Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടി വെളുപ്പിച്ച രാവുകൾ

kozhikode-cm-vadiyil

കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷന് മുന്നിലെ പഴയ കെട്ടിടം. മുകൾ നിലയിലേക്കുള്ള ഇടുങ്ങിയ മരപ്പടികൾ കാലത്തിന്റെ ചാവി പിന്നിലേക്ക് തിരിച്ചു വയ്ക്കുന്നു. കയറിച്ചെല്ലുന്നത് കാലിക്കറ്റ് മ്യൂസിക് ക്ലബിന്റെ ക്ലാസ് മുറിയിലാണ്. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെയും എഴുപതുകളുടെയും സംഗീത സുഗന്ധം ഇവിടെ നിറഞ്ഞു നിൽക്കുന്നു. ചുവരിൽ ഇന്ത്യൻ സംഗീത പ്രതിഭകളുടെ അപൂർവ സംഗമത്തിന്റെ വലിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. മുകേഷ്, തലത്ത്, മജ്റൂഹ് സുൽത്താൻപുരി, എസ്. ഡി. ബർമൻ, ലതാമങ്കേഷ്കർ, നർഗീസ്, മദൻ മോഹൻ, മുഹമ്മദ് റഫി, മന്നാഡേ എന്നിവർ മുംബൈയിൽ ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ എടുത്ത ചിത്രമാണത്.

സ്റ്റുഡിയോയിൽ സംഗീത സംവിധാനം നിർവഹിക്കുന്ന നൗഷാദ്, ടൗൺ ഹാളിൽ നിലത്തിരുന്നു പാടുന്ന യേശുദാസ്, എം.എസ്.ബാബുരാജ്, എം. എസ്. വിശ്വനാഥൻ തുടങ്ങി ഈണവും താളവും കൊണ്ട് പോയകാലത്ത് മധുരം വിളമ്പിയ മഹാരഥൻമാരുടെ ചിത്രങ്ങളും ചുമരിനെ അലങ്കരിക്കുന്നു. ഈ പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ച സി. എം. വാടിയിൽ എന്ന വയലിനിസ്റ്റ് അക്കാലത്തെ നിറമുള്ള ഓർമകളുമായി കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ട് ഇവിടെ സംഗീത ജീവിതം തുടരുന്നു. വാടിയിലിന്റെ സംഗീതസ്മൃതികളിൽ പഴയ കോഴിക്കോടിന്റെ ഈണവും താളവും നിറഞ്ഞുനിൽക്കുന്നു. പീടിക മാളികകളിൽ രാവു പാടി വെളുപ്പിക്കുന്ന സംഗീതജ്ഞരും അവരെ പ്രോൽസാഹിപ്പിക്കുന്ന സഹൃദയരും. ഇതു കണ്ടും കേട്ടും വളർന്ന ബാല്യമാണ് വാടിയിലിന്റേത്.

kozhikode-music-programme

ഹാർമോണിയം എവിടെ കണ്ടാലും അതിന്റെ പിന്നാലെ പോകും. കുറ്റിച്ചിറയിലെ കോൺഗ്രസ് ഓഫിസിലെ ഹാർമോണിയവുമായിട്ടായിരുന്നു ആദ്യ കൂട്ട്. പിന്നീട് കമ്യൂണിസ്റ്റുകാർ കോമ്രേഡ് ആർട്സ് സെന്റർ തുടങ്ങിയപ്പോൾ കൂറ് അങ്ങോട്ടായി. പാർട്ടി കൂറ് കൊണ്ടുള്ള മാറ്റമൊന്നുമല്ല. അന്ന് സംഗീതത്തിനായി ആരു വിളിച്ചാലും അവരുടെ കൂടെ പോകുന്ന മാനസിക അവസ്ഥയിലായിരുന്നു. നാടകങ്ങൾക്ക് സംഗീതം കൊടുക്കാൻ തുടങ്ങിയത് അക്കാലത്താണ്. അന്ന് വാടിയിൽ ചെറിയ മാളിയേക്കൽ അഹമ്മദ്കോയയാണ്. പി. എം. താജിന്റെ ബാപ്പ പി. എം. ആലിക്കോയ ഈ പേര് നാടകത്തിനു ചേർന്നതല്ലെന്നു പറഞ്ഞു.

അങ്ങനെ പേര് പരിഷ്കരിച്ചു. തറവാടു വിറ്റു വാങ്ങിയ സ്ഥലത്തിന്റെ പേര് വാടിയിൽ എന്നാണ്. ചെറിയ മാളിയേക്കൽ എന്ന വീട്ടുപേര് സി. എം. എന്ന ഇനീഷ്യലാക്കി ചുരുക്കി. സി. എം. വാടിയിൽ എന്ന വയലിനിസ്റ്റ് അങ്ങനെ പിറന്നു. 21–ാം വയസിൽ 1961ൽ ‘ആ വണ്ടിക്ക് ബ്രേക്കില്ല’ എന്ന നാടകത്തിന് സംഗീതം പകരുന്ന ചുമതല വാടിയിലിന് ലഭിച്ചു. പാട്ട് ചിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോൾ പാട്ടുകാരൻ എത്തി. അന്നത്തെ താരമായിരുന്ന കോഴിക്കോട് അബ്ദുൽഖാദറാണ് പാടുന്നതെന്ന് അറിഞ്ഞപ്പോൾ വാടിയിൽ വിറച്ചുപോയി. ‘മോനേ, എന്താ ട്യൂണിട്ടത്’ എന്ന സ്നേഹമസൃണമായ ചോദ്യവുമായി ഖാദർ തുടങ്ങിയപ്പോൾ പരിഭ്രമമെല്ലാം അലിഞ്ഞു.

‘പാറല്ലേ, പാറല്ലേ പൊന്നാര പ്രാവേ’ എന്ന പാട്ടിന്റെ ട്യൂൺ മൂളിക്കൊടുത്തു. തന്റേതായ വിഷാദഛായകൂടി ചേർത്ത് അബ്ദുൽഖാദർ മനോഹരമായി ഗാനം ആലപിച്ചു. വിഷാദവും ഗാംഭീര്യവും കൂട്ടിച്ചേർത്തുള്ള ആലാപന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. കുന്ദൻലാൽ സൈഗാൾ, പങ്കജ് മല്ലിക്, സി. എച്ച്. ആത്മ എന്നിവരായിരുന്നു ഖാദറിന്റെ സംഗീത മാതൃകകൾ. വിഷാദഭാവം ഒരിക്കലും കൈവിടാത്ത, ജീവിതവും സംഗീതവും ഒന്നായിത്തീർന്ന മഹാഗായകനായിരുന്നു അദ്ദേഹമെന്ന് വാടിയിൽ ഓർക്കുന്നു. പിന്നീട് ബാബുരാജ് സംഘത്തിലെ സ്ഥിരം വയലിനിസ്റ്റായി. സിനിമാ ഗാനങ്ങളുടെ റിക്കാർഡിങ് കഴിഞ്ഞാലും ഡിസ്ക് പുറത്തിറങ്ങാൻ കുറച്ചു താമസിക്കും. മദ്രാസിൽനിന്ന് മടങ്ങിയെത്തുന്ന ബാബുരാജ് കല്യാണപ്പുരകളിലും ഗാനമേളകളിലും റിക്കാർഡ് ചെയ്ത പാട്ട് പാടും.

‘പ്രാണസഖി’യും, ‘ഒരു പുഷ്പം മാത്രമെൻ’, ‘നദികളിൽ സുന്ദരി യമുന’ തുടങ്ങിയ പാട്ടുകൾ റിക്കാർഡ് ഇറങ്ങുന്നതിന് മുമ്പുതന്നെ കല്യാണപ്പുരകളിൽ ബാബുരാജ് പാടി. ‘പ്രാണസഖി’ ബാബുരാജ് പാടുന്നത് കേൾക്കാൻ പ്രത്യേക സുഖമാണ്. യേശുദാസ് പാടിയതുപോലെയല്ല നീട്ടി, ഉച്ചസ്ഥായിയിൽ ബാബുരാജ് പാടുന്നത് കേട്ട് ലയിച്ചിരിക്കും. മൈക്ക് പോലും ആവശ്യമില്ല–വാടിയിൽ പറയുന്നു. കല്യാണ വീടുകളിൽ മംഗളം പാടുന്ന പതിവുണ്ട്. പ്രശസ്തമായ പാട്ടുകളുടെ വരികളിൽ വധൂവരൻമാരുടെ പേര് ചേർത്ത് അവരെ സുഖിപ്പിച്ചു പാടുന്ന രീതിയാണത്. ബാബുരാജ് അതിലും മിടുക്കനായിരുന്നു. കല്ലായിയിലെ ബാബുരാജിന്റെ ബന്ധുവീട്ടിൽ കല്യാണത്തിന് പാടാൻ പോയി. വയലിൻ വായിക്കുമ്പോൾ ജനലിനടുത്തു നിന്ന് ഒരു പെൺകുട്ടി വാടിയിലിനെ ശ്രദ്ധിക്കുന്നു. പാട്ടു കഴിഞ്ഞപ്പോൾ പെൺകുട്ടി അടുത്തു വന്നു ചോദിച്ചു ‘ചെമ്മീനിലെ മാനസ മൈനേ വായിക്കാമോ?. വായന കഴിഞ്ഞപ്പോൾ പെൺകുട്ടി ജിലേബിയും ചായയും കൊണ്ടുവന്നു.

അന്ന് വാടിയിലിനെക്കൊണ്ട് വയലിൻ വായിപ്പിച്ച ഖദീജ പിന്നീട് അദ്ദേഹത്തിന്റെ ജീവിതസഖിയായി. പൊന്നാനിയിൽ ഒരു കല്യാണവീട്ടിൽ പാടാൻ പോകുമ്പോൾ ബാബുരാജും വാടിയിലും സംഘവുമെല്ലാം വണ്ടി മറിഞ്ഞ് വെള്ളത്തിലായി. മച്ചാട്ട് വാസന്തി, പപ്പൻ, വാടിയിൽ തുടങ്ങിയവർ പൊന്നാനിക്ക് പോകാൻ പാളയം ബസ് സ്റ്റാൻഡിലെത്തിയതായിരുന്നു. അപ്പോഴാണ് മറ്റൊരു ബസിൽനിന്ന് ‘പുയ്യാപ്ളേ’ എന്ന വിളി. ബാബുരാജിന്റെ ബന്ധുവിനെ വിവാഹം കഴിച്ച ശേഷം വാടിയിലിനെ അങ്ങനെയാണ് ബാബുരാജ് വിളിച്ചിരുന്നത്. ഗാനരചയിതാവ് യൂസഫലി കേച്ചേരിയെ കാണാൻ തൃശൂർക്ക് പോകാനുള്ള പുറപ്പാടിലായിരുന്നു ബാബുരാജ്. സംഗീത സംഘത്തെ കണ്ടതോടെ ‘പൊന്നാനി വരെ നിങ്ങളുടെ കൂടെ വരാം’ എന്നു പറഞ്ഞ് ബാബുരാജും കൂടെക്കയറി. മൈക്കുകാരായ പുഷ്പ സൗണ്ട്സിന്റെ ആൾക്കാരും വണ്ടിയിലുണ്ട്. യാത്ര തവനൂരിലെത്തിയപ്പോൾ നല്ല മഴ. വയൽ പ്രദേശത്തുകൂടിയാണ് വണ്ടി ഓടുന്നത്. എതിരേ മൂരിവണ്ടി വന്നപ്പോൾ ഡ്രൈവർ വാഹനം ഒതുക്കിയതാണ്. വണ്ടി വയലിലേക്ക് ചെരിഞ്ഞു. കലാകാരൻമാരെല്ലാം വെള്ളത്തിൽ വീണു, വണ്ടിയിൽ കയറ്റിയിരുന്ന വറത്തകായ മഞ്ഞ വട്ടുപോലെ വെള്ളത്തിൽ ചിതറി.

ആർക്കും കാര്യമായ പരുക്കേറ്റില്ല. പെട്ടെന്ന് ബാബുരാജിനെ കണ്ടില്ല. കുറച്ചു കഴി‍ഞ്ഞപ്പോൾ വയലിന്റെ കരയിൽ ബാബുരാജിനെ കണ്ടു. വെള്ളത്തിൽ മുങ്ങിയ ഷർട്ട് പിഴിഞ്ഞ് ഇടാൻ ശ്രമിക്കുകയായിരുന്നു ബാബുരാജ്. കല്യാണപ്പാട്ട് സംഘം പിന്നീട് പൊന്നാനിക്കും ബാബുരാജ് തൃശൂർക്കും പോയി. വയലിനിസ്റ്റും സുഹൃത്തുമായ എൻ. സുകുമാരനാണ് സിനിമയിലേക്കുള്ള വഴി തെളിച്ചത്. ദക്ഷിണാമൂർത്തി, ദേവരാജൻ, എം. കെ. അർജുനൻ, എം. എസ്. വിശ്വനാഥൻ, എ. ടി. ഉമ്മർ, കണ്ണൂർ രാജൻ തുടങ്ങിയ സംഗീതസംവിധായകരുടെ സിനിമാ ഗാനങ്ങളുടെ പിന്നണിയിൽ വാടിയിലിന്റെ വയലിനുണ്ട്. 1978 മുതൽ സിനി മ്യുസിഷ്യൻസ് യൂണിറ്റിൽ അംഗമാണ്. ആദ്യ കാലത്ത് ഒരു പാട്ട് റിക്കാർഡ് ചെയ്യുമ്പോൾ 200 രൂപയായിരുന്നു പ്രതിഫലം.‌ നാടകങ്ങൾക്ക് സംഗീതം നൽകി. നാടക സംഘങ്ങൾക്കൊപ്പം രാജ്യമൊട്ടാകെ കറങ്ങി. കോഴിക്കോട് ആകാശവാണിയിൽ സംഗീത സംഘങ്ങളൊടൊപ്പം പ്രവർത്തിച്ചു. എഴുപത്തിയെട്ടുകാരനായ വാടിയിൽ നല്ലൊരു മജീഷ്യൻ കൂടിയാണ്.

1979ൽ കാലിക്കറ്റ് മ്യൂസിക് ക്ലബ് തുടങ്ങി. ഭാര്യ ഖദീജ 2008ൽ മരിച്ചു. മകൾ ഷഹർബാനു നൃത്തം അഭ്യസിച്ചിട്ടുണ്ട്. മകൻ ഷാജഹാൻ വാടിയിൽ പ്രശസ്തനായ വയലിനിസ്റ്റാണ്. വാടിയിലിന്റെ സംഗീത സ്കൂളിൽ എല്ലാ ഞായറാഴ്ചകളിലും ഉച്ച കഴിഞ്ഞ് സംഗീത തൽപരർ ഒത്തുകൂടും. പിന്നീട് പാട്ടും മേളവുമാണ്. ഡോക്ടർമാരും കച്ചവടക്കാരും എൻജിനീയർമാരുമെല്ലാം ഈ കൂട്ടായ്മയിൽ പങ്കാളികളാകും. കർണാടക സംഗീതം കണക്കുപോലെ കണിശതയുള്ളതാണെങ്കിൽ ഹിന്ദുസ്ഥാനിയുടെ ലയം മോഹിപ്പിക്കുന്നതാണെന്ന് വാടിയിൽ പറയുന്നു. രണ്ടും പ്രിയങ്കരം തന്നെ. ഗസലിന്റെ സൗന്ദര്യം തുളുമ്പുന്ന വരികൾ ചെവിയിൽ മന്ത്രിച്ചു കേട്ടുകൊണ്ട് ലോകത്തോട് വിടപറയാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഈ കലാകാരൻ പറയുന്നു.

Your Rating: