Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിൽ പതിഞ്ഞ ആലപ്പുഴ

അഴകിയ രാവണൻ സിനിമയിലെ ’വെണ്ണിലാ ചന്ദനക്കിണ്ണം...’ ഗാനരംഗം

സിനിമാലോകത്തിന്റെ വെള്ളിവെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന പേരാണ് ആലപ്പുഴയുടേത്. കഴിവു തെളിയിച്ച സംവിധായകരും കരുത്തരായ കലാകാരൻമാരും പകരംവയ്ക്കാനില്ലാത്ത സാങ്കേതിക പ്രവർത്തകരും ചരിത്രത്തിനൊപ്പം നടന്ന നിർമാണ കമ്പനികളുമെല്ലാമുണ്ടു സിനിമാലോകത്തിന് ആലപ്പുഴ നൽകിയ സംഭാവനകളിൽ. ഇവിടംകൊണ്ടും തീരുന്നില്ല ആലപ്പുഴയുടെ ചലച്ചിത്രപ്പെരുമ. മലയാള ചലച്ചിത്ര ഗാനങ്ങളിൽ ആലപ്പുഴയുടേതുപോലെ മുഴങ്ങിയിട്ടില്ല മറ്റൊരു നാടിന്റെയും പേര്. നൂറുകണക്കിനുചലച്ചിത്ര ഗാനങ്ങളിലാണ് ആലപ്പുഴയും ഇൗ നാടുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ഇവിടുത്തെ ജീവിതവുമെല്ലാം നിറഞ്ഞു നിൽക്കുന്നത്. പാടിയാൽ മതിവരില്ല ആലപ്പുഴയെ തഴുകിയ പാട്ടുകൾ... പറഞ്ഞാൽ തീരില്ല ആലപ്പുഴയുടെ പാട്ടുവിശേഷം.

നിത്യഹരിതം കുട്ടനാടൻ പാട്ടുകൾ

കവിത പോലെ മനോഹരം എന്ന പ്രയോഗം അക്ഷരാർഥത്തിൽ യോജിക്കുന്ന ഭൂപ്രദേശമാണു കുട്ടനാട്. പച്ചപ്പ് അണിഞ്ഞ വിശാലമായ പാടശേഖരങ്ങളും, കായലും തോടുകളും ഇഴചേർന്നു കിടക്കുന്ന ഭൂപ്രകൃതിയും കുട്ടനാടൻ ജനതയുടെ ജീവിതവുമെല്ലാം ഒട്ടേറെ പാട്ടുകൾക്കു പ്രചോദനമായിട്ടുണ്ട്. കുട്ടനാടൻ കായലിലെ... കൊച്ചുപെണ്ണെ കുയിലാളെ എന്ന ഗാനം കൊച്ചുകുട്ടികൾ പോലും പാടി നടക്കും. കുട്ടനാടിന്റെ ആവേശമായ വള്ളംകളിയുടെ ആത്മാവാണ് ഇൗ ഗാനം. ഇതുപോലെ എത്രയെത്ര പാട്ടുകളിൽ കുട്ടനാട് നിറഞ്ഞുനിൽക്കുന്നു...

ജലോൽസവം എന്ന ചിത്രത്തിനായി ബിയാർ പ്രസാദ് രചന നിർവഹിച്ച ‘കേരനിരകളാടും ഹരിതചാരുതീരം... എന്ന ഗാനം കുട്ടനാടിന്റെ സമ്പൂർണ സൗന്ദര്യം വരച്ചുകാട്ടുന്നു. കുട്ടനാടൻ കായലിലെ കെട്ടുവള്ളം തുഴയുമ്പോൾ പാട്ടൊന്നു പാടെടീ കാക്കക്കറുമ്പീ...എന്ന കലാഭവൻ മണി പാടിയ ഗാനം ബ്ലസിയുടെ ‘കാഴ്ച എന്ന സിനിമയ്ക്കു കുട്ടനാടൻ ചന്തം ചാർത്തുന്നു. കരുത്തും സൗന്ദര്യവും ഒത്തുചേരുന്ന സ്ത്രീയെ വർണിക്കാൻ കുട്ടനാടൻ പെണ്ണിനെ കൂട്ടുപിടിക്കുന്ന ഗാനങ്ങൾ മലയാളത്തിൽ ഒട്ടേറെയുണ്ട്. യൂസഫലി കേച്ചേരി രചിച്ച ഇക്കരെയാണെന്റെ താമസം... അക്കരരെയാണെന്റെ മാനസം എന്ന പാട്ടിൽ ഒരിടത്തു മൊട്ടിട്ടുനിൽക്കുന്ന പൂമുല്ല പോലുള്ള കുട്ടനാടൻ പെണ്ണേ... എന്നു പറയുമ്പോൾ അത് കുട്ടനാടിനും ഒപ്പം അവിടുത്തെ സ്ത്രീകളുടെ സൗന്ദര്യത്തിനുമുള്ള ആദരമാകുന്നു.

ചാന്തുപൊട്ട് സിനിമയിലെ ’ഓമനപ്പുഴ കടപ്പുറത്തിൻ...’ ഗാനരംഗം

ജയറാം നായകനായ മുഖചിത്രം എന്ന സിനിമയിലെ ചെമ്പരുന്തിൻ ചേലുണ്ടേ... എന്ന ഗാനത്തിന്റെ പല്ലവി അവസാനിക്കുന്നതു കുട്ടനാടൻ കുഞ്ഞിപ്പെണ്ണുണ്ടോ... എന്ന ചോദ്യത്തോടെയാണ്. കുട്ടനാട്ടുകാരനായ വിനയൻ സംവിധാനം ചെയ്ത കരുമാടിക്കുട്ടൻ എന്ന സിനിമയിലെ വാവാ താമരപ്പെണ്ണേ... എന്നു തുടങ്ങുന്ന ഗാനം കുട്ടനാടൻ സ്ത്രീത്വത്തെ തമ്പുരാട്ടീ എന്നാണ് അഭിസംബോധന ചെയ്യുന്നത്. കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ടുപാടാൻ വാ... എന്നാണ് ആ ഗാനത്തിന്റെ പല്ലവിഅവസാനിക്കുന്നത്. കളകളം കായലോളങ്ങൾ പാടും കഥകൾ... എന്ന പഴയകാല ഹിറ്റ് ഗാനത്തിന്റെ രണ്ടാംവരിയിൽ ‘ കുട്ടനാടിൻ പെൺകിടാവിൻ... എന്നു പറഞ്ഞ് ഇൗ നാടിന് ആദരത്തിന്റെ മുദ്ര ചാർത്തുന്നു.

അതിമധുരം പട്ടണക്കാഴ്ചകൾ

ആലപ്പുഴ കണ്ടിട്ടില്ലാത്തവരുടെ പോലും മനസ്സിൽ ഇന്നും പച്ചപ്പോടെ നിൽക്കുന്ന ഗാനമാണ് ‘ആലപ്പുഴപ്പട്ടണത്തിൽ അതിമധുരം വിതറിയോളേ.... ബന്ധുക്കൾ ശത്രുക്കൾ എന്ന ചിത്രത്തിനായി ശ്രീകുമാരൻ തമ്പി രചിച്ചു യേശുദാസ് ആലപിച്ച ഇൗ ഗാനത്തിൽ ആലപ്പുഴ പട്ടണത്തെമാത്രമല്ല അമ്പലപ്പുഴ പോലുള്ള സ്ഥലങ്ങളെയും പരാമർശിക്കുന്നുണ്ട്. തച്ചിലേടത്തു ചുണ്ടൻ എന്ന ചിത്രത്തിൽ യേശുദാസ് പാടിയ -ആലപ്പുഴ വാഴും ജയകാളീ... എന്ന ഗാനം ആലപ്പുഴയെക്കുറിച്ചുള്ള മറ്റൊരു വർണനയാണ്. ചേർത്തല പട്ടണത്തെ പരമർശിക്കുന്ന - ചേർത്തലയിൽ പണ്ടൊരിക്കൽ പൂരം കാണാൻ പോയി എന്ന പഴയ ഗാനവും ഏറെ പ്രസിദ്ധമാണ്.

പാട്ടിൽ നിറയുന്ന ഉൽസവങ്ങൾ

ആലപ്പുഴ ജില്ലയിലെ ആരാധനാലയങ്ങളും ഉൽസവങ്ങളും പെരുന്നാളുകളുമെല്ലാം മലയാള ചലച്ചിത്രഗാനങ്ങളിൽ ഉൽസവാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ചെട്ടികുളങ്ങര ഭരണിനാളിൽ... എന്നു തുടങ്ങുന്ന ശ്രീകുമാരൻ തമ്പി രചിച്ച ഗാനം ഹിറ്റ്ചാർട്ടുകളിൽ ഇന്നും നിലനിൽക്കുന്നു. നായികയെ വർണിച്ചു നായകൻ പാടുന്ന ഇൗ ഗാനത്തിനു പശചാത്തലമാകുന്നതു ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി ഉൽസവമാണ്. മലയാള സിനിമയിൽ ഒട്ടേറെ മാറ്റങ്ങൾക്കു വഴിതെളിച്ച ചെമ്മീനിലെ ഗാനങ്ങളിലൊന്നിലും അർത്തുങ്കൽ പെരുനാൾ കടന്നുവരുന്നുണ്ട്. ‘അർത്തുങ്കൽ പള്ളീൽ പെരുനാളു കൂടണം ...ഒരു നല്ല കോളു താ കടലമ്മേ... എന്നാണ് ഇൗ ചിത്രത്തിലെ മൽസ്യത്തൊഴിലാളികൾ ഒന്നായി പാടുന്നത്.

പാടി നിറയുന്ന ഭക്തി

പ്രസിദ്ധമായ ക്ഷേത്രങ്ങളും പള്ളികളുമെല്ലാം ഒട്ടേറെയുള്ള നാടാണ് ആലപ്പുഴ. ചലച്ചിത്രഗാനങ്ങളിലും ഇവയുടെ പ്രൗഢസാന്നിധ്യം ദൃശ്യമാണ്. അദ്വൈതം എന്ന സിനിമയിലെ ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ... എന്നു തുടങ്ങുന്ന ഗാനം അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ നെറ്റിയിൽ രാഗ ചന്ദനം ചാർത്താൻ ഓടിയെത്തിയ ഗോപകന്യകയുടെ പ്രണയപൂർവമായ ആരാധന വരച്ചുകാട്ടുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച ഇൗ ഗാനം മലയാള ചലച്ചിത്ര സംഗീതശാഖയെ സമ്പന്നമാക്കുന്ന മനോഹരമായ മെലഡികളിൽ ഒന്നാണ്. അമ്പലപ്പുഴ പാൽപായസം മധുരമായി കടന്നുവരുന്ന ഒട്ടേറെ ചലച്ചിത്രഗാനങ്ങൾ മലയാളത്തിലുണ്ട്. മാധുരി ആലപിച്ച അമ്പലപ്പുഴ കൃഷ്ണാ..കൃഷ്ണാ എന്ന ഗാനവും ഏറെ പ്രസിദ്ധമാണ്.

ആലപ്പുഴ

‘അർത്തുങ്കലെ പള്ളിയിൽ ചെന്നിട്ട് ഇൗശോയെ കണ്ടിട്ട് ഓശാന പാടാമെന്ന അടുത്ത കാലത്തിറങ്ങിയ ഗാനം രചിച്ചത് ഇൗ പള്ളിയുടെ സമീപവാസി കൂടിയായ രാജീവ് ആലുങ്കലാണ്. റോമൻസ് എന്ന ചിത്രത്തിലെ ഇൗ ഗാനം അർത്തുങ്കൽ പള്ളിയോടും സ്വന്തം നാടിനോടുമുള്ള തന്റെ ആദരവിന്റെ പ്രതീകമായാണു രാജീവ് ആലുങ്കൽ അടയാളപ്പെടുത്തുന്നത്.

കടൽ...കായൽ.. പുഴ...

ആലപ്പുഴയിലെ കടലോരത്തും കായലിലുമെല്ലാം പാട്ടിന്റെ തോണിയടുപ്പിച്ച ഗാനരചയിതാക്കൾ ഒട്ടേറെ. നിത്യഹരിതമെന്നു വിശേഷിപ്പിക്കാവുന്ന ഒട്ടേറെ ഗാനങ്ങളും ഇങ്ങനെ ജനിച്ചിട്ടുണ്ട്. പുന്നപ്രക്കാരെ നീട്ടിവിളിച്ചുതുടങ്ങുന്ന ചെമ്മീനിലെ പുത്തൻവലക്കാരേ.. പുന്നപ്രക്കാരേ... എന്ന ഗാനം പുറക്കാട്ടു കടപ്പുറത്ത് ചാകരവന്നതിന്റെ വിളംബരമാണ്. വയലാർ രാമവർമ രചിച്ച ഇൗ ഗാനത്തിന് ഇൗണം ഒരുക്കിയതു സലിൽ ചൗധരിയാണ്.

ചേർത്തലയ്ക്കു സമീപത്തെ ഓമനപ്പുഴയെക്കുറിച്ചു ചാന്തുപൊട്ട് എന്ന സിനിമയിൽ പാട്ട് എഴുതിയത് ആലപ്പുഴക്കാരൻ തന്നെയായ വയലാർ ശരത്ചന്ദ്ര വർമയാണ്. ദിലീപ് അനശ്വരമാക്കിയ ഇൗ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങളുടെ ചിത്രീകരണവും ഓമനപ്പുഴ കടപ്പുറത്തു തന്നെയായിരുന്നു.

കടലും കടൽത്തീരവും പോലെ ആലപ്പുഴയുടെ സ്വന്തം കായലുകളും സിനിമാപാട്ടുകളിൽ മാധുര്യത്തിന്റെ ഓളം തീർക്കുന്നു. അഴകിയ രാവണൻ എന്ന ചിത്രത്തിൽ ബാല്യകാല സ്മരണകളിലേക്കു തുഴഞ്ഞുപോകുന്ന മമ്മൂട്ടിയുടെ കഥാപാത്രം ആലപിക്കുന്ന വെണ്ണിലാ ചന്ദനക്കിണ്ണം, പുന്നമടക്കായലിൽ വീണേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണു പുന്നമട കായലിനെക്കുറിച്ചുള്ള ഇൗ മനോഹര രചന.

ത്രിവേണി എന്ന ചിത്രത്തിനായി വയലാർ രാമവർമ ഗാനങ്ങൾ എഴുതിയപ്പോൾ അദ്ദേഹത്തിന്റെ ജന്മനാടിനടുത്തെ കൈതപ്പുഴക്കായലിനെ മറന്നില്ല. ചേർത്തലയ്ക്കു സമീപത്തെ കൈതപ്പുഴക്കായൽ പഴയഗാനങ്ങൾ ഇഷ്ടപ്പെടുന്നവരുടെ ചുണ്ടുകളിൽ ഇന്നും തത്തിക്കളിക്കുന്നു. കൈതപ്പുഴ കായലിലേ... കാറ്റിന്റെ കെകളിലേ... വേമ്പനാട്ടുകായലും ഒട്ടേറെ ഗാനങ്ങളിൽ കടന്നുവന്നിട്ടുണ്ട്. വേമ്പനാട്ടു കായലിന്ന് ചാഞ്ചാട്ടം... എന്നു തുടങ്ങുന്ന ഗാനം ഏറെ പ്രസിദ്ധമാണ്. തളിർവലയോ.... താമര വലയോ എന്നു തുടങ്ങുന്ന ഗാനത്തിന്റെ അനുപല്ലവിയിൽ ‘വേമ്പനാട്ടു കായൽ കരയിൽ എന്നു പരാമർശിക്കുന്നുണ്ട്. പല്ലനയാറ്റിൻ തീരത്ത്... എന്നു തുടങ്ങുന്ന ഗാനവും മലയാളിക്ക് എളുപ്പം മറക്കാനാകില്ല.

വള്ളംകളിത്താളത്തിൽ

വള്ളംകളികളുടെ തറവാടായ ആലപ്പുഴയിലെ പ്രസിദ്ധമായ വള്ളംകളികളും വള്ളങ്ങളും ചലച്ചിത്രഗാനങ്ങളിലും ആവേശത്തിന്റെ തുഴയെറിഞ്ഞിട്ടുണ്ട്. ഹരിപ്പാടിനു സമീപത്തെ പായിപ്പാട്ട് ആറ്റിൽ നടക്കുന്ന വള്ളംകളിയെക്കുറിച്ചാണു ‘പായിപ്പാട്ടാറ്റിൽ വള്ളംകളി... പമ്പാനദി തീരത്ത് ആർപ്പുവിളി... എന്നു തുടങ്ങുന്ന ഗാനം. ഇൗ പാട്ടിൽ കാവാലം ചുണ്ടൻ, വലിയ ദിവാൻജി തുടങ്ങിയ പ്രസിദ്ധങ്ങളായ ചുണ്ടൻ വള്ളങ്ങളുടെ പേരുകളും പറയുന്നുണ്ട്. ചമ്പക്കുളത്തിന്റെ വള്ളംകളി പെരുമയ്ക്ക് അംഗീകാരത്തിന്റെ മുദ്ര ചാർത്തുന്നതാണു ചമ്പക്കുളം തച്ചൻ എന്ന സിനിമ. ‘ചമ്പക്കുളം തച്ചൻ ഉന്നം പിടിപ്പിച്ച പൊന്നാഞ്ഞിലി തോണിയോ... എന്നു തുടങ്ങുന്ന ഗാനവും ഇൗ ചിത്രത്തിലുണ്ട്.ഏഴുപുന്ന തരകൻ എന്ന സിനിമയിലെ ‘തെക്ക് തെക്ക് തെക്കേപ്പാടം എന്നു തുടങ്ങുന്ന ഗാനം ആലപ്പുഴയുടെ പോയ കാല പ്രതാപവും കായൽ ടൂറിസത്തിന്റെ മുഖമുദ്രയുമായ കെട്ടുവള്ളത്തെക്കുറിച്ചു പറയുന്നുണ്ട്.

പാടിത്തീരാത്തത്ര ആലപ്പുഴ പാട്ടുകൾ ഇനിയുമുണ്ട്. ശ്രീകുമാരൻ തമ്പിയുടെ രചനയിൽ പ്രസിദ്ധമായ ഉത്തരാസ്വയംവരം കഥകളി കാണുവാൻ... എന്ന ഗാനത്തിൽ ആലപ്പുഴയുടെ പ്രസിദ്ധ കലാകാരൻമാരായ ഗുരു ചെങ്ങന്നൂർ, ഹരിപ്പാട്ട് രാമകൃഷ്ണൻ തുടങ്ങിയവരുടെ പേരുകൾ പരാമർശിക്കുന്നു. ഒട്ടേറെ ഭക്തിഗാനങ്ങളിലും ആലപ്പുഴ ജില്ലയിലെ ക്ഷേത്രങ്ങൾ കടന്നുവരുന്നുണ്ട്. അമ്പലപ്പുഴയിലെൻ മനസോടിക്കളിക്കുന്നു...എന്ന ഗാനം യേശുദാസിന്റെ സ്വരമാധുരിയിൽ അമ്പലപ്പുഴ പാൽപായസംപോലെ മധുരിക്കുന്നു. ചിക്കരക്കുട്ടികളേ നിങ്ങൾ അമ്പലപ്രാവുകൾ എന്ന ഗാനവും ഏറെ പ്രസിദ്ധമാണ്. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ചിക്കരക്കുട്ടികളെക്കുറിച്ചാണ് ഇൗ ഗാനം. യേശുദാസ് തന്നെ ആലപിച്ച ‘സഖിമാരുമൊത്തൊരുമിച്ചൂയലാടും നേരം എന്നു തുടങ്ങുന്ന ഗാനത്തിൽ ചേർത്തലഭഗവതീ കാർത്ത്യായനീ... എന്ന പരാമർശവുമുണ്ട്. പാട്ടുകളിൽ ആലപ്പുഴ നിറഞ്ഞൊഴുകുമ്പോൾ ഇൗ നാടിന്് അത് അഭിമാനത്തിന്റെ ഇൗണമാകുമെന്ന് ഉറപ്പ്.

അച്ഛന്റെ പാട്ടുകളിൽ നിറയുന്ന ആലപ്പുഴ വയലാർ ശരത്ചന്ദ്ര വർമ

ആലപ്പുഴപ്പാട്ടുകളെക്കുറിച്ചോർക്കുമ്പോൾ അച്ഛന്റെ രചനകളിൽ നിറഞ്ഞുനിൽക്കുന്ന ആലപ്പുഴയാണ് എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത്. അധികമാരും അറിയാത്ത കൈതപ്പുഴ കായൽ ഒരൊറ്റപ്പാട്ടുകൊണ്ടു മലയാളികൾക്കു മനപ്പാഠമാക്കിയ മാന്ത്രിക ഗാനമാണ് ‘കൈതപ്പുഴ കായലിലെ... കാറ്റിന്റെ കൈകളിലെ... എന്നു തുടങ്ങുന്ന ഗാനം. ജന്മനാടിനോടുള്ള അച്ഛന്റെ അടങ്ങാത്ത പ്രണയമാണു കൈതപ്പുഴ കായലിനെക്കുറിച്ചുള്ള പാട്ടിനു പിന്നിൽ. ജന്മനാടിനോട് എഴുത്തുകാരനുള്ള അടുപ്പം രചനയിൽ പ്രതിഫലിക്കുമെന്നതിൽ സംശയമില്ല. അച്ഛന്റെ പല ഗാനങ്ങളിലും ആ സ്വാധീനം ഉണ്ടായിരുന്നു. ഇത് എന്തുകൊണ്ടാണെന്നും എങ്ങനെയാണു സംഭവിക്കുന്നതെന്നും ഒരു ഗാന രചയിതാവെന്ന നിലയിൽ ഞാൻ ഇന്നു തിരിച്ചറിയുന്നുണ്ട്.

ഓമനപ്പുഴ കടപ്പുറത്തിന്നോമനേ... എന്ന് എന്നെക്കൊണ്ട് എഴുതിച്ചതും ഇൗ പ്രണയം തന്നെയാണ്.ആലപ്പുഴയെക്കുറിച്ചു കൂടുതൽ പാട്ടുകൾ ജനിക്കാനുള്ള മറ്റൊരു കാരണം ഇൗ നാടിന്റെ സൗന്ദര്യം തന്നെയാണ്. കടൽ, കായൽ, പുഴ, വയൽ... അങ്ങനെ ഒരു പാട്ടിനു ജന്മംനൽകാനുള്ള പ്രചോദനങ്ങൾ ധാരാളമുണ്ടിവിടെ. ഇൗ നാടിന്റെ സൗന്ദര്യം ലോകത്തു മറ്റെവിടെയാണു കാണാനാകുക. ആലപ്പുഴയുടെ ഇൗ സൗന്ദര്യക്കാഴ്ചകൾതന്നെയാണ് ആലപ്പുഴപ്പാട്ടുകളെയും സുന്ദരമാക്കുന്നത്.

പാട്ടായ് ഒഴുകുന്നു നാടിനോടുള്ള സ്നേഹം രാജീവ് ആലുങ്കൽ

ഒട്ടേറെ ഗാനരചയിതാക്കളുടെ ജന്മസ്ഥലം എന്നത് ആലപ്പുഴയെക്കുറിച്ചുള്ള പാട്ടുകൾ വർധിക്കാൻ കാരണമായിട്ടുണ്ട്. കവിതയിൽ കവിയുടെ ജീവിത പരിസരങ്ങൾ കടന്നുവരുന്നതു സ്വാഭാവികമാണ്. ആലപ്പുഴ ജില്ലയിൽ ജനിച്ചുവളർന്നവർ പാട്ടെഴുതിയപ്പോൾ ഇവിടുത്തെ നാടുകളും പുഴയും കായലും കടലുമെല്ലാം പാട്ടിൽ കടന്നുവന്നു. ഉദാഹരണത്തിനു ഞാൻ ഗാനരചന നിർവഹിച്ച റോമൻസ് എന്ന ചിത്രത്തിൽ അർത്തുങ്കൽ പള്ളിയെക്കുറിച്ചു പരാമർശമുണ്ട്. യഥാർഥത്തിൽ ആ ചിത്രത്തിലെ കഥയ്ക്ക് അർത്തുങ്കലുമായി ഒരു ബന്ധവുമില്ല. എന്നാൽ, രണ്ടു പുരോഹിതൻമാരുടെ കഥ പറയുന്ന ആ ചിത്രത്തിൽ പള്ളി പശ്ചാത്തലമായി കടന്നുവന്നപ്പോൾ സ്വാഭാവികമായും എന്റെ മനസ്സിലേക്കു കടന്നുവന്നത് എന്റെ നാട്ടിലെ അർത്തുങ്കൽ പള്ളിയാണ്. ആ ഗാനത്തിൽ അർത്തുങ്കൽ കടന്നു വന്നത് അങ്ങനെയാണ്.

സിനിമയും സിനിമാഗാനങ്ങളും കാലാതിവർത്തിയായതിനാൽ അതിൽ പരാമർശിക്കുന്ന തന്റെ നാട് മായാതെ അടയാളപ്പെടുത്തപ്പെടുമെന്നു തിരിച്ചറിയുന്ന ഗാനരചയിതാവിനു സ്വന്തം നാടിനെക്കുറിച്ചുള്ള സ്വാർഥതയും ആലപ്പുഴയ്ക്കു ഗുണകരമായിട്ടുണ്ടാകാം.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer