Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാ  ഖൂബ്‌ ലഗ്‌തി ഹോ

dharmathma

ക്യാ  ഖൂബ്‌ ലഗ്‌തി ഹോ..

ബഡി സുന്ദര്‍ ദിഖ്‌തി ഹോ...

അടുത്തകാലത്തായി ടെലിവിഷനില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ പരസ്യം. കാറുകളുടെ ഫീച്ചറുകള്‍ക്കൊപ്പം കമിതാക്കളുടെ സ്വപ്‌നം പൂക്കുന്ന രംഗങ്ങള്‍ മിനിസ്‌ക്രീനില്‍. വാഹനത്തിന്റെ ഫീച്ചറുകള്‍ക്ക്‌ മിഴിവു കൂട്ടുന്നത്‌ ഒരു പ്രശസ്‌ത ഹിന്ദി ഗാനത്തിന്റെ റീ മിക്‌സ്‌ രൂപം. 'ക്യാ കൂബ്‌ ലഗ്‌തി ഹോ.. ബഡി സുന്ദര്‍ ദിഖ്‌തി ഹോ..' കാറുകളും അഭിനേതാക്കളുമൊക്കെ പാട്ടുപോലെ സുന്ദരമാകുന്ന പരസ്യം കാണുമ്പോള്‍ പലരുടെയും ഓര്‍മ്മകളില്‍ തെളിയുന്നത്‌ പണ്ട്‌ അഫ്‌ഗാന്‍ താഴ്‌വരകളിലൂടെ തുറന്ന ജീപ്പില്‍ പാട്ടുപാടി പ്രണയിക്കുന്ന ഫിറോസ്‌ ഖാന്റെയും ഹേമമാലിനിയുടെയും ദൃശ്യങ്ങളാകും. കല്ല്യാണ്‍ജി - ആനന്ദ്‌ജിയുടെ അഫ്‌ഗാന്‍ സംഗീതം മണക്കുന്ന ഈണങ്ങളും ഇന്‍ഡീവറുടെ വരികളും മുകേഷിന്റെയും കുമാരി കാഞ്ചന്റെയും മധുരശബ്ദവും ഓര്‍മ്മകളെ കൂടുതല്‍ തരളിതമാക്കും. നാല്‌ പതിറ്റാണ്ട്‌ തികയുമ്പോഴും ന്യൂജനറേഷനായി അവശേഷിക്കുന്നു ധര്‍മാത്മയെന്ന ചലച്ചിത്ര ഭാഷ്യം.

ആദ്യ ഇന്ത്യന്‍ ഗോഡ്‌ഫാദര്‍

വര്‍ഷം 1972 മാര്‍ച്ച്‌ 15. ലോക ത്രില്ലര്‍ സിനിമാ ചരിത്രത്തെ മാറ്റി മറിച്ച 'ദി ഗോഡ്‌ ഫാദര്‍' എന്ന അമേരിക്കന്‍ ചിത്രം പിറന്നത്‌ ഈ ദിവസം. മാരിയോ പുസോയുടെ തൂലികയും ഫ്രാന്‍സിസ്‌ ഫോര്‍ഡ്‌ കൊപ്പോളയുടെ സംവിധാന മികവും ചേര്‍ന്നപ്പോള്‍ ഹോളീവുഡ്‌ സാക്ഷ്യം വഹിച്ചത്‌ പുത്തന്‍ യുഗപ്പിറവിക്കായിരുന്നു. നാല്‍പ്പതുകളിലെയും അമ്പതുകളിലെയും അമേരിക്കന്‍ മാഫിയകളുടെ കഥ പറഞ്ഞ ചിത്രം ഹോളീവുഡും കടന്ന്‌ ലോകമെങ്ങും ഹിറ്റായി. ക്രൈം സിനമികളുടെ തലതൊട്ടപ്പനായി മാറി ഗോഡ്‌ ഫാദര്‍. പല രാജ്യങ്ങളിലും പലഭാഷകളിലേക്കും ചിത്രം മാറ്റിയെഴുതപ്പെട്ടു. ചിലര്‍ അതേപടി പകര്‍ത്തി; മറ്റു ചിലര്‍ പുനരാഖ്യാനം ചെയതു. എന്തായാലും ഗോഡ്‌ഫാദറിന്റെ ആദ്യ ഇന്ത്യന്‍ വായനയായിരുന്നു ധര്‍മാത്മ.

ചൂതാട്ടത്തിന്റെ കഥ

ധനികനും ശക്തനുമായ ബിസിനസ്‌ രാജാവായിരുന്നു സേത്ത്‌ ധര്‍മദാസ്‌ (പ്രേംനാഥ്‌). സഹായം തേടിയെത്തുന്നവരെ കൈയ്യയച്ച്‌ സഹായിച്ചിരുന്ന ധര്‍മദാസിന്റെ അപരനാമം 'ധര്‍മാത്മ'. എന്നാല്‍ അയാളുടെ ജീവിതത്തിന്റെ മറ്റൊരു വശം ഇരുള്‍ നിറഞ്ഞതായിരുന്നു. 'മക്ട' എന്നറിയപ്പെടുന്ന ചൂതാട്ടത്തിന്റെ രാജാവായിരുന്നു അയാള്‍. നിയമവിരുദ്ധമായ കളികള്‍ കൊണ്ട്‌ കളം നിറയ്‌ക്കുന്ന അധോലോക ജീവിതം. എല്ലാവരും ധര്‍മാത്മയെ ബഹുമാനിക്കുമ്പോഴും ഒരാള്‍ മാത്രം അയാളെ വെറുത്തു. സ്വപുത്രന്‍ രണ്‍ബീര്‍ (ഫിറോസ്‌ ഖാന്‍). വാക്കുകള്‍ കൊണ്ടുള്ള പോരാട്ടങ്ങള്‍ക്കൊടുവില്‍ അച്ഛനുമായി പിണങ്ങിയ രണ്‍ബീര്‍ വീടു വിട്ടിറങ്ങുന്നു; അമ്മാവന്റെ ബിസിനസ്‌ പങ്കാളിയായി അഫ്‌ഗാനിസ്ഥാനി ലേക്കു രണ്‍ബീര്‍ ചേക്കേറുന്നതോടെ കഥയും വഴിതിരിയുന്നു.

ബോളീവു ഡും അഫ്‌ഗാനില്‍

വീടുവിട്ടിറങ്ങിയ രണ്‍ബീറിനു പിന്നാലെ മലകള്‍ കടന്ന്‌ ബോളീവുഡും ആദ്യമായി ഗാന്ധാര ദേശത്തെത്തി. അങ്ങനെ അഫ്‌ഗാനിസ്ഥാനില്‍ ഷൂട്ട്‌ ചെയ്യുന്ന ആദ്യ ബോളീവുഡ്‌ ചിത്രമായിത്തീര്‍ന്നു ധര്‍മാത്മ. മാട്‌ക എന്ന ഇന്ത്യന്‍ ചൂതാട്ടത്തിന്റെ ഇതിവൃത്തത്തില്‍ കഥയൊരുക്കിയത്‌ കൗശല്‍ ഭാര്‍തി. കുപ്രസിദ്ധ ഇന്ത്യന്‍ ഗാംബ്ലര്‍ കിങ്ങ്‌ രത്തന്‍ ഖാട്രിയുടെ ജീവിത മായിരുന്നു മൂലകഥയുടെ പ്രചോദനം. ഖാട്രിക്കൊപ്പം ചെലവഴിച്ചാണ്‌ ഫിറോസ്‌ഖാനും കൂട്ടരും കഥ പരുവപ്പെടുത്തിയതെന്നും അക്കാലത്ത്‌ ബോളീവുഡില്‍ സംസാരമുണ്ടായിരുന്നു.

പ്രൊഡക്ഷന്‍; ആക്ഷന്‍; ആക്ടിംഗ്‌

ചിത്രത്തിനു പണം മുടക്കിയതും സംവിധാനം ചെയ്‌തതും നായകവേഷം കെട്ടിയതും അറുപതുകളിലും എഴുപതുകളിലും ബോളീവുഡിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഫിറോസ്‌ഖാന്‍. അഭിനേതാവായി അതിനും മുമ്പേ പേരെടുത്ത ഫിറോസ്‌ ഖാന്റെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു ധര്‍മാത്മ. ഹേമ മാലിനിയും നാസിര്‍ ഹുസൈനും രേഖയും പ്രേംനാഥും ധാരാസിംഗും മദന്‍പുരിയുമൊക്കെയടങ്ങുന്ന വന്‍താരനിരയും അഫ്‌ഗാനിലെത്തിയിരുന്നു.

കല്യാണ്‍ജി ആനന്ദ്‌ജിയും ഇന്‍ഡീവറും

കച്ചവടത്തിനായി മുംബൈയിലെത്തിയ ഒരു ഗുജറാത്തിയുടെ മക്കളായിരുന്നു കല്ല്യാണ്‍ജി വിര്‍ജിഷായും ആനന്ദ്‌ജി വിര്‍ജിഷായും. അച്ഛന്റെ പലചരക്കു കടയില്‍ സാധനം വാങ്ങാനെത്തുന്ന സംഗീതാധ്യാപകനില്‍ നിന്നുമായിരുന്നു ഷാ സഹോദരങ്ങള്‍ സംഗീതത്തിന്റെ ബാലപാഠം പഠിക്കുന്നത്‌. പലചരക്കു കടയിലെ പറ്റു തീര്‍ക്കുന്നതിനു പകരം അയാള്‍ കച്ചവടക്കാരന്റെ മക്കളെ ഈണക്കൂട്ടുകള്‍ പഠിപ്പിച്ചു. ആ സഹോദരന്മാരാണ്‌ എഴുപതുകളില്‍ ബോളീവുഡില്‍ വിജയക്കൊടി പാറിച്ച കല്യാണ്‍ജി - ആനന്ദ്‌ജി കൂട്ടുകെട്ട്‌. (കല്യാണ്‍ജിയുടെ മകനാണ്‌ പ്രശസത സംഗീതസംവിധായകന്‍ വിജു ഷാ). ഫിറോസ്‌ഖാന്റെ ആദ്യ സംവിധാന സംരംഭമായ അപരാധിനു ശേഷം മൂവരും ഒരുമിച്ച ചിത്രമായിരുന്നു ധര്‍മാത്മ.

ഇന്ദീവര്‍

ശ്യാംലാല്‍ ബാബു റായി എന്നു പറഞ്ഞാല്‍ അധികമാരും അറിയില്ല. എന്നാല്‍ ഇന്ദീവറിനെ ഇന്ത്യ അറിയും. ഉപകറിലെ 'കാസ്‌മേ വാഡേ പ്യാര്‍ വഫാ'യും 'ഗുലാബി രാത്ത്‌ ഗുലാബിയും' സരസ്വതീ ചന്ദ്രയിലെ 'ചന്ദന്‍ സാ ബാദനും അമാനുഷിലെ 'ദില്‍ ഐസാ കിസി കി മേരാ ദോഡായും' കേട്ടാല്‍ പഴമക്കാര്‍ തിരിച്ചറിയുമെങ്കില്‍ മൊഹ്‌റയിലെ 'നാ കജ്രേംഗി ദാര്‍' എന്ന ഒറ്റഗാനം മതി ന്യൂജനറേഷന്‌ ഇന്ദീവറിനെ ഓര്‍ക്കാന്‍. ശ്രദ്ധേയമായ കുറച്ചു ഗാനങ്ങള്‍ മാത്രമെഴുതി ജനഹൃദയങ്ങളില്‍ ഇടംനേടിയ ഉത്തര്‍പ്രദേശുകരനായ കവി; ഇന്ദിവറെന്ന ശ്യാംലാല്‍ ബാബു റായിയായിരുന്നു ധര്‍മാത്മ ഗാനങ്ങളുടെ തൂലികയേന്തിയത്‌. മുകേഷും കുമാരി കാഞ്ചനും ചേര്‍ന്നു പാടിയ 'ക്യാ ഖൂബ്‌ ലഗ്‌തീ ഹോ', ലതാ മഹ്‌കേഷ്‌കറിന്റെ 'മേരി ഗലിയോം സെ ലോഗോ കി യാരി', കിഷോര്‍ കുമാറിന്റെ 'തേരേ ചെഹ്‌ രേ മേം വോ ജാദൂ ഹേ', ആശാ ഭോസ്‌ളെയും മുകേഷും ഒരുമിച്ച 'തുംനെ കിസി കഭി' എന്നീ നാലു ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു.

അഫ്‌ഗാന്‍ ഈണക്കൂട്ട്‌

കഥാപശ്ചാത്തലത്തിന്‌ അനുസൃതമായി അഫ്‌ഗാന്‍ സംഗീതത്തിന്റെ ചുവടുപിടിച്ചായിരുന്നു കല്ല്യാണ്‍ജി-ആനന്ദ്‌ജി ഈണമൊരുക്കിയത്‌. അഫ്‌ഗാന്‍ നാടോടി ഈണങ്ങള്‍ക്കൊപ്പം പശ്ചാത്യസംഗീതം കൂട്ടിയോജിപ്പിച്ചുള്ള പരീക്ഷണം. എഴുപതുകള്‍ അഫ്‌ഗാന്‍ സംഗീതത്തിന്റെ അന്ത്യദശകമായിരുന്നുവെന്നത്‌ മറ്റൊരു പ്രത്യേകത. അറബ്‌, ഇന്ത്യന്‍, പേര്‍ഷ്യന്‍, മംഗോളിയന്‍, ചൈനീസ്‌ സംഗീത ശാഖകളുടെ ശക്തമായ സ്വാധീനത്തില്‍ നിന്നും സ്വാംശീകരിച്ച ശൈലി അഫ്‌ഗാന്‍ സംഗീതത്തെ വേറിട്ടു നിര്‍ത്തിയിരുന്നു. വിവിധയിനം തബലകളും ഇന്ത്യന്‍ വീണകളും റുബാബ്‌, ഡോംബുര, ഗിഛക്ക്‌ തുടങ്ങിയവ ഉള്‍പ്പെടുന്ന തന്ത്രിവാദ്യങ്ങളും ഹാര്‍മോണിയങ്ങളും സമൃദ്ധമായി ഉപയോഗിച്ചിരുന്ന സംഗീത ശാഖ എഴുപതുകളുടെ ഒടുവില്‍ നടന്ന യുദ്ധങ്ങളെത്തുടര്‍ന്ന്‌ നിറം കെട്ടു. താലിബാന്‍ അധിനിവേശത്തോടെ പതനം പൂര്‍ത്തിയായി. ഒരര്‍ത്ഥത്തില്‍ അഫ്‌ഗാന്‍ സംഗീതം അസ്‌തമിക്കുന്നതിനു മുമ്പുള്ള ഇന്ത്യന്‍ അടയാളപ്പെടുത്തലായിരുന്നു ധര്‍മാത്മ. നാലുപതിറ്റാണ്ട്‌ തി കയുമ്പോഴുള്ള ചിത്രത്തിന്റെ രാഷ്ട്രീയ സവിശേഷതയും ഇതുതന്നെയാവും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.