Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം പെരുമഴക്കാലമായി പെയ്ത 5 ഈണങ്ങൾ!

five-song

തീക്ഷ്ണമായ പ്രണയത്തെ കുറിച്ച് അഭ്രപാളികളിൽ വരച്ചിട്ടപ്പോഴെല്ലാം ചലച്ചിത്രത്തിൽ പശ്ചാത്തല സംഗീതമൊരുക്കുന്ന സൗന്ദര്യത്തെ കുറിച്ച് നാം അറിഞ്ഞിട്ടുണ്ട്. മനസിൽ പ്രണയത്തിന്റെ പെരുമഴക്കാലമൊരുക്കുന്ന ഈണങ്ങൾ. പ്രണയത്തിന്റെ ഋതുഭേദഭംഗിയാണ് ആ സംഗീതം പകർന്നു തന്നത്. ഫ്രെയിമുകൾക്ക് പിന്നിൽ വീണയും തബലയും സിത്താറും പിടഞ്ഞുണർന്നപ്പോൾ പറന്നുവന്ന സംഗീത വീചികൾ. പോയ കാലത്തെ അഭ്രപാളികളിലേക്കൊരു പിന്‍നോട്ടം നടത്തിയാൽ കേൾക്കുക ആ സംഗീതം മാത്രമായിരിക്കും. എപ്പോൾ കേട്ടാലും മനസിൽ പ്രണയത്തിന്റെ തിരനോട്ടമുണ്ടാക്കുന്ന ആ ഈണങ്ങളിലേക്ക്.

പത്മരാജനെന്ന ഗന്ധർവ സംവിധായകന്റെ നായികാ കഥാപാത്രങ്ങളെല്ലാം പെൺമയുടെ ഏറ്റവും സുന്ദരവും തീക്ഷ്ണവുമായ പ്രതീകമായിരുന്നു. മനുഷ്യ മനസിന്റെ ചിന്തകളിലേക്ക് ഇത്രയേറെ വശ്യമായി പ്രകൃതിയെ ഇഴചേർത്ത സംവിധായകനും മറ്റൊരാളല്ല. രാത്രിയിൽ, മഞ്ഞുപെയ്യുന്ന പുലർവേളകളിൽ സിന്ദൂരത്തിൽ കൈതൊട്ട സായന്തനങ്ങളിൽ പെയ്തിറങ്ങുന്ന മഴത്തുള്ളികൾക്കിടയിൽ ഒരു പ്രണയിനിയെ തേടുവാൻ പ്രേരിപ്പിച്ച സംവിധായകൻ. പ്രണയത്തിലെ പെൺ സൗന്ദര്യത്തിന് ചുവന്ന പൊട്ടുതൊട്ട് കരിമഷിയെഴുതി മുടിയഴിച്ചിട്ടെത്തുന്ന മഴത്തുള്ളികൾക്കിടയിലൂടെ നോക്കിനിൽക്കുന്ന ക്ലാരയുടെ ഛായ ചാർത്തിയത് പത്മരാജനാണ്. പത്മരാജന്റെ തൂവാനത്തുമ്പികളെന്ന ചിത്രത്തിലെ ക്ലാരയെന്ന കഥാപാത്രത്തെ കുറിച്ചോർക്കുമ്പോൾ പെയ്തൊഴിയാത്ത മഴയാണ് പ്രണയമെന്ന് മാത്രമാണോ മനസിൽ വരുന്നത്, അതിനു കൂട്ടായി എത്തുന്ന സംഗീതം കൂടെയല്ലേ. മെലഡികളിൽ മാത്രമല്ലല്ലോ ജോൺസണെന്ന സംഗീത സംവിധായകൻ വസന്തം തീർത്തത് പശ്ത്തല സംഗീതത്തിലും കൂടിയല്ലേ. തൂവാനത്തുമ്പികളിലെ ജോൺസണിന്റെ പശ്ചാത്തല സംഗീതം ഇന്നും പ്രണയാർദ്രമായ നിമിഷങ്ങളുടെ ചങ്ങാതി തന്നെ.

നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, അതികാലത്ത് എഴുന്നേറ്റു മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകയും, മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം, അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം....പ്രണയത്തിന് ഒരു കറുത്തിരുണ്ട് മുന്തിരി ചേലാണോ? അറിയില്ല. പക്ഷേ മോഹന്‍ലാൽ കഥാപാത്രം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിൽ പറയുന്ന ഈ വാക്യങ്ങൾ ഒരുപാടുവട്ടം ഒരുപാടുപേർ വീണ്ടും വീണ്ടും മനസിന്റെ പുസ്തകത്താളിൽ‌ എഴുതിയിട്ടുണ്ടാകാം. പാതിരാത്രി ഒരു പഴഞ്ചൻ ലോറിയോടിച്ച് മുന്തിരിത്തോട്ടങ്ങളിൽ നിന്ന് വന്ന നായക കഥാപാത്രം. അന്നോളം ആരും പറയാത്തൊരു പ്രണയ മറ്റൊരു പത്മരാജൻ ചിത്രം. കറുപ്പും നീലയും ഇടകലർന്ന ചേലുള്ള രാത്രിയിൽ അങ്ങകലെ നിന്ന് പ്രണയം തേടിയ ഏതോ രാപ്പാട്ടുകാരൻ വയലിൻ വായിച്ചപോലെ ജോൺസൺ തന്നെയാണ് പശ്ചാത്തല സംഗീതമൊരുക്കിയത്. പ്രണയമെന്നാൽ കാത്തിരിപ്പാണെന്നും അകലങ്ങളെ അടുപ്പിക്കുന്ന മാന്ത്രികത അതിനുണ്ടെന്നുമല്ലേ ഈ ഈണം നമ്മോട് പറയുന്നത്.

പത്മരാജനെ ഗന്ധർവ സംവിധായകനെന്ന് നാം വിളിച്ചത് ഈ ചിത്രം കണ്ടതിനു ശേഷമായിരുന്നു. അരൂപിയായ ഗന്ധർവനെ പ്രണയിച്ച സുന്ദരിയുടെ കഥ പറഞ്ഞ ചിത്രം. ചലച്ചിത്ര കാവ്യമെന്ന വിശേഷണം നൽകാൻ മലയാളി ഇന്നും ഏറെയിഷ്ടപ്പെടുന്നത് ഈ ചിത്രത്തെ മാത്രമായിരിക്കും. പാല പൂത്ത രാവിൽ ഗന്ധർവനെ കാത്തിരിക്കുന്ന മലയാളി പെൺകുട്ടിയെയും ശംഖുകടഞ്ഞെടുത്ത കഴുത്തിലെ വൈഡൂര്യമുത്തുള്ള മാലയിൽ ചുംബിച്ച് ഗന്ധര്‍വനെ വിളിച്ചുവരുത്തിയ സുന്ദരിയെ ഇന്നും നമ്മൾ മറന്നിട്ടില്ല. ആകാശത്തിന്റെ കാണായിടങ്ങളിൽ നിന്ന് ഭൂമിയെ തൊടാൻ പറന്നുവന്ന ആ ഗന്ധർവനിന്നും ഒരു കണ്ണുനീർ പോലെ മനസിനുള്ളിലുണ്ട്. ചലച്ചിത്ര ലോകത്തിന് ഗന്ധർവ ഭംഗി പകർന്ന ചിത്രമാണ് ഞാൻ ഗന്ധർവൻ. പ്രമേയം പോലെ കാവ്യാത്മകമായിരുന്നു ഈണങ്ങളും. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർധം പോലും ആവശ്യമില്ലാത്ത ഗഗനചാരിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഗന്ധർവനെ പോലെ ഇന്നും ഓർമകളിൽ പാലപൂത്ത മണം പകരുന്ന പശ്ചാത്തല സംഗീതം. ഇവിടെയും പശ്ചാത്തല സംഗീതം ജോണ്‍സണ്‍ മാസ്റ്ററുടേതു തന്നെ.

നേരത്തെ പറഞ്ഞവയെല്ലാം ഓർമകളിലെ പഴമയുടെ ഭംഗി നിറഞ്ഞുവെങ്കിൽ കുറേ കൂടി കാലത്തിലൂടെ മുന്നോട്ട് നടക്കാം. കലാലയങ്ങളിലെ പ്രണയങ്ങളിലിന്നും ആ അനിയത്തി പ്രാവ് കുറുകി നടപ്പുണ്ട്. അവളുടെ പേടിച്ചരണ്ട നോട്ടവും നിസഹായതും കണ്ടുനടപ്പുണ്ട്. അവരൊന്നാകാൻ കൊതിച്ച് പാറിനടപ്പുണ്ട്. ശാലിനിയും കുഞ്ചാക്കോ ബോബനും അഭിനയിച്ച ഫാസില്‍ ചിത്രം അനിയത്തി പ്രാവിനെ കുറിച്ചാണ് ഈ മുഖവുരയെന്ന് പറയേണ്ടതില്ലല്ലോ. ഔസേപ്പച്ചനാണ് പശ്ചാത്തല സംഗീതമൊരുക്കിയത്. ഒന്നുചേരലുകൾ അർഥമില്ലാത്ത എതിർപ്പുകളിൽ തട്ടിയകലുമ്പോൾ പിന്നീടെപ്പോഴോ എതിർത്തവർ തന്നെ ആ പ്രണയത്തിന് മനോഹാരിതയെ കൈചേർക്കുന്നത്് കാണുമ്പോൾ മനസിലെത്താറില്ലേ ആ ണം. അല്ലെങ്കിൽ പഠിച്ചിറങ്ങിയ കാമ്പസിന്റെ മുറ്റത്തേക്ക് പിന്നീടൊരിക്കൽ കണ്ണിലൊരുപാട് കൗതുകം നിറച്ച് കടന്നുചെല്ലുമ്പോൾ പണ്ട് താനിരുന്ന മരച്ചില്ലകൾക്കു താഴെ പുതിയ പ്രണയിനികൾ സ്ഥാനം പിടിച്ചിരിക്കുന്നത് കാണുമ്പോൾ.....

പ്രണയം നിറം വീഴ്ത്തിയ മഴത്തുള്ളികളുടെ ഭംഗി, മഴയുടെ ഏറ്റവും സുന്ദരമായ ഭാവം പ്രണയത്തിന്റേതാണെന്ന കാര്യം മലയാളി ഏറെക്കാലത്തിനു ഒന്നുകൂടിയറിഞ്ഞത് ആർ എസ് വിമലിന്റെ എന്നു നിന്റെ മൊയ്തീനിലൂടെയാണ്. കാത്തിരിപ്പിന്റെ ആഴമാണ് ചിത്രം പങ്കുവച്ചത്. പ്രണയിച്ചവനു വേണ്ടി ജീവിതത്തിലെ മറ്റെല്ലാ സന്തോഷവും മാറ്റിവച്ച് കാത്തിരുന്ന കാഞ്ചനമാലയുടെയും മൊയ്തീന്‍റെയും കഥപറഞ്ഞ ചിത്രമായിരുന്നു അത്. ഇരുവഴിഞ്ഞി പുഴയുടെ കരയിലുള്ള മുക്കമെന്ന ദേശവും അവിടെ ജീവിച്ച മൊയ്തീനും അവന്റെ പെണ്ണ് കാഞ്ചനമാലയും പകരം വയ്ക്കാനില്ലാത്ത പ്രണയ പ്രതീകങ്ങളാണ്. ഗോപീ സുന്ദറൊരുക്കിയ പശ്ചാത്തല സംഗീതത്തിലൂടെ മുക്കത്തെ പെണ്ണിന്റെ കണ്ണീരിലേക്ക് അവളുടെ സ്നേഹത്തിന്റെ ആഴത്തിലേക്ക് ഇതുപോലുള്ള ഒരുപാട് ജീവിതങ്ങളുടെ കണ്ണീരിലേക്ക് നാം ആണ്ടുപോകും.

Your Rating: