Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിര്‍, തൂ ജാനാ നഹീ...

Bollywood-actor-Aamir-Khan

പപ്പാ കഹ്‌തേഹേ ബഡാ നാമ്‌ കരേഗാ

ബേട്ടാ ഹമാരാ ഐസാ കാമ്‌ കരേഗാ

പാട്ടില്‍ നിറയുന്നത്‌ ഒരച്ഛന്റെ സ്വപ്‌നങ്ങള്‍. ചിത്രം 'ഖയാമത്ത്‌ സേ ഖയാമത്ത്‌ തഖ്‌'. ഗാനരംഗത്തില്‍ അഭിനയിക്കുമ്പോള്‍ ആമീര്‍ഹുസൈന്‍ എന്ന ഇരുപത്തിയൊന്നുകാരന്റെയുള്ളില്‍ സ്വപിതാവിന്റെ രൂപം തെളിഞ്ഞി രിക്കും. കാരണം മുംബൈയിലെത്തി സിനിമയെടുത്തു സാമ്പത്തീകമായി തകര്‍ന്ന ഉത്തര്‍പ്രേദേശുകാരന്‍ താഹിര്‍ ഹുസൈനും ഭാര്യ സീനത്തിനും ഒന്നുമാത്രമായിരുന്നു സ്വപ്‌നം. മകന്‍ ആമിറിനെ പഠിപ്പിച്ച്‌ ഡോക്ടറോ എഞ്ചിനീയറോ ആക്കണം. കടബാധ്യതകളുടെ നടുവില്‍ നിന്ന്‌ കഷ്ടപ്പെട്ടായിരുന്നു താഹിര്‍ മകനെ പഠിപ്പിച്ചിരുന്നത്‌. പലപ്പോഴും ആമീറിനു ഫീസടയ്‌ക്കാന്‍ കാശ്‌ തികയില്ല. ആ മകനാണ്‌ അച്ഛനെപ്പോലെ സിനിമയെന്നും പറഞ്ഞ്‌ ഇറങ്ങിയിരിക്കുന്നത്‌. പക്ഷേ അച്ഛന്റെ സ്വപ്‌നങ്ങള്‍ നിഷ്‌ഫലമായില്ല. പാട്ടിലേപ്പോലെ മകന്‍ പേരുകേട്ടു. എവിടെയാണ്‌ ചെന്നെത്തേണ്ട ഇടം എന്നാണ്‌ മജ്രൂഹ്‌ സുല്‍ത്താന്‍പുരി അതേ പാട്ടില്‍ ചോദിച്ചതെങ്കില്‍ അവന്‍ എത്തിയതും എത്തേണ്ടിടത്തു തന്നെ. ആ പയ്യനാണ്‌ സാക്ഷാല്‍ ആമിര്‍ഖാന്‍. കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടായി ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ സൂപ്പര്‍ ഹിറ്റുകളാണ്‌ ആമിര്‍ സിനിമകളിലെ ഓരോ ഗാനങ്ങ ളും. 'ഖയാമത്ത്‌ സേ' മുതല്‍ 'പീകെ' വരെ. അസഹിഷ്‌ണുതയുടെ കാലത്തും മുറിവുണക്കുന്ന ആമിറിന്റെ ഗാനങ്ങളിലൂടെ ഒരു പിന്‍നടത്തം. 

ഏ മേരേ ഹംസഫര്‍...

കൂട്ടുകാരീ.. ഇതൊരു ചെറിയ ഇടവേള മാത്രം.. നമ്മള്‍ ഒരുമിക്കുന്ന നാളുകള്‍ വിദൂരമല്ല കേള്‍ക്കൂ ആ ശബ്ദങ്ങള്‍.. നമ്മുടെ കാത്തിരിപ്പ്‌ അവസാനിക്കുന്നു

