Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണമില്ലാത്ത മണിമുഴക്കം ഈ ഗീതങ്ങള്‍

mani-kalabhavan

അഭിനയ മൂർച്ചയിൽ വെള്ളിത്തിരയുടെ അതിരുകൾക്കപ്പുറം കടന്നുപോയ ഒരുപിടി വേഷങ്ങള്‍ മാത്രമല്ല, കലാഭവൻ മണിയെന്ന മനുഷ്യനെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. അയാൾക്കുള്ളിലെ മനുഷ്യസ്നേഹിയും പാട്ടുകാരനും നമ്മെ അത്രതന്നെ സ്വാധിനിച്ചിട്ടുണ്ട്. മണ്ണിനുള്ളിലേക്ക് അയാൾ കൂടൊരുക്കാൻ പോയപ്പോൾ ഇങ്ങനെ നെഞ്ചു പിടയുന്നത് പ്രാണൻ പറിച്ചെടുത്ത് ഓർമ്മകളിങ്ങനെ ചുറ്റിത്തിരിയുന്നത് ആ ജീവൻ നമ്മിലുണ്ടാക്കിയ സ്വാധീനം അത്രയേറെ ആഴമുള്ളതാണെന്നുള്ളതുകൊണ്ടു തന്നെ. ചാലക്കുടി പുഴക്ക് അവിടുത്തെ ഓളങ്ങൾക്ക് അവിടുത്തെ മനുഷ്യർക്ക് മലയാള സിനിമയ്ക്ക് മണ്ണിന്റെ മണമുള്ള ഈ മനുഷ്യൻ പാടിക്കൊടുത്ത ഗീതങ്ങള്‍, മണിഗീതങ്ങൾ മുഴങ്ങിക്കൊണ്ടേയിരിക്കുന്നതും അതുകൊണ്ടു തന്നെ.

നാടൻ പദങ്ങളുടെയും കാഴ്ചകളുടെയും ചേല് ഒരുപാടുവട്ടം പാടിത്തന്ന മണി ഇരുപത്തിയഞ്ചോളം സിനിമാ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. അന്തിക്കള്ളും കുടിച്ച് കുട്ടനാടിന്റെ രാത്രി കാഴ്ചയിലേക്ക് താളംപകർന്ന ആ പാട്ട് ഇന്നും നമ്മുടെ മനസിലെ താളക്കൂട്ടുകൾക്കിടയിലുണ്ടെങ്കിൽ അതിനു കാരണം മണിയുടെ ആലാപനത്തിലെ ശൈലികൊണ്ടു കൂടിയാണ്. ഓളപ്പരപ്പിന്റെ ഉയർച്ച താഴ്ചപോലെ മണിയുടെ ശബ്ദം പൊന്തിയും താഴ്ന്നും ഇന്നുമവിടെ കാണും... ആ പുഴയ്ക്കും രാത്രിയ്ക്കും ഒരിക്കലും മറക്കാനാകില്ല മണി അവർക്കായി പാടിയ ഈ പാട്ട്. മോഹൻ സിത്താരയാണ് കാഴ്ചയെന്ന ചിത്രത്തിലെ ഈ ഗാനത്തിന് ഈണം പകർന്നത്. കലാഭവൻ മണിക്കൊപ്പം മധു ബാലകൃഷ്ണനാണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്.കൈതപ്രമാണ് ഈ വരികൾ കുറിച്ചത്.

ഉള്ളംതുറന്ന് മണി പാടിയപ്പോൾ ഭംഗിയേറിയ മറ്റൊരു പാട്ടാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന ചിത്രത്തിലേത്. കാക്കാലൻ കുരുവിപ്പെണ്ണേയെന്ന് മണി പാടിത്തുടങ്ങുമ്പോള്‍ തന്നെ നാലു ദിക്കും പാട്ടിന് കാതോർത്തു പോകും. കഥാപാത്രങ്ങൾ തന്നെ ഗായകരായി മാറുന്ന രീതി മലയാളത്തിൽ ഒരുപാടുവട്ടമുണ്ടായിട്ടുണ്ട്. എന്നാൽ മണി ചെയ്തതു പോലെ അത്രയും സുന്ദരമായി ആരെങ്കിലും പൂർണത വരുത്തിയിട്ടുണ്ടോയെന്ന് ചോദിച്ചാൽ നിസംശയം പറയാം. ഇല്ല.എസ് രമേശൻ നായരുടേതാണ് ഈ വരികള്‍. ബേണി ഇഗ്നേഷ്യസാണ് ഇതിന് ഈണമിട്ടത്.

ചെമ്പഴുക്ക ചെമ്പഴുക്ക ചക്കര ചെമ്പഴുക്ക...മഞ്ജു വാര്യർ ഗായിക കൂടിയായ ചിത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ട്. അവരുടെ ജീവിതത്തിലെ ഏറ്റവും തീവ്രമായ കഥാപാത്രങ്ങളിലൊന്നും ഇതിലെ തന്നെ. ചിത്രത്തിലെ ഈ ഗാനം മഞ്ജുവിനൊപ്പം പാടിയത് ദാസേട്ടനും മണിയുമാണ്. മൂന്നു പേരുടെയും ശബ്ദം ചേർന്നപ്പോൾ െചമ്പഴുക്കയുടെ ഭംഗി പോലെ ഈ പാട്ടും നമ്മുടെ മനസും കീഴടക്കി. മണിയുടെ ആലാപനം നിറഞ്ഞു നിൽക്കുന്നില്ലെങ്കിലും ആ ശബ്ദം പതിഞ്ഞ വരികളെല്ലാം ഹൃദയത്തിൽ ചേക്കേറി. കാവാലം നാരായണ പണിക്കരുടേതാണ് വരികൾ. സംഗീതം എം.ജി. രാധാകൃഷ്ണന്റേതും.

