Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹന്റെ ഹാലേലുയ്യ

Leonard Cohen

‘നൗ ഐ ഹാവ് ഹേർഡ് ദേർ വാസ് എ സീക്രട്ട് കോഡ്

ദാറ്റ് ഡേവിഡ് പ്ലേയ്ഡ് ആൻഡ് ഇറ്റ് പ്ലീസ്ഡ് ദി ലോർഡ്

ബട്ട് യു ഡോണ്ട്ഡ് റിയലി കെയർ ഫോർ മ്യൂസിക്ക്, ഡു യു? 

ഇറ്റ് ഗോസ് ലൈക്് ദിസ്

ദി ഫോർത്ത്, ദി ഫിഫ്ത്ത്

ദി മൈനർ ഫെയ്ൽ, ദി മേജർ ഗിഫ്റ്റ്

ദി ബാഫിൾഡ് കിങ് കംപോസിങ് ഹാലോലൂയ്യ

ഹാലേലുയ്യ, ഹാലേലൂയ്യ

ഹാലേലൂയ്യ, ഹാലേലൂയ്യ.....’

ലെനാർഡ് കോഹന്റേതായി ആദ്യം കേട്ടത് ഹാലേലൂയ്യയാണ്. പക്ഷെ കോഹന്റെ ഹാലേലുയ്യ ആയിരുന്നില്ല. ഒരുപാട് കവർ വേർഷനുകൾ ഇറങ്ങിട്ടിട്ടുള്ള പാട്ട് മറ്റാരുടേതോ ആയി കേൾക്കുകയായിരുന്നു. പിന്നീടാണ് അതു കോഹന്റേതാണെന്ന സത്യം അറിഞ്ഞത്. എന്റെ ദൈവമേ ഈ മനുഷ്യൻ എന്നു വിളിച്ചു പോയ അവസ്ഥ. പിന്നെ എത്രയോ പാട്ടുകൾ കോഹന്റേതായി കേട്ടു. കോഹന് അഡിക്ടായി. ഇന്നും ചില പാട്ടവസ്ഥകളിൽ ചെവിയിൽ അറിയാതെ ലൂപ്പ് ചെയ്തെത്തുന്നത് കോഹൻ പാട്ടുകളാണ്. ബോബ് ഡിലനു സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചപ്പോൾ എന്തുകൊണ്ടു ലെനാർഡ് കോഹനു ലഭിക്കുന്നില്ലെന്ന ചിന്ത കടന്നുവന്നതും ആ കവിതയുടെ മനോഹരിത കൊണ്ടു തന്നെയാണ്. 

1984ലാണു കോഹൻ ഹാലേലൂയ്യ ചെയ്യുന്നത്, അൻപതാം വയസിൽ. പക്ഷെ സിബിഎസ് പ്രസിഡന്റ്(കോഹന്റെ ആൽബങ്ങളുടെ റെക്കോർഡിങ് ലേബൽ) വാൾട്ടർ യെറ്റ്കിനോഫിന് ഇത് ഇഷ്ടപ്പെട്ടിട്ടില്ല. അതു പോപ്പ് അല്ല, ഇതു നമ്മൾ റിലീസ് ചെയ്യുന്നില്ല എന്നായിരുന്നു വാൾട്ടറിന്റെ മറുപടി. ഹാലേലൂയ്യ ദുരന്തമാണെന്നു കൂടി അദ്ദേഹം പറഞ്ഞപ്പോൾ കോഹൻ തിരുത്തിയത് ഏറ്റവും സന്തോഷമുള്ളതാണെന്നായിരുന്നു. പക്ഷെ പിന്നീട് ബോബ് ഡിലൻ 1988ലും ജെഫ് ബുക്ക്്‌ലി 1994ലുമെല്ലാം ഹാലേലുയ്യ ഏറ്റു പാടാനുള്ള കാരണവും അതിന്റെ സൗന്ദര്യാത്മക കാരണമായിരുന്നു. 

കോഹന്റേതായി നിങ്ങൾ കേട്ടിരിക്കേണ്ട ചില പാട്ടുകളുണ്ട്. കോഹന്റേതാണെന്ന് അറിയാതെ നിങ്ങൾ കേട്ടിരിക്കാൻ സാധ്യതയുള്ള ചില പാട്ടുകൾ(ഹല്ലേലുയ്യ പോലെ) അങ്ങനെയൊരു തിരഞ്ഞെടുപ്പു നടത്തുക ദുഷ്കരമാണെങ്കിലും അതിനൊരു ശ്രമം നടത്തുകയാണ്, പാട്ടു പ്രേമികൾക്കു വേണ്ടി. 

∙ ഫെയ്മസ് ബ്ലൂ റെയിൻകോട്ട്

1971ലാണ് ഈ പാട്ട് റിലീസ് ചെയ്തത്. കോഹന്റെ ഒരു റൊമാന്റിക് മുഖം കൃത്യമായി കാട്ടുന്ന പാട്ടാണിത്. ഒരു പാട്ടെഴുത്തുകാരൻ എന്ന നിലയിൽ കോഹൻ ഏറെ ശോഭിച്ചിട്ടുണ്ട് ഇതിൽ. കോഹൻ ഏറെ കാലം ധരിച്ചിരുന്ന ഒരു കോട്ടാണ് പാട്ടിലെ പ്രധാന താരം. ആ കോട്ടു ധരിച്ച് കോഹൻ ഒട്ടേറ സ്ത്രീകളെ സന്ദർശിച്ചിട്ടുണ്ട്. പാട്ടിലെ ചെറിയ സ്ഥായിയിലുള്ള പെൺ കോറസും ഗിറ്റാർ സ്ട്രിങ്ങുകളുടെ പ്രവാഹവും പാട്ടിനു മറ്റൊരു ലവൽ നൽകുന്നു. ഏറ്റവും രസകരം പാട്ടിന്റെ അവസാനമാണ്. കോഹൻ പാടി നിർത്തുന്നത് ഇങ്ങനെയാണ്, സിൻസിയർലി എൽ. കോഹൻ. 

∙ സൂസേൻ

കോഹന്റെ ആദ്യ ആൽബത്തിലെ ആദ്യ ട്രാക്ക്. കോഹന്റെ കരിയർ നിർണയിച്ചതിൽ പ്രധാന ഘടകമായിരുന്നുവിത്. കോഹന്റെ പാട്ടുകളിൽ പതിവായിരുന്ന ഒരു പെൺകോറസ് ആദ്യമായി ലോകം കേൾക്കുന്നത് സൂസേനിലൂടെയാണ്. കോഹന്റെ ജീവിതത്തിലെ അനുഭവമാണ് പാട്ടിന്റെ കേന്ദ്രം. ഒരു ഡാൻസറായ സൂസേൻ വെർഡലിനെ സെന്റ്. ലോറൻസ് നദിയുടെ സമീപത്തു വച്ചു കണ്ടുമുട്ടുന്നതാണ് പാട്ടിന്റെ കേന്ദ്രം. 1965ലെ കണ്ടു മുട്ടലിൽ സൂസേന്റെ മുഖത്തു കണ്ട വിഷാദമാണ് പാട്ടിൽ കോഹൻ വർണിച്ചിരിക്കുന്നത്. പാട്ടിൽ പറയുന്നതു പോലെ അത്ര സങ്കടത്തിലൊന്നുമായിരുന്നില്ലെന്നു സൂസേൻ തന്നെ പിന്നീടു പറഞ്ഞിട്ടുണ്ട്. 

∙ സിസ്റ്റേഴ്സ് ഓഫ് മേഴ്സി

1967ലാണ് ഈ പാട്ട് പുറത്തെത്തുന്നത്. കാനഡിലെ എഡ്മന്റനിൽ തന്റെ ഹോട്ടൽ റൂം മറ്റു രണ്ടു യാത്രക്കാരായ ബാർബറ, ലൊറേൻ എന്നിവർക്കു വേണ്ടി ഷെയർ ചെയ്യുന്നുണ്ട് കോഹൻ. ഇരുവരെയും ഉറങ്ങാൻ വിട്ട ശേഷം അവരുടെ ഉറക്കം കോഹൻ കണ്ടിരിക്കുന്നു. പിറ്റേന്നു പുലർച്ചെ സിസ്റ്റേഴ്സ് ഓഫ് മേഴ്സി പിറവി കൊള്ളുന്നു. 

∙ ബേർഡ് ഓഫ് ദി വയർ

1969ൽ പുറത്തെത്തിയ പാട്ട്. ഒരു പ്രാർഥനാ ഗാനം പോലെ സംഗീതം നിറഞ്ഞു നിൽക്കുന്നതാണിത്. ഹൈദ്രയിലെ ഗ്രീക്ക് ഐലൻഡിലെ കോഹന്റെ താമസസ്ഥലത്ത് അദ്ദേഹം കാണുന്ന ചില പക്ഷിക്കാഴ്ചകളാണ് ബേർഡ് ഓഫ് ദി വയറിന്റെ കേന്ദ്രം. കോഹന്റെ പ്രിയ ഗാനങ്ങളിലൊന്നായ ബേർഡ് ഓഫ് ദി വയർ പാടിയായിരുന്നു അദ്ദേഹം തന്റെ മിക്ക കൺസേർട്ടുകളും ആരംഭിച്ചിരുന്നത്. 

പട്ടിക ഇങ്ങനെ നീണ്ടു പോകും. ഈസ് ദിസ് വാട്ട് യു വാണ്ടഡ്(1974), ചെൽസിയ ഹോട്ടൽ നമ്പർ രണ്ട്(1974), ലവർ ലവർ ലവർ(1974), ഹൂ ബൈ ഫയർ(1974), മെമ്മറീസ്(1979), ദി ഗസ്റ്റ്(1979), ഫസ്റ്റ് വീ ടേക്ക് മാൻഹാട്ടൻ(1988), അയാം യുവർ മാൻ(1988), എവരിബഡി നോസ്(1988), ദി ഫ്യൂച്ചർ(1992), വെയ്റ്റിങ് ഫോർ ദി മിറക്കിൾ(1992), ആന്തം(1992), എ തൗസൻഡ് കിസസ് ഡീപ്പ്(2001) ഇങ്ങനെ എത്രയോ സുന്ദര ഗാനങ്ങളുണ്ട് കോഹന്റേതായി. സി.പി. കവാഫിയുടെ പ്രശസ്തമായ കവിതയാണു ദി ഗോഡ് അബാൻഡൻസ് ആന്റണി. ഗ്രീക്കു പുരാണത്തിലെ ഒരു കഥായണിതിവൃത്തം. ഈ കവിതയാണു കോഹന്റെ അലക്സാൻഡ്ര ലീവിങ് എന്ന ഗാനം. കവാഫി അതിൽ നിൽനിർത്തിക്കൊണ്ടു തന്നെയാണു കോഹൻ ആ പാട്ട് തയാറാക്കിയത്. പാട്ടുകളിൽ വേറിച്ച പ്രചോദനങ്ങൾ എന്നും കൂടെക്കൊണ്ടു നടന്നിരുന്നു കോഹൻ. അദ്ദേഹം മരിച്ചുവെങ്കിലും പാട്ടുകളുടെ ലോകത്ത് അദ്ദേഹത്തിന്റെ ഹാലേലൂയ്യകൾ നിറഞ്ഞു നിൽക്കുമെന്നു തീർച്ച. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.