Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളിലെ ക്രിസ്മസ് രാവുകൾ

christmas-indepth-e

രാവിന്റെ ചില്ലകളിൽ നിറയെ നക്ഷത്രങ്ങൾ പൂക്കുന്ന ക്രിസ്മസ് നാളുകൾ. ആ നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ള നക്ഷത്രം യേശുവിന്റെ ജനനമറിയിച്ചു. തുഷാരം തൂകിയ പുതപ്പണിഞ്ഞാണ് പ്രകൃതിയും ആ നാളിനെ വരവേറ്റത്. മാലാഖമാരുടെ സംഗീതവും ആട്ടിടയരുടെ ആഹ്ളാദവുമെല്ലാം ക്രിസ്മസ് രാവിനെ സാന്ദ്രമധുരമാക്കി. ഓർമകളെ സമ്പന്നമാക്കി പുൽക്കൂട്ടിൽ ഒരു പൂക്കാലം കൂടി പിറക്കുന്നു. സ്നേഹത്തിന്റെ സന്ദേശമുള്ള ക്രിസ്മസ് ദിനങ്ങളിലേക്ക് പാട്ടുമായി കടന്നുവന്ന പ്രശസ്തർ ക്രിസ്മസ് ഓർമകൾ പങ്കുവയ്ക്കുകയാണ്.

കെ.എസ്. ചിത്ര

ബാല്യത്തിലെ ക്രിസ്മസ് ഓർമകൾ അവധിക്കാലവുമായി ബന്ധപ്പെട്ടതാണ്. ക്രിസ്മസ് അവധിക്കു കളിച്ചു നടക്കാം. അച്ഛനും അമ്മയും ജോലിക്കാരായിരുന്നതു കൊണ്ട് അധികം പുറം ലോകത്തേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന പതിവില്ലായിരുന്നു. കച്ചേരിക്കും മറ്റും പോകുന്നതൊഴിച്ചാൽ ക്ലബ്ബുകളിലോ മറ്റു പരിപാടികൾക്കോ പോകില്ലായിരുന്നു. അതുകൊണ്ടു തന്നെ അവധിക്കാലത്തെ കളികളായിരുന്നു രസം. പിന്നീടു പാട്ടിലൊക്കെ സജീവമായി ചെന്നൈയ്ക്കു താമസം മാറിയപ്പോൾ നിർമാതാവ് ജോയി തോമസ് സാറിന്റെ വീടുമായി ബന്ധപ്പെട്ടുള്ളതായി ക്രിസ്മസ് ഓർമ.

K S Chitra

ആദ്യമായി ക്രിസ്മസ് കേക്ക് കൊണ്ടുതന്നതു ജോയി തോമസ് സാറിന്റെ വീട്ടിൽ നിന്നാണ്. കാരൾ സംഘം പാട്ടുപാടി അടുത്തുള്ള വീടുകളിലൊക്കെ വരുമ്പോൾ സന്തോഷത്തോടെ നോക്കി നിന്നിട്ടുള്ളത് ഓർക്കുന്നു. വിശേഷ ദിവസങ്ങളൊക്കെ വരുന്നു എന്ന് അറിയുന്നതു പലപ്പോഴും അതിനു മുൻപ് അതുമായി ബന്ധപ്പെട്ട ഭക്തിഗാനങ്ങളുടെ റിക്കോർഡിങ് നടക്കുമ്പോഴാണ്. ക്രിസ്മസ് വരുന്നതിനു തൊട്ടുമുൻപും ഇതുപോലെ റിക്കോർഡിങ് ഉണ്ടാകും. ഗായകൻ സി.ഒ. ആന്റോ ചേട്ടന്റെ അമ്മ, ലൗലി എന്നിവർ ഒരപ്പം, കേക്ക്, വൈൻ തുടങ്ങിയവ കൊടുത്തുവിടും. മകൾ നന്ദന ജനിച്ചതു ഡിസംബർ പതിനെട്ടിനാണ്. അവൾക്കു വേണ്ടി ക്രിസ്മസ് ട്രീയും മറ്റും വീട്ടിലൊരുക്കുമായിരുന്നു. അവളുടെ ജന്മദിനാഘോഷവും കഴി‍ഞ്ഞ് പുതുവൽസരവും കഴിഞ്ഞേ അതൊക്കെ മാറ്റുമായിരുന്നുള്ളൂ. അവളുടെ മരണശേഷം അഞ്ചു വർഷമായി യാതൊരു ആഘോഷങ്ങളുമില്ല.

നവരാത്രി പോലുള്ള വിശേഷ ദിവസങ്ങളിൽ നിവേദ്യങ്ങൾ മാത്രം തയാറാക്കും. പാട്ടുമായി ബന്ധപ്പെട്ടു നിൽക്കുന്നതു കൊണ്ടാണ് അതു ചെയ്യുന്നത്. അഷ്ടമിക്കും അതുപോലെ ഭഗവാനു നൈവേദ്യം നൽകാനുള്ള ഉണ്ണിയപ്പം, പായസം, ചൂണ്ടൽ തുടങ്ങിയവ തയാറാക്കും. മറ്റൊരു വിശേഷം എന്റെ ചേച്ചിയുടെ ജന്മദിനം ഡിസംബർ മുപ്പത്തിയൊന്നിനാണ്. മകൾ ജനിക്കുന്നതിനു മുൻപ് ഞങ്ങളെല്ലാം ചേച്ചിയോട് ഒത്തുകൂടി പാട്ടു പാടിയും തമ്പോല കളിച്ചും മറ്റും ആഘോഷമാക്കുമായിരുന്നു. ക്രിസ്തീയ ഭക്തിഗാനങ്ങളി‍ൽ വാ.. വാ...യേശു നാഥാ എന്ന ഗാനം ഏറെ ഇഷ്ടമാണ്. കാരൾ ഗാനം പെട്ടെന്ന് ഓർമ വരുന്നില്ലെങ്കിലും നോക്കെത്താ ദൂരത്ത് കണ്ണും നട്ടിലെ ലാത്തിരി പൂത്തിരി.. എന്ന പാട്ട് പെട്ടെന്ന് ഓർമയിലെത്തുന്നത്.

സയനോര

sayanora-christmas സയനോര

ക്രിസ്മസിനെക്കറിച്ച് ഓർക്കുമ്പോൾത്തന്നെ അപ്പങ്ങളുടെയും വൈനിന്റെയും രുചിയും മണവും നിറയും. കണ്ണൂരാണ് എന്റെ സ്വദേശം. അവിടെ കലകല എന്ന അപ്പം ഉണ്ടാക്കുകയാണ് ക്രിസ്മസിലെ രസം. അമ്മ (ബേബി) അധ്യാപികയായിരുന്നു. പപ്പ ഫിലിപ്പ് വയലിനിസ്റ്റാണ്. പപ്പയുടെ വേരുകൾ കൊല്ലത്താണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അപ്പത്തിന്റെ മാവ് കുഴച്ചു വിവിധ രൂപങ്ങൾ ഉണ്ടാക്കുന്നതായിരുന്നു ശരിക്കും രസം. ആദ്യം ഞങ്ങൾ താമസിച്ചിരുന്നത് പള്ളിയുടെ സമീപമായിരുന്നു. അതുകൊണ്ട് കാരളും മറ്റും പതിവായി കാണാമായിരുന്നു. പിന്നീടു കണ്ണൂർ പെക്കി ബസാറിനടുത്തേക്കു താമസം മാറിയപ്പോൾ കാരളും മറ്റും കാണാൻ കഴിയാതായി.

അതുകൊണ്ട് ഞങ്ങൾ തന്നെ കാരൾ പാടി ഇറങ്ങാൻ തുടങ്ങി. അനിയത്തി ശ്രുതിയും ഞാനുമെല്ലാം ചേർന്നു കാരളിന് ഇറങ്ങും. കാരൾ മൽസരങ്ങളിൽ പങ്കെടുത്തു വിജയിക്കുമായിരുന്നു. കേക്ക് മുറിക്കലിനു പുറമേ സൺ അപ്പം എന്നൊരു അപ്പവും ഉണ്ടാക്കുമായിരുന്നു. നല്ല രീതിയിൽ പോർക്ക് വിന്താലുവും ഉണ്ടാക്കും. എല്ലാം കൂടി കുശാൽ. അങ്ങനെ ക്രിസ്മസ് കാലം മുഴുവൻ ആഹ്ലാദത്തിന്റെ കാലമാകും. ഭർത്താവ് ആഷ്‌ലിയും മകൾ സെനയും ഇപ്പോൾ ക്രിസ്മസ് ട്രീയും മറ്റും ഒരുക്കുന്ന തിരക്കിലാണ്. ആഷ്‌ലിയുടെ അമ്മയും എല്ലാവരും കൂടെക്കൂടും. മകൾക്കു നല്ല ഓർമകൾ നൽകാനും ശ്രദ്ധിക്കുന്നു. മലയാളം ക്രിസ്മസ് ഗാനങ്ങളിൽ ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ....’ എന്ന പാട്ടാണ് ഏറെ ഇഷ്ടം. ‘ഹാർക്ക് ദ് ഹെറാൾഡ് എയ്ഞ്ചൽസ് സിങ്’ എന്ന കാരൾ പാട്ടാണ് ഇംഗ്ലിഷിൽ ഇഷ്ടം.

ഉണ്ണി മേനോൻ

unni-menon ഉണ്ണി മേനോൻ

ക്രിസ്മസ് എന്നു കേൾക്കുമ്പോൾ മനസ്സിൽ നിറയുന്നത് ചാലക്കുടിയിലുള്ള എന്റെ സുഹൃത്തിന്റെ അമ്മയുടെ മുഖമാണ്. മൂന്നു വർഷം മുൻപാണ് ആ സംഭവം. സുഹൃത്തിന്റെ വീട്ടിൽ ഞാൻ ചെന്നപ്പോൾ അമ്മച്ചിക്ക് ഒരേ നിർബന്ധം. ഞാൻ ഒരു പാട്ടു പാടി കേൾപ്പിക്കണം. 94 വയസ്സുള്ള അമ്മയാണ്. മനസ്സിനക്കരെ സിനിമയിൽ ഷീലാമ്മയുടെ കഥാപാത്രത്തിന്റെ ഏതാണ്ട് അതേ സ്വഭാവം. ‘പരിശുദ്ധാത്മാവേ... നീ എഴുന്നള്ളി...’ എന്ന പാട്ട് ഞാൻ പാടി. അമ്മയ്ക്ക് അത് ഇഷ്ടമായി. അടുത്ത വർഷം സുഹൃത്ത് എന്നെ വിളിച്ചു. അമ്മയ്ക്ക് ഒരു തവണകൂടി ആ പാട്ട് പാടി കേൾക്കണം. ഞാൻ പോയി. പക്ഷേ അപ്പോഴേക്കും ആ അമ്മ മരിച്ചുപോയി.

മറ്റൊരു ഓർമ കുവൈത്തിലെ ഒരു ക്രിസ്മസ് ഗാനസന്ധ്യയുമായി ബന്ധപ്പെട്ടാണ്. നാലു വർഷം മുൻപാണത്. ക്രിസ്തീയ ഭക്തിഗാനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ള പരിപാടിയായിരുന്നു അത്. ഞാൻ മാത്രം. 18 പാട്ടുകൾ പാടി. വല്ലാത്ത അനുഭൂതിയായിരുന്നു അന്ന് തോന്നിയത്. ഭക്തിയുടെ അന്തരീക്ഷം എങ്ങും നിറഞ്ഞു. ഇപ്പോഴും അതേക്കുറിച്ച് ഓർമിക്കുമ്പോൾ മനസ്സു നിറയും. ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ‘രക്ഷകാ... എന്റെ പാപഭാരമെല്ലാം...’ എന്നതാണ് ഏറെ ഇഷ്ടം. കാരൾ ഗാനങ്ങളൊന്നും പെട്ടെന്ന് ഓർമയിലെത്തുന്നില്ല.

സ്റ്റീഫൻ ദേവസ്സി

stephen-devassy സ്റ്റീഫൻ ദേവസി

മനസ്സിൽ ശാന്തിയും സമാധാനവും നിറഞ്ഞു തുളുമ്പുന്ന അവസരമാണു ക്രിസ്മസ്. എനിക്ക് ഏറ്റവും വലിയ സമ്മാനം കിട്ടിയ ദിവസമാണു ക്രിസ്മസ്. യേശുവാണ് ആ സമ്മാനം. അതിലും വലിയ സന്തോഷം എനിക്കു കിട്ടാനില്ല. ലോകത്തു ഭീകരത ഏറ്റവും നിറയുന്ന അവസരത്തിൽ സമാധാനവും സന്തോഷവും പകരുന്ന ആ സമ്മാനത്തിൽ കൂടുതൽ എന്ത് ആഗ്രഹിക്കാനാണ്. ആ സന്തോഷം പരമാവാധി എല്ലാവരിലേക്കും പകരാനാണു ഞാൻ ആഗ്രഹിക്കുന്നത്, ശ്രമിക്കുന്നത്.

ബാല്യകാല ഓർമകൾ തന്നെ രസമാണ്. പാലക്കാട് ഒറ്റപ്പാലത്തെ വീട്ടിൽ ചേട്ടനും ചേച്ചിയും ഞാനും പിന്നെ ഞങ്ങളുടെ കസിൻസും. 23, 24 ദിവസങ്ങളിൽ എല്ലാവരും ഒത്തുചേർന്നു കാരളിന് ഇറങ്ങുമായിരുന്നു. തമ്പേറ്, സൈഡ് ഡ്രം എന്നിവയായിരുന്നു എന്റെ ഇഷ്ട ഉപകരണങ്ങൾ. ഒരു സൈക്കിളിൽ സ്റ്റാറും മറ്റും തൂക്കി ഞങ്ങൾ ഇറങ്ങും. നൂറോളം വീടുകളിൽ കയറിയിട്ടുണ്ട്. അന്നു ഞങ്ങളുടെ നാട്ടിൽ ക്രിസ്മസ് പപ്പയുടെ വേഷം ഒന്നും കിട്ടില്ല. അമ്മയുടെ മാക്സി അടിച്ചുമാറ്റി അതാണു പപ്പയെ അണിയിക്കുക. പപ്പ ആക്കുക എന്നതു തന്നെ പണി കൊടുക്കുക എന്നതാണ്.

ചില വീടുകളിൽ നിന്നു കേക്കും മറ്റും കിട്ടും. പൈസയും കിട്ടും. കാരൾ എല്ലാം കഴിഞ്ഞ് ഈ സൈക്കിളിൽ തിരികെ വീട്ടിലേക്കു വരുന്നതാണ് അടുത്ത പണി. അതെല്ലാം നല്ല രസമുള്ള ഓർമകളാണ്. ഇപ്പോഴും എത്ര തിരക്കുണ്ടെങ്കിലും 25ന് എങ്ങനെയെങ്കിലും വീട്ടിലെത്താൻ നോക്കും. ബിരിയാണിയും മറ്റും ഉണ്ടാക്കി എല്ലാവരുമായി സന്തോഷത്തോടെ കഴിക്കും. ക്രിസ്മസ് വെക്കേഷനാണു മറ്റൊരു സന്തോഷം. ക്രിക്കറ്റ് കളിയായിരുന്നു പ്രധാനം. ലാസ്റ്റ് പരീക്ഷ സന്തോഷത്തിന്റെ ദിവസമാണ്. എങ്ങനെയും പരീക്ഷ തീർത്തു കളിക്കാൻ പായുക എന്നേയുള്ളൂ. ചിത്ര ചേച്ചി പാടിയ ‘ക്രിസ്മസ് രാവണിഞ്ഞ നേരം’, യേശുദാസ് സാർ പാടിയ ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ’ എന്നീ പാട്ടുകളാണ് എനിക്ക് ഇഷ്ടം. പിന്നെ ബോണി എമ്മിന്റെ ക്രിസ്മസ് കാരൾ ഭയങ്കര ഇഷ്ടമാണ്. എപ്പോൾ കേട്ടാലും ക്രിസ്മസ് എത്തി എന്ന തോന്നലാണ് അതു തരുന്നത്.

വിനു തോമസ് സംഗീത സംവിധായകൻ

vinu-stephen വിനു തോമസും സ്റ്റീഫൻ ദേവസിയും

ക്രിസ്മസ് എനിക്കു സ്വകാര്യ സന്തോഷങ്ങൾ കൂടിയാണ്. എന്റെ ജന്മദിനം ഡിസംബർ ഇരുപതിനാണ്. എന്റെ പിതാവിനു നാലു സഹോദരങ്ങളാണുള്ളത്. അവരെല്ലാം ക്രിസ്മസിനു വീട്ടിൽ ഒത്തു കൂടും. ജന്മദിനവും ക്രിസ്മസും ഈ ഒത്തുചേരലും എല്ലാം പകരുന്ന ആഹ്ലാദം വലുതാണ്. കീഴ്‍വായ്പൂരിലെ വീട്ടിൽ ആഹ്ലാദങ്ങൾ നിറയുന്ന അവസരമാണിത്. ഞാൻ ആദ്യമായി സംഗീത സംവിധാനം ചെയ്ത രണ്ടു പാട്ടുകളും റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തു കേട്ടതു ക്രിസ്മസിനാണ്. തിരുവല്ല മാർത്തോമ്മാ കോളജിലെ ബെസ്റ്റ് ആർട്സ് പരിപാടിയുടെ ഭാഗമായാണു സംഗീത സംവിധാനം ചെയ്തത്.

ക്രിസ്മസ് പരിപാടിയായിരുന്നു. വീട്ടിൽ ഞങ്ങളെല്ലാം ഒന്നിച്ചിരുന്ന് അതു കേട്ടതു മറക്കാനാവില്ല. എന്റെ രണ്ടാമത്തെ ചിത്രം ദൃശ്യം റിലീസു ചെയ്തതും ക്രിസ്മസിനാണ്. മമ്മൂട്ടിയും നയൻതാരയും ഒന്നിക്കുന്ന അടുത്ത ചിത്രം പുതിയ നിയമം റിലീസ് ചെയ്യാനിരിക്കുന്നതും ക്രിസ്മസിനാണ്. ദൃശ്യം, കനൽ തുടങ്ങിയ ചിത്രങ്ങളുടെയും നൂറ്റമ്പതോളം പരസ്യ ചിത്രങ്ങളുടെയും സംഗീത സംവിധായകനായ വിനു പറഞ്ഞു. ക്രിസ്മസിന്റെ രാത്രിയെക്കുറിച്ച് മാത്രം എഴുതി സംഗീതം നൽകിയ ഒരു പാട്ടാണ് എനിക്ക് ഏറെ ഇഷ്ടം. ആ രാവിന് എന്തഴകായിരുന്നു...അതിന് എന്ത് നിർവൃതിയായിരുന്നു എന്നാണ് ആ പാട്ട്. യഹൂദിയായിലെ ഒരു ഗ്രാമത്തിൽ... എന്ന പാട്ടും ഏറെ ഇഷ്ടമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.