Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടൊഴിഞ്ഞു മറഞ്ഞ ജാസ് വാനമ്പാടി

ernestine-anderson-dead

ഇക്കഴിഞ്ഞ മാർച്ച് പത്താംതീയതി പാശ്ചാത്യസംഗീതലോകത്തിന് മൗനത്തിന്റെ ദിനമായിരുന്നു. കറുത്ത മൗനത്തിന്റെ ദിനം. കരിങ്കാടുകളെ കാറ്റുപിടിപ്പിച്ച്, വൻകരകളും വൻകടലുകളും കടന്ന്, ആയിരമായിരം കാതങ്ങളകലെയും കാതുകളുടെ കൊതിയീണമായി മാറിയൊരു ജാസ് ഗായിക പാട്ടൊഴിഞ്ഞ ദിനം. ഹൃദയതന്ത്രികളിൽ ജാസ് സ്പന്ദനങ്ങൾ സൂക്ഷിക്കുന്ന സംഗീതാരാധകർക്ക് എത്ര മറന്നാലും മറക്കാനാവില്ല ആ വാനമ്പാടിയെ. ഏണസ്റ്റിൻ ആൻഡേഴ്സൻ. ആറു പതിറ്റാണ്ടിലേറെക്കാലം അമേരിക്കൻ ജാസ് ബ്ലൂസ് സംഗീതലോകം അടക്കിവാണിരുന്ന പെൺശബ്ദം. ലോകമെങ്ങുമുള്ള ജാസ് സംഗീതോൽസവനിശകളെ ത്രസിപ്പിച്ച മാദകസ്വരയൗവനം. മുപ്പതിലേറെ ആൽബങ്ങൾ... നാലുതവണ ഗ്രാമി പുരസ്കാരത്തിനു നിർദേശിക്കപ്പെടുകയും അതിലും വിലപ്പെട്ട ആരാധകരുടെ അനേകമനേകം ബഹുമതികൾ പലവട്ടം ഹൃദയത്തിലേറ്റുവാങ്ങുകയും ചെയ്ത അപൂർവസാധനയുടെ സംഗീതജന്മം. ആരാധകരുടെ മനസ്സിൽ ഇപ്പോഴും ബാക്കിയാകുന്നു കറുത്ത വർഗക്കാരിയായ ഏണസ്റ്റിൻ പാടിയ പാട്ടുകളുടെ പ്രിയരാഗങ്ങൾ... നിലയ്ക്കാത്ത കരഘോഷങ്ങളുമായി ഇളകിമറിഞ്ഞ അവരുടെ പാട്ടുവേദികൾ... അനേകരുടെ ഹൃദയമൗനങ്ങളിൽ അവർ സമ്മാനിച്ച സ്വരമർമരങ്ങൾ... സ്വപ്നാർധമൗനങ്ങൾ...

സ്വപ്നവും സൗന്ദര്യവുമായി സംഗീതം

1928 നവംബർ 11ന് ഹൂസ്റ്റണിലെ തൊഴിലാളി കുടുംബത്തിൽ ഇരട്ടസഹോദരിയായ ജോസ്ഫൈനൊപ്പമായിരുന്നു ഏണസ്റ്റിൻ ഐറിൻ ആൻഡേഴ്സന്റെ ജനനം. കെട്ടിടനിർമാണത്തൊഴിലാളിയുടെയും വീട്ടമ്മയുടെയും മകളായി പിറന്ന ഏണസ്റ്റിൻ വളർന്നത് അമ്മ പാടിക്കൊടുത്ത, ശോശന്നാപ്പൂമണക്കുന്ന പള്ളിപ്പാട്ടുകളുടെ പതിഞ്ഞ ഈണങ്ങൾ കേട്ടായിരുന്നു. മകൾ പാട്ടുമൂളിക്കൊഞ്ചുന്നതുകേട്ടു തുടങ്ങിയപ്പോൾ അമ്മ അവളെ ഇടവകപ്പള്ളിയിലെ ഗായകസംഘത്തിനൊപ്പം പാടാൻ കൊണ്ടുചെന്നാക്കി. അവിടെനിന്നായിരുന്നു ഏണസ്റ്റിന്റെ പാട്ടുപാടിത്തുടക്കം. അക്കാലത്തെക്കുറിച്ച് ദ് ജാസ് സീൻ (1998) എന്ന പുസ്തകത്തിൽ ഏണസ്റ്റിൻ തന്നെ ഓർമിച്ചുപറയുന്നുണ്ട്.

‘അച്ഛനും അമ്മയും എപ്പോഴും ബ്ലൂസ് സംഗീതം കേൾക്കാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. വീട്ടിൽ എപ്പോഴും അവർ റേഡിയോ ഓൺ ചെയ്തുവയ്ക്കും. അതാകട്ടെ മിക്കപ്പോഴും പാശ്ചാത്യസംഗീതമോ പള്ളിപ്പാട്ടുകളോ പാടിക്കൊണ്ടിരിക്കും. ഞാൻ ആദ്യമായി പാട്ടുപാടിയതിനെക്കുറിച്ച് എനിക്ക് കൃത്യമായ ഓർമയില്ല. എപ്പോഴെപ്പോഴൊ അതെന്നെ തേടിവരികയായിരുന്നോ? അതോ ഞാൻ പാട്ടുകളെ തേടിപ്പോകുകയായിരുന്നോ? സംഗീതത്തിലൂടെയാണ് ഞാൻ മുതിർന്നതെന്ന് പിന്നീട് തോന്നി. സംഗീതമാണ് എന്റെ കൗമാരത്തിനും യൗവനത്തിനും ഇത്ര സ്വപ്നങ്ങൾ തന്നത്. സൗന്ദര്യം തന്നത്’. പന്ത്രണ്ടാം വയസ്സിലായിരുന്നു ഏണസ്റ്റ് പള്ളിമേടയ്ക്കു പുറത്തുള്ളൊരു വേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. മുത്തശ്ശിയുടെ നിർബന്ധത്തിനു വഴങ്ങി ഒരു പാട്ടുമൽസരത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു അത്. വേദിയിൽ കയറിയപ്പോൾ എന്തുപാടണമെന്നറിയാതെ തരിച്ചുനിന്ന കൊച്ചുപെൺകുട്ടിയുടെ പരിഭ്രമം കണ്ട് പിയാനോ വാദകൻ അയാൾക്കിഷ്ടമുള്ള ഈണം വായിച്ചു. ഏണസ്റ്റ് അവൾക്ക് ആ നിമിഷം മനസ്സിൽ തോന്നിയ ഈണം കൊണ്ട് അയാൾ വായിച്ചതിനെ പൂരിപ്പിച്ചു. പാടിക്കഴിഞ്ഞപ്പോൾ സദസ്സ് വലിയ കരഘോഷത്തോടെ അവളെ അഭിനന്ദിച്ചു. പിയാനോ വായിച്ച മുതിർന്ന കലാകാരൻ അവളെ ചേർത്തുനിർത്തി ജാസ് ഗായികയെന്ന് സദസ്സിനു മുന്നിൽ അവളെ വിശേഷണാഭിവാദ്യം ചെയ്തു. പിന്നീട് മരണം വരെയും ജാസ് മാത്രമായിരുന്നു ഏണസ്റ്റിന്റെ ശ്വാസം.

ഭൂഖണ്ഡങ്ങളുടെ കാതിലിരുന്ന് പാടിയവൾ

പതിനാറാം വയസ്സിലാണ് ഏണസ്റ്റിൻ സിയാറ്റിനിലേക്കു ചേക്കേറുന്നത്. പതിനെട്ടാം വയസ്സിൽ ജോണി ഓട്ടിസ് ബാൻഡിനൊപ്പം ആദ്യ ലോകയാത്രയ്ക്കു പുറപ്പെടുമ്പോൾ ഏണസ്റ്റിൻ കരുതിയിരുന്നില്ല, അതു പിൽക്കാലത്ത് കടലുകൾ കടന്ന് സഞ്ചരിക്കാനിരിക്കുന്നൊരു സ്വരയാനത്തിന്റെ ഗംഭീരതുടക്കമാണെന്ന്. 1952ൽ ലയണൽ ഹാംപ്റ്റൺസ് ഓർക്കസ്ട്രയ്ക്കൊപ്പമായിരുന്നു അടുത്ത സംഗീതപര്യടനം. തുടർന്ന് ന്യൂയോർക്കിലേക്ക് വീണ്ടുമൊരു കൂടുമാറ്റം. ആദ്യ ആൽബം ‘ഹോട്ട് കാർഗോ’ സ്വീഡനിലായിരുന്നു റിക്കോർഡ് ചെയ്തത്. 1958ൽ അത് യുഎസിൽ റിലീസ് ചെയ്തു. ആദ്യ ആൽബം പുറത്തിറക്കിയപ്പോൾ ടൈം മാസിക ഏണസ്റ്റിനെക്കുറിച്ച് രണ്ടുവരി ഇങ്ങനെ കുറിച്ചു

‘ഈ പുതിയ ശബ്ദം ഒരു നീഗ്രോ ഗായികയുടേതാണ്. ഇരുപത്തൊൻപതാം വയസ്സിൽ ജാസിന്റെ മാസ്മര രഹസ്യം അടക്കം ചെയ്ത പെൺശബ്ദം.’ കോൺകോർഡ് റിക്കോർഡ്സിനും മെർക്കുറി റിക്കോർഡ്സിനുമൊപ്പം പുറത്തിറങ്ങിയ ഏണസ്റ്റിന്റെ ‘കറുത്ത സംഗീത’ ആൽബങ്ങൾ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിക്കുന്നത് കണ്ട് ‘വെള്ളക്കാർ’ പകച്ചുപോയിരിക്കണം. എങ്കിലും അറുപതുകളിൽ ജാസിന് യുഎസിൽ ആരാധകരെ നഷ്ടമായിത്തുടങ്ങി. റോക്ക് ആൻ റോൾ സംഗീതത്തിനു പിന്നാലെ മത്തുപിടിച്ച് യുവജനത പായുന്ന അക്കാലത്ത് ഏണസ്റ്റിൻ ലണ്ടനിലേക്ക് ചേക്കേറി.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലായിരുന്നു ജാസ് വാനമ്പാടിയുടെ മടങ്ങിവരവ്. 1976ലെ കോൺകോർഡ് ജാസ് സംഗീതോൽസവത്തിലൂടെ ഒരു ഗംഭീരവരവേൽപു തന്നെയാണ് ആരാധകർ ഏണസ്റ്റിനു സമ്മാനിച്ചത്. തുടർന്നുള്ള പതിനേഴുവർഷക്കാലമായിരുന്നു ഏണസ്റ്റ് ആൻഡേഴ്സൺ എന്ന ജാസ് ഗായികയുടെ ഏറ്റവും അവിസ്മരണീയ സംഗീതജീവിതം. ഹിറ്റുകളിൽ നിന്ന് ഹിറ്റുകളിലേക്ക്, വേദികളിൽ നിന്ന് വേദികളിലേക്ക്, ന്യൂ ഓർലീൻസ്, ബ്രസീൽ, ബെർലിൻ, ഓസ്ട്രിയ– അങ്ങനെ രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പറക്കുകയായിരുന്നു അക്ഷരാർഥത്തിൽ ഈ വാനമ്പാടി. ‘നെവർ മെയ്ക് യുവർ മൂവ് റ്റൂ സൂൺ’, ‘ബിഗ് സിറ്റി’, ഐ ലവ് ബീയിങ് ഹിയർ വിത്ത് യു’, ‘കീപ് ആൻ ഐ ഓൺ ലവ്’, ‘ഓൾ ബ്ലൂസ്’ തുടങ്ങി എത്രയെത്ര ഹിറ്റുകളാണ് അവർ നമുക്ക് സമ്മാനിച്ചത്. 1993ൽ കോൺകോർഡ്സിൽ നിന്നു വിട്ടു ക്വിൻസി ജോൺസിനൊപ്പം സഹകരിച്ചുകൊണ്ടായി തുടർന്നുള്ള ആൽബങ്ങൾ. സായംസന്ധ്യയിലെ തേനൂറും സ്വരമെന്നാണ് ബാല്യകാല സുഹൃത്തും പ്രൊഡ്യൂസറുമായ ക്വിൻസി ജോൺസ് ഒരിക്കൽ ഏണസ്റ്റിനെക്കുറിച്ചു പറഞ്ഞത്.

ഈറൻമഴവിൽപ്പൂവായി ബാക്കിനിൽക്കുന്നു, ഈണം

എൺപതുകളുടെ വിറയാർന്ന വിരൽത്തുമ്പിലും ജാസിന്റ രസച്ചരടുകൾ സൂക്ഷിച്ച വാർധക്യമായിരുന്നു ഏണസ്റ്റിന്റേത്. ഒടുവിൽ, സിയാറ്റിനിലെ ഷോർലൈനിലെ ആശുപത്രിമുറിയിലേക്ക് എൺപത്തിയേഴാം വയസ്സിൽ ഏണസ്റ്റിനെ തേടി മരണമെത്തുമ്പോഴും അവരുടെ സംഗീതജീവിതത്തിന്റെ നിഴലിമ്പങ്ങൾ നിത്യസ്വരയൗവനത്തിലെന്ന പോലെ സുന്ദരവും ശ്രുതിമധുരതരവുമായ ആ ചുണ്ടിൽ മയങ്ങിക്കിടന്നിരിക്കണം. അതിസുന്ദരമായ ഏതോ മൗനരാഗം മൂളിയായിരിക്കണം മരണം പോലും അവരെ മാടിവിളിച്ചിരിക്കുക. അല്ലായിരുന്നെങ്കിൽ ഏതുഗായികയ്ക്കാണ് പടിയിറങ്ങി പോകാൻ കഴിയുക, പ്രിയപ്പെട്ട പാട്ടോർമകളെ പാതിയിലവസാനിപ്പിച്ച്...മരണനേരത്തും അവരുടെ കറുത്ത ചുണ്ടുകളിൽ ഈണങ്ങളുടെ ഈറൻമഴവിൽപ്പൂക്കൾ വിരിഞ്ഞുനിന്നിരിക്കാം. മരണത്തിനപ്പുറത്തേക്കും മണക്കുന്ന സ്വരമൗനങ്ങളുടെ മിഴിനീർപ്പൂക്കൾ...

Your Rating: