Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീത ലോകത്തെ പൂർണരവിചന്ദ്രിക

KPAC Ravi - Yesudas കെപിഎസി രവി കെ.ജെ യേശുദാസിനൊപ്പം.

‘സ്വർഗവാതിൽ പക്ഷി ചോദിച്ചു.. ഭൂമിയിൽ സത്യത്തിനെത്ര വയസ്സായി..’, കെപിഎസിയുടെ തുലാഭാരം എന്ന നാടകത്തിലെ പ്രശസ്‌തമായ ഈ പാട്ടു പാടി മലയാളക്കരയെ കോരിത്തരിപ്പിച്ച അനുഗ്രഹീത ഗായകൻ കെപിഎസി രവിയുടെ സംഗീതജീവിതം ആറര പതിറ്റാണ്ട് പിന്നിടുകയാണ്.

ഈ സുദിനം സുഹൃത്തുക്കളും ശിഷ്യഗണങ്ങളും അഭ്യുദയാകാംക്ഷികളും ചേർന്ന് ആഘോഷമാക്കുകയാണ്. കെപിഎസി രവിയുടെ സംഗീതസപര്യയുടെ 65–ാം വാർഷികവും സ്വാതിതിരുനാൾ സംഗീത വിദ്യാലയത്തിന്റെ രജതജൂബിലി ആഘോഷങ്ങളും ചേർത്ത് പൂർണരവിചന്ദ്രിക– 2015 എന്ന വിപുലമായ പരിപാടിയാണ് പൊൻകുന്നത്തു സംഘടിപ്പിച്ചിരിക്കുന്നത്.

ചിറക്കടവ് മുണ്ടിയാനിക്കിൽ എം.ജി. രവിയിൽനിന്നു കെപിഎസി രവിയിലേക്കുള്ള മാറ്റം യാദൃശ്‌ചികമായിരുന്നു. മലയാള നാടകവേദികളിൽ കേരളീയ മനസ്സുകളെ കീഴടക്കി കെപിഎസി ജൈത്രയാത്ര നടത്തുന്ന കാലം. ഗായകൻ കെ.എസ്. ജോർജ് കെപിഎസിയിൽനിന്നു പിൻമാറിയപ്പോൾ നടനെ തേടിയുള്ള തോപ്പിൽ ഭാസിയുടെ അന്വേഷണം സ്വാതിതിരുനാൾ സംഗീത അക്കാദമിയിലുമെത്തി. അന്ന് അക്കാദമിയിൽ രവിയും സംഗീതം പഠിക്കുന്നു.

യേശുദാസ്, നെയ്യാറ്റിൻകര വാസുദേവൻ, സംഗീത സംവിധായകൻ രവീന്ദ്രൻ, നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, എം.ജി. രാധാകൃഷ്‌ണൻ, ഡോ. കെ. ഓമനക്കുട്ടി, പ്രഫ. പി.ആർ. കുമാര കേരള വർമ, പാലാ സി.കെ. രാമചന്ദ്രൻ എന്നിവരും അക്കാദമിയിൽ രവിയും സംഗീതം പഠിക്കുന്ന കാലം. അക്കാലത്തു നാടകങ്ങളിൽ നടനും ഗായകനും ഒരാൾ തന്നെയായിരുന്നു. പാടി അഭിനയിക്കുന്നവരെയായിരുന്നു നാടക കമ്പനികൾക്കു താൽപര്യം.

തോപ്പിൽ ഭാസിയുടെ അന്വേഷണം രവിയിലെത്തിയപ്പോൾ മകനെ സംഗീതജ്‌ഞനാക്കാൻ ആഗ്രഹിച്ച അച്‌ഛൻ, മകനെ നടനാക്കുന്നതിൽ വിയോജിച്ചു. എന്നാൽ തോപ്പിൽ ഭാസി, രവിയുടെ അച്‌ഛനിൽനിന്നു നേരിട്ട് അനുവാദം വാങ്ങി രവിയെ നടനും ഗായകനുമാക്കി.1965 മുതൽ 1972 വരെ കെപിഎസിയുടെ കൂട്ടുകുടുംബം, മാനസപുത്രി, യുദ്ധകാണ്ഡം, തുലാഭാരം, ഇന്നലെ ഇന്ന് നാളെ, എന്നീ നാടകങ്ങളിൽ രവി നടനും ഗായകനുമായി. യുദ്ധകാണ്ഡത്തിലെ തൊഴിലാളി നേതാവും തുലാഭാരത്തിലെ ബാബുവും രവിയിലെ നടനെ വളർത്തി. കൂട്ടുകുടുംബത്തിലെ, ദാഹം ദാഹം, എന്തൊരു ദാഹം.. എന്ന ഗാനത്തിലൂടെ രവി പ്രശസ്‌തിയിലേക്കുയർന്നു. 1973ൽ പട്ടാഭിഷേകം എന്ന സിനിമയിൽ ‘പഞ്ചമി സന്ധ്യയിൽ ’ എന്ന ഗാനവും രവി ആലപിച്ചു.

സംഗീത ലോകത്തേക്ക് എം.ജി. രവിയുടെ വരവ് യാദൃശ്‌ചികമായിരുന്നില്ല. കർണാടക സംഗീതത്തിൽ പാണ്ഡിത്യമുണ്ടായിരുന്ന ചിറക്കടവ് മുണ്ടിയാനിക്കൽ ഗോപാലൻ നായരുടെ നിശ്‌ചയദാർഢ്യമാണ് മകൻ രവിയെ സംഗീതജ്‌ഞനാക്കിയത്. കേരള കലാമണ്ഡലത്തിലെ പ്രഥമ മൃദംഗാധ്യാപകനും സംഗീതജ്‌ഞനുമായിരുന്ന കലാമണ്ഡലം വാസുദേവൻ നായരുടെ കീഴിൽ സംഗീതപഠനം ആരംഭിച്ചു. പത്താം ക്ലാസ് കഴിഞ്ഞു തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ ഗാനഭൂഷണത്തിനു ചേർന്ന് ഒന്നാം ക്ലാസോടെ വിജയിച്ചു. തുടർന്ന് അവിടെത്തന്നെ ഗാനപ്രവീണയ്ക്കു ചേർന്നു.

ദക്ഷിണേന്ത്യയിലെ പ്രഗത്ഭ സംഗീതാചാര്യൻമാരായിരുന്ന ശെമ്മാങ്കുടി, ജി.എൻ. ബാലസുബ്രഹ്‌മണ്യം, നെല്ലായി കൃഷ്‌ണമൂർത്തി, മാവേലിക്കര വേലുക്കുട്ടിനായർ, പാറശാല പൊന്നമ്മാൾ തുടങ്ങിയവരുടെ കീഴിലുള്ള ചിട്ടയായ പരിശീലനമാണ് തന്നിലെ സംഗീതത്തെ പ്രഭാപൂരിതമാക്കിയതെന്നു രവി പറയുന്നു. 1969ൽ അധ്യാപക ജോലിയിൽ പ്രവേശിച്ച് ആർപ്പൂക്കര മെഡിക്കൽ കോളജ് ഹൈസ്‌കൂൾ, ചേനപ്പാടി ആർവിജിഎച്ച്‌എസ് എന്നീ സ്‌കൂളുകളിൽ സേവനം അനുഷ്‌ഠിച്ച് 1996ൽ വിരമിച്ചു.

കഴിഞ്ഞ 25 വർഷമായി പൊൻകുന്നം സ്വാതിതിരുനാൾ സംഗീത വിദ്യാലയത്തിലൂടെ ആയിരക്കണക്കിനു കുട്ടികൾക്കു കർണാടക സംഗീതത്തിലേക്കുള്ള വഴികാട്ടിയായി സംഗീത വീഥിയിലൂടെ സഞ്ചരിക്കുന്നു. മികച്ച നാടകസംഗീത സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് (1973), ആറൻമുള ചിലങ്ക ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമിയുടെ ഗുരുശ്രേഷ്‌ഠ പുരസ്‌കാരം, പാലക്കാട് സ്വരലയ പുരസ്‌കാരം എന്നീ അംഗീകാരങ്ങളും രവിയെ തേടിയെത്തി. ഭാര്യ വിജയമ്മ. മക്കൾ: രഞ്‌ജിനി, രഞ്‌ജിത, രവി ശങ്കർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.