Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളുടെ അഴിമുഖത്ത് തലമുറകളുടെ സംഗമം

m s baburaj സംഗീത സംവിധായകൻ എം.എസ്. ബാബുരാജിന്റെ മകളുടെ വസതിയായ തിരുവണ്ണൂരിലെ രാഗ് രംഗിലെത്തിയ ഗാന രചയിതാവ് പൂച്ചാക്കൽ ഷാഹുൽ , ബാബുരാജിന്റെ മകൻ ജബാറുമൊത്ത് , ബാബുരാജ് സംഗീതം നൽകി പാടിയ ’’ അഴിമുഖം കണികാണും പെരുമീനോ... എന്ന ഗാനം ആലപിക്കുന്നു. . ബിച്ച ബാബുരാജ് , അമ്പി ഷാഹുൽ , റോസ്ന എന്നിവർ സമീപം.

നാൽപ്പത്തിമൂന്ന് വർഷത്തിനു ശേഷം 'അഴിമുഖം' സിനിമയിലെ ആ പാട്ട് ബാബുരാജിന്റെ മകൻ ജബ്ബാറിന്റെ കണ്ഠത്തിലൂടെ വീണ്ടും കേട്ടപ്പോൾ ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുലിന്റെ മനസിലേക്ക് ഇരമ്പിയെത്തിയത് ഒരു കാലഘട്ടത്തിന്റെ ഓർമകളായിരുന്നു. സംഗീത സംവിധായകൻ ബാബുരാജിന്റെ മകൾ റോസ്നയുടെ തിരുവണ്ണൂർ ഒ.കെ. റോഡിലെ രാഗ്രംഗ് വീട്ടിലായിരുന്നു പഴയകാല ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുലിന്റെയും ബാബുരാജിന്റെ കുടുംബത്തിന്റെയും പുനഃസമാഗമം.

1972 ൽ അഴിമുഖം എന്ന സിനിമയ്ക്കു വേണ്ടി പാട്ടെഴുതാൻ മദ്രാസിലെത്തിയപ്പോഴാണ് പൂച്ചാക്കൽ ഷാഹുൽ ആദ്യമായി സംഗീത സംവിധായകൻ ബാബുരാജിനെ കാണുന്നത്. അന്നുടലെടുത്ത സൗഹൃദം 1978 ഒക്ടോബറിൽ ബാബുരാജ് മരിക്കുന്നതുവരെ തുടർന്നു. ആറ് വർഷത്തെ ആ ഗാഢസൗഹൃദത്തിനിടയിൽ പലതവണ ബാബുരാജ് ആലപ്പുഴ സ്വദേശിയായ ഷാഹുലിനെ കോഴിക്കോട്ടെ വീട്ടിലേക്ക് വിളിച്ചിരുന്നെങ്കിലും ഔദ്യോഗിക ജീവിതത്തിലെ തിരക്കുകാരണം അദ്ദേഹത്തിന് അന്നൊന്നും കോഴിക്കോട്ടെത്താനായില്ല.

കഴിഞ്ഞ ദിവസം ഷാഹുൽ ഭാര്യ അമ്പിയുമൊത്ത് ബാബുരാജിന്റെ മകളുടെ വീട്ടിലെത്തി ഭാര്യ ബിച്ചയേയും മകൻ ജബ്ബാറിനെയും കണ്ട് വീട്ടിയത് പഴയ ആ കടമാണ്. അഴിമുഖം എന്ന സിനിമയ്ക്കു വേണ്ടി ഹിറ്റുഗാനമായ ‘അഴിമുഖം കണികാണും പെരുമീനോ...... എന്നു തുടങ്ങുന്ന ഗാനം ഹാർമോണിയത്തിൽ താളമിട്ട് ജബ്ബാർ പാടി. തുടർന്ന് ബാബുരാജിന്റെ മറ്റു ചില ഹിറ്റുഗാനങ്ങളും ജബ്ബാർ ആലപിച്ചതു കേട്ടും സൗഹൃദം പങ്കുവച്ചുമാണ് പൂച്ചാക്കൽ ഷാഹുലും അമ്പിയും രാഗ്രംഗിന്റെ പടിയിറങ്ങിയത്.

43 വർഷത്തെ ഇടവേളയ്ക്കു ശേഷം രണ്ട് ആഴ്ച മുൻപാണ് ഷാഹുലിന് ബാബുരാജിന്റെ മകൻ ജബ്ബാറുമായി ഫോണിൽ ബന്ധപ്പെടാനായത്. ഷാഹുലിന്റെ മകനും മലയാള മനോരമ ഫോട്ടോഗ്രഫറുമായ റസൽ ഷാഹുൽ രണ്ട് ആഴ്ച മുൻപ് അക്കാദമി ആർട്ട് ഗാലറിയിൽ നടന്ന ഒരു ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ജബ്ബാറുമായി സംസാരിക്കവെ ബാബുരാജിനുവേണ്ടി തന്റെ പിതാവ് പാട്ടെഴുതിയ കാര്യം പറഞ്ഞതാണ് അതിനു നിമിത്തമായത്. അഴിമുഖത്തിലെ ഗാനങ്ങൾ എഴുതിയതാരാണെന്ന് അറിയില്ലെങ്കിലും ഇപ്പോഴും ഗാനമേളകളിൽ താൻ ആ ഗാനം ആലപിക്കാറുണ്ടെന്ന് ജബ്ബാർ പറഞ്ഞു.

അപ്പോൾ തന്നെ ഫോണിൽ ജബ്ബാർ പൂച്ചാക്കൽ ഷാഹുലുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. കോഴിക്കോട്ടെ മകന്റെ വീട്ടിൽ വരുമ്പോൾ കാണാമെന്ന വാക്കു പ്രകാരമാണ് ഇവർ രാഗ്രംഗിലെത്തിയത്. അഴിമുഖത്തിലെ ഈ ഗാനം യേശുദാസിനെ കൊണ്ട് പാടിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ റെക്കോർഡിങ് സമയമായപ്പോൾ യേശുദാസ് സ്ഥലത്തില്ല. തുടർന്ന് ബാബുരാജ് തന്നെ ആലപിക്കുകയായിരുന്നു.

അതിനുശേഷം നിരവധി നാടകഗാനങ്ങളിലും ഇവർ ഒരുമിച്ചു. കോട്ടയം നാഷനൽ തിയറ്റേഴ്സിന്റെ ട്രിപ്പീസിയം, സുന്ദരൻ കല്ലായിയുടെ സീമന്തിനി, പക്ഷിശാസ്ത്രം, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ നാടകങ്ങളിലെല്ലാം ഈ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ഉണ്ടായി. 1978 മാർച്ചിൽ മനഃശാസ്ത്രം എന്ന നാടകത്തിനു സംഗീതം നൽകാൻ കൊല്ലത്തെത്തിയപ്പോഴായിരുന്നു ഇവരുടെ അവസാനത്തെ കൂടിക്കാഴ്ച. അതിനുശേഷം മദ്രാസിലേക്ക് പോയ ബാബുരാജ് ഒക്ടോബറിൽ മരിച്ചു. മൂന്നൂറോളം നാടകങ്ങളിലായി ആയിരത്തോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട് പൂച്ചാക്കൽ ഷാഹുൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.