Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എ ചിദംബരനാഥ് ഓർമ്മയായിട്ട് എട്ടാണ്ട്

B A Chidambaranath

ജീവിതത്തിന്റെ ഋതുഭേദങ്ങളോട് ചേർന്ന് നിൽക്കുന്ന ഗൃഹാതുരമായ മനോഹര സിനിമാ ഗാനങ്ങൾക്ക് ഈണം നൽകിയ സംഗീതജ്ഞൻ ബിഎ ചിദംബരനാഥ് ഒർമ്മായായിട്ട് എട്ടുവർഷം. മലയാളചലച്ചിത്ര സംഗീതത്തെ സ്വതസിദ്ധമായ ശൈലിയിലൂടെ ചിട്ടപ്പെടുത്തിയ മലയാളത്തിന്റെ ആദ്യ സ്വതന്ത്ര സംഗീത സംവിധായകൻ കാല യവനികക്കുള്ളിൽ മറഞ്ഞെങ്കിലും അദ്ദേഹം സൃഷ്ടിച്ച ഗാനങ്ങൾക്കിന്നും മരണമില്ല. കേശാദിപാദം തൊഴുന്നേൻ, നിദ്രതൻ നീരാഴി, കരയുന്നോ പുഴ ചിരിക്കുന്നോ എന്നിങ്ങനെ മലയാളിയുടെ ഓർമ്മകളെ സ്ഫുരിപ്പിക്കുന്ന നിരവധി ഗാനങ്ങളാണ് അദ്ദേഹം ഈണം പകർന്നിരിക്കുന്നത്.

കരയുന്നോ പുഴ...

1926 ൽ കന്യാകുമാരി ജില്ലയിലെ പൂതപ്പള്ളിയിലാണ് സംഗീത സാഹിത്യകാരൻ ബി കെ അരുണാചലം അണ്ണവിയുടേയും ചെമ്പകവല്ലിയുടേയും മകനായാണ് ചിദംബരനാഥിന്റെ ജനനം. അച്ഛനിൽ നിന്ന് വായ്പ്പാട്ടിന്റേയും മൃദംഗത്തിന്റേയും ബാലപാഠങ്ങൾ ഹൃദ്യസ്ഥമാക്കിയ ചിദംബരനാഥ് നാഗമണി മാർത്താണ്ഡന്റെ കീഴിൽ വയലിനും കുംഭകോണം രാജമാണിക്യം പിള്ളയൂരിന്റെ ശിക്ഷണത്തിൽ സംഗീതവും പഠിപ്പിച്ചു. പിന്നീട് തിരുവിതാംകൂർ മുത്തയ്യാ ഭാഗവതരുടെ ശിഷ്യ കുനിയൂർ സീതമ്മയുടെ മൃദംഗിസ്റ്റായി. തമിഴ് സിനിമയ്ക്ക് ഈണം നൽകികൊണ്ടാണ് സിനിമാസംഗീതസംവിധാനത്തിലേയ്ക്ക് ബിഎ ചിദംബരനാഥ് എത്തിയത്.

ഉദയായുടെ ആദ്യ ചിത്രമായ വെള്ളിനക്ഷത്രം 1949 ൽ പുറത്തിറങ്ങിയപ്പോൾ അതിന് സംഗീതം പകർന്നത് ബി എ ചിദംബരനാഥായിരുന്നു. തുടർന്ന് സ്ത്രീ, മുറപ്പെണ്ണ്, പകൽക്കിനാവ്, സ്റ്റേഷൻമാസ്റ്റർ, കുഞ്ഞാലിമരയ്ക്കാർ, പോസ്റ്റ്മാൻ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. 1996 ൽ പുറത്തിറങ്ങിയ അരമനവീടും അഞ്ഞൂറേക്കറുമായിരുന്ന അദ്ദേഹം അവസാനമായി ഈണം നൽകിയ ചിത്രം. തിക്കുറിശ്ശി സുകുമാരൻ നായരുടെ ആദ്യ ചിത്രമായ ' സ്ത്രീ 'യിൽ ' കവിയായ് കഴിയുവാൻ ' എന്ന ഗാനത്തിലും വേണു നാഗവള്ളിയുടെ ' അയിത്തം ' എന്ന ചിത്രത്തിലെ ഗാനത്തിലും ചിദംബര നാഥ് എന്ന ഗായകനെയും ശ്രോതാക്കൾ അറിഞ്ഞു.

സുറുമ നല്ല സുറുമ...

അഭയദേവ്, തിക്കുറിശ്ശി, വയലാർ, ഒ എൻ വി, ശ്രീകുമാരൻ തമ്പി തുടങ്ങി അക്കാലത്തെ പ്രമുഖരുടെ ഗാനങ്ങൾക്കെല്ലാം സംഗീതം പകർന്നിട്ടുണ്ടെങ്കിലും ചിദംബരനാഥിന്റെ ഏറെ ഗാനങ്ങളും പി ഭാസ്‌കരന്റേതായിരുന്നു. കേശാദിപാദം തൊഴുന്നേൻ, നിദ്ര തൻ നീരാഴി നീന്തിക്കടന്നപ്പോൾ, ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം, പകൽ കിനാവിൻ സുന്ദരമാകും, സുറുമ നല്ല സുറുമ, കുങ്കുമപ്പൂവുകൾ പൂത്തു,ആറ്റുവഞ്ചിക്കടവിൽ വെച്ച് തുടങ്ങിയ ചിദംബര നാഥ് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഇന്നും മലയാളിക്ക് പ്രിയപ്പെട്ടവയാണ്. 2007 ആഗസ്റ്റ് 31നാണ് മലയാളത്തിന്റെ ആദ്യകാല സംഗീതസംവിധായകൻ ഈണം നൽകിയ മനോഹര ഗാനങ്ങൾ ബാക്കിയാക്കി യാത്രയാകുന്നത്. പ്രശസ്ത സംഗീതസംവിധായകൻ രാജാമണി ബി എ ചിദംബരനാഥിന്റെ മകനാണ്.

ബിഎ ചിദംബരനാഥിന്റെ ഗാനങ്ങൾ

ഓമനത്തിങ്കൾക്കിടാവോ... (സ്ത്രീ)

കരയുന്നോ പുഴ ചിരിയ്ക്കുന്നോ... (മുറപ്പെണ്ണ്)

കടവത്ത് തോണി... (മുറപ്പെണ്ണ്)

കേശാദിപാദം തൊഴുന്നേൻ... (പകൽക്കിനാവ്)

നിദ്രതൻ നീരാഴി... (പകൽക്കിനാവ്)

സുറുമ നല്ല സുറുമ... (കായംകുളം കൊച്ചുണ്ണി)

ഹേമന്ത ചന്ദ്രിക... (കള്ളിപ്പെണ്ണ്)

നിന്മുഖം കണ്ടപ്പോൾ കരഞ്ഞവൾ ഞാൻ... (പാവപ്പെട്ടവൾ)

തൊട്ടാൽ വീഴുന്ന പ്രായം... (രഹസ്യം)

അരയടി മണ്ണിനിന്ന് തുടക്കം... (ജന്മഭൂമി)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.