Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു പതിറ്റാണ്ടുകൾ പിന്നി‌ട്ട് കഭീ കഭീ

kabhikabhi

ചില പാട്ടുകളെ വിശേഷിപ്പിക്കാൻ ക്ലാസിക് എന്ന വാക്കുപോലും ഏറ്റവും കുറഞ്ഞതാണെന്ന് തോന്നാറില്ലേ. നക്ഷത്രങ്ങൾക്കിടെ ജീവിച്ചിരുന്ന നീ ഭൂമിയിലേക്ക് ക്ഷണിക്കപ്പെട്ടതു തന്നെ എനിക്കു വേണ്ടിയാണെന്ന് പറഞ്ഞ ആ പ്രണയഗീതം അത്തരത്തിലൊന്നാണ്. നിലാവിനെയും നക്ഷത്രത്തിന്റെ നിഗൂഢ ഭംഗിയേയും പോലെ കാലമിത്രയും കടന്നുപോയിട്ടും മറവിയെന്ന മരണം തൊടാത്ത പാട്ട്. കഭീ കഭീ മേരെ ദിൽ മേം എന്ന ഗീതം കേൾക്കാൻ തുടങ്ങിയിട്ട് നാൽപതാണ്ട് പിന്നിടുന്നു.

കഭീ കഭീ മേരേ ദിൽ മേം

ഖയാൽ ആതാ ഹേ

1976ലെ ജനുവരി 27നാണ് ഈ സുന്ദരമായ ഗീതത്തോടെ കഭീ കഭീ എന്ന ചിത്രമെത്തിയത്. യാഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രത്തിലെ ഈ പാട്ടെഴുതിയത് സാഹിർ ലുധിയാൻ‌വിയാണ് ഈണിട്ടത് ഖയ്യാമും. താരാപഥങ്ങളിൽ നിന്നിറങ്ങി വന്ന പെണ്ണെന്ന് പ്രണയിനിയെ വിശേഷിപ്പിച്ച പാട്ടെഴുത്തും കാൽപനികതയുടെ കൈക്കുടന്ന‌യിലേക്ക് ശ്രുതി മീട്ടിയ ആ സംഗീത സംവിധാനവും വിഷാദം നിഴലിച്ച പ്രണയസ്വരമായ മുകേഷും 1977ൽ സംഗീതത്തിനുള്ള എല്ലാ ഫിലിം ഫെയർ അവാർഡുകകളും നേടിയെടുത്തു. എന്താണ് ഈ പാട്ടിനെ ഇത്രയും സുന്ദരമാക്കിയതെന്ന് ചോദിച്ചാൽ മറുപടി ഒന്നേയുളളൂ. എഴുത്തും ഈണവും അതു പാടിയ സ്വരവും ഒന്നിനോടൊന്ന് സുന്ദരമായി. ഏതാണ് ഏറ്റവും നല്ലതെന്ന് ഇഴതിരിക്കുക അസാധ്യം തന്നെ.

muskesh-singer.jpg.image.784.410 മുകേഷ്

തീക്ഷണത കൂടും തോറും പ്രണയം എത്രത്തോളം സുന്ദരമാകുമെന്നും അതിനെ കുറിച്ചെഴുതുമ്പോൾ വരികൾ അതിനേക്കാൾ തീവ്രമാകുമെന്നും നമുക്ക് മനസിലാക്കി തന്നു സാഹിർ ലുധിയാൻ‌വി. പാട്ടെഴുതുന്നവർക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന ഒരു കാലഘട്ടത്തിലെ പ്രതിനിധിയാണ് ലുധിയാൻ‌വി. ലതാ മങ്കേഷ്കറേക്കാൾ ഒരു രൂപയെങ്കിലും അധികം ശമ്പളം വേണമെന്ന പറയാൻ കാണിച്ച തന്റേടം പാട്ടെഴുത്തിലും പ്രതിഫലിച്ചിരുന്നു. തന്റേടിയായ ആ കവിക്കു മുന്നിൽ ബോളിവുഡ് കാത്തിരുന്നിട്ടുണ്ട് ഒരു പാട്ടിനായി.

sahir-lyricist.jpg.image.784.410 സാഹിർ ലുധിയാൻ‌വി

ലുധിയാൻവി എഴുതിയ ഉറുദു കവിതയിലെ ഏതാനും വരികളാണ് സിനിമാ ഗാനമായി മാറിയത്. തൽഖിയാൻ എന്ന കവിതാ സമാഹാരത്തിലെ കവിതയായിരുന്നു. താത്വികമായ കവിത, സിനിമാ പാട്ടായപ്പോഴും അതിന്റെ സ്വാധീനത്തിന് ഒരു കോട്ടവും തട്ടിയില്ല. അഭ്രപാളി സമ്മാനിച്ച എക്കാലത്തേയും മികച്ച പ്രണയഗാനത്തിന് അഭിനയം കൊണ്ട് യാഥാർഥ്യ സ്വഭാവം നൽകിയത് ബച്ചനും രാഖിയും ചേർന്നാണ്. മഞ്ഞുകണങ്ങളും പൈൻ മരങ്ങളും ആ പ്രണയത്തിന് നല്ല ചങ്ങാതികളായി. അവരും അങ്ങനെ കാലാതീതമായ പ്രണയഗീതത്തിന്റെ ഭാഗമായി. സത്യത്തിൽ 1950ലാണ് ഈ പാട്ട് ജനിച്ചത്. ചേതൻ ആനന്ദിന്റെ ചിത്രത്തിലേക്കായി ഖയ്യാം തന്നെ ഈണമിട്ടിരുന്നു. പക്ഷേ ചിത്രം പുറത്തിറങ്ങിയില്ല.

ഗായക നിരയിൽ പലരും പലവട്ടം ഈ പാട്ടു പാടി. വാദ്യോപകരണങ്ങളും. എത്ര ഭാഷകളിൽ എത്ര സിനിമകളിൽ ഈ ഗാനം ഉപയോഗിച്ചിരിക്കുന്നു. സിബി മലയിൽ സംവിധാനം ചെയ്ത മായാമയൂരത്തിൽ ചിത്രയാണ് ഈ ഗാനം പാടിത്തന്നത്. എനിക്കു പാടാനേയറിയില്ല എന്നു പറയുന്നവർ പോലും ഒരായിരം പ്രാവശ്യം ഇതു പാടിക്കാണും. മനസിലിട്ടും ചുണ്ടത്തുമായി. വേദികളെ വേര്‍തിരിക്കാത്ത തലക്കനം തീണ്ടാത്ത ഇതിഹാസ ഗായകനെ പോലെയാണ് ഈ പാട്ടും. അതുകൊണ്ടാവും കഭീ കഭീ മേരേ ദിൽ മേം എന്ന് പാടി നമുക്ക് മതിവരാത്തത് ഓരോ കേഴ്‌വിയിലും പുതിയ ചേല് ഈ പാട്ടിന് കൈവരുന്നതും. കാൽപനികതയുടെ ഏറ്റവും മനോഹരമായ ഭാവത്തെ ഉൾക്കൊള്ളുന്ന ഈ പാട്ടിനൊപ്പം മറ്റൊന്നും ഇക്കാലത്തിനിടയിലുണ്ടായിട്ടുമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.