ഒരുകാലത്ത്‌ ഇന്ത്യമുഴുവന്‍ പാടിനടന്ന സൂപ്പര്‍ഹിറ്റ്‌ പ്രണയഗാനം.. ഏ മേരേ ഹംസഫര്‍... ആമിറിനും ജൂഹി ചൗളയ്‌ക്കുമൊപ്പം യുവത പ്രണയിച്ചു നടന്നു. 'പപ്പാ കെഹ്‌ത്തേ ഹേ'യ്‌ക്കു ഒപ്പം ഹിറ്റായ ഖയാമത്തിലെ രണ്ടാമത്തെ ഗാനം. ആര്‍ ഡി ബര്‍മ്മനെക്കൊണ്ട്‌ ചിത്രത്തിന്‌ ഈണമൊരുക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ സംവിധായകന്‍ മന്‍സൂര്‍ ഖാന്‌ നിര്‍ബന്ധം; സംഗീതം യുവാക്കളായിരിക്കണം. അങ്ങനെ ആനന്ദ്‌ ശ്രീവാസ്‌തവ, മില്ലിന്ദ്‌ ശ്രീവാസ്‌തവ എന്നീ സഹോദരങ്ങള്‍ക്ക്‌ നറുക്ക്‌ വീ ണു. അറുപതുകളിലെ ഈണക്കാരന്‍ ചിത്രഗുപ്‌തിന്റെ മക്കളായ ഇരുവരും 'ആനന്ദ്‌ - മില്ലിന്ദ്‌' എന്ന ഒറ്റപ്പേരില്‍ ഹിറ്റായി. വരികളെഴുതിയത്‌ സാക്ഷാല്‍ മജ്രൂഹ്‌ സുല്‍ത്താന്‍പുരി. 'അകേലേ പേം തോ ക്യാം ഗും ഹേ', 'ഗസബ്‌ കാ ഹേ ദിന്‍', 'കഹേ സാത്തിയേ' തുടങ്ങി അഞ്ച്‌ ഗാനങ്ങള്‍. പ്രണയവും വിരഹവുമൊക്കെ ജ്വലിക്കുന്ന വരികള്‍ എഴുതുമ്പോള്‍ സുല്‍ത്താന്‍പുരിക്ക്‌ പ്രായം എഴുപത്‌. 1988 ഏപ്രിലില്‍ റിലീസായ ചിത്രത്തിലൂടെ ആമിറും ഗാനങ്ങളും ബോളീവുഡിന്റെ നെറുകയിലേക്കു നടന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറവും അതേ പാട്ടുകള്‍ ചുണ്ടിലും മനസ്സിലും അവശേഷിപ്പിച്ച്‌ ആസ്വാദകര്‍. പപ്പാ കെഹ്‌തേഹേയുടെ ഈണം നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി പിന്നീട്‌ പലരും പുന:സൃഷ്ടിച്ചു. ഏ മേരേ ഹംസഫര്‍ 'ഓള്‍ ഈസ്‌ വെല്ലി'നു വേണ്ടി വീണ്ടുമൊരുക്കിയത്‌ ന്യൂജന്‍ ഈണക്കാരന്‍ മിഥൂന്‍.

ലൗവ്‌ ലൗവ്‌ ലൗവ്‌

വര്‍ഷം 1989. ആമിറിനൊപ്പം ജൂഹി ചൗള വീണ്ടും. പ്രണയവും വയലന്‍സും പടരുന്ന കഥാപരിസരം. ഇറ്റാലിയന്‍ ഡിസ്‌കോയുടെ ചുവടുപിടിച്ച്‌ ആറു ഗാനങ്ങള്‍ ഒരുക്കിയത്‌ ബപ്പിലാഹിരി. മെലഡിയുടെ മയം പോലുമില്ലെങ്കിലും യുവത ചുവടുവച്ചു. യൂറോപോപ്പ്‌, സിന്ത്‌ പോപ്പ്‌ ശൈലിയിലെ പ്രമുഖര്‍ -  സി സി ക്യാച്ച്‌, പെറ്റ്‌ ഷോപ്പ്‌ ബോയ്‌സിനെയുമൊക്കെ അനുസ്‌മരിപ്പിച്ച ഗാനങ്ങള്‍. ബോളീവുഡില്‍ ഡിസ്‌കോ ടൈപ്പ്‌ ഐറ്റം നമ്പറുകളുടെ അവസാനിക്കും മുമ്പുള്ള ആളിക്കത്തല്‍. ആശാ ഭോസ്ലെയും വിജയ്‌ ബെനഡിക്ടും ചേര്‍ന്നു പാടിയ 'ഹംതും ഹേ ദില്‍ കെ ദീവാനേ' ഉള്‍പ്പെടെ ഗാനങ്ങള്‍ ഹിറ്റ്‌; പടം ഫ്‌ളോപ്പ്‌.

മുചെ നീന്ദ്‌ ന ആയേ...

ചിത്രം ദില്‍. എണ്‍പതുകളുടെ കെടുതിയില്‍ നിന്നും ബോളീവുഡിനെ മോചിപ്പിച്ച ചിത്രങ്ങളിലൊന്ന്‌. മെലഡിയുടെ സൗഭഗം തിരികെക്കൊണ്ടു വന്നു ദില്‍. ആമിറിനെ പ്രണയിക്കാന്‍ മാധുരി ദീക്ഷിത്‌. 'നീന്ത്‌ന ആയേ'യുടെ പിറവിയെക്കുറിച്ച്‌ രചയിതാവ്‌ സമീര്‍ പറയുന്നത്‌ കേള്‍ക്കുക. സംവിധായകന്‍ ഇന്ദ്രകുമാറിനും ആനന്ദ്‌ മില്ലിന്ദിനുമൊപ്പം പാട്ടുണ്ടാക്കാനിരുന്നു. സെമീര്‍ തുടക്കക്കാരന്‍. ഈണത്തിനൊത്ത്‌ മുഛെ നീന്ദ ന ആയേ എന്നു ആദ്യവരി കുറിച്ചു. എനിക്കുറങ്ങാന്‍ കഴിയുന്നില്ല... എന്നു സാരം. പക്ഷേ അര്‍ദ്ധവാക്യത്തില്‍ തുടക്കം പറ്റില്ല, വരികള്‍ മാറ്റണമെന്ന്‌ ഇന്ദ്രകുമാര്‍. എത്ര ശ്രമിച്ചിട്ടും സമീറിനു മറ്റൊന്നും വഴങ്ങുന്നു മില്ല. ഒടുവില്‍ അര്‍ദ്ധമനസ്സോടെ ഇന്ദ്രകുമാര്‍ സമ്മതിച്ചു. അങ്ങനെ പ്രണയിതാക്കള്‍ പരസ്‌പരം ഹൃദയം പരതി നടന്ന ഗാനം പിറന്നു. അല്‍ക്കാ യാഗ്നിക്കും ഉദിത്‌ നാരായണനും ആലാപനം. 

ഹം പ്യാര്‍ കര്‍നെ വാലെ, ഹം നഗര്‍ ഛോഡാ ഹേ, ഓ പ്രിയാ പ്രിയാ, സാസേന്‍ തേരി തുടങ്ങി ഏഴുഗാനങ്ങളായിരുന്നു ദില്ലില്‍. ഇവ ശ്രദ്ധിക്കപ്പെട്ടത്‌ ജനപ്രിയത കൊണ്ടു മാത്രമല്ല. ഗാനങ്ങള്‍ പുറത്തിറങ്ങി മെഗാഹിറ്റായതിനു തൊട്ടുപിന്നാലെ വിവാദങ്ങളും ഒപ്പമെത്തി. അല്‍ക്കായാഗ്നിക്ക്‌ പാടിയ നീന്ത്‌ന ആയേ അനുരാധാ പട്വാളിനെക്കൊണ്ട്‌ വീണ്ടും പാടിച്ചു, ടീസീരീസ്‌ ഉടമ ഗുല്‍ഷന്‍ കുമാര്‍. സാധ്‌നാ സര്‍ഗം പാടിയ ഹംനേഗര്‍ നിലനിര്‍ത്തി; അല്‍ക്കയും ഉദിതും ചേര്‍ന്നു പാടിയ മറ്റൊരു പാട്ടില്‍ അല്‍ക്കയ്‌ക്കു പകരം വീണ്ടും അനുരാധയേയും ഉദിതിനു പകരം സുരേഷ്‌ വാഡാക്കറെയും മാറ്റിപ്പാടിച്ചു ഗുല്‍ഷന്‍. ഗാനരംഗങ്ങള് വീണ്ടും ഷൂട്ട്‌ ചെയ്‌ത്‌ ചിത്രം പുറത്തിറങ്ങിയതോടെ ദില്ലില്‍ അല്‍ക്കയുടെ കണ്ണീരു വീണു. തുടര്‍ന്ന്‌ ഏഴു വര്‍ഷത്തോളം ടി സീരിസിനും രണ്ട്‌ വര്‍ഷം ആനന്ദ്‌ മില്ലിന്ദിനും വേണ്ടി അല്‍ക്ക പാടിയില്ല. കോപ്പിയടിയായിരുന്നു മറ്റൊരു വിവാദം. 1989ല്‍ പുറത്തിറങ്ങിയ ഇളയരാജയുടെ തെലുങ്ക്‌ ചിത്രം 'ഗീതാജ്ഞലി'യിലെ ഓ പ്രിയാ എന്ന പാട്ടിന്റെ കോപ്പിയായിരുന്നു ദില്ലിലെ ഓ പ്രിയാ.

വീണ്ടും ഹൃദയചിത്രം

1991ല്‍ മഹേഷ്‌ ബട്ടിന്റെ 'ദില്‍ഹെ കെ മാന്‍താ നഹീന്‍'. ഹോളീവുഡ്‌ ചിത്രം 'ഇറ്റ്‌ ഹാപ്പെന്‍ഡ്‌ വണ്‍ നൈറ്റി'ന്റെ പകര്‍പ്പ്‌. അമീറിനൊപ്പം പൂജാഭട്ട്‌. നദീം ശ്രാവണ്‍ ഈണമിട്ട്‌ സമീര്‍ തൂലിക നല്‍കിയ 11 ഗാനങ്ങള്‍. കുമാര്‍ സാനു, അനുരാധ പഢ്വാല്‍, അഭിജീത്ത്‌്‌്‌, ദേശാഭിഷ്‌ ദാസ്‌ഗുപ്‌ത, ബബ്ല മേത്ത എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ മെഗാഹിറ്റ്‌. ടൈറ്റില്‍ സോങ്ങായിരുന്നു സൂപ്പര്‍ഹിറ്റ്‌. 'ദുല്‍ഹന്‍ തൂ', 'ഗലിയത്ത്‌ സാന്‌ക്ലി' തുടങ്ങിയ ഗാനങ്ങളും ആസ്വാദകര്‍ നെഞ്ചിലേറ്റി.

പെഹലാ ന ഷാ

ചിത്രം 'ജോ ജീതാ വൊഹീ സിഖ്‌ന്ദര്‍'. വര്‍ഷം 1992. ഗാനചരന മജ്രൂഹ്‌ സുല്‍ത്താന്‍പുരി. സംഗീതം രണ്ട്‌ യുവസഹോദരങ്ങള്‍- ജതിനും ലളിതും. പെഹലാ നഷാ യില്‍ തുടങ്ങി 7 ഗാനങ്ങള്‍. ആര്‍ ഡി ബര്‍മ്മന്‍ ശൈലി അവസാനിച്ചിട്ടില്ലെന്ന്‌ ഓര്‍മ്മപ്പെടുത്തല്‍. സ്ലോമോഷനില്‍ ചിത്രീകരിച്ച ഗാനമെന്ന പ്രത്യേകത; പിന്നീട്‌ നിരവധി ഗാനരംഗങ്ങള്‍ പിന്തുടര്‍ന്ന സാങ്കേതിക വിദ്യ. 'ഹംസെ ഹെ സാരാ ജഹാന്‍', 'റൂത്ത്‌ കെ ഹംസെ' തുടങ്ങിയ ഗാനങ്ങളും ശ്രദ്ധേയം. 1993ല്‍ 'ഹം ഹി രഹീ പ്യാര്‍ ഹെയില്‍' 'ഗൂംഗഡ്‌ കി ആദ്‌ സെ', 'മുച്‌സെമുഹാബത്‌' തുടങ്ങിയ ഗാനങ്ങള്‍. 

രംഗീലാരേ..

1995ല്‍ പ്രശസ്‌തമായ 'രംഗീല'. അനാഥനായ മുന്നയായി ആമിര്‍ തിളങ്ങി. മുന്നയുടെ സ്വപ്‌നങ്ങള്‍ക്കു നിറം പകര്‍ന്ന്‌്‌ ഏ ആര്‍ റഹ്മാന്റെ 8 ഗാനങ്ങള്‍. ഗാനങ്ങള്‍ ഒന്നിനൊന്ന്‌ ശ്രദ്ധേയം; ആമിറിന്റയും ഊര്‍മ്മിളയുടെയും നൃത്തരംഗങ്ങളും. ബോളീവുഡിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു രംഗീല.

ഗുലാം ഗായകനാക്കി

ചെറിയ ഇടവേള. 1996ല്‍ ധര്‍മേഷ്‌ ദര്‍ശന്റെ 'രാജാഹിന്ദുസ്ഥാനി'. നദീമും ശ്രാവണും സൃഷ്ടിച്ച താളാത്മക പാതയിലൂടെ ടാക്‌സിഡ്രൈവറുടെ വേഷത്തില്‍ ആമിര്‍ വണ്ടിയോടിച്ചു. കാറിലൊപ്പം കരീഷ്‌മാ കപൂര്‍. ആ ടാക്‌സി കാര്‍ ചെന്നിടത്തെല്ലാം ഈണങ്ങളുടെ വസന്തം വിടര്‍ന്നു. സെമീറിന്റെ തൂലികയില്‍ എട്ട്‌ ഗാനങ്ങള്‍. 'ആയേഹോ മേരെ സിന്ദഗി'യും 'പര്‍ദേശീ പര്‍ദേശി'യുമൊക്കെ രാജ്യത്തിന്റെ മുക്കിലും മൂലയിലും അലയടിച്ചു. രാജാഹിന്ദുസ്ഥാനിയുടെ ഒരുകോടിയിലധികം കാസറ്റുകളാണ്‌ വിറ്റുപോയത്‌; സമാനതകളില്ലാത്ത ചരിത്രം. 1997ല്‍ 'ഇഷ്‌കി'ല്‍ അനുമാലിക്കിന്റെ ഗാനങ്ങളും ആമിറിന്റെ കരിയറില്‍ ശ്രദ്ധേയം. 1998ല്‍ വിക്രംഭട്ടിന്റെ 'ഗുലാം' ആമിറിനെ പാട്ടുകാരനാക്കി. ജതിന്‍ ലളിത്‌ ഈണമിട്ട 'ആത്തി ക്യാ ഖണ്ഡാലെ' തരംഗമായി മാറി. അലിഷയെന്ന റാണിമുഖര്‍ജിയെ കൂട്ടുകാരന്‍ സിദ്ദു, ഖണ്ഡാല എന്ന മുംബൈ തെരുവിലേക്കു ക്ഷണിക്കുകയാണ്‌. ഗാനരചന അധികമാരും കേട്ടിട്ടില്ലാത്ത നിതിന്‍ റൈഖ്വര്‍. അക്കാലത്ത്‌ യുവാക്കള്‍ ആമിറിനെ അനുകരിച്ച്‌ കാമുകിമാരോടു ചോദിച്ചിരുന്നു; ഏയ്‌.. ക്യാ ബോല്‍ത്തീ തൂ..?!

ന്യൂജന്‍ സംഗീതം

ഇക്കാലത്ത്‌ ബോളീവുഡ്‌ സംഗീതത്തില്‍ അലയടിച്ച നവതരംഗം ആമിറിന്റെ സിനിമകളിലും ദൃശ്യമായി. പാട്ടെഴുതാനും ഈണമൊരുക്കാനും നവാഗതര്‍ കൂട്ടമായെത്തി. സാങ്കേതിക വിദ്യയുടെ അതിപ്രസരം ഗാനങ്ങളുടെ ആത്മാവ്‌ ചോര്‍ത്തിത്തുടങ്ങിയ കാലം. 

2001ല്‍ ലഗാന്‍ എന്ന ഐതിഹാസിക ചിത്രം. വിക്ടോറിയന്‍ ഇന്ത്യയിലെ ചമ്പനേര്‍ ഗ്രാമത്തിന്റെ ഒരുപതിറ്റാണ്ട്‌ പഴക്കമുള്ള കഥ പറഞ്ഞത്‌ അശ്വതോഷ്‌ ഗവാരിക്കര്‍. ഭുവനെന്ന യുവാവിന്റെയും ഗ്രാമീണരുടെയും ശബ്ദമായി എട്ട്‌ ഗാനങ്ങള്‍. ഗാനരചന ജാവേദ്‌ അക്തര്‍. സംഗീതം ഏ ആര്‍ റഹ്മാന്‍. 'ഗനം ഗനം', 'മിത്‌ വാ', 'രാധാ കൈസേ ന ചലേ' തുടങ്ങി എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റ്‌. റഹ്മാനും ഉദിത്‌ നാരായണനും ജാവേദ്‌ അക്തറുമൊക്കെ അവാര്‍ഡുകള്‍ വാരിക്കൂട്ടി. വിശേഷണങ്ങള്‍ക്കപ്പുറം സമാനതകളില്ലാത്ത ചരിത്രമാണ്‌ ലഗാനും പാട്ടുകളും.

പിന്നാലെ 'ദില്‍ചാഹ്‌താ ഹെ'. 'കോയി കഹേ', 'ജാനേ ക്യോന്‍' തുടങ്ങിയ ഗാനങ്ങള്‍ പുതിയനൂറ്റാണ്ടിന്റെ തുടക്കം അടയാളപ്പെടുത്തി. 2005ല്‍ മംഗല്‍പാണ്ഡെ എന്ന ജീവചരിത്രസിനിമയില്‍ ദേശീയതയുടെ ഈണക്കൂട്ടൊരുക്കിയത്‌ റഹ്മാനും ജാവേദ്‌ അക്തറും ചേര്‍ന്ന്‌. 2006ല്‍ ഫനയിലൂടെ ജതിന്‍ ലളിത്‌ വീണ്ടും തൊണ്ണൂറുകളെ ഓര്‍മ്മിപ്പിച്ചു. പ്രസൂണ്‍ ജോഷി എഴുതിയ ചാന്ദ്‌ 'സിഫാരിഷ്‌, 'മേരേ ഹാത്ത്‌ മെം', 'ദേസ്‌ രംഗീല' തുടങ്ങി മെലഡിയുടെ സൗഭഗം പകര്‍ന്ന ഏഴ്‌ ഗാനങ്ങള്‍. ജതിനും ലളിതും ഒരുമിച്ച അവസാന ചിത്രമായിരുന്നു ഫന. ഇതേ വര്‍ഷം രംഗ്‌ ദേ ബസന്തിയില്‍ വീണ്ടും റഹ്മാന്‍. 2007ല്‍ താരേ സമീന്‍പറില്‍ നൊമ്പരപ്പെടുത്തുന്ന ഈണങ്ങളുമായി ശങ്കര്‍-ഐസാന്‍-ലോയിയും പ്രസൂണ്‍ ജോഷിയും. പിന്നെ സൂപ്പര്‍ഹിറ്റായി ഹിന്ദി ഗജനി. ഗുസാരിഷും, കൈസേ മുഛേയും ബേഹ്‌ഖായുമടക്കം റഹ്മാന്റെ ഈണങ്ങള്‍. 2009ല്‍ ശന്തനുമോയിത്ര ഈണമൊരുക്കിയ ത്രീ ഇഡിയറ്റ്‌സ്‌. തലാഷ്‌, ധൂം ത്രി, പീക്കെ സാങ്കേതികത്തികവാര്‍ന്ന മെലഡിയും ഐറ്റം നമ്പറുകളുമായി ഗാനങ്ങളുടെ നിര നീളുന്നു.

തൂ ജാനാ നഹീ..

മെം യേ നഹിം കഹ്‌ത്തി കി പ്യാര്‍ മത്ത്‌ കര്‍ന... കിസീ മുസാഫിര്‍ കാ മഗര്‍.. ഏത്ത്‌ ബാര്‍ മത്ത്‌ കര്‍നാ... സ്‌നേഹിക്കരുതെന്ന്‌ പറയില്ല; വിശ്വസിക്കരുത്‌...

രാജാഹിന്ദുസ്ഥാനിയിലെ പാട്ടിന്റെ തുടക്കം പോലെ തന്റെ ഉള്ളിലെ ഭീതിയാണ്‌ ആമിര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കുവച്ചത്‌. അസഹിഷ്‌ണുത ഒട്ടുമില്ലെന്ന്‌ പറഞ്ഞു നടന്നവര്‍ തന്നെ താരത്തെ തെരുവില്‍ കല്ലെറിയുന്ന കാഴ്‌ചകളാണ്‌ പിന്നീട്‌ കണ്ടത്‌. ആമിറിന്റെ ഭീതി എത്ര യാതാര്‍ത്ഥ്യമാണെന്നു തിരിച്ചറിയാന്‍ ആ അഭിമുഖത്തിനു ശേഷം നടന്ന സംഭവങ്ങളുടെ കണക്കെടുത്താല്‍ മാത്രം മതി. ആമിര്‍, നിങ്ങളോട്‌ ഞങ്ങള്‍ക്ക്‌ ഒന്നേ പറയാനുള്ളൂ. സെമീര്‍ എഴുതിയതു പോലെ ഓ മേരി പര്‍ദേശീ എന്നു വിളിക്കില്ല. കാരണം ഈ ഭൂമിയില്‍ എല്ലാ മനുഷ്യരും പരദേശികളാണല്ലോ. സ്വദേശമെന്നത്‌ നരവംശശാസ്‌ത്രത്തിനും ചരിത്രരേഖകള്‍ക്കും തെളിയിക്കാന്‍ കഴിയുന്നതിനും അപ്പുറവും. പറയാനുള്ളത്‌ ഇത്രമാത്രം; തൂ ജാനാ നഹീ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.