Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മൾ ഏറ്റുപാടിയ ബോബ് ഡിലൻ

FILES-SWEDEN-US-NOBEL-LITERATURE

പ്രായം 75 ആയെങ്കിലും ‘ഫോറെവർ യങ്’ എന്ന ബോബ് ഡിലൻ പാട്ടു തന്നെയാണ് ആരാധകർ ആശംസയായി നേരുന്നത്. ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചപ്പോൾ പലരും ഞെട്ടിയെങ്കിലും സംഗീതപ്രേമികൾ ഏറെ സന്തോഷിച്ചു. നേരിട്ടു കണ്ടിട്ടില്ലെങ്കിലും, ലൈവ് ഷോകളിൽ ഭാഗമാകാൻ സാധിച്ചിട്ടില്ലെങ്കിലും, നമ്മുടെ സംഗീതജ്ഞർ എത്രയോ തവണ ബോബ് ഡിലനെ ഏറ്റുപാടി. 1970, 80 കാലത്ത് കേരളത്തിൽ സജീവമായിരുന്ന മ്യൂസിക് ബാൻഡുകളെല്ലാം ആവർത്തിച്ചു പാടിയിരുന്നു ബോബ് ഡിലൻ പാട്ടുകൾ. ഇന്നും പാശ്ചാത്യ സംഗീതം ഇഷ്ടപ്പെട്ടുന്നവരെല്ലാം ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും ബോബ് ഡിലനെ. തന്റെ പാട്ടിലൂടെ കവിതയും ലോകവും സ്നേഹവുമെല്ലാം  പങ്കുവച്ച ബോബ് ഡിലൻ തങ്ങൾക്ക് എന്തായിരുന്നെന്ന് അദ്ദേഹത്തിന്റെ  ചില ആരാധകർ  പറയുന്നു. 

സൂരജ് മണി

(മദർജെയിൻ എന്ന ബാൻഡിലൂടെ ഹരമായി. മക്ബത്ത്, ജിഹാദ്, ചേസിങ് ദ സൺ തുടങ്ങിയ പാട്ടുകൾ സൂരജിന്റെ മികവിനു തെളിവ്. ഇപ്പോൾ തത്വ ട്രിപ്പേഴ്സ് എന്ന ബാൻഡിന്റെ ഭാഗം) 

കോളജിൽ പഠിക്കുമ്പോൾ വെസ്റ്റേൺ പാട്ടുകൾ പാടിത്തുടങ്ങിയതു കണ്ട് ഒരു സുഹൃത്താണ് ബോബ് ഡിലനെ കേട്ടിട്ടുണ്ടോ എന്നു ചോദിക്കുന്നത്. ആ പേരും അദ്ദേഹത്തിന്റെ പാട്ടുകളുമെല്ലാം ഹൃദയത്തിൽ ഇടം പിടിക്കുന്നത് അങ്ങനെയാണ്. മറ്റൊരു സംഗീതജ്ഞനോടു താരതമ്യപ്പെടുത്താനാകാത്ത അതുല്യതയാണു ബോബ് ഡിലന്റെ പാട്ടുകളെ വേറിട്ടു നിർത്തുന്നത്. പതിവു രീതികളിൽനിന്നു വേറിട്ടു നിൽക്കാനാണ് അദ്ദേഹം ശ്രമിച്ചത്. നിങ്ങൾ എങ്ങനെ വേറിട്ടു നിൽക്കണമെന്നു തന്റെ പാട്ടുകളിലൂടെയും സംഗീതത്തിലൂടെയും അദ്ദേഹം കാട്ടിത്തന്നു. എന്റെ എഴുത്തിനെയും സംഗീതവഴികളെയും അദ്ദേഹം ഏറെ സ്വാധീനിച്ചിട്ടുണ്ട്. ചില നിലപാടുകൾ പാട്ടിലൂടെ കൊണ്ടുവരാൻ ശ്രമിച്ചതെല്ലാം അദ്ദേഹം നൽകിയ മാതൃകയിലൂടെയാണ്. 

പാട്ടിലേക്ക് ആദ്യമായി എത്തുന്നയാൾക്കും ബോബ് ഡിലന്റെ പാട്ടുകൾ ഇഷ്ടപ്പെടുമെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. വരികളിൽ കൃത്രിമത്വം ഇല്ല. കവിത ഇഷ്ടമില്ലാത്തയാൾക്കും അദ്ദേഹത്തിന്റെ പാട്ടുകൾ ഇഷ്ടപ്പെടും. അതിന്റെ കവിത പിടികിട്ടും. അതിലുള്ള തീവ്രത പെട്ടെന്നു മനസ്സിലാക്കാൻ സാധിക്കും. സാഹിത്യപരിചയമൊന്നും അതിന് ആവശ്യമില്ലെന്നു വ്യക്തം. ബോബ് ഡിലന്റെ സവിശേഷതകളിലൊന്നും അതു തന്നെയാണ്. ഞാൻ കവിത പതിവായി വായിക്കുന്നയാളല്ല. പക്ഷേ എന്നെപ്പോലുള്ള ഒട്ടേറെപ്പേരെ ബോബ് ഡിലന്റെ ഗാനങ്ങൾ ആകർഷിക്കുന്നു. ലൈക്ക് എ റോളിങ് സ്റ്റോൺ എന്ന ക്ലാസിക് ഗാനം മുതൽ എവരിബഡി മസ്റ്റ് ഗെറ്റ് സ്റ്റോൺഡ് ഉൾപ്പെടെയുള്ള ഗാനങ്ങൾ കേട്ടാൽ ഇതു തീർച്ചയായും മനസിലാകും. 

ആന്റണി ഐസക്

(കേരളത്തിലെ ഏറ്റവും പ്രശസ്തമായ സംഗീത കുടുംബത്തിലെ അംഗം. പ്രമുഖ വയലിനിസ്റ്റ് റെക്സ് ഐസക്ക്, ഗിറ്റാറിസ്റ്റ് എമിൽ ഐസക്ക് എന്നിവരുടെ സഹോദരൻ) 

സത്യമായിരുന്നു ബോബ് ഡിലന്റെ പാട്ടുകൾ. സ്വാതന്ത്ര്യം, മനുഷ്യത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സത്യങ്ങൾ. തന്റെ പാട്ടുകളിലൂടെ അദ്ദേഹം വിളിച്ചു പറഞ്ഞതും അതാണ്. കണ്ണുതുറപ്പിച്ച പാട്ടുകളെന്നു പറയാം. എന്റെ മാത്രമല്ല, ഒട്ടേറെ ചെറുപ്പക്കാരുടെ കണ്ണുതുറപ്പിച്ച ബോബ് ഡിലൻ പാട്ടുകൾ. 

FILES-SWEDEN-US-NOBEL-LITERATURE

1960- 70 കാലത്താണു ബോബ് ഡിലൻ സ്വാധീനം ശക്തമാകുന്നത്. ഒരു നവോത്ഥാന കാലഘട്ടം. വെസ്റ്റേൺ പാട്ടുകൾ മലയാളികൾ കേട്ടുതുടങ്ങിയ സമയം. റേഡിയോയിലാണു ബോബ് ഡിലന്റെ പാട്ട് ആദ്യമായി റേഡിയോയിലാണു കേട്ടത്. പിന്നീടു ബോബ് ഡിലന്റെ പല പാട്ടുകളും സഹോദരൻ യൂജിൻ പാടുന്നതു കേട്ടു. ബോബ് ഡിലൻ ആദ്യം ഹൃദയത്തിൽ ഇടം പിടിച്ചത് അങ്ങനെയാണ്. യൂജിന്റെ സുഹൃത്ത് യുഎസ് സ്വദേശിയായ വോൾട്ടയർ എന്നൊരാൾ അക്കാലത്ത് ഇവിടെയെത്തിയിരുന്നു. വോൾട്ടയറാണു ബോബ് ഡിലന്റെ ആൽബം ആദ്യമായി കേൾപ്പിച്ചത്. ബ്ലോയിങ് ഇൻ ദ് വിൻഡ് ഉൾപ്പെടെയുള്ള പാട്ടുകളുള്ള ആൽബമാണു സത്യത്തിൽ എന്നെ ബോബ് ഡിലന്റെ ആരാധകനാക്കിയത്. 

പിന്നീട് ഞാനുൾപ്പെട്ട റെസിസ്റ്റൻസ് എന്ന ബാൻഡിനു വേണ്ടിയും 13 എഡിക്കു വേണ്ടിയുമെല്ലാം ബോബ് ഡിലൻ പാട്ടുകൾ ഏറെപ്പാടി. ഒട്ടേറെ സ്റ്റേജുകളിൽ അദ്ദേഹത്തിന്റെ പാട്ടുകൾ ആവർത്തിച്ചു. ആധുനിക കവിയെന്ന നിലയിൽ അദ്ദേഹത്തെ കാണാനാണ് എനിക്കിഷ്ടം. മോഡേൺ പൊയട്രിയായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകൾ നിറയെ. സത്യമാണ് അതിൽ നിറയെ. സത്യത്തെ അറിയാനാണ് അദ്ദേഹം പാട്ടുകളിലൂടെ ശ്രമിച്ചത്. സ്നേഹവും സമാധാനവും എന്ന ആശയമായിരുന്നു അദ്ദേഹമുൾപ്പെട്ട ഒരു റോക്ക് സംഗീത കാലയളവിന്റെ പ്രധാന സന്ദേശം. മനുഷ്യത്വം, സ്നേഹം ഇത്യാദി കാര്യങ്ങൾ അദ്ദേഹം പങ്കുവച്ചപ്പോൾ, അതു നമ്മളും ഏറ്റുപാടിയപ്പോൾ പങ്കുവച്ചതും മറ്റുള്ളവർക്കു പറഞ്ഞു കൊടുത്തതും അക്കാര്യങ്ങളാണ്. പാട്ടെന്നതിനേക്കാൾ അതിന്റെ വരികളാണ് ഏറെ ശ്രദ്ധിച്ചിരുന്നത്. ബ്ലോയിങ് ഇൻ ദ് വിൻഡ്, ദി ടൈംസ് ദേ ആർ എ ചെയ്ഞ്ചിങ് തുടങ്ങിയ പാട്ടുകളൊക്കെ എത്രയോ തവണ പാടിയിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ആരാധകനായി തുടരുന്നതിന്റെ കാരണവും ഈ പാട്ടുകളാണ്. 

ജോൺ ആന്റണി കർണാട്രിക്സ്

(രാജ്യത്തെ ഏറ്റവും മികച്ച ഗിറ്റാറിസ്റ്റുകളുടെ പട്ടികയിൽ ഈ മലയാളിയുണ്ട്. രാജ്യത്തെ ആദ്യകാല വെസ്റ്റേൺ ബാൻഡുകളിലെ സജീവസാന്നിധ്യം. ഇപ്പോൾ കർണാട്രിക്സ് എന്ന സംഗീതബാൻഡിന്റെ പ്രധാനി) 

പാട്ടിൽ ബോബ് ഡിലനൊപ്പം സഞ്ചരിച്ചവരാണു ഞങ്ങൾ. ആ പാട്ടുകളെ ഹൃദയത്തിലേറ്റിയവർ. നാൽപതോളം വർഷങ്ങൾക്കു പിന്നിലേക്കാണു പോകേണ്ടത്. പാട്ടും റോക്കും പുസ്തകങ്ങളും സിനിമയുമെല്ലാം ഏറ്റെടുത്ത ഒരു ചെറുപ്പകാലത്തിന്റെ പ്രതിനിധിയായിരുന്നു ബോബ് ഡിലനും. 1980 കളിലാണു റെസിസ്റ്റൻസ് എന്ന ബാൻഡ് ഞങ്ങൾ അഞ്ചു പേർ ചേർന്ന് ആരംഭിച്ചത്. കോളജ് പഠനത്തിനു ശേഷം തിരിച്ചെത്തിയ ഞാനും ആന്റണി ഐസക്കുമെല്ലാം ചേർന്നാരംഭിച്ച ബാൻഡ്. ജയൻ എന്ന ഡ്രമ്മർ, ജെർസൺ ആന്റണി ബേസിൽ ഒപ്പം ബിന്നി എന്ന ഗായകനും. ആന്റണി ഐസക്കായിരുന്നു പ്രധാന ഗായകനും റിഥം ഗിറ്റാറും. ഞാനാണു ലീഡ് ഗിറ്റാർ വായിച്ചിരുന്നത്. 

Bob Dylan

അന്നു മുതൽ തുടങ്ങിയതാണു ബോബ് ഡിലൻ പ്രേമം. ജയന്റെ പള്ളിമുക്കിലെ വീട്ടിൽവച്ചാണു റെസിസ്റ്റൻസിന്റെ പരിശീലനം. ആന്റണി ഐസക്ക് ബോബ് ഡിലന്റെ വലിയ ആരാധകനായിരുന്നു. ആന്റണിയാണു ബോബ് പാട്ടുകൾ കൂടുതൽ പാടിയിരുന്നത്. ആ ഇഷ്ടം ഞങ്ങളിലേക്കും പകർന്നു കിട്ടി. ബോബ് ഡിലന്റെ ലോകപര്യടങ്ങളിൽ ഒപ്പമുണ്ടായിരുന്ന ദി ബാൻഡ് എന്നൊരു സംഘമുണ്ട്. സത്യത്തിൽ അവരായിരുന്നു ഞങ്ങളുടെ പ്രചോദനം. അവരെ അനുകരിച്ച് ഏറെ പാട്ടുകൾ പാടി. 1980 കളിലായിരുന്നു റെസിസ്റ്റൻസിന്റെ കാലം. 

രാജേന്ദ്ര മൈതാനത്തു ഷോ ചെയ്തൊക്കെ ഇപ്പോഴും ഓർമയിലുണ്ട്. വൈകിട്ട് ഏഴു മണിക്കാരംഭിക്കുന്ന പരിപാടി പിറ്റേന്നു പുലർച്ചയോടെയാണ് അവസാനിക്കുക. ഷോയുടെ സമയം കഴിഞ്ഞാലും തന്റെ ഗിറ്റാറുമെടുത്ത് ആന്റണി ബോബ് ഡിലന്റെ പാട്ടുകൾ പാടും. അത് ഏറ്റുപാടാൻ ചെറുപ്പക്കാരുടെ നീണ്ട നിര. അക്കാലമൊന്നും മറക്കാൻ പറ്റില്ല. ഹിപ്പി മൂവ്മെന്റിന്റെ തുടക്കത്തിലാണു ബോബ് ഡിലന്റെ വരവ്. അതുകൊണ്ടുതന്നെ ഞങ്ങളെപ്പോലെയുള്ള അക്കാലത്തെ ചെറുപ്പക്കാരെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ആകർഷിച്ചില്ലെങ്കിലല്ലേ അതിശയമുള്ളൂ. മരിജുവാന വിൽക്കുന്ന ചെറുപ്പക്കാരനെക്കുറിച്ചുള്ളതാണു മിസ്റ്റർ ടാംബൊറിൻ മാൻ എന്ന പാട്ട്. 

ചില പഴയകാല സംഗീതജ്ഞർ ചേർന്ന് ‍ഡിസംബർ 17ന് ഒരു ഷോ ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോൾ. 70കളിലെ പാട്ടുകൾ ഉൾക്കൊള്ളിച്ചുള്ള പരിപാടിയാണു തീരുമാനിച്ചിരുന്നത്. അതിനു വേണ്ടി തിരഞ്ഞെടുത്ത പാട്ടുകളിൽ നാലെണ്ണവും ബോബ് ഡിലന്റെതായിരുന്നു. ഓൾ എലോങ് ദി വാച്ച്ടവർ, മിസ്റ്റർ ടാംബൊറിൻ മാൻ, നോക്കിങ് ഓൺ ഹെവൻസ് ഡോർ, ഒപ്പം ബ്ലോയിങ് ഇൻ ദ് വിൻഡ് എന്നീ പാട്ടുകളാണ് അദ്ദേഹത്തിന്റേതായി തിരഞ്ഞെടുത്തത്. അതിനു പിന്നാലെ നൊബേൽ സമ്മാന വാർത്ത കേൾക്കുമ്പോൾ ബോബിനോടുള്ള ഇഷ്ടം വീണ്ടും ഉയരുകയാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.