻ കഴിഞ്ഞില്ല. 

‘തമ്മിൽ തമ്മിൽ’ എന്ന ചിത്രത്തിന്റെ റീ–റെക്കോർഡിങ് വേള. സ്റ്റുഡിയോയിൽ രവീന്ദ്രനെ കാണാൻ ഒരു ജ്യോതിഷി വന്നു. രവീന്ദ്രനോടായി അദ്ദേഹം ഇങ്ങനെ പറഞ്ഞു. ‘‘മിസ്റ്റർ രവീന്ദ്രൻ, താങ്കളുടെ പേരും പാട്ടും ഏത് മുക്കിലും മൂലയിലും കേൾക്കുന്നുണ്ട്. പക്ഷേ, എന്തെല്ലാമോ കുറവു കാണുന്നു. ഒന്ന് മൂകാംബികയിൽ പോയി വരിക. നിങ്ങളോട് ഗുരുവായൂരും ശബരിമലയിലും ഒന്നും പോകാൻ പറയാനല്ല എനിക്കു തോന്നുന്നത്. മൂകാംബികയിൽ നിങ്ങൾ പോകണമെന്ന് എനിക്കു തോന്നി. അതു പറഞ്ഞു. ഇഷ്ടമുണ്ടെങ്കിൽ ചെയ്യുക.’’

പല തവണ പദ്ധതിയിട്ടെങ്കിലും നടക്കാത്ത കാര്യം ഇയാൾ കൂടി പറഞ്ഞപ്പോൾ രവീന്ദ്രൻ മറ്റൊന്നും ചിന്തിച്ചില്ല. ട്രെയിനിൽ നിന്നു പോകാനാണു വിധി എങ്കിൽ അങ്ങനെ എന്നു കരുതി അന്ന് ഉച്ചയ്ക്കു തന്നെ രവീന്ദ്രൻ മാഷ് തന്റെ സുഹൃത്തിനൊപ്പം മൂകാംബികയിലേക്കു പുറപ്പെട്ടു. ഭാഗ്യത്തിന് ടിക്കറ്റ് കിട്ടി മംഗലാപുരത്ത് ട്രെയിൻ ഇറങ്ങിയപ്പോൾ കൃത്യമായി കൊല്ലൂർ എന്നെഴുതിയ തിരക്കില്ലാത്ത ഒരു ബസ് നിൽക്കുന്നതായി കാണുകയും അതിൽ കയറി പോവുകയും ചെയ്തു.

ഇതേക്കുറിച്ച് രവീന്ദ്രൻ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞു: 'മംഗലാപുരത്ത് ഇറങ്ങി ടാക്സി പിടിച്ച് ഏതെങ്കിലും ഹോട്ടലിൽ വിശ്രമിച്ചതിനു ശേഷം നമ്മൾ നേരെ ക്ഷേത്രത്തിൽ പോകുന്നു. പക്ഷേ, റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഒരു ബസ്  സ്റ്റാര്‍ട്ടായി നിൽക്കുകയായിരുന്നു. കൊല്ലൂർ എന്നു ബോർഡും കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. കയറി. അങ്ങനെയാണ് ആദ്യമായി മൂകാംബികയില്‍ എത്തുന്നത്. സൗപർണികയിൽ കുളിക്കാൻ പോയപ്പോൾ മൊത്തത്തിൽ ഒന്നു നോക്കി. അപ്പോൾ ഒരു കാര്യം മനസ്സിലായി. നമുക്ക് നിശ്ചയിക്കുമ്പോൾ അങ്ങോട്ടു പോകാനായി ആ അമ്മ അനുവദിക്കില്ല. അവിടത്തെ മല കണ്ടാൽ ഒരു മതിൽക്കെട്ടു പോലെയാണ്. അപ്പോൾ അവിടെ ഒരാൾ എന്നോടു പറഞ്ഞു. ഇവിടേക്കു വരണമെങ്കിൽ ആ അമ്മ പറയണം പോകണമെങ്കിലും അങ്ങനെ തന്നെയാണ്. അവിടെ നിന്നു തിരിച്ചു വീട്ടിൽ വന്നപ്പോൾ ഭാര്യ പറഞ്ഞു. മൂന്നു ദിവസമായി ഒരു പാട്ടിന്റെ കാര്യവുമായി ബന്ധപ്പെട്ടു ചിലർ വീട്ടിൽ വരുന്നുണ്ട്. അങ്ങനെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ വീണ്ടും കാർ വന്നു. മൂകാംബികയിലെ കുങ്കുമമൊക്കെ തൊട്ട ഒരാൾ കാറിൽ നിന്ന് ഇറങ്ങി എന്നെ നോക്കി ചോദിച്ചു സാറ് മൂകാംബികയിൽ പോയി വരികയാണോ. എന്റെ നെറ്റിയിലും ഉണ്ടായിരുന്നു കുങ്കുമം. അതെ എന്നു മറുപടി നൽകി. അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. അദ്ദേഹം പറഞ്ഞു. ഞാൻ അമ്മയെ കുറിച്ചൊരു പടം എടുക്കുകയാണ്.' ആ ചിത്രമായിരുന്നു നീലക്കടമ്പ്. 

മൂകമായി മാത്രമാണ് മൂകാംബിക ദേവിയെ ഭക്തർ പ്രാർഥിക്കുന്നത്. ആ പ്രാർഥന മൂക്കുകൊണ്ടു മൂളിയാണത്രേ രവീന്ദ്രൻ ഈ ഗാനത്തിന്റെ ഹമ്മിങ് ചിട്ടപ്പെടുത്തിയത്. മൂകാംബികയിൽ പോയി വന്നതിനു ശേഷം രവീന്ദ്രൻ ആദ്യം ചെയ്ത ഗാനം മറ്റൊന്നുമായിരുന്നില്ല – 'കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി...'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.