Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എങ്ങനെ നീ മറക്കും ?

കോഴിക്കോട് അബ്ദുൽ ഖാദർ (ഇരിക്കുന്നത്) തന്റെ സംഗീതട്രൂപ്പിലെ മറ്റു കലാകാരൻമാർക്കൊപ്പം.  തൊട്ടുപിന്നിൽ മകൻ നജ്മൽ ബാബു. കോഴിക്കോട് അബ്ദുൽ ഖാദർ (ഇരിക്കുന്നത്) തന്റെ സംഗീതട്രൂപ്പിലെ മറ്റു കലാകാരൻമാർക്കൊപ്പം. തൊട്ടുപിന്നിൽ മകൻ നജ്മൽ ബാബു. (ഫയൽ ചിത്രം)

മലബാറിലെ പ്രസിദ്ധമായ സിനിമാകൊട്ടകങ്ങളിലൊന്നായ കോഴിക്കോട് ക്രൗൺ തിയറ്റർ. ഇവിടത്തെ റയിൽവേ സ്റ്റേഷനെ വെള്ളയിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന അരബിന്ദ് ഘോഷ് റോഡ്. ഇവിടെ തിരക്കിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന കൂരിയാൽ ലെയ്ൻ. ഈ ഇടവഴിക്ക് ഇന്നൊരു പുതിയ മുഖമുണ്ട്.കിഴക്കുനിന്നു പടിഞ്ഞാട്ടേക്കു വളഞ്ഞു തിരിഞ്ഞു പോകുന്ന ഈ കൊച്ചു നിരത്ത് ഒരു വലിയ ശിലാഫലകം ഏന്തി നിൽക്കുന്നു: കോഴിക്കോട് അബ്ദുൽ ഖാദർ റോഡ്.ആ ബോർഡിനു പിന്നിലെ മനുഷ്യൻ ഒരൽപം നേരം അതുവഴി കടന്നുപോകുന്ന പല ഹൃദയങ്ങളെയും ത്രസിപ്പിക്കുന്നുണ്ടാകുന്നില്ലേ? കാരണം, ഈ ഇടവഴിയിലെ കൊച്ചു വീടുകളിൽ ഒന്നിലായിരുന്നു മഹാനായ ആ ഗായകൻ വർഷങ്ങളോളം അന്തിയുറങ്ങിയത്.

കോഴിക്കോട് അബ്ദുൽ ഖാദർ എന്ന ആ ഗാനഗന്ധർവൻ മരിച്ചിട്ട് 38 വർഷങ്ങളാകുന്നു. ജൂലൈ 19ന് ഇദ്ദേഹത്തിന്റെ നൂറാം ജന്മദിനം.കോഴിക്കോട് മിഠായിത്തെരുവിൽ വാച്ച്കട നടത്തിയിരുന്ന ജെ.എസ്. ആൻഡ്രൂസിന്റെ എട്ടു മക്കളിൽ ഒരാളായി പിറന്ന ലെസ്​ലി ആൻഡ്രൂസ് എന്ന മെലിഞ്ഞു നീണ്ട പയ്യനാണ് പ്രസിദ്ധനായ കോഴിക്കോട് അബ്ദുൽ ഖാദറായി മാറിയത്. ചെറുപ്പത്തിൽ പള്ളിപ്പാട്ടു പാടുന്നവരുടെ സംഘത്തിൽ ചേർന്നു സംഗീതവാസന വളർത്തിയെടുത്ത കുട്ടി, മെഹ്ഫിലുകൾ നിറഞ്ഞ രാത്രികളെ നഗരത്തിൽ തേടിനടന്നു.

കൗമാരത്തിലേ മാതാവിനെ നഷ്ടപ്പെട്ട ലെസ്​ലി, സ്കൂൾ ഫൈനൽ പാസായപ്പോഴും തൊഴിൽരഹിതനായി നടക്കുന്നതു കണ്ട്, പിതാവ് ബർമയിലെ തന്റെ സഹോദരിയുടെ അടുക്കലേക്കയച്ചു. എന്നാൽ അവിടെയും പാട്ടിന്റെ ലോകം തേടി നടക്കുകയായിരുന്നു, ലെസ്​ലി. മാസങ്ങളധികം കഴിയുംമുമ്പ് ആരെയും അറിയിക്കാതെ മടക്കയാത്ര. തല മൊട്ടയടിച്ച് പൈജാമയും തുർക്കിത്തൊപ്പിയും ധരിച്ച് അബ്ദുൽ ഖാദർ എന്ന പേരോടെ മതം മാറി വന്ന മകൻ ലെസ്​ലിയെ നാട്ടിൽ കണ്ട് ക്രുദ്ധനായ പിതാവ് വീട്ടിൽ കയറ്റിയില്ല. എങ്കിലും ആ പിതൃഹൃദയം വേദനിച്ചു. തൊട്ടടുത്ത് ഒരു ഹോട്ടലിൽ ചെന്ന് ഇവൻ എപ്പോൾ വന്നു ചോദിച്ചാലും എന്തെങ്കിലും കഴിക്കാൻ കൊടുക്കണമെന്നു പിതാവ് നിർദ്ദേശിച്ചു.

ആ നിസ്സഹായതയിൽ അലഞ്ഞുനടക്കവെ, കോറണേഷൻ തിയറ്ററിനടുത്ത് പൊലീസ് ലൈനിൽ താമസിച്ചിരുന്ന കുഞ്ഞുമുഹമ്മദ് എന്ന കോൺസ്റ്റബിൾ രക്ഷകനായി എത്തി. തന്റെ വീട്ടിലേക്കദ്ദേഹം ഖാദറെ വിളിച്ചുകൊണ്ടുപോയി.അപ്പോൾ ആ വീട്ടിൽ മറ്റൊരാൾ സംഗീതം സ്വപ്നം കണ്ടു നടക്കുന്നുണ്ടായിരുന്നു. പിൽക്കാലത്ത് പ്രശസ്തനായ സാക്ഷാൽ എം.എസ്. ബാബുരാജ്. തെരുവിൽനിന്നു തന്നെയാണ് ബാബുരാജിനെയും കലാപ്രേമിയായ കോൺസ്റ്റബിൾ എടുത്തുവളർത്തിയത്. തന്റെ സഹോദരിമാരായ ആച്ചുമ്മയെ അബ്ദുൽ ഖാദറിനും ഇളയവൾ നഫീസയെ ബാബുരാജിനും കുഞ്ഞുമുഹമ്മദ് വിവാഹം ചെയ്തുകൊടുത്തു. പിന്നാലെയാണ് അബ്ദുൽ ഖാദർ, ഇന്നു തന്റെ പേര് വഹിച്ചു നിൽക്കുന്ന കൂരിയാൽ ലൈനിലെ പൊലീസ് ക്വാർട്ടേഴ്സിലേക്കു താമസം മാറിയത്. അന്ത്യവും അവിടെവച്ചുതന്നെ.

Kozhikode Abdul Kader കോഴിക്കോട് അബ്ദുൽ ഖാദർ

നാടകങ്ങളിൽ പാടിയും അഭിനയിച്ചും അബ്ദുൽ ഖാദർ തന്റെ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടി. രാഷ്ട്രീയ വേദികളും ആ യുവാവിനെ ആകർഷിച്ചു. ആയിടയ്ക്കാണ് ചെറുകാടിന്റെ ‘നമ്മളൊന്ന് എന്ന നാടകം അരങ്ങേറിയത്. അതിൽ ‘‘പച്ചപനംതത്തേ പുന്നാര പൂമുത്തേ എന്ന ഗാനം കാണികളെ കയ്യിലെടുത്തു. പിന്നാലെ ആകാശവാണിയുടെ കോഴിക്കോട് നിലയത്തിലും ഈ ചെറുപ്പക്കാരന് അവസരം കിട്ടിത്തുടങ്ങി. ലളിതഗാനങ്ങളും നാടകഗാനങ്ങളുമായി നിറഞ്ഞുനിന്നപ്പോഴും മിക്കപ്പോഴും ഹാർമോണിയവും തബലയുമായിരുന്നു കൂട്ട്. ബാബുരാജും ഉസ്മാനും തുടങ്ങി കെ.ടി. മുഹമ്മദ്, പി.എം. കാസിം, വാസു പ്രദീപ്, ആഹ്വാൻ സെബാസ്റ്റ്യൻ തുടങ്ങിയ നാടക പ്രവർത്തകരും കൂട്ടായി.

ആകാശവാണിയിലൂടെയാണ് ഖാദർ ഏറെയും പാടിയത്. അതിനിടയ്ക്കാണ് മുംബൈയിൽ ഒരു പരിപാടി നടത്താൻ അവസരം ലഭിച്ചത്. ഷൺമുഖാനന്ദ ഹാളിൽ സൈഗാളിന്റെ പാട്ടുകൾ പാടി സംഗീതാസ്വാദകരെ അദ്ദേഹം കയ്യിലെടുത്തു. ആ സ്വരരാഗസുധയെപ്പറ്റി ബോളിവുഡ് കേട്ടറിഞ്ഞു. ഒരു ഹിന്ദി ചലച്ചിത്രത്തിൽ പാടാൻ ഈ മലയാളി യുവാവിന് അവസരം തുറന്നുകിട്ടി. പ്രശസ്ത സംവിധായകനായ മെഹബൂബ് ഖാനാണ് അദ്ദേഹത്തെ ക്ഷണിച്ചതും. എന്നാൽ രണ്ടരവയസ്സുള്ള മകന്റെ മരണവാർത്ത കേട്ട് അബ്ദുൽ ഖാദർ നാട്ടിലേക്കു മടങ്ങി. മുംബൈയിലേക്കു തിരിച്ചു പോയതുമില്ല.

'തങ്കക്കിനാക്കൾ ഹൃദയേ വീശും' എന്ന പാട്ടിലൂടെ ദക്ഷിണാമൂർത്തി 1951ൽ 'നവലോകത്തിൽ' ആ ഗായകനെ അവതരിപ്പിച്ചു. വ്യത്യസ്തമായ ഒരു ശബ്ദം പിറക്കുകയായിരുന്നു. അതിനു ജീവൻ നൽകിയ ഗായകനെ മലയാളികൾ നെഞ്ചോടു ചേർത്തു. മൂന്നുവർഷത്തിനകം അഖിലേന്ത്യാ ഖ്യാതി നേടിക്കൊണ്ടാണ് നീലക്കുയിൽ എന്ന ചലച്ചിത്രം തിയറ്ററുകളിലെത്തിയത്. പി. ഭാസ്ക്കരന്റെ രചനയും കെ. രാഘവന്റെ സംഗീതവും ചേർന്നു ജുഗൽബന്ദി തീർത്തപ്പോൾ "എങ്ങനെ നീ മറക്കും കുയിലേ" എന്ന പ്രശസ്തമായ ശോകഗാനം അബ്ദുൽ ഖാദറിന്റെ ശബ്ദത്തിൽ പിറന്നു. ഉറൂബിന്റെ കഥയിൽ രൂപംകൊണ്ട നീലക്കുയിൽ എന്ന 1954ലെ ചിത്രം ദേശീയ അവാർഡ് നിലവാരത്തിലെത്തിക്കാൻ സംവിധായകരായ പി. ഭാസ്ക്കരനും രാമുകാര്യാട്ടിനും സാധിച്ചപ്പോൾ കെ. രാഘവന്റെ സംഗീതത്തോടൊപ്പം അബ്ദുൽ ഖാദറിന്റെ "എങ്ങനെ നീ മറക്കും കുയിലേ" എന്ന ഗാനവും പ്രശസ്തിയുടെ ഉന്നതിയിലെത്തി.

തന്റെ ഹാർമോണിസ്റ്റിനേയും അബ്ദുൽഖാദർ കൈവിട്ടില്ല. കല്യാണവീടുകളിലും രാഷ്ട്രീയ വേദികളിലും ഹാർമോണിയവുമായി തന്നെ അകമ്പടി സേവിച്ച ബാബുരാജിനെ സിനിമാരംഗവുമായി ഖാദർ പരിചയപ്പെടുത്തി. തിരമാലയിൽ (1953) പി. ഭാസ്ക്കരന്റെ പാട്ടുകൾക്ക് വിമൽകുമാർ സംഗീതം ഒരുക്കിയപ്പോൾ ബാബുരാജ് സഹായി ആയി.

രാമുകാര്യാട്ട് സംവിധാനം നിർവഹിച്ച മിന്നാമിനുങ്ങിൽ (1957) ബാബുരാജ് സംഗീത സംവിധായകനായി. ബാബുരാജ് അതോടെ സിനിമയിൽ നിറസാന്നിധ്യമായെങ്കിലും ആ സ്വാധീനം തനിക്കുവേണ്ടി വിനിയോഗിക്കാൻ ബാബുരാജിനെ ഖാദർ അനുവദിച്ചില്ല. നിണമണിഞ്ഞ കാൽപ്പാടുകളിൽ ഖാദറിനെ ഉദ്ദേശിച്ച് രൂപപ്പെടുത്തിയ "അനുരാഗ നാടകത്തിൽ" എന്ന പാട്ടുപോലും ഉദയഭാനുവാണ് പാടിയത്. 'എന്തിനു കവിളിൽ ബാഷ്പധാര' തുടങ്ങിയ മൂന്നു ജനപ്രിയ ഗാനങ്ങളുമായി ഇറങ്ങിയിട്ടും മിന്നാമിനുങ്ങ് പരാജയപ്പെട്ടതിനാലാവണം പിന്നെ ഖാദറിനു സിനിമയിൽ ഒരവസരം ലഭിച്ചത് ഒൻപതു വർഷങ്ങൾക്കുശേഷം മാണിക്യ കൊട്ടാരത്തിലായിരുന്നു.

എന്നാൽ 'മിന്നാമിനുങ്ങിൽ' ആദ്യമായി സ്വതന്ത്രസംഗീത സംവിധാനം നിർവഹിച്ചപ്പോൾ തന്നെ മൂന്നു പാട്ടുകൾക്കും അബ്ദുൽ ഖാദറിന്റെ ശബ്ദം തേടിയ ബാബുരാജ് "മാണിക്യ കൊട്ടാരത്തിൽ നക്ഷത്രപ്പൂക്കളായി" എന്ന പാട്ട് ഖാദറിനെ കൊണ്ടുതന്നെ പാടിച്ചു. ഖാദറിന്റെ ഒടുവിലത്തെ സിനിമാപ്പാട്ടുമായിരുന്നു അത്.

"കവിളിൽ ബാഷ്പധാര മാഞ്ഞിടാതെ മധുരനിലാവേ പരിതാപമിതേ ഹാ ജീവിതമേ" എന്നിങ്ങനെ നവലോകത്തിലെ പാട്ടുകളും "നരകം ഇരുളിൽ മായുന്നുവോ" എന്ന തിരമാലയിലെ ഗാനവും എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടവയായിരുന്നു.

63 വർഷം നീണ്ട ജീവിതത്തിനിടയിൽ ഏഴു സിനിമകളിൽ മാത്രമേ അദ്ദേഹത്തിനു പാട്ട് പാടാൻ അവസരം ലഭിച്ചുള്ളൂ എന്നത് അവിശ്വസനീയമായി തോന്നാം. വർഷത്തിൽ ഏതാനും മലയാള ചലച്ചിത്രങ്ങളേ ഇറങ്ങിയിരുന്നുള്ളൂ എന്നത് ഒരു കാരണം. എല്ലാത്തരം പാട്ടുകൾക്കും നൽകാവുന്ന സ്വരരാഗം അബ്ദുൽ ഖാദറിനു വശമില്ലായിരുന്നു എന്നത് മറ്റൊന്ന്. മലയാളത്തിൽ ആദ്യമായി ഗസലുകൾ അവതരിപ്പിച്ചതും അബ്ദുൽ ഖാദർ ആയിരുന്നുവെന്നു പലരും ഓർക്കുന്നുണ്ടാവില്ല. വാസുപ്രദീപ് രചിച്ച "മായരുതേ വനരാധേ" എന്ന വരികൾക്ക് ഗസൽ രൂപം നൽകിയ ഖാദർ അതൊരു മനോഹര ഗസൽ ആക്കി മാറ്റി. "പാടാനോർത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ ഞാൻ" എന്ന ഗസൽ മഹാകവി രവീന്ദ്രനാഥ ടഗോറിന്റെ ജൻമശതാബ്ദിയോടനുബന്ധിച്ച് ഗീതാഞ്ജലിയെ അവലംബിച്ച് പി. ഭാസ്ക്കരനും കെ. രവീന്ദ്രനും തീർത്തതായിരുന്നു.

ശരീരസൗന്ദര്യം കൊണ്ട് അനുഗ്രഹീതനായ അബ്ദുൽ ഖാദർ ശാരീര സൗകുമാര്യം കൊണ്ടും ശ്രദ്ധേയനായ കലാകാരനായിരുന്നു. എന്നാൽ ജീവിതത്തിൽ കാര്യമായി ഒന്നും നേടിയെടുക്കാൻ കഴിയാതെ ഇല്ലായ്മകളെ സ്വയം വരിച്ചാണ് അദ്ദേഹം ജീവിതത്തിലും പിന്നണിയിലേക്ക് മറഞ്ഞത്.

കൂട്ടുകാരനായിരുന്ന വാസുപ്രദീപിന്റെ പ്രദീപ് ആർട്സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം പാട്ടുപാടി നിർവഹിക്കാനും സ്വന്തം മകളുടെ കല്യാണത്തിനു യേശുദാസിനെ വിളിച്ചുവരുത്തി പാടിക്കാനും ഒക്കെ സാധിച്ച അബ്ദുൽ ഖാദറിനു പക്ഷേ സ്വന്തം ജീവിതം താളപ്പെടുത്താൻ സാധിച്ചില്ല.

എന്തൊരു ദാഹം, എന്തൊരു മോഹം, എന്തൊരു തീരാത്ത, തീരാത്ത ശോകം എന്നു പാടിയ ഗായകനെ ഒരു പ്രതിഫലവും നൽകാതെ വേദികളായ വേദികളിലൊക്കെയും ആളെക്കൂട്ടാൻ കൊണ്ടുപോയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലും മറന്നുപോയി. പ്രസ്ഥാനങ്ങൾക്കായി രാപകൽ പാട്ടുപാടി നടന്നു ഒടുവിൽ ചോര ഛർദ്ദിച്ചു മരിച്ച ഒരു ഗായകന്റെ കഥ നാടകമാക്കി അവതരിപ്പിച്ചപ്പോൾ പ്രശസ്ത നാടകകൃത്തും, നടനും, സംവിധായകനും ആർട്ടിസ്റ്റുമായിരുന്ന പഴയകാല സഹപ്രവർത്തകൻ വാസുപ്രദീപ് മനസ്സിൽ ഉദ്ദേശിച്ചത് അബ്ദുൽ ഖാദറിനെ ആണോ എന്നറിയില്ല.

അയൽവാസിയും ബാല്യകാല സുഹൃത്തുമായ ദമയന്തിയെ ഭർത്താവ് ഉപേക്ഷിച്ചുപോയപ്പോൾ കലാരംഗത്തെന്നപോലെ ജീവിതത്തിലേക്കും അവരെ ശാന്താ ദേവിയായി തിരിച്ചുകൊണ്ടുവന്ന അബ്ദുൽ ഖാദർ അവരെ ഭാര്യയായും സ്വീകരിച്ചു. നാടകം–സിനിമ നടനും ഗായകനുമായ സത്യജിത്ത് അവരുടെ പുത്രനായിരുന്നു. ഗസൽ ഗായകനായിരുന്ന നജ്മൽ ബാബുവും സുരയ്യാ, മോളി, സാനത്ത്, സീനത്ത്, നസീമ, നാസർ എന്നിവരും ആദ്യഭാര്യ ആച്ചുമ്മയിലെ മക്കളായിരുന്നു.

പാടാനോർത്തൊരു മധുരിത ഗാനം എന്ന ശീർഷകത്തിൽ ഒരു സ്മാരകഗ്രന്ഥവും പാട്ടുകാരൻ എന്ന പേരിൽ ഒരു ഡോക്യുമെന്ററിയും സംഗീതാസ്വാദകനായ നദീം നൗഷാദ് ഒരുക്കുന്നതൊഴിച്ചാൽ അക്ഷരങ്ങൾ മഹാനായ ഈ ഗായകനെ ഓർക്കുന്നില്ല. "താരകമിരുളിൽ മായുകയോ" എന്ന ഗാനം ഒരു കെട്ടിടത്തിന്റെ മേൽപ്പുരയിൽ കയറി പാടി മരണത്തിലേക്കു വഴുതിവീണ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജോൺ ഏബ്രഹാംപോലും ഓർത്തുകാണില്ല, നാളെ ഈ പാട്ടുപാടി അബ്ദുൽ ഖാദറെ സംഗീതലോകം എന്നും സ്മരിക്കുമെന്ന്. നക്ഷത്രക്കണ്ണുള്ള മാണിക്യപ്പൈങ്കിളി മേലോട്ട് വിളിച്ചകാലത്തെപ്പറ്റി ഓർമിപ്പിച്ചാണദ്ദേഹം കടന്നുപോയത്. അപ്പോഴും "പാടാനോർത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ ഞാൻ" എന്നു വിലപിച്ചുകൊണ്ടും.