Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരഗാനങ്ങളുടെ കരിമ്പിൻതോട്ടം

metro1 മച്ചാട്ട് വാസന്തി

‘മണിമാരൻ തന്നത്

പണമല്ല, പൊന്നല്ല

മധുരക്കിനാവിന്റെ

കരിമ്പിൻതോട്ടം’

‘ഓളവും തീരവും’ സിനിമയിൽ യേശുദാസിനൊപ്പം മച്ചാട്ട് വാസന്തി പാടിയ പാട്ട് എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ കൂട്ടത്തിൽ പെടുന്നു. പി. ഭാസ്കരൻ–ബാബുരാജ് ടീം ഒരുക്കിയ ഈ ഗാനത്തിൽ പാടാൻ അവസരം ഒരുക്കിയത് ചിത്രത്തിന്റെ തിരക്കഥാകൃത്തായ എം.ടി. വാസുദേവൻനായരാണെന്ന് വാസന്തി നന്ദിപൂർവം ഓർക്കുന്നു.സിനിമയിൽ വാസന്തിയുടെ സ്വരമാധുരി ഏറെ ശ്രദ്ധിക്കപ്പെട്ടത് 1970ൽ ഇറങ്ങിയ ഈ സിനിമകൊണ്ടാണെങ്കിലും ഒൻപതാം വയസ്സ് മുതൽ നാടകവേദിയിലെ താരമായിരുന്നു ഈ കൊച്ചു ഗായിക.

വിപ്ലവ ഗാനങ്ങളുമായി കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നടന്ന ടെയ്‌ലർ മച്ചാട്ട് കൃഷ്ണന്റെ മകൾക്ക് സംഗീതം പാരമ്പര്യമായി കിട്ടിയതാണ്. അച്ഛന്റെ തോളിലേറി മകളും പാർട്ടി സമ്മേളനത്തിലെത്തും. കണ്ണൂരിൽ ഒരു പാർട്ടി സമ്മേളനം നടക്കുമ്പോൾ നായനാരാണ് ആദ്യമായി കൊച്ചു വാസന്തിയെ എടുത്തു വേദിയിലേക്കു കയറ്റിയത്. ‘പൊട്ടിക്കൂ പാശം’ ‘സമരാവേശം’ എന്നു പാടിയ കൊച്ചു ഗായികയുടെ ശബ്ദം കേട്ട് ജനം ഇരമ്പിയാർത്തു.

സമ്മേളനത്തിനെത്തിയ കോഴിക്കോട് അബ്ദുൾ ഖാദറും എം.എസ്. ബാബുരാജും പുതിയ ശബ്ദം ശ്രദ്ധിച്ചു. പാടാൻ കൂടുതൽ അവസരം ലഭിക്കാൻ കോഴിക്കോടിനു വരികയാണ് നല്ലതെന്ന് അവർ ഉപദേശിച്ചതനുസരിച്ച് കണ്ണൂരിലെ കക്കാട്ടുനിന്ന് കൃഷ്ണനും കുടുംബവും കോഴിക്കോട്ടേക്കു താമസം മാറ്റി. കോഴിക്കോട്ടെ മാളിക വീടുകളും കല്യാണപ്പുരകളും സംഗീത സദ്യകൾ ഒരുക്കിയിരുന്ന കാലം. ബാബുരാജിന്റെ സംഘത്തിൽ വാസന്തിയും ഗായികയായി. കല്ലായിയിലെ ബാബുരാജിന്റെ വീട്ടിൽ സംഗീത പഠനം. കൂടെ പഠിക്കാൻ മറ്റു കുട്ടികളുമുണ്ടാകും. വൈകുന്നേരങ്ങളിൽ ഗാനമേളകൾ. ഇതിനിടയിലും പാർട്ടി യോഗങ്ങളിലും സമ്മേളനങ്ങളിലും വിപ്ലവ ഗാനങ്ങൾ ആലപിക്കുന്നത് തുടർന്നു. യോഗങ്ങൾ തുടങ്ങുന്നതിനു മുമ്പ് വിപ്ലവ പാട്ടുകൾ പാടും.

ഇ.എം.എസ്., എ.കെ.ജി., കെ.പി.ആർ., ഇമ്പിച്ചിബാവ തുടങ്ങിയ നേതാക്കളുടെ സമ്മേളനങ്ങൾക്കു മുമ്പ് പാട്ടുകൾ പാടി.പിന്നീട് കെ.പി.എ.സി. നാടകസംഘത്തിൽ ഗായികയായി. നാടകത്തിന്റെ ഇടവേളയിൽ ഒ.എൻ.വി.യുടെ ‘പുത്തരിച്ചോറുണ്ണാനെത്തും തത്തമ്മേ’ എന്ന പാട്ട് പാടുന്നത് കൊച്ചു വാസന്തിയാണ്. മൈക്കിനൊപ്പം ഉയരമില്ലാത്തിനാൽ സ്റ്റൂളിൽ കയറിനിന്നാണ് പാടുക. ‘ബലികുടീരങ്ങളേ’ അവതരണഗാനം പാടുമ്പോഴും കൂടെയുണ്ടാകും. ഇന്ത്യ മുഴുവൻ നാടകസംഘത്തോടൊപ്പം യാത്ര ചെയ്തു. മഴക്കാലത്ത് പുതിയ നാടകത്തിന്റെ റിഹേഴ്സൽ. അതുവരെ നാടകത്തിന് ബുക്കിങ് ഉണ്ടായിരുന്നു.

metro2 അമ്പിളി, പി.ലീല, ജാനകി എന്നിവർക്കൊപ്പം മച്ചാട്ട് വാസന്തി

‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിൽ അപ്രതീക്ഷിതമായി അഭിനയിക്കേണ്ടിയും വന്നു. ബാലതാരമായ വിജയകുമാരിക്ക് അസുഖമായതിനാൽ പകരം തോപ്പിൽ ഭാസിയാണ് സ്റ്റേജിൽ കയറ്റിയത്. നാടകത്തിൽ കോഴിക്കോട് അബ്ദുൾ ഖാദറിനൊപ്പം വാസന്തി പാടിയ ‘പച്ചപ്പനംതത്തേ’ എം. ജയചന്ദ്രൻ സിനിമക്കായി ഈണമിട്ടു പുതുക്കിയപ്പോൾ കലാസ്വാദകർ വാസന്തിയെ ഓർമിച്ചു.