ചെണ്ടയെ കുറിച്ച് പഴംചൊല്ലും പഴങ്കഥകളും കഥകളും നാമൊരുപാട് കേട്ടിട്ടുണ്ട്. എന്നാൽ നാട്ടുവഴികളിൽ ഏറ്റവുമധികം ഉയര്‍ന്നു കേൾക്കുന്ന താളത്തെ മണി പാടിയപ്പോൾ അതിമനോഹരമായി. കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി മാരാര് പണ്ടൊരു ചെണ്ട...കോലോണ്ടു തൊട്ടാൽ ചിരിക്കുന്ന ചെണ്ട മേളത്തഴമ്പുള്ള ചെണ്ട....മണി പാടി നിർത്തിയപ്പോൾ മനസിനുള്ളിൽ ചെണ്ട താളം പിടിച്ചു അതിന്റെ തേങ്ങലും അതിനൊപ്പം ഉയർന്നു കേട്ടു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ ഈ പാട്ടിന് വരികളെഴുതിയത് യൂസഫലി കേച്ചേരിയാണ് ഈണം മോഹൻ സിതാരയുടേതും.

മലയാളത്തെക്കൊണ്ട് കൈകൊട്ടിച്ച് ഒപ്പം പാടിച്ചിട്ടുണ്ട് മണി പലപ്പോഴും. അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും അങ്ങനെ തന്നെ. കൂട്ടുകാർക്കൊപ്പം സൗഹൃദത്തിന്റെ കൊട്ടാരം പണിയുമ്പോൾ അന്തിക്ക് വിളക്കുകത്തിച്ച് സൊറ പറഞ്ഞിരിക്കുമ്പോൾ നാട്ടിലെ ഉത്സവത്തിൽ ആവേശത്തിന്റെ കൊടുമുടി കയറുമ്പോൾ നമുക്ക് പാടിത്തകർക്കാൻ, കൈതാളം പിടിച്ച് പാടാൻ എത്രയോ പാട്ടുകൾ. കൈകൊട്ട് പെണ്ണേ കൈകൊട്ട് പെണ്ണേ....അത്തരത്തിലൊരു ഗീതമാണ്. ഈ പാട്ടും മണിക്ക് നൽകിയത് മോഹൻ സിതാരയാണ്. വരികൾ കേച്ചേരിയുടേതും.

മാലമ്മലല്ലൂയ തക തക മാലമ്മലല്ലൂയ....സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം നാഗമാണിക്യത്തിന്റെ തിളക്കമുള്ള ചിത്രങ്ങളിലൊന്നായിരുന്നു. ഒരു ചലച്ചിത്ര കാവ്യം. അതിലെ ഈ പാട്ട് മണിയാണ് പാടിയത്. ഇതിലെ ചെമ്പനെന്ന കഥാപാത്രം മണിയുടെ അഭിനയ വഴികളിലെ ഏറ്റവും കരുത്തുറ്റ ഒന്നാണ്. ചെമ്പന്റെ ജീവിതത്തിൽ നേരിട്ട ഇരുൾ വീഴ്ചയുടെയും നഷ്ടപ്പെടലിന്റെയും വേദന ശബ്ദത്തിലും അഭിനയത്തിലും മണി സന്നിവേശിപ്പിച്ചു. ആളിക്കത്തുന്ന തീക്ക് ചുറ്റും നിന്ന് വെള്ളിവീണ കണ്ണുവീണുമായി ചിലമ്പണിഞ്ഞ് കാടിറങ്ങി വന്ന മനുഷ്യനെ പോലെ, ചെണ്ട കൊട്ടി മുടിയഴിച്ച് സിന്ദൂരം ചാർത്തി നിന്ന് മണി പാടുന്ന ഈ രംഗങ്ങൾ മതി ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ ആഴമറിയാന്‍. ഗിരീഷ് പുത്തഞ്ചേരിയാണ് മണി പാടിയ പാട്ടിന്റെ വരികളെഴുതിയത്. ഈണം എം ജി രാധാകൃഷ്ണന്റേതും.

യാഥാര്‍ഥ മുഖം ഒട്ടും ചോർന്നു പോകാതെ വരികളെഴുതുമ്പോൾ അതിലെ സംഗീതാത്മകതയെ അതിലുമുൾക്കൊണ്ട് പാടാൻ മണിക്കെപ്പോഴും സാധിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ തേടി സിനിമാ ലോകം വീണ്ടും വീണ്ടും പാട്ടുമായി എത്തിക്കൊണ്ടിരുന്നത്. ഇനിയുണ്ടാകുമോ എല്ലാംകൊണ്ടും കഥാപാത്രത്തിന്റെ ജീവനായി മാറാൻ കഴിവുള്ള, മണ്ണിന്റെ നേരുള്ള ഒരു മനുഷ്യൻ. മരണമില്ലാത്ത മണിമുഴക്കം പോലുള്ള ഗീതങ്ങൾ പാടിത്തരുവാൻ മറ്റൊരാൾ....

Your Rating: