Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.ടി. മൊയ്തീൻ - മാപ്പിളപ്പാട്ടിന്റെ നിലാവൊഴുകുന്ന ഓർമ

KT Moideen കെ.ടി. മൊയ്തീൻ

കെ.ടി. മൊയ്തീൻ വിടവാങ്ങുന്നതോടെ ഓർമയാകുന്നത് സംഗീതലോകം ആഘോഷിക്കാൻ മറന്നുപോയ കാവ്യസപര്യയുടെ സുൽത്താൻ. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി നാലായിരത്തിലേറെ പാട്ടുകൾ എഴുതിയ തിരൂരങ്ങാടി താഴെച്ചിന കഴുങ്ങുംതോട്ടത്തിൽ മൊയ്തീൻ എന്ന കെ.ടി. മൊയ്തീൻ, ഒന്നുകൂടി ചുരുക്കിപ്പറഞ്ഞാൽ കെ.ടി., സംഗീതപ്രേമികൾക്ക് മാപ്പിളപ്പാട്ടിന്റെ നിലാവൊഴുകുന്ന ഒരോർമയാണ്.

മാപ്പിളപ്പാട്ടിലെ നാലോ അഞ്ചോ തലമുറയുടെ വരവിനും പോക്കിനും സാക്ഷ്യംവഹിച്ച കെ.ടിയുടെ പാട്ടുകൾ പാടാത്ത ഏതെങ്കിലും മാപ്പിളപ്പാട്ടുകാർ ഉണ്ടാകുമോ എന്നു സംശയമാണ്. എന്നാൽ, പ്രശസ്തിയുടെ ബഹളത്തിൽനിന്നു സ്വയം മാറിനിന്നും താഴെച്ചിനയിലെ ഇടവഴികളിലൂടെ തനിയെ നടന്നും ശാന്തനായ കെ.ടി. സ്വയം ഒരു പതിഞ്ഞ മാപ്പിളപ്പാട്ടാവുകയായിരുന്നു.

പാട്ടിന്റെ അപ്പങ്ങൾ ചുട്ട്

പഴയ തലമുറയുടെ ഉള്ളം നിറച്ച നാടകഗാനങ്ങളും സിനിമാഗാനങ്ങളും എഴുതിയ മൊയ്തീൻ അടുത്തിടെ വീണ്ടും ശ്രദ്ധയിൽവന്നത് ‘ഉസ്താദ് ഹോട്ടൽ സിനിമയിലെ ‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി എന്ന ഗാനം ഹിറ്റ് ആയതോടെയാണ്. കെ.ടി. 30 വർഷം മുൻപെഴുതിയ ഗാനത്തിന്റെ ആദ്യവരികളുടെ വകഭേദമായിരുന്നു ആ പാട്ടിന്റെ തുടക്കം. അതേച്ചൊല്ലി മാപ്പിളപ്പാട്ടുകാരിൽ ചിലർ സിനിമാപ്പാട്ടിനെ വിമർശിച്ചെങ്കിലും വിവാദത്തിൽ പങ്കെടുക്കാതെ കെ.ടി. മാറിനിന്നു. സിനിമയ്ക്കുവേണ്ടി ഏതെങ്കിലും പാടിപ്പതിഞ്ഞ നാടൻശീലിനെ അടിസ്ഥാനപ്പെടുത്തി പാട്ടെഴുതണമെന്ന ഉദ്ദേശ്യമാണുണ്ടായിരുന്നതെന്ന് റഫീഖ് അഹ്മദ് പറഞ്ഞത് കെ.ടിയുടെ പാട്ടിന്റെ സ്വീകാര്യതയ്ക്കു തെളിവാകുകയും ചെയ്തു.

പാട്ടുപോലെ ജീവിതം

എഴുതിയ പാട്ടുകൾക്കെല്ലാം മേൽവിലാസം ലഭിച്ചിരുന്നെങ്കിൽ മൊയ്തീൻ ലോകസംഗീതത്തിൽ റെക്കോർഡ് കുറിച്ചിട്ടുണ്ടാകും. മാപ്പിളപ്പാട്ടുകളിൽ പലതും എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. പക്ഷേ, പുരസ്കാരങ്ങളൊന്നും കെ.ടിയെ തേടിയെത്തിയില്ല. 3000 ഗാനങ്ങൾ മൊയ്തീൻ എഴുതി സൂക്ഷിച്ചിട്ടുണ്ട്. മോയിൻകുട്ടി വൈദ്യർ സ്മാരകം അദ്ദേഹത്തിന്റെ 600 ഗാനങ്ങൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിച്ചു. മാപ്പിളപ്പാട്ടിനെ സ്നേഹിക്കുന്നവരോട് ഇഷ്ടമുള്ള പത്തു പാട്ടു പറയാൻ പറഞ്ഞാൽ പകുതിയും കെ.ടിയുടെ പാട്ടുകളായിരിക്കും. ഏറെ ആലോചിച്ചും മൂളിയും പുതിയ പാട്ടിന്റെ പണിപ്പുരയിലിരിക്കുമ്പോഴാണ് കെ.ടിയെ മരണം വന്നു വിളിച്ചത്.

സംഗീതജ്ഞരുടെ കൂട്ട്

ജ്യേഷ്ഠൻ കെ.ടി. മുഹമ്മദ് എന്ന ഗാനരചയിതാവിന്റെ പിന്നാലെ, പതിനാലാം വയസ്സിലാണ് മൊയ്തീൻ സംഗീതലോകത്തെത്തുന്നത്. മുഹമ്മദ് എഴുതിയ പല ഗാനങ്ങൾക്കും ആദ്യം ശബ്ദം നൽകുക മൊയ്തീനായിരുന്നു. എം.എസ്. ബാബുരാജ്, എ.വി. മുഹമ്മദ്, ഉമ്മർകുട്ടി, രണ്ടത്താണി ഹംസ, കെ.എസ്. മുഹമ്മദ്കുട്ടി, ഹംസ പെരുമണ്ണ, കെ.ടി. മുഹമ്മദ്കുട്ടി, എ.ടി. മുഹമ്മദ് എന്നിവരുടെ സ്വരമാധുരിയിലൂടെയാണ് കെ.ടി. മൊയ്തീന്റെ പല ഗാനങ്ങളും ആസ്വാദകരിലെത്തിയത്. കെ.ടി. മൊയ്തീൻ രചിച്ച് എ.വി. മുഹമ്മദ് പാടിയ പാട്ടുകൾ മാത്രം അൻപതിലേറെയുണ്ട്.

നാട്ടിലെല്ലാ പോക്കിരിമാരെ എനിക്കു വെറും പുല്ല്

നെല്ലിന് വളമാക്കും എല്ല്. പക്ഷേ,

വീട്ടിലെ കെട്ട്യോളെ കണ്ടാൽ പേടിക്കും ഉള്ള്

ചിരവമുട്ടിയെടുത്തവളെന്നെ അടിച്ചതിൽ

പോയതാണീ പല്ല്

എന്ന ഹാസ്യഗാനത്തിലൂടെയാണ് കെ.ടി. പുറത്തുവരുന്നത്. വൈതരണി എന്ന നാടകത്തിനു വേണ്ടിയായിരുന്നു ആ ഗാനം.

എം. എസ്. ബാബുരാജ് ആലപിച്ച

സല്ലാ അലൈക്കല്ലാ വസ്സലാം

സയ്യിദനാ യാ ഖൈറൽ വറാ

സമദായ നാഥന്റെ എന്ന ഗാനം കെ.ടി. മൊയ്തീൻ 30 വർഷം മുമ്പ് എഴുതിയതാണ്.

കല്യാണപ്പാട്ടിന്റെ കെ.ടി.

കല്യാണവീടുകളിൽ പ്രത്യേകമൊരുക്കിയ വേദികളിലാണ് ആദ്യമൊക്കെ മൊയ്തീന്റെ ഗാനങ്ങൾ നിറഞ്ഞുനിന്നത്. പണ്ടുകാലത്ത് വിവാഹങ്ങളിലൊക്കെ ഇദ്ദേഹം രചിച്ച്, ഇദ്ദേഹം തന്നെ ശബ്ദം നൽകിയ ഗാനങ്ങൾ ഒട്ടേറെപ്പേരെ ആവേശഭരിതരാക്കിയിരുന്നു. വട്ടപ്പാട്ട്, വരനും വധുവിനും ബന്ധുക്കൾക്കും മംഗളമാശംസിച്ചും ഇവരുടെ പേര് വച്ചുമുള്ള ഗാനങ്ങൾ തുടങ്ങിയവയായിരുന്നു അന്നൊക്കെ കാര്യമായി അവതരിപ്പിച്ചിരുന്നത്. അക്കാലത്തെ പ്രശസ്തരും പുതിയ ഗായകരുമൊക്കെ ഇന്നും മൊയ്തീന്റെ ഗാനങ്ങൾ ആലപിക്കുന്നുണ്ട്.

പ്രവാസത്തിന്റെ സംഗീതം

1975ൽ ജോലി ആവശ്യാർഥം അബുദാബിയിൽ എത്തി കെ.ടി. മൊയ്തീൻ ഏഴു വർഷത്തെ പ്രവാസജീവിതത്തിനിടയിൽ ഒട്ടേറെ ഗാനങ്ങൾ എഴുതിയിട്ടുണ്ട്. യുഎഇയിലെ നൂറുകണക്കിന് വേദികളിൽ ഗാനമാലപിച്ചിട്ടുമുണ്ട്. സംസ്ഥാനത്തിനു പുറത്ത് തമിഴ്നാട്ടിലെ മദ്രാസ്, തിരുപ്പൂർ എന്നിവിടങ്ങളിലും ഹൈദരാബാദ്, മഹാരാഷ്ട്രയിലെ മീരജ് എന്നിവിടങ്ങളിലും പരിപാടികൾ അവതരിപ്പിച്ചു. മഹാരാഷ്ട്രയിൽ ജോലിചെയ്യുന്നതിനിടെ അവിടെ നിന്ന് ഹിന്ദിയും മദ്രാസിൽനിന്ന് തമിഴും പഠിച്ചെടുത്ത് ഈ രണ്ടു ഭാഷകളിലും ഒട്ടേറെ കാവ്യങ്ങൾ രചിച്ചു.

മറക്കാനാവാത്ത പാട്ടുകൾ

പരൻവിധി ചുമ്മാവിട്ടു ചൊങ്കിൽ നടക്കുന്ന

ശുജാഅത്തു നമുക്കുണ്ടീ നാട്ടിലെ

..............

ആകെലോക കാരണമുത്തൊളി യാ റസൂലെ

എങ്ങും ആദിജോതി പൂരണവിത്തൊളി യാ റസൂലെ

..............

മനുഷ്യാ നീ മറന്നിടുന്നോ മസ്താടി നടന്നിടുന്നോ

ധനമോഹം കവർന്നിടുന്നോ

..............

ഉമ്മുൽഖുറാവിൽ അണഞ്ഞ

ഉമ്മു കിതാബിന്റുടമ നമ്മുടെ

നബിന്റെ മകൾ ഫാത്തിമ ബീവി....

..............

റഹ്മത്തിൻ മാസം റമളാൻ വിശേഷം

ഇഹപരമോക്ഷത്തിൻ ഇബാദത്തിൻ മാസം....

..............

മമ്പുറം പൂ മഖാമിലെ

മൗലദ്ദവീല വാസിലെ

..............

ധീരതകൊണ്ടൊരു പേരു സമ്പാദിച്ച

വീരാളിയാം അസദുല്ലാ

..............

സുഖമിതു മാറും സുയിപ്പായിത്തീരും

സഖറാത്തിൽ മൗത്തിന്റെ നേരം

..............

ആമിനാബി പെറ്റ അഹമ്മദ് യാ റസൂലേ

അഖില ജഗത്തിൻ വിത്തേ മുഹമ്മദ് യാ റസൂലേ

..............

മട്ടത്തിൽ പന്തലുകെട്ടി ചുറ്റും കസേര നിരത്തി മൊഞ്ചുകൾ പറയാൻ എന്തൊരു കൗതുക കല്ലിയാണം

കല്ലിയാണമേ കല്ലിയാണമേ കണ്ണഞ്ചുന്നൊരുല്ലാസം...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.