പി.ജെ. ആന്റണിയുടെ ‘ഉഴവുചാൽ’ നാടകത്തിൽ മൂന്നു വർഷം പ്രവർത്തിച്ചു. ബാലൻ കെ. നായരും നെല്ലിക്കോട് ഭാസ്കരനുമെല്ലാം ആ ട്രൂപ്പിലുണ്ടായിരുന്നു. പിന്നീട് നെല്ലിക്കോടൻ ‘തിളയ്ക്കുന്ന കടൽ’ നാടകം അവതരിപ്പിച്ചപ്പോഴും വാസന്തി ആ ട്രൂപ്പിലുണ്ടായിരുന്നു. ‘കറുത്ത പെണ്ണി’ൽ കുതിരവട്ടം പപ്പുവിനൊപ്പം അഭിനയിച്ചു. ഈഡിപ്പസ്, ബല്ലാത്ത പഹയൻ നാടകങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്തു. ഒട്ടേറെ സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.

ബാബുരാജ്–പി. ഭാസ്കരൻ ടീം 1957–ൽ സംഗീതമൊരുക്കിയ ‘മിന്നാമിനുങ്ങി’ലൂടെയായിരുന്നു വാസന്തിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മൈസൂരിലെ പ്രീമിയർ സ്റ്റുഡിയോയിൽ നടന്ന റിക്കാർഡിങിന് അന്നത്തെ പ്രശസ്ത ഗായകരായിരുന്ന ശാന്താ പി. നായർ, കോഴിക്കോട് അബ്ദുൾ ഖാദർ എന്നിവർക്കൊപ്പമാണ് കോഴിക്കോട്ടുനിന്നു കാറിൽ പോയത്. ആ സിനിമയിൽ ‘നീയെന്തറിയുന്നു, നീലത്താമരേ’ എന്ന പാട്ട് അബ്ദുൽ ഖാദറും ‘വാലിട്ടു കണ്ണെഴുതേണം’ എന്ന പാട്ട് ശാന്താ പി. നായരും ആലപിച്ചു.

‘തത്തമ്മേ, തത്തമ്മേ, നീ പാടിയാൽ അത്തിപ്പഴം തന്നീടാം ’ എന്ന പാട്ടിലൂടെ വാസന്തി ചലച്ചിത്രഗാനരംഗത്ത് തുടക്കം കുറിച്ചു. ‘കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാൻ മയ്യൊരുക്കി മാനം’ എന്ന ‘അമ്മു’വിലെ ഗാനവും ശ്രദ്ധേയമായി. ‘കുട്ട്യേടത്തി’ സിനിമയിൽ എം.ടി.യുടെ പത്നി കലാമണ്ഡലം സരസ്വതിക്കൊപ്പം മോഹിനിയാട്ട പദം പാടി. ‘മീശ മാധവനി’ലെ ‘പത്തിരി ചുട്ടു വിളമ്പി’ എന്ന പാട്ടിനു ശേഷം ‘വടക്കുംനാഥനി’ലും വാസന്തി പാടി.

സംഗീതത്തിൽ തിളങ്ങി നിൽക്കുമ്പോൾ 21–ാം വയസ്സിലായിരുന്നു കലാസാഗർ മ്യൂസിക് ക്ലബ് സെക്രട്ടറിയായിരുന്ന പി.കെ. ബാലകൃഷ്ണനുമായുള്ള വിവാഹം. സിനിമ പ്രൊജക്ടർ ഉണ്ടാക്കുന്ന ഇൻഡസ്ട്രിയൽ ബാലകൃഷ്ണൻ നടത്തിയിരുന്നു. നല്ല സാമ്പത്തികസ്ഥിതിയിൽ ജീവിക്കുമ്പോഴാണ് 50–ാം വയസ്സിൽ ബാലകൃഷ്ണന്റെ മരണം. ഇതു വാസന്തിയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. 15 ലക്ഷത്തോളം കടമുണ്ടായിരുന്നതിനാൽ വീടും വ്യവസായശാലയുമെല്ലാം വിറ്റാണ് ബാധ്യതകൾ തീർത്തത്. മക്കളായ മുരളീധരനും സംഗീതയും അപ്പോൾ കുട്ടികളാണ്.

ആ വിഷമകാലത്ത് ഗാനമേളകളും സംഗീതവുമാണ് ആശ്വാസമായിത്തീർന്നത്. നിരവധി പുരസ്കാരങ്ങളും ലഭിച്ചു.ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ ഓട്ടോ കുഴിയിൽ വീണു നടുവിനു വേദനയായി. അതിനാൽ പുറത്ത് അധികം യാത്ര ചെയ്യാനോ പരിപാടികളിൽ പങ്കെടുക്കാനോ പറ്റാത്ത സങ്കടത്തിലാണ് വാസന്തി. മകൻ മുരളീധരന്റെ കുടുംബത്തിനൊപ്പം ഫറോക്ക് തിരിച്ചിലങ്ങാടിയിലെ വീട്ടിൽ സംഗീത ഓർമകളുമായി വാസന്തി കഴിയുന്നു.