Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോബ് മാർലിയുടെ ഓർമ്മകൾക്കിന്ന് 34 വയസ്

Bob Marley

പ്രതിഷേധസ്വരങ്ങളെ വെറും മുദ്രാവാക്യങ്ങളാക്കി ഒതുക്കാതെ മാസ്മരികസംഗീതമാക്കി ലോകത്തെ ഒന്നടങ്കം ത്രസിപ്പിച്ച ബോബ് മാർലി ഓർമ്മയായിട്ടിന്ന് 34 വർഷം. 1960 കളിൽ ജമൈക്കയിൽ രൂപം കൊണ്ട സംഗീത ശാഖയായ റഗ്ഗിയെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത സംഗീതജ്ഞരിൽ ഒരാളാണ് ബോബ്മാർലി. സംഗീതത്തിൽ സജീവമായ 20 വർഷംകൊണ്ട് ഒരു നൂറ്റാണ്ടിന്റെ സംഗീതം സൃഷ്ടിച്ച നെസ്റ്റ റോബർട്ട് ബോബ് മാർലി 1945 ഫെബ്രുവരി 6നാണ് ജനിക്കുന്നത്.

നോർവൽ മാർലിയുടേയും റഗ്ഗി സംഗീതജ്ഞയായ സിഡെല്ല ബുക്കറിന്റെയും മകനായി ജനിച്ച ബോബ് ചെറുപ്പത്തിലെ തന്നെ സംഗീതത്തെ തന്റെ വഴിയായി തിരഞ്ഞെടുത്തിരുന്നു. പത്തു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തിന്റെ തുടർന്നുള്ള ജീവിതം യാതനകൾ നിറഞ്ഞതായിരുന്നു. സ്വന്തം തിക്താനുഭവങ്ങളും ജമൈക്കയുടെ രാഷ്ട്രീയ സാഹചര്യവും മാർലിയുടെ സംഗീതത്തെയും ജീവിതത്തെയും പാകപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

അടിമത്വത്തിന്റെ ബാക്കിപത്രമായി നിലനിന്ന കോളനിയിലെ അസ്വസ്ഥമായ ജീവിതം മാർലിയുടെ ഗാനങ്ങളെയും അദ്ദേഹത്തിന്റെ ജീവിത ശൈലിയേയും വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. അടിച്ചമർത്തപ്പെട്ട, അവസരങ്ങൾ നിഷേധിക്കപ്പെട്ട, കറുത്തവനുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾ. പതിനാലാം വയസ്സിൽ സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ തന്റെ അർദ്ധസഹോദരനോടൊപ്പം സംഗീതപരിപാടികൾ അവതരിപ്പിക്കാനാരംഭിച്ചിരുന്നു ബോബ് മാർലി.

1962 ൽ ബോബ്മാർലിയുടേതായി ജഡ്ജ് നോട്ട്, വൺ കപ്പ് ഓഫ് കോഫി, ഡു യു സ്റ്റിൽ ലൗവ് മി?, ടെറർ എന്നിങ്ങനെ നാല് പാട്ടുകൾ പുറത്തിറങ്ങി. 1963 ൽ ബണ്ണി വെയ്ലർ, പീറ്റർ റ്റോഷ് എന്നിവരോട് ചേർന്ന് മാർലി ‘ദ വെയ്ലേഴ്സ്‘ എന്ന സംഗീതട്രൂപ്പ് രൂപീകരിച്ചു. ഇവയിൽ ഏറെ ജനപ്രീതി നേടിയ നിരവധി ഗാനങ്ങളുണ്ടായിരുന്നു. അധികം താമസിക്കാതെ വെയ്ലേഴ്സ് ജമൈക്കയിലെ ഒന്നാംനിര സംഗീത ട്രൂപ്പുകളിലൊന്നായി. 1974ൽ ലോകവ്യാപകമായി റിലീസുചെയ്ത ‘ബേണിങ്‘ എന്ന ആൽബം മാർലിക്ക് അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഉയിർത്തെഴുന്നേൽക്കാനും അവകാശങ്ങൾക്കുവേണ്ടി പോരാടാനും ആഹ്വാനം ചെയ്യുന്ന ഗെറ്റ് അപ്പ്, സ്റ്റാന്റ് അപ്പ് എന്ന ഗാനം ആ ആൽബത്തിലേതാണ്.

അധികം താമസിക്കാതെ തന്നെ അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദവും സംഗീതവുമായി മാറി ബോബ് മാർലി. 1977 ലാണ് താൻ ക്യാൻസർ ബാധിതനാണെന്ന് മാർലി അറിയുന്നത്. രോഗം തന്റെ ശരീരത്തെ കാർന്ന് തിന്നുമ്പോഴും സംഗീതവുമായി ലോകം ചുറ്റിയ മാർലി അതിന് ശേഷവും നിരവധി ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 1981 മെയ് 11ന് തന്റെ മുപ്പത്തിയാറാം വയസിൽ മിയാമിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു മാർലിയുടെ അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തനിക്കേറ്റവും പ്രിയപ്പെട്ട ഗിറ്റാറും മോതിരവും ഒരു ബൈബിളും ആ ഭൗതിക ശരീരത്തിനൊപ്പം അടക്കം ചെയ്തിട്ടുണ്ട്. അതിനുശേഷം 1984ൽ ഇറങ്ങിയ ‘ലെജൻഡ്‘ എന്ന ആൽബസമാഹാരത്തിന്റെ രണ്ടുകോടി അമ്പതുലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ഉയർത്തെഴുന്നേൽപ്പായിരുന്നു ബോബ് മാർലിയുടെ സംഗീതം. കറുത്ത വർഗത്തിന്റെ വിമോചനമായിരുന്നു മാർലിയുടെ സ്വപ്നവും ചിന്തയും. ഇതിനായി മാർലി പാടി. ലോകം അത് ഏറ്റുപാടിക്കൊണ്ടിരിക്കുന്നു ഇന്നും...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.