Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്ലിയാമ്പലിന് 50

യേശുദാസും ഉദയഭാനുവും യേശുദാസും ഉദയഭാനുവും

സൂർദാസിന്റെ ഒരു കവിതയുണ്ട്. ഓരോ നെൽമണിയിലും അത് ആരു ഭക്ഷിക്കണമെന്നു ദൈവം കൊത്തിവച്ചിട്ടുണ്ട് എന്നാണു ഹിന്ദിയിലുളള ആ വരികളുടെ അർഥം. ഇതു പാട്ടിന്റെ കാര്യത്തിലും ശരിയാണെന്ന് എനിക്കു ബോധ്യപ്പെട്ടതു ‘റോസി എന്ന ചിത്രത്തിലെ ‘അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം... എന്ന പാട്ടിലൂടെയാണ്. യാദൃച്ഛികമായി എന്നിലേക്കു വന്ന പാട്ടാണത്. ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന്. എന്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു കടപ്പാടിന്റെ കഥയുണ്ട് ആ പാട്ടിനു പിന്നിൽ. കെ. പി. ഉദയഭാനു എന്ന വലിയ ഗായകന്റെ അതിലും വലിയ മനസ്സു തൊട്ട പാട്ടാണത്.

ഞാനന്നു സിനിമയിൽ പാടിത്തുടങ്ങിയിട്ടു മൂന്നു വർഷമേ ആയിട്ടുള്ളൂ. ഉദയഭാനു അക്കാലത്തു സിനിമയിലും നാടകത്തിലും പേരെടുത്ത ഗായകനാണ്. പി.എൻ. മേനോൻ സംവിധാനം ചെയ്യുന്ന ‘റോസിയിൽ എനിക്കും ഒരു പാട്ടുണ്ടായിരുന്നു. ‘വെളുക്കുമ്പോൾ പുഴയൊരു... എന്ന പാട്ടാണ് എനിക്കു പറഞ്ഞിരുന്നത്. മദ്രാസിലെ അരുണാചലം സ്റ്റുഡിയോക്ക് അടുത്തുള്ള രേവതി സ്റ്റുഡിയോയിലാണ് റെക്കോർഡിങ്. എന്റെ പാട്ടാണ് ആദ്യം റെക്കോർഡ് ചെയ്യുന്നത്.

സംഗീത സംവിധായകനായ കെ.വി. ജോബ് പാട്ടു പഠിപ്പിച്ചു. വേഗം പഠിച്ചു പാടുകയും ചെയ്തു. അടുത്തതായി ‘അല്ലിയാമ്പൽ കടവിലിന്റെ റെക്കോർഡിങ് ആണ്. ഉദയഭാനു ചേട്ടനാണു പാടുന്നത്. അദ്ദേഹം വരാനായി എല്ലാവരും കാത്തിരിക്കുകയാണ്. എന്റെ റെക്കോർഡിങ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ അടുത്തുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ്കളി നടക്കുന്നു. ക്രിക്കറ്റ് അന്നു വലിയ ഇഷ്ടമായിരുന്നു. വെയിലൊന്നും നോക്കാതെ ഞാനും കളിക്കാൻ ഒപ്പം കൂടി. അതിനിടെയാണ് സ്റ്റുഡിയോയിൽ നിന്ന് ഒരാൾ വന്നു വേഗം അവിടേക്കു ചെല്ലാൻ പറഞ്ഞത്. പ്രതിഫലം തരാനായിരിക്കും എന്നായിരുന്നു ചിന്ത. അതിന്റെ സന്തോഷത്തിലാണ് ഓടിച്ചെന്നത്. പക്ഷേ, കാര്യം അതായിരുന്നില്ല. ഉദയഭാനു ചേട്ടന് അസുഖമാണത്രേ. പാടാൻ കഴിയില്ല.

അല്ലിയാമ്പൽ...

അതിനാൽ അദ്ദേഹത്തിനു പാടാനുള്ള ‘അല്ലിയാമ്പൽ കടവിൽ... എന്നെക്കൊണ്ടു പാടിക്കാനാണു വിളിപ്പിച്ചത്.ഒരു പാട്ടുകൂടി പാടാൻ അവസരം കൈവരുമ്പോൾ സന്തോഷമാണു തോന്നേണ്ടത്. പക്ഷേ, എനിക്ക് ഒരു സന്തോഷവും തോന്നിയില്ല. മറ്റൊരാൾക്ക് പാടാൻ വച്ച പാട്ടാണ്. അദ്ദേഹത്തിനു സുഖമില്ലാത്തപ്പോൾ ഒഴിവാക്കി മറ്റൊരാളെക്കൊണ്ടു പാടിക്കുമ്പോൾ എത്രത്തോളം വിഷമമാവുമെന്ന് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. അങ്ങനെയൊരു സാഹചര്യത്തിൽ പാടാനാവില്ലെന്നു പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി. ഒടുവിൽ ഭാനുചേട്ടൻ തന്നെ എന്നെ വിളിച്ചു നിർബന്ധിച്ചു.

ഇന്നു റെക്കോർഡിങ് നടന്നില്ലെങ്കിൽ പ്രൊഡ്യൂസർക്കു നഷ്ടം വരുമെന്നും നീ പാടുന്നതിൽ എനിക്ക് ഒരു വിഷമവുമില്ല, സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണു ഞാൻ പാടാൻ തീരുമാനിച്ചത്. നല്ല താളമുള്ള ലളിതമായ സംഗീതം. ഏറെ ഹൃദ്യവും. പ്രേമ ഗാനമാണ്. പി. ഭാസ്ക്കരൻ മാഷ് എഴുതിയിരിക്കുന്നതാകട്ടെ ഏതു സാധാരണക്കാരനും ഉൾക്കൊള്ളാവുന്ന വളരെ ലളിതമായ വരികളും. വേഗം തന്നെ പാട്ടു പഠിച്ചു.

റെക്കോർഡിങ്ങും വേഗം കഴിഞ്ഞു. നന്നായിട്ടു പാടിയെന്നു ജോബ് മാഷ് അടക്കമുള്ളവർ അഭിനന്ദിച്ചു. ഭാനു ചേട്ടന്റെ വലിയ മഹത്വമാണ് അവിടെ കണ്ടത്. അദ്ദേഹത്തിന്റെ അന്നത്തെ ഒരു നില വച്ചിട്ടു വേണമെങ്കിൽ റെക്കോർഡിങ് വേറൊരു ദിവസത്തേക്കു മാറ്റിവച്ച് അദ്ദേഹത്തിനു തന്നെ പാടാമായിരുന്നു. പക്ഷേ, താരതമ്യേന പുതിയൊരു ആളായ എനിക്കു സന്തോഷത്തോടെ ആ പാട്ട് വച്ചുനീട്ടുകയായിരുന്നു. വലിയ മനസ്സാണത്. നസീർ സാർ പാടി അഭിനയിച്ച ആ പാട്ട് വലിയ ഹിറ്റായി. ജനങ്ങൾ ഏറ്റുപാടി. ‘അല്ലിയാമ്പൽ... എന്റെ സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവായി.

എത്രയോ ഗാനമേള വേദികളിൽ പിന്നീട് ഈ പാട്ട് ഞാൻ പാടിയിട്ടുണ്ട്. ഒടുവിൽ ഏതാനും വർഷം മുൻപ് ‘ലൗഡ് സ്പീക്കർ എന്ന സിനിമയിൽ മകനൻ വിജയ് ഈ ഗാനം വീണ്ടും പാടിയതു മറ്റൊരു നിയോഗം. റോസിക്കും ആ പാട്ടിനും 50 വയസ്സായിരിക്കുന്നു. പക്ഷേ, ഇനിയൊരു 50 വർഷം കഴിഞ്ഞാലും മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളുടെ കൂട്ടത്തിൽ ലളിതസുന്ദരമായ ആ ഗാനവും ഉണ്ടാവുമെന്നുറപ്പ്. അതാണു ശുദ്ധസംഗീതത്തിന്റെ മഹത്വം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.