Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുളന്തണ്ടിലെ സംഗീതത്തിനു പകരമെന്ത്?

N Ramani ഡോ. എൻ. രമണി

സാങ്കേതികവിദ്യ എത്ര വളർന്നാലും ഒന്നും സംഭവിക്കാത്തതെന്തെന്നു ചോദിച്ചാൽ ‍ഡോ. എൻ. രമണി ഒട്ടും ആലോചിക്കാതെ ഉത്തരം പറയുമായിരുന്നു – പുല്ലാങ്കുഴലും വയലിനും. വിവരസാങ്കേതികവിദ്യയുടെ വളർച്ചയിൽ സംഗീതത്തിനുണ്ടാവുന്ന മാറ്റത്തെക്കുറിച്ചു പറഞ്ഞയാളോട് ഉത്തരമായി എൻ. രമണി ഉയർത്തിക്കാട്ടിയത് ഒരു പുല്ലാങ്കുഴലാണ്. മുളന്തണ്ടിൽനിന്നൊഴുകുന്ന സംഗീതമാധുരിക്കു പകരം നിൽക്കാൻ ഏതു സാങ്കേതികവിദ്യയ്ക്കു പറ്റുമെന്നുള്ള രമണിയുടെ ചോദ്യം ആരെയും ഉത്തരംമുട്ടിക്കുന്നതായിരുന്നു. രമണി പുല്ലാങ്കുഴലിൽനിന്നൊഴുക്കിവിട്ട സ്വരരാഗം ഇനിയും ഈ ഉത്തരവുമായെത്തും. മരണത്തിനപ്പുറവും കടന്നുപോകുന്ന സംഗീതം.

മധുരം വാരിക്കോരി വിളമ്പുന്ന ഓടക്കുഴൽനാദം പാരമ്പര്യത്തിൽ അധിഷ്ഠിതമാണ്. ‘പുല്ലാങ്കുഴൽ സ്വരം ഇതുവരെ താഴ്ന്നിട്ടില്ല, ഇനി താഴുകയുമില്ല’ എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞതു പുതുസംഗീത വക്താക്കൾപോലും അംഗീകരിച്ചു.

പുല്ലാങ്കുഴൽ വായനയിലെ അപൂർവ പ്രതിഭ ഹരിപ്രസാദ് ചൗരസ്യയ്ക്ക് ഡോ. എൻ. രമണിയെ പരിചയപ്പെടുത്തിക്കൊടുത്തതു പണ്ഡിറ്റ് രവിശങ്കറാണ്. ചെന്നൈയിൽ വന്ന രവിശങ്കർ റേഡിയോയിൽ രമണിയുടെ പുല്ലാങ്കുഴൽ കച്ചേരി കേട്ടു. അതോടെ രവിശങ്കർ മനസ്സിലുറപ്പിച്ചു: രമണിയെ ഹരിപ്രസാദ് ചൗരസ്യയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തേപറ്റൂ. ആ പരിചയം വലിയ നേട്ടമായി. എത്രയോ കച്ചേരികളിൽ ചൗരസ്യയോടൊപ്പം രമണി ജുഗൽബന്ദി അവതരിപ്പിച്ചു.

അമ്മാവൻ ടി. ആർ. മഹാലിംഗത്തിന്റെ പുല്ലാങ്കുഴൽ കച്ചേരി കേട്ടതാണു രമണിയുടെ ജീവിതത്തിലെ വഴിത്തിരിവ്. അമ്മാവനെപ്പോലെയാവുകയായിരുന്നു അന്നുമുതലുള്ള ലക്ഷ്യം. തലേന്നു കച്ചേരിക്കു വായിച്ചത് രമണി അനുകരിച്ച് കേൾപ്പിച്ചപ്പോൾ മഹാലിംഗം അമ്പരന്നുപോയി.

സൂക്ഷ്മമായി നിരീക്ഷിച്ചാണ് ആ കുട്ടി അതുപോലെ പകർത്തിയിരിക്കുന്നത്. അന്നുതന്നെ രമണിയെ മഹാലിംഗം തന്റെ ശിഷ്യനാക്കി. അതിനു മുൻപുതന്നെ രമണിയുടെ അരങ്ങേറ്റം കഴിഞ്ഞിരുന്നു. 11 വയസ്സിൽത്തന്നെ രമണി ടി. ആർ. മഹാലിംഗത്തോടൊപ്പം കച്ചേരിക്കു പോയിത്തുടങ്ങി. അദ്ദേഹത്തിന്റെകൂടെ കച്ചേരിക്കു പോയിത്തുടങ്ങിയപ്പോൾ ഓരോ ദിവസവും പുതിയ പാഠങ്ങളാണു പഠിച്ചത്.

കച്ചേരി നേരിട്ടു കേട്ടു പഠിച്ചാലേ കഴിവു വർധിക്കൂ എന്നു രമണി പലപ്പോഴും പറഞ്ഞു. സിഡി ഇട്ടു കേട്ടാലും പഠിക്കും. പക്ഷേ, കച്ചേരി നേരിട്ടു കേട്ടു പഠിക്കുമ്പോൾ അറിവു മറ്റൊരു തലത്തിലേക്കെത്തും. ആ പൂർണതതന്നെയായിരുന്നു രമണിയുടെ പ്രധാന കൈമുതൽ.