Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർട്ടിൻ, ഓർമയോളം സുന്ദര ഗാനമേത്

a-song-for-martin

എ സോങ് ഫോർ മാർട്ടിൻ. 2001ൽ പുറത്തിറങ്ങിയ ഈ സ്വീഡിഷ് ചിത്രം നമ്മെ പാടിക്കേൾപ്പിച്ചത് മാർട്ടിന്റെ കഥയാണ്. മറവിയെന്നും പിന്നീട് മൗനമെന്നും ഒടുവിൽ മരണമെന്നും മറുപേരുണ്ടായിരുന്നൊരു സംഗീതജ്ഞന്റെ കഥ. ഒരു സങ്കടകഥ... മാർട്ടിനെ നാം തിരക്കാഴ്ചയിൽ ആദ്യം കണ്ടുമുട്ടുമ്പോൾത്തന്നെ അയാൾ യൗവനം പിന്നിട്ട് ജീവിതത്തിന്റെ മധ്യവേനലോടടുത്തിരുന്നു. എങ്കിലും അയാളുടെ സംഗീതത്തിന് യുവത്വം നഷ്ടപ്പെട്ടിരുന്നില്ല. സ്വീഡനിലെങ്ങും അറിയപ്പെട്ടിരുന്ന സിംഫണി ഓർക്കസ്ട്ര കണ്ടക്ടറും കമ്പോസറുമായിരുന്നു മാർട്ടിൻ. കയ്യടികളോടെ കാതോർക്കുന്ന സംഗീതവേദികൾ. ഭാര്യയും മുതിർന്ന മക്കളും അടങ്ങുന്ന സന്തോഷഭരിതമായ കുടുംബജീവിതം. യുവത്വത്തിന്റെ മധുരശേഷിപ്പുകളെന്നവണ്ണം പ്രിയതമയ്ക്കൊപ്പമുള്ള സുന്ദരനിമിഷങ്ങൾ.

അങ്ങനെ ഒരേ ശ്രുതിയിൽ ആരോ മൂളിയൊരു സ്വരപല്ലവിപോലെ ഒഴുകിയൊഴുകി നീങ്ങുകയായിരുന്നു മാർട്ടിന്റെ ജീവിതം, പുതിയൊരു പെൺകരയിൽച്ചെന്നു തൊടുംവരെ. മധ്യവയസ്സിന്റെ മധുരപ്പാതിയിൽ വീണ്ടുമൊരു പെൺഹൃദയത്തിലേക്ക് പ്രണയസ്നാനം ചെയ്യപ്പെടുമെന്ന് മാർട്ടിൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. മാർട്ടിനോടു പ്രണയം പറയുന്ന നിമിഷം വരെ ആ പെൺകുട്ടിയും അങ്ങനെ ചിന്തിച്ചുകാണില്ല. പെൺകുട്ടി എന്നു വിളിക്കാനാകില്ല അവളെ. കാരണം അവളുടെ മുഖത്തും വിരിഞ്ഞത് അതേ മധ്യവയസ്സിന്റെ മന്ദസ്മിതം തന്നെ. എങ്കിലും പ്രണയം ഓരോ അനുരാഗിയെയും യൗവനത്തിലേക്ക് മടക്കിവിളിക്കുകയല്ലേ. പ്രണയത്തിനു മാത്രം പ്രിയപരിചിതമായ കിനാവുകളിലേക്കും കൊതികളിലേക്കും കൺകെട്ടുകളിലേക്കും കൂട്ടുവിളിക്കുകയല്ലേ. മധ്യവയസ്സിന്റെ മടുപ്പിൽ നിന്നാകട്ടെ, മരണക്കിടക്കയുടെ മരവിപ്പിൽ നിന്നാകട്ടെ ആ മോഹവിളിയൊച്ചയ്ക്കു കാതോർക്കുന്നവർക്ക് മടങ്ങിപ്പോകാതിരിക്കാൻ കഴിയുന്നതെങ്ങനെ?

അതുതന്നെയാണ് മാർട്ടിനും ബാർബറയ്ക്കും ഇടയിൽ സംഭവിച്ചത്. മാർട്ടിന്റെ സിംഫണി ഓർക്കസ്ട്രയിലെ ഒന്നാം വയലിനിസ്റ്റായിരുന്നു ബാർബറ. മാർട്ടിനെപ്പോലെ തന്നെ വിവാഹിത. മക്കളും ഭർത്താവുമൊത്ത് സംതൃപ്ത ദാമ്പത്യജീവിതം. സന്തോഷവതി. പക്ഷേ ചിലരെ കണ്ടുമുട്ടുമ്പോഴല്ലേ നാം നമ്മെത്തന്നെ യഥാർഥത്തിൽ തേടിക്കണ്ടെത്തുന്നത്? അതുവരെയറിഞ്ഞതൊന്നുമായിരുന്നില്ല സന്തോഷമെന്നും അതുവരെയനുഭവിച്ചതൊന്നുമായിരുന്നില്ല ഉന്മാദമെന്നും അതുവരെ കരയിച്ചതൊന്നുമായിരുന്നില്ല നൊമ്പരമെന്നും നമ്മെ തിരിച്ചറിയിക്കുന്ന ആ ഒരാൾ. മാർട്ടിനും ബാർബറയ്ക്കും ആ ഒരാളായി പരസ്പരം തോന്നിയനിമിഷം അവരുടെ ജീവിതവും പ്രണയവും മരണം പോലും പുനർനിർവചിക്കപ്പെട്ടു. അപ്പോൾ പിറന്നുവീണവരെപ്പോലെയും അടുത്തനിമിഷം മരിക്കാൻ പോകുന്നവരെപ്പോലെയും അതിഗൂഢാനുരാഗത്തിലേക്ക് അവർ പരസ്പരം കടംകൊണ്ടു.

ഒരു റിഹേഴ്സലിനൊടുവിലാണ് മാർട്ടിൻ ബാർബറയെ ആദ്യമായി ശ്രദ്ധിക്കുന്നത്. അന്നു വൈകുന്നേരം, മുട്ടിയുരുമ്മുന്ന ചായക്കോപ്പകൾക്ക് ഇരുവശമിരുന്ന് അവർ ഒരുപാടുനേരം സംസാരിച്ചു. പോക്കുവെയിൽനിഴലുകളോടു മുഖം തിരിച്ച് കുറെദൂരം കൈകോർത്തുനടന്നു. ഒടുക്കം, ബാർബറയെ അവളുടെ നഗരത്തിരക്കിലെ വീട്ടിൽ കൊണ്ടുചെന്നാക്കി തിരിച്ചുനടക്കാൻ തുടങ്ങുംനേരം മാർട്ടിൻ ഒരുനിമിഷം നിന്നു. വാതിൽചാരാതെ ബാർബറയും. ഒരു ശ്വാസത്തിന്റെ സമയദൂരത്തിനിടയിൽ രണ്ടുപേരുടെയും ഹൃദയങ്ങൾ നിലയ്ക്കാത്ത പ്രണയത്തിന്റെ ഘടികാരസൂചികളിലേക്ക് പറക്കുകയായിരുന്നോ? ബാർബറയുടെ ചുണ്ടുകൾക്കിടയിലെ ചുവന്ന ആഴങ്ങളിൽ സ്വയം നഷ്ടപ്പെട്ട് പിന്തിരിഞ്ഞുനടക്കുമ്പോൾ മാർട്ടിൻ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഉള്ളിൽ വിതുമ്പിക്കരയുന്നുണ്ടായിരുന്നു. വാതിൽചേർത്തടച്ച് ആ ഒറ്റമുറിവീട്ടിനകത്ത് ബാർബറയും.

ഇരുവരെയും നാം വീണ്ടും കണ്ടുമുട്ടുമ്പോൾ അവർ മൊറോക്കോയിലേക്കുള്ള മധുവിധുയാത്രയിലായിരുന്നു. ബാർബറയ്ക്കു നേരെ ഇക്കിളിവിരലുകളുമായി വന്ന ഇളങ്കാറ്റിന്റെ കൈതട്ടിമാറ്റി, അവളെ അടിമുടിനനച്ച വെള്ളിത്തിരമാലകളെ പിണക്കിയകറ്റി മാർട്ടിൻ തന്റെ യൗവനത്തിലെന്നപോലെ അനുരാഗഹൃദയനായി. ഈണങ്ങളിൽ പ്രണയംകൊരുത്ത് മാർട്ടിൻ അവളുടെ കാതിൽ മൂളി. പാട്ടിനിടവേളകളിൽ പിൻകാതിൽ പൊള്ളിവീണ ഉമ്മകളിലുലഞ്ഞ് ബാർബറ വീണ്ടുമൊരു മധുരപ്പതിനേഴുകാരിയായി. ആയിടയ്ക്കാണ് അസൂയതോന്നിപ്പിക്കുന്ന മാർട്ടിന്റെ പ്രണയത്തിന്റെ പങ്കുതേടി പുതിയൊരു അതിഥി കൂടി കടന്നുവന്നത്, അവരറിയാതെ!
ഒരു ദിവസം മാർട്ടിൻ തന്റെ സന്തതസഹചാരിയും മാനേജറുമായ ബീഡർമാന്റെ പേരു മറന്നുപോകുന്നതോടെയായിരുന്നു തുടക്കം. പിന്നീട് പ്രിയപ്പെട്ട ഓരോന്നോരോന്നായി മറക്കാൻ തുടങ്ങി. പാടിത്തുടങ്ങിയ പാട്ടുകൾ പാതിപല്ലവിയിൽ വരിമറന്നു... പ്രിയപ്പെട്ട മുഖങ്ങൾ മനസ്സിൽ നിന്നു മാഞ്ഞു, പേരുകളും നാളുകളും മറന്നു. ഓരോ ദിവസവും മാർട്ടിൻ കൂടുതൽകൂടുതൽ മറവിരോഗത്തിന് കീഴ്പ്പെടുന്നതുകണ്ട് ബാർബറ തളർന്നു. എങ്കിലും മാർട്ടിനു വേണ്ടി ഞാൻ ഓർമിക്കും എന്നു ഹൃദയത്തിലുറപ്പിച്ച് പറഞ്ഞ് അവൾ പ്രിയതമനെ ജീവിതത്തിലേക്കും ഓർമകളിലേക്കും തിരികെ കൈപിടിച്ചുനടത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒരിക്കൽ ഓർക്കസ്ട്ര വേദിയിൽ എവിടെ നിൽക്കണമെന്നുപോലുമോർമിക്കാതെ ഒരു കോമാളിയെപ്പോലെ മാർട്ടിൻ മറ്റുള്ളവരുടെ പരിഹാസങ്ങൾക്കിരയാകുന്നതു കണ്ട് കരച്ചിലടക്കാൻ ബാർബറ പ്രയാസപ്പെട്ടു. അവളുടെ പേരുപോലും മാർട്ടിൻ എന്നേ മറന്നിരുന്നു. ഉമ്മച്ചുവപ്പു മറന്നു കരുവാളിച്ച ചുണ്ടുകൾ, കെട്ടിപ്പുണരാൻ മറന്ന് മരവിച്ച കൈകൾ... ആയിരം രാത്രിവിരലുകൾ കൊണ്ട് തന്നെ ഇറുകെപ്പുണർന്ന് തനിക്ക് ഉന്മാദങ്ങളുടെ സിംഫണി സമ്മാനിച്ച കാമുകൻ തന്നെയോ ഇപ്പോൾ തന്റെയരികിൽ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ചോക്ക‍്‌‌ലറ്റ് പെട്ടി തുറന്നുകൊടുക്കാൻ വാശിപിടിച്ചുകരയുന്നതെന്നു ബാർബറ സങ്കടനെടുവീർപ്പിലോർത്തു.

ജന്മങ്ങൾക്കപ്പുറം പാട്ടുവഴിയിലെവിടെയെങ്കിലും എന്നെങ്കിലും വീണ്ടും കണ്ടുമുട്ടാമെന്നൊരു വെറുംവാക്കുപോലും കൊടുക്കാതെ ഒടുവിൽ, മാർട്ടിൻ ബാർബറയോടും അവളുടെ പ്രണയത്തോടും യാത്രപറഞ്ഞു. മാർട്ടിൻ അവശേഷിപ്പിച്ച ഓർമകളായിരുന്നു ആ വീടുനിറയെ. മറവിരോഗം വന്നു സ്വയം മറന്നുപോകുന്നവർ അവരുടെ കൂടി ഓർമശേഷിപ്പുകൾ പ്രിയപ്പെട്ടവർക്കു സമ്മാനിച്ചുകൊണ്ടായിരിക്കാം കടന്നുപോകുന്നത്. അതുകൊണ്ടാകാം മാർട്ടിന്റെ മരണശേഷം ബാർബറ ഓർമകൾ കൊണ്ട് വീർപ്പുമുട്ടാൻ തുടങ്ങിയത്. ഓരോ നിമിഷവും ഇരച്ചുപാഞ്ഞെത്തുന്ന ആയിരമായിരം മാർട്ടിൻഓർമകൾ... തെല്ലുമൗനത്തിനിടതരാതെ കാതോരം ആർത്തലച്ചുവീഴുന്ന മാർട്ടിൻഈണങ്ങൾ...അവളുടെ കരിനീലച്ചുണ്ടുകളെ തേടിയെത്തുന്ന ആയിരമായിരം മാർട്ടിൻഉമ്മകൾ...ഉന്മാദങ്ങൾ...പക്ഷേ അവയെല്ലാം ഓർമകൾ മാത്രമാണ്. സഹിക്കാനാകാത്ത, സങ്കടപ്പെടുത്തുന്ന ഓർമകൾ...ആരാണ് പറ‍ഞ്ഞത് മറവിയാണ് ശാപമെന്ന്. പ്രണയോർമകളുടെ നീലഞരമ്പുകളിൽ ചുറ്റിപ്പിണ‍ഞ്ഞ് ശ്വാസം മുട്ടുന്നവർക്കറിയാം ഓർമിക്കുന്നതാണ്, ഓർമിച്ചുകൊണ്ടേയിരിക്കുന്നതാണ് ശാപമെന്ന്...

Your Rating: