Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളയരാജയ്ക്കിന്ന് പിറന്നാൾ

Ilayaraja

സപ്തസ്വരങ്ങൾ അലിഞ്ഞു ചേർന്ന സംഗീതസാന്ദ്രമായൊരു അനുഭൂതിയാണ് ഇളയരാജ. പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഇത്ര മനോഹരമായ സംഗീതമുണ്ടെന്ന് കാണിച്ചു തന്ന ഇളയരാജയുടെ പാട്ടുകൾ ഇളംകാറ്റുപോലെയാണ് കാതുകളെ തഴുകി കടന്നുപോകുന്നത്. തെന്നിന്ത്യയുടെ സംഗീത ചക്രവർത്തി ഇളയരാജയ്ക്കിന്ന് 72–ാം പിറന്നാൾ.

1943 ജൂൺ 2 ന് രാമസ്വാമിയുടേയും ചിന്നത്തായുടേയും മകനായാണ് ഇളയരാജ ജനിക്കുന്നത്. പതിനാലാം വയസ്സിൽ (അർദ്ധ) ജ്യേഷ്ഠനായ പാവലർ വരദരാജൻ നയിച്ചിരുന്ന പാവലാർ ബ്രദേഴ്സിൽ ഗായകനായാണ് അരങ്ങേറ്റം. ഈ സംഘത്തോടൊപ്പം ദക്ഷിണേന്ത്യ മുഴുവൻ പരിപാടി അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. തന്റെ ആദ്യത്തെ ഈണം ഈ കാലഘട്ടത്തിലാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്നത്. ഒരു വിലാപകാവ്യമായിരുന്ന് ഇത്. പ്രമുഖ കവി കണ്ണദാസൻ രചിച്ച ഈ ഗാനം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനു വേണ്ടി സമർപ്പിച്ചു. 1968 ൽ ഇളയരാജ പ്രൊഫസർ ധൻരാജിനു കീഴിൽ സംഗീതം അഭ്യസിക്കാൻ തുടങ്ങി. പാശ്ചാത്യസംഗീതത്തിലെ പുതിയ രീതികൾ ഇളയരാജ പരിചയപ്പെട്ടു തുടങ്ങിയത് ധൻരാജിന്റെ ശിക്ഷണത്തിലാണ്.

1976ൽ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവ്വഹിച്ചാണ് ഇളയരാജ ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് രാജാ സംഗീതത്തിന്റെ പ്രവാഹമായിരുന്നു. തമിഴ്നാടിന്റെ നാടൻശൈലീ സംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി. ആ ശൈലിയിൽ അഭിരമിച്ച സംഗീതപ്രേമികൾ ഇന്നും ഈ രാജയുടെ സംഗീതത്തിനായി കാത്തിരിക്കുന്നു.

തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി ഏകദേശം 4500 ഓളം ഗാനങ്ങൾക്ക് ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 1993ൽ ക്ലാസ്സിക് ഗിറ്റാറിൽ ഇളയരാജ ലണ്ടനിലെ ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക്സിൽ നിന്നും സ്വർണ്ണ മെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ലണ്ടനിലെ റോയൽ ഫിൽ ഹാർമോണിക് ഓർക്കസ്ടയിൽ സിംഫണി ചെയ്ത ആദ്യ ഏഷ്യാക്കാരനെന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തം. ലോകത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി ബി.ബി.സി തിരഞ്ഞെടുത്ത ഗാനങ്ങളിൽ ദളപതിക്ക് വേണ്ടി ഇളയരാജ ഈണമിട്ട രാക്കമ്മ കയ്യേ തട്ട് എന്ന ഗാനവുണ്ടെന്നത് ഇന്ത്യാക്കാർക്ക് ഒന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണ്.

Ilayaraja

നിരവധി അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇളയരാജ നാല് തവണ ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ മൂന്നു തവണ മികച്ച സംഗീത സംവിധാനത്തിനും ഒരു തവണ മികച്ച പശ്ചാത്തല സംഗീതത്തിനുമായിരുന്നു. കൂടാതെ കേരള സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം മൂന്ന് പ്രാവശ്യവും തമിഴ്നാട് സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ആറ് പ്രാവശ്യവും ഇളയരാജയെ തേടി എത്തിയിട്ടുണ്ട്. 2010 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകിയും ആദരിച്ചു. തെന്നിന്ത്യൻ സംഗീതലോകത്തിന് അനശ്വര ഗാനങ്ങൾ സമ്മാനിച്ച ആ സംഗീതധാര 72–ാം വയസിലും അനുസ്യൂതം പ്രവഹിക്കുകയാണ്